Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് ആദ്യം പണി കൊടുക്കാനിറങ്ങിയത് ലണ്ടൻ മലയാളി; കടലിൽ കണ്ണ് വച്ച് അമേരിക്കയിലെ ഊഡായിപ്പുകൾ എത്തും മുന്നേ കേരളത്തിൽ പറന്നെത്തിയത് യുകെയിലെ താപ്പാനകൾ; മാധ്യമ വാർത്തകളിൽ നിറഞ്ഞതു മിച്ചം; കടലാസ്സ് കമ്പനിയെന്നു പോലും തെളിയിക്കാനാകാതെ പ്ലാസ്റ്റ് സേവ് ലണ്ടൻ

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് ആദ്യം പണി കൊടുക്കാനിറങ്ങിയത് ലണ്ടൻ മലയാളി; കടലിൽ കണ്ണ് വച്ച് അമേരിക്കയിലെ ഊഡായിപ്പുകൾ എത്തും മുന്നേ കേരളത്തിൽ പറന്നെത്തിയത് യുകെയിലെ താപ്പാനകൾ; മാധ്യമ വാർത്തകളിൽ നിറഞ്ഞതു മിച്ചം; കടലാസ്സ് കമ്പനിയെന്നു പോലും തെളിയിക്കാനാകാതെ പ്ലാസ്റ്റ് സേവ് ലണ്ടൻ

പ്രത്യേക ലേഖകൻ

ലണ്ടൻ / കൊച്ചി: കേരളത്തിന്റെ കടലിൽ അമേരിക്കൻ മലയാളി കണ്ണുവയ്ക്കും മുന്നേ കടൽ തീരത്തു കണ്ണ് വച്ചതു യുകെ മലയാളി. അമേരിക്കൻ മലയാളികൾക്ക് മൊത്തം നാണക്കേടായെന്നു ഫോമാ ഭാരവാഹികൾ തന്നെ വിവാദ കമ്പനിയായ ഇ എം സി സി യെ കുറിച്ച് പറയുമ്പോൾ അതിനേക്കാൾ വലിയ നാണക്കേടിൽ നിന്നും തലനാരിഴക്കാണ് ബ്രിട്ടനിലെ മലയാളികൾ രക്ഷപെട്ടത്.

കേരള സർക്കാരിനെ ഹൈജാക്ക് ചെയ്യാൻ അവതാരങ്ങളെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഞ്ചു വർഷം മുൻപത്തെ പ്രസ്താവനക്ക് കടലാസ്സ് വിലയാണെന്ന് തെളിയിച്ചാണ് സർക്കാരിനെ തേടിയെത്തുന്ന ഓരോ വിവാദങ്ങളിലും അവതാരങ്ങൾ നിറഞ്ഞാടുന്നത്. അമേരിക്കൻ കമ്പനി എന്നവകാശപ്പെട്ടു എത്തിയവർക്ക് പേരിനൊരു വെബ് സൈറ്റ് എങ്കിലും ഉള്ളപ്പോൾ ലണ്ടനിലെ കമ്പനി എന്നവകാശപ്പെട്ടു എത്തിയ മുൻ ലോക് കേരള സഭ അംഗത്തിന്റെ തട്ടിക്കൂട്ട് ഊഡായിപ്പിനു കടലാസ്സ് വില പോലും ഇല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

നാലു യുകെ മലയാളികൾ ചേർന്ന് മത സംഘടന രൂപീകരിച്ചാൽ പോലും കമ്പനി രജിസ്‌ട്രേഷൻ എടുക്കുന്ന യുകെയിൽ വിവാദ കമ്പനിയെന്നു തുടക്കത്തിലേ പേര് കേൾപ്പിച്ച പ്ലാസ്റ്റ് സേവ് എന്ന പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് കഴിഞ്ഞ ഒന്നര വർഷമായിട്ടും പേരിനൊരു വിലാസം പോലും യുകെയിൽ നല്കാനായിട്ടില്ല. ഇതോടെയാണ് അമേരിക്കൻ മലയാളിക്കും മുന്നേ പറന്ന തരികിടകളാണ് 2019 സെപ്റ്റംബറിൽ കേരള ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെക്കൊണ്ട് കേരളത്തിലെ കടൽ തീരങ്ങൾ മാലിന്യ മുക്തമാക്കുന്ന പദ്ധതി ലണ്ടൻ കമ്പനിയുടെ സഹകരണത്തോടെ നടപ്പാക്കും എന്ന് പ്രഖ്യാപിപ്പിക്കാൻ കാരണക്കാരായി മാറിയതെന്ന് വ്യക്തമാകുകയാണ്. കേരളത്തിലെ മാധ്യമങ്ങളിൽ മഹാസംഭവം എന്ന നിലയിൽ പിൻവാതിൽ നിയമനം പോലെയെത്തിയ വാർത്തയുടെ സത്യാവസ്ഥ 2019 സെപ്റ്റംബർ 16 ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചതോടെയാണ് ലണ്ടനിൽ നിന്നെത്തിയവരുടെ തനിനിറം മന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെട്ടത്.

ലോക് കേരള സഭ അംഗത്വം പിടിവള്ളിയാക്കി

ന്ത്രിയുമായി നേരിട്ട് പരിചയമുള്ള യുകെയിലെ പാർട്ടി അനുഭാവമുള്ള മലയാളികൾ തന്നെയാണ് മന്ത്രിയുടെ ശ്രദ്ധയിൽ കമ്പനിയുടെ സ്ഥാപകൻ എന്ന് പരിചയപ്പെടുത്തി എത്തിയ ലോക് കേരളസഭ അംഗത്തിന്റെ തനിനിറം വെളിപ്പെടുത്തിയതും. ഇതോടെ കുറേക്കാലത്തേക്കു സെക്രട്ടറിയേറ്റ് പരിസരത്തേക്ക് തന്നെ ഊരുവിലക്ക് ലഭിച്ച അവസ്ഥയിലായിരുന്നു കഥാനായകൻ. ലോക് കേരള സഭ പുനഃ സംഘടിപ്പിച്ചപ്പോൾ കയ്യോടെ പുറത്താക്കപ്പെടുകയും ചെയ്തു. ഇപ്പോൾ അമേരിക്കയിലെ വിവാദ കമ്പനിയെ തുടക്കത്തിലേ തുറന്നു കാട്ടാൻ ബ്രിട്ടീഷ് മലയാളി പോലെ ഒരു മാധ്യമം അമേരിക്കയിൽ ഇല്ലാതെ പോയല്ലോ എന്ന സങ്കടമാണ് യുകെയിൽ പാർട്ടിയെ ഉള്ളു തുറന്നു സ്‌നേഹിക്കുന്നവർ പരിതപിക്കുന്നത്.

പിണറായി സർക്കാർ അധികാരത്തിലെത്തിയത് മുതൽ അവതാര വേഷമിട്ടു എത്തിയ ഈ യുകെ മലയാളി പലവട്ടങ്ങളായി വിവിധ കമ്പനി പ്രതിനിധികളെ കേരളത്തിൽ എത്തിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. എറണാകുളം ജില്ലയിൽ അഴുക്കു മാലിന്യ നിർമ്മാർജന പദ്ധതിക്കും മറ്റും കമ്പനികളെ പരിചയപ്പെടുത്തിയ ഇടപാടിൽ വൻതുക പോക്കറ്റിലാക്കിയതായും പാർട്ടിക്കാർ സജീവമായി ചർച്ച ചെയ്തിരുന്നു. അടുത്തിടെ യുകെ സന്ദർശനത്തിന്റെ പേരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർ വിവാദത്തിൽ പെടാനും കാരണം ഈ യുകെ മലയാളി തന്നെയാണ് എന്നാണ് സൂചന. ഇപ്പോൾ അമേരിക്കയിൽ ഫോമയുടെ പേര് വലിച്ചിഴക്കപ്പെട്ടത് പോലെ ഒരു ഘട്ടത്തിൽ യുകെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ യുക്മയെയും തന്റെ തരികിട പരിപാടികൾക്ക് ഇടനില ആയി ഉപയോഗിക്കാൻ ഇയാൾ ശ്രമിച്ചതായും ആരോപണം ഉയർന്നിരുന്നു.

അംഗം പോലുമല്ലാഞ്ഞിട്ടും യുക്മയെയും കുഴിയിൽ ചാടിച്ചു

ള്ളംകളി നടത്തിപ്പിന്റെ പേരിലും പ്രളയ ദുരിതാശ്വാസ സഹായം കൈമാറുന്ന കാര്യത്തിലുമൊക്കെ യുക്മയ്ക്കും കേരള സർക്കാരിനും ഇടയിൽ പാലമായി നിന്നതും ഇയാൾ തന്നെയാണ്. പ്രളയ ഫണ്ടിലെ പതിനായിരം പൗണ്ട് കൈമാറ്റത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത ചടങ്ങു സംഘടിപ്പിക്കാൻ 500 പൗണ്ട് യുക്മക്ക് ചെലവാക്കേണ്ടി വന്നത് എന്ത് സാഹചര്യത്തിലാണ് എന്ന് വക്തമാക്കണമെന്നു മുൻ ഭാരവാഹിയായ ബാലസജീവ് കുമാർ ഏതാനും ആഴ്ചകൾ മുന്നേ സോഷ്യൽ മീഡിയ വഴി ആരോപണം ഉയർത്തുകയും ചെയ്തിരുന്നു. യുകെയുടെ ഭാരവാഹിയല്ലാത്ത ഇയാൾ തന്റെ വക്തിപരമായ നേട്ടങ്ങൾക്കായി സംഘടനയെ ദുരുപയോഗം ചെയ്തു എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. സമാനമായ സാഹചര്യം തന്നെയാണ് അമേരിക്കയിൽ ഫോമാ നേരിടുന്നതും. എന്നാൽ അമേരിക്കയിലെ തട്ടിപ്പു കമ്പനി നടത്തുന്ന വക്തിയുമായി ഒരു ബന്ധവും ഇല്ലെന്നു വക്തമാക്കി ഫോമാ കയ്യോടെ മുഖം രക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.

കേരള സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ശുചിത്വ സാഗരം എന്ന പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞു എത്തിയതാണ് യുകെ മലയാളിയായ അവതാര സംരംഭകൻ എന്നതാണ് ഏറെ രസകരം. നിയമ സഭയിൽ ഈ പദ്ധതി സംബന്ധിച്ച് 2018 ഡിസംബർ പത്തിന് തന്നെ എംഎൽഎ മാരായ സി കൃഷ്ണൻ, കെ ആൻസലൻ, കെ ജെ മാക്‌സി, എം നൗഷാദ് എന്നിവർ എഴുതി ചോദിച്ച കാര്യങ്ങൾക്കു പദ്ധതി സംബന്ധിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിശദമായ മറുപടിയും നൽകിയിരുന്നു. പദ്ധതി ചെറിയ നിലയിൽ ഇതിനകം കൊല്ലം തീരദേശ മേഖലയിൽ നടപ്പാക്കാനും തുടങ്ങിയിരുന്നു. എന്നാൽ പിന്നെയും എട്ടുമാസം കഴിഞ്ഞു കേരളത്തിൽ എത്തിയ വിവാദ സംരംഭകൻ തന്റെ കണ്ടുപിടുത്തം എന്ന മട്ടിലാണ് മാധ്യമങ്ങളുടെ മുന്നിൽ എത്തിയതും വലിയ തലക്കെട്ട് സ്വന്തമാക്കിയതും. ഇന്ഗ്ലീഷ് പത്രങ്ങളിൽ ചിത്രം സഹിതം വാർത്തകൾ എത്തിക്കാനും സംരംഭകൻ നന്നായി ജോലിയെടുത്തെന്നാണ് വക്തമാകുന്നത്. കാരണം ഈ മാധ്യമ വാർത്തകൾ തിരികെ ബ്രിട്ടനിൽ എത്തിച്ചു ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളെ കേരളത്തിൽ എത്തിച്ചു എങ്ങനെ കമ്മീഷൻ ബിസിനസ് തരപ്പെടുത്താം എന്നതായിരുന്നു സംരംഭകന്റെ ഗവേഷണം. അതിനായി കടലാസ്സ് രെജിസ്‌ട്രേഷൻ പോലും ഇല്ലാത്ത പ്ലാസ്റ്റ് സേവ് എന്ന തന്റെ പ്രസ്ഥാനം ശുചിത്വ സാഗരം പദ്ധതിയിലെ ജീവനക്കാർക്ക് ശമ്പളം നൽകുമെന്നും ജർമനിയിൽ നിന്നും പ്ലാസ്റ്റിക് സംസ്‌കരിക്കാൻ എത്തിച്ച ഉപകാരണങ്ങൾക്കു പകരം ഗുണമേന്മ കൂടിയ ബ്രിട്ടീഷ് ഉപകരണങ്ങൾ തങ്ങൾ എത്തിക്കുമെന്നാണ് അവതാരം ശുദ്ധയായ മന്ത്രിക്കു മുന്നിൽ അഴിഞ്ഞാടിയത്.

നോട്ടം കമ്മീഷനിൽ, കോട്ടം വാചകമടിയിൽ

കേരളത്തിലെ 13 ഹാർബറുകളിൽ തങ്ങളുടെ പദ്ധതി നടപ്പാക്കും എന്നായിരുന്നു അവതാരത്തിന്റെ വീമ്പിളക്കൽ. ലണ്ടനിലെ വൻകിട കമ്പനികളുടെ സി എസ ആർ ഫണ്ട് തന്നിലൂടെ ചെലവാക്കാൻ ഉള്ള പദ്ധതിയുമാണ് ഇയാൾ കേരള സർക്കാരിനെ സമീപിച്ചിരുന്നത്. എന്നാൽ ഇത്തരം ഫണ്ടിങ്ങുകൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണ കണ്ണിലൂടെ കടന്നുപോകുന്നതാണെന്നു ഇയാൾ വൈകി മനസ്സിലാക്കിയതോടെ പദ്ധതിയിൽ നിന്നും സ്വയം തല വലിച്ചൂരുക ആയിരുന്നു എന്നും സൂചനയുണ്ട്. മാത്രമല്ല ഇയാൾ ലണ്ടനിൽ സമീപിച്ച കമ്പനികൾക്കു ഇയാളുടെ വാക്കിൽ വിശ്വാസം തോന്നാഞ്ഞതും തിരിച്ചടിയായി. തന്റെ കമ്പനികളുടെ വക്താക്കളായി മാത്യു, രഥേന ഹർഷദ് എന്നീ രണ്ടു താരങ്ങളെ കൂടി കേരളത്തിൽ അവതരിപ്പിച്ചിരുന്നെങ്കിലും ഇവരാരെന്ന് യുകെ മലയാളികളക്ക് വലിയ നിശ്ചയമില്ല. പത്രവാർത്തകളിൽ ഇവരുടെ പേര് വന്നത് മാത്രമേ യുകെ മലയാളികൾക്ക് ഇവരെക്കുറിച്ചു അറിയുന്ന ഏക കാര്യം.

വലിയ കാറുകളിൽ വരുന്നവരൊക്കെ വലിയ ആളുകൾ ആയിരിക്കും എന്ന സ്പീക്കർ പോലും കരുതുന്ന നാട്ടിൽ മന്ത്രിക്കു മുന്നിൽ ലണ്ടൻ പത്രാസ് കാണിച്ചാകും അവതാര സംരംഭകൻ പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിച്ചത് എന്നും വെക്തം. എന്നാൽ തൊട്ടു പുറകെ ബ്രിട്ടീഷ് മലയാളിയിൽ വിശദമായ റിപ്പോർട്ട് വന്നതോടെ വിഷയം പാർട്ടിയിലും സർക്കാരിനും മുന്നിലെത്തി. ഇതോടെ വലിയൊരു അപകടത്തിൽ നിന്നുമാണ് ഒന്നര വര്ഷം മുൻപ് കേരള സർക്കാർ രക്ഷപ്പെട്ടത്. പാർട്ടിക്കാരൻ എന്ന ലേബലൊട്ടിച്ചു ഇത്തരം ആളുകൾ നടത്തുന്ന കുൽസിത പ്രവർത്തങ്ങൾ എക്കാലത്തും കേരളത്തിൽ ഭരിക്കുന്നവർക്കു തീരാ തലവേദന സൃഷ്ടിച്ചിട്ടുള്ളതാണ്. എന്നാൽ ഇത്തരക്കാരെ എന്തൊകൊണ്ടോ സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ നിന്നും മന്ത്രിമാരുടെ ബംഗ്ലാവുകളിൽ നിന്നും കുടിയൊഴിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ് കേരളത്തിന്റെ ശാപമായി തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP