Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കൈയടക്കി ഇന്ത്യ; ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്; ഇന്ത്യ മൂന്ന് വിക്കറ്റിന് 99; മിന്നും പ്രകടനവുമായി അക്ഷർ പട്ടേലും രോഹിത് ശർമയും

അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കൈയടക്കി ഇന്ത്യ; ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്; ഇന്ത്യ മൂന്ന് വിക്കറ്റിന് 99; മിന്നും പ്രകടനവുമായി അക്ഷർ പട്ടേലും രോഹിത് ശർമയും

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്:ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം വ്യക്തമായ ആധിപത്യം ഉറപ്പിച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ വെറും 112 റൺസിന് പുറത്താക്കി ഇന്ത്യൻ ബൗളർമാർ ആദ്യ ദിനത്തിൽ തന്നെ ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചു. ആറുവിക്കറ്റ് വീഴ്‌ത്തി തകർപ്പൻ പ്രകടനം പുറത്തെടുത്ത അക്ഷർ പട്ടേലിന്റെ മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെ 112 റൺസിന് ചുരുട്ടിക്കെട്ടിയത്.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനം കളിയവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 13 റൺസ് കൂടി മതി.

57 റൺസുമായി രോഹിത് ശർമയും ഒരു റൺസെടുത്ത് ഉപനായകൻ അജിങ്ക്യ രഹാനെയും പുറത്താവാതെ നിൽക്കുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ സ്‌കോർ 33-ൽ നിൽക്കേ ഓപ്പണർ ശുഭ്മാൻ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. 11 റൺസെടുത്ത ഗില്ലിനെ ജോഫ്ര ആർച്ചർ പുറത്താക്കി. കൂറ്റനടിക്ക് ശ്രമിച്ച ഗില്ലിന്റെ ശ്രമം വിഫലമായി. പന്ത് ക്രോളി കൈയിലൊതുക്കി.

പിന്നാലെ ക്രീസിലെത്തിയ ചേതേശ്വർ പൂജാരയെ തൊട്ടടുത്ത ഓവറിൽ വിക്കറ്റിന് മുന്നിൽ കുടുക്കി ജാക്ക് ലീച്ച് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കി. അക്കൗണ്ട് തുറക്കും മുൻപേ പൂജാര പുറത്തായി. 33 ന് പൂജ്യം എന്ന നിലയിൽ നിന്നും 34 ന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ വീണു.

പിന്നീട് ക്രീസിലെത്തിയ നായകൻ വിരാട് കോലിയെ കൂട്ടുപിടിച്ച് രോഹിത് തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റി. പിന്നാലെ താരം അർധസെഞ്ചുറി നേടുകയും ചെയ്തു. 63 പന്തുകളിൽ നിന്നും എട്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് രോഹിത് അർധസെഞ്ചുറിയിലെത്തിയത്. ടെസ്റ്റ് കരിയറിലെ 12-ാം അർധസെഞ്ചുറിയാണിത്. കോലിക്കൊപ്പം രോഹിത് അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു.



എന്നാൽ സ്‌കോർ 98-ൽ നിൽക്കെ 27 റൺസെടുത്ത കോലിയെ മടക്കി ജാക്ക് ലീച്ച് വീണ്ടും ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. ലേറ്റ് കട്ടിന് ശ്രമിച്ച കോലിയുടെ ബാറ്റിലുരസി പന്ത് വിക്കറ്റ് തെറിപ്പിച്ചു. രോഹിത് ശർമയോടൊപ്പം 64 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് നായകൻ ക്രീസ് വിട്ടത്. കോലിക്ക് പിന്നാലെ അജിങ്ക്യ രഹാനെ ക്രീസിലെത്തി. പിന്നീട് വിക്കറ്റ് നഷ്ടപ്പെടുത്താതെ രഹാനെയും രോഹിതും ആദ്യ ദിനം കളിയവസാനിപ്പിച്ചു

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെതിരേ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്. 21.4 ഓവറിൽ വെറും 38 റൺസ് മാത്രം വിട്ടുനൽകി ആറുവിക്കറ്റ് വീഴ്‌ത്തിയ അക്ഷർ പട്ടേലാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.



കരിയറിലെ നാലാം ടെസ്റ്റ് അർധസെഞ്ചുറി കണ്ടെത്തിയ സാക് ക്രൗളിയാണ് ഇംഗ്ലിഷ് നിരയിലെ ടോപ് സ്‌കോറർ. 84 പന്തുകൾ നേരിട്ട ക്രൗളി 10 ഫോറുകൾ സഹിതം 53 റൺസെടുത്തു. ക്രൗളിക്കു പുറമെ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ ജോ റൂട്ട് (37 പന്തിൽ 17), ജോഫ്ര ആർച്ചർ (18 പന്തിൽ 11), ബെൻ ഫോക്‌സ് (58 പന്തിൽ 12) എന്നിവർ മാത്രം. ഓപ്പണർ ഡൊമിനിക് സിബ്‌ലി (ഏഴു പന്തിൽ 0), ജോണി ബെയർ‌സ്റ്റോ (0), ബെൻ സ്റ്റോക്‌സ് (ആറ്), ഒലീ പോപ്പ് (ഒന്ന്), ജാക്ക് ലീച്ച് (മൂന്ന്), സ്റ്റുവാർട്ട് ബ്രോഡ് (29 പന്തിൽ മൂന്ന്) എന്നിവർ നിരാശപ്പെടുത്തി. ജയിംസ് ആൻഡേഴ്‌സൻ (0) പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. സ്‌കോർ രണ്ടിൽ നിൽക്കെ റൺസെടുക്കാതെ നിന്ന ഓപ്പണർ ഡോം സിബ്ലിയെ ഇഷാന്ത് രോഹിത് ശർമയുടെ കൈയിലെത്തിച്ചു. മൂന്നാം ഓവറിലെ മൂന്നാം പന്തിൽത്തന്നെ വിക്കറ്റ് വീഴ്‌ത്തി ഇഷാന്ത് തന്റെ 100-ാം അന്താരാഷ്ട്ര മത്സരം ആഘോഷിച്ചു. സിബ്ലിക്ക് പകരം ജോണി ബെയർസ്റ്റോ ക്രീസിലെത്തിയെങ്കിലും താരത്തെ അക്ഷർ പട്ടേൽ പൂജ്യനാക്കി മടക്കി. തന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്‌ത്തി അക്ഷർ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ബെയർസ്റ്റോയെ അക്ഷർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് 27 ന് രണ്ട് എന്ന നിലയിലേക്ക് വീണു.

പിന്നീട് ഒത്തുചേർന്ന നായകൻ ജോ റൂട്ടും സാക്ക് ക്രോളിയും ചേർന്ന് 47 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ വലിയ തകർച്ചയിൽ നിന്നും രക്ഷിച്ചു. എന്നാൽ സ്‌കോർ 74 ൽ നിൽക്കെ റൂട്ടിനെ പുറത്താക്കി അശ്വിൻ വീണ്ടും ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. പിന്നാലെ ക്രോളി അർധശതകം പൂർത്തിയാക്കി. പത്ത് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് താരം അർധസെഞ്ചുറി നേടിയത്. എന്നാൽ അതിന്റെ ആഹ്ലാദം കെട്ടടങ്ങുംമുൻപ് ക്രോളിയെ പുറത്താക്കി അക്ഷർപട്ടേൽ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.

ചായയ്ക്ക് പിരിയുമ്പോൾ നാലിന് 80 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ രണ്ടാം സെഷനിൽ ഇംഗ്ലണ്ടിനെ നിലം തൊടീക്കാതെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. സ്‌കോർ 81-ൽ നിൽക്കെ ഒലി പോപ്പിനെയും സ്റ്റോക്സിനെയും പുറത്താക്കി അശ്വിനും അക്ഷറും കളി ഇന്ത്യയുടെ വരുതിയിലാക്കി. പിന്നീട് വന്ന ഒരു ബാറ്റ്സ്മാനും തിളങ്ങാനായില്ല. 11 റൺസെടുത്ത ആർച്ചറെ അക്ഷർ പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ജാക്ക് ലീച്ചിനെ അശ്വിൻ പുറത്താക്കി. അശ്വിന്റെ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച ലീച്ചിന്റെ ബാറ്റിൽ തട്ടി പന്ത് സ്ലിപ്പിൽ നിന്ന പൂജാരയുടെ കൈയിലെത്തി. എന്നാല് ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ബെൻ ഫോക്സ് ശ്രമിച്ചു.

സ്റ്റിയുവർട്ട് ബ്രോഡിനെ കൂട്ടുപിടിച്ച് ഫോക്സ് ഇംഗ്ലണ്ട് സ്‌കോർ 100 കടത്തി. എന്നാൽ സ്‌കോർ 105-ൽ നിൽക്കെ ബ്രോഡിനെ ബുംറയുടെ കൈയിലെത്തിച്ച് അക്ഷർ പട്ടേൽ മത്സരത്തിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി.തുടർച്ചയായ രണ്ടാം മത്സരത്തിലും അഞ്ചുവിക്കറ്റ് വീഴ്‌ത്തി അക്ഷർ ചരിത്രം കുറിച്ചു. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും താരം ഈ നേട്ടം സ്വന്തമാക്കിയിരുന്നു. പിന്നാലെ ഫോക്സിന്റെ കുറ്റി തെറിപ്പിച്ച് അക്ഷർ ആറാം വിക്കറ്റ് നേട്ടം ആഘോഷിച്ച് ഇംഗ്ലണ്ടിനെ ഓൾ ഔട്ടാക്കി.

ഇന്ത്യയ്ക്കായി അക്ഷറിന് പുറമേ അശ്വിനും ഇഷാന്തും മികച്ച പ്രകടനം കാഴ്ചവെച്ചു. അശ്വിൻ മൂന്നുവിക്കറ്റെടുത്തപ്പോൾ ഇഷാന്ത് ഒരു വിക്കറ്റ് നേടി.

രണ്ടാം ടെസ്റ്റിൽ ദയനീയമായി തോറ്റ ടീമിൽ നാലു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഓപ്പണിങ് നിരയിൽ അഴിച്ചുപണി നടത്തിയ ഇംഗ്ലണ്ട് റോറി ബേൺസിനു പകരം സാക് ക്രൗളിയെ കളത്തിലിറക്കി. ഇതുൾപ്പെടെ നാലു മാറ്റങ്ങളാണ് ഇംഗ്ലണ്ട് ടീമിൽ വരുത്തിയത്. ബേൺസിനു പുറമെ ലോറൻസ്, സ്റ്റോൺ, മോയിൻ അലി എന്നിവർ പുറത്തിരുന്നപ്പോൾ ജയിംസ് ആൻഡേഴ്‌സൻ, ജോണി ബെയർ‌സ്റ്റോ, ജോഫ്ര ആർച്ചർ, സാക് ക്രൗളി എന്നിവർ ടീമിലെത്തി.

രണ്ടാം ടെസ്റ്റിൽ ജയിച്ച ഇന്ത്യൻ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. കുൽദീപ് യാദവിനു പകരം വാഷിങ്ടൻ സുന്ദറും മുഹമ്മദ് സിറാജിനു പകരം ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തി. ഇംഗ്ലണ്ട് പിങ്ക് ബോളിൽ കണ്ണുനട്ട് മൂന്ന് പേസർമാരെ കളത്തിലിറക്കിയപ്പോൾ കൂട്ടിനുള്ളത് ഒരേയൊരു സ്പിന്നർ മാത്രം. ഇന്ത്യയാകട്ടെ, പരമ്പരാഗത രീതിയിൽ നാട്ടിൽ രണ്ടു പേസർമാരും മൂന്നു സ്പിന്നർമാരുമായാണ് കളിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP