Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര്; സ്റ്റേഡിയത്തിന്റെ പേരിലേക്ക് മോദിയെത്തുന്നത് സർദ്ദാർ വല്ലഭായി പട്ടേലിന്റെ പേര് മാറ്റി; പുനർനിർമ്മിച്ച ക്രിക്കറ്റ് സ്റ്റേഡിയം രാഷ്ട്രപതി നാടിന് സമർപ്പിച്ചു; മൊട്ടേര പിന്തള്ളുന്നത് മെൽബൺ സ്റ്റേഡിയത്തിന്റെ പെരുമയെ; ചരിത്രമുറങ്ങുന്ന മൊട്ടേരയുടെ കളിയാരവത്തിന്റെ കഥകൾ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് നരേന്ദ്ര മോദിയുടെ പേര്; സ്റ്റേഡിയത്തിന്റെ പേരിലേക്ക് മോദിയെത്തുന്നത് സർദ്ദാർ വല്ലഭായി പട്ടേലിന്റെ പേര് മാറ്റി; പുനർനിർമ്മിച്ച ക്രിക്കറ്റ് സ്റ്റേഡിയം രാഷ്ട്രപതി നാടിന് സമർപ്പിച്ചു; മൊട്ടേര പിന്തള്ളുന്നത് മെൽബൺ സ്റ്റേഡിയത്തിന്റെ പെരുമയെ; ചരിത്രമുറങ്ങുന്ന മൊട്ടേരയുടെ കളിയാരവത്തിന്റെ കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തെ നാടിന് സമർപ്പിച്ചു. ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റേഡിയവുമാണ് മൊട്ടേരയിലേത്.

63 ഏക്കർ സ്ഥലത്തായി നീണ്ടു കിടക്കുന്ന സ്റ്റേഡിയത്തിന് 1,10,000 കാണികളെയാണ് ഉൾക്കൊള്ളാനാവുക. 1983ൽ നിർമ്മിച്ച സ്റ്റേഡിയം 2006ൽ നവീകരിച്ചിരുന്നു. 2016ൽ വീണ്ടും പുതുക്കി പണിതു. 2020ൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന നിലയിലേക്ക് ഉയർത്തുകയായിരുന്നു. 800 കോടി രൂപയായിരുന്നു നിർമ്മാണ ചെലവ്.11 പിച്ചുകളാണ് ഇവിടെയുള്ളത്. ആറെണ്ണം ചെമ്മണ്ണിലും, അഞ്ചെണ്ണം കരിമണ്ണിലും നിർമ്മിച്ചതാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് ഗവർണർ ആചാര്യ ദേവ് വ്രത്, കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മൊട്ടേര പിന്തള്ളുന്ന മെൽബണിന്റെ പെരുമകൾ

പുതുക്കിപ്പണിത അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിന് ഇന്ന് തുടക്കമാകുമ്പോൾ അതൊരു ലോക റെക്കോർഡിനുകൂടിയാണ് വഴിതുറക്കുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പെരുമയോടെയാണ് മൊട്ടേര സ്റ്റേഡിയം ഇന്ന് ലോകത്തിനുമുന്നിൽ അവതരിക്കുന്നത്. ലോകത്തിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ കൂട്ടത്തിൽ 1,11, 000 സീറ്റുകളോടെ ഇ സ്റ്റേഡിയം ഇനി ഒന്നാംസ്ഥാനം അലങ്കരിക്കും. 1,00,024 സീറ്റുകളുള്ള ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പെരുമയെയാണ് മൊട്ടേര പൊളിച്ചെഴുതുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാകുമ്പോൾ ഏതൊരു സ്റ്റേഡിയത്തിലും ഇപ്പോൾ രണ്ടാംസ്ഥാനത്തുള്ളതും മൊട്ടേര തന്നെയാണ്.ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം എന്ന റെക്കോർഡ് ഉത്തര കൊറിയയിലെ മെയ്‌ ഡേ സ്റ്റേഡിയത്തിന് അവകാശപ്പെട്ടതാണ്. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ റങ്‌റാഡോ ദ്വീപിലാണ് ഈ വലിയ മൈതാനം സ്ഥിതി ചെയ്യുന്നത്. 1,14, 000 സീറ്റുകളാണ് മൈതാനത്തിന്റെ കപ്പാസിറ്റി.

1983ൽ പണികഴിപ്പിച്ചതാണ് മൊട്ടേരയിലെ പഴയ സർദാർ പട്ടേൽ മൈതാനം. അന്നത്തെ പേര് ഗുജറാത്ത് സ്റ്റേഡിയമെന്നായിരുന്നു. പിന്നീടാണ് സർദാർ പട്ടേൽ സ്റ്റേഡിയം എന്ന നാമകരണം ചെയതത്. കാലപ്പഴക്കത്തേത്തുടർന്ന് 2006ൽ വീണ്ടും പുനർനിർമ്മിച്ചു. 2017ൽ സ്റ്റേഡിയം ഇടിച്ചു നിരത്തിയാണ് ഇപ്പോഴത്തെ പുതിയ സ്റ്റേഡിയം പണിതത്. മൊട്ടേരയിലെ പഴയ സ്റ്റേഡിയത്തിന്റെ അതേ സ്ഥലത്താണ് പുതിയ മൈതാനം പണികഴിപ്പിച്ചിട്ടുള്ളത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് ഉടമകൾ.

1983ൽ മൊട്ടേര സ്റ്റേഡിയം പിറവിയെടുക്കുന്നതിനു മുൻപെ മറ്റൊരു സ്റ്റേഡിയം ഇതേ പേരിൽ അഹമ്മദാബാദിലുണ്ടായിരുന്നു: സർദരാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം. 1981 നവംബർ 25ന് ഇന്ത്യൻ മണ്ണിലെ ആദ്യ രാജ്യാന്തര ഏകദിന മൽസരം നടന്നത് ഇവിടെയാണ്. ഇംഗ്ലണ്ടും ആതിഥേയരായ ഇന്ത്യയുമാണ് അന്ന് ഏറ്റുമുട്ടിയത്.അന്ന് സുനിൽ ഗാവസ്‌കറിന്റെ ഇന്ത്യയെ കീത്ത് ഫ്‌ളെച്ചറുടെ ഇംഗ്ലീഷ് പട 5 വിക്കറ്റിന് തോൽപിക്കുകയും ചെയ്തു. ഈ ഒരൊറ്റ മൽസരത്തോടെ ആ മൈതാനത്തിന്റെ രാജ്യാന്തരപദവി അവസാനിക്കുകയും ചെയ്തു.വർഷങ്ങൾക്കിപ്പുറം ഈ സ്റ്റേഡിയം രാജ്യത്തിന് തന്നെ അഭിമാനമാകുമ്പോൾ ആദ്യ മത്സരത്തിനെത്തുന്നതും ഇന്ത്യയും ഇംഗ്ലണ്ടും തന്നെ.


റെക്കോർഡുകളുടെ തോഴനായ മൈതാനം

ക്രിക്കറ്റിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളിലെഴുതിയ ഒട്ടേറ കായിക നിമിഷങ്ങൾക്ക് വേദിയായിട്ടുണ്ട് ഈ പുൽമൈതാനം.12 ടെസ്റ്റ്, 23 ഏകദിനങ്ങൾ, ഒരു ട്വന്റി 20 മൽസരങ്ങൾ പഴയ മൈതാനത്ത് നടന്നുകഴിഞ്ഞു.1983ലെ വെസ്റ്റിൻഡീസിന്റെ പര്യടനത്തിലെ മൂന്നാം ടെസ്റ്റായിരുന്നു സർദാർ പട്ടേൽ സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മൽസരം.അന്ന് ക്ലൈവ് ലോയ്ഡിന്റെ വിൻഡീസ് പടയ്ക്കുമുന്നിൽ ഇന്ത്യ 138 റൺസിന്റെ തോൽവി സമ്മതിച്ചെങ്കിലും നായകൻ കപിൽദേവിന്റെ 9 വിക്കറ്റ് പ്രകടനം രണ്ടാം ഇന്നിങ്‌സിൽ പിറന്നു. കപിലിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഈ മണ്ണിലായിരുന്നു. പരമ്പര 30ന് വിൻഡീസ് സ്വന്തമാക്കിയെങ്കിലും കപിലിന്റെ 9/83 ഇന്നും ചരിത്രത്തിൽ ഇടംപിടിച്ചുനിൽക്കുന്നു.

കപിൽദേവ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയതും മൊട്ടേര സ്റ്റേഡിയത്തിലാണ്. 1993- 94ലെ ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് കപിൽ ചരിത്രം കുറിച്ചത്. കപിലിന്റെ 44ാം പന്തിൽ ഹഷൻ തിലകരത്‌നെയെ സഞ്ജയ് മഞ്ജരേക്കർ പിടിച്ചു പുറത്താക്കിയതോടെയാണ് കപിൽ പുതിയ നേട്ടം സ്വന്തമാക്കിയത്. അതുവരെ ലോകത്തിലെ ഏറ്റവും വലിയ റെക്കോർഡ് വേട്ടക്കാരൻ എന്ന നേട്ടം ന്യൂസിലൻഡിന്റെ ഇതിഹാസതാരം റിച്ചാർഡ് ഹാഡ്‌ലിയുടെ പേരിലായിരുന്നു.

സുനിൽ ഗാവസ്‌കർ ടെസ്റ്റിലെ 10,000 റൺസ് എന്ന കൊടുമുടി പിന്നിട്ടതും ഇവിടെയാണ്. രാജ്യാന്തര ക്രിക്കറ്റിലെ ഏതെങ്കിലും താരത്തിന്റെ ആദ്യ പതിനായിരം. 1986-87ലെ പാക് പര്യടനത്തിലെ നാലാം ടെസ്റ്റിലാണ് ചരിത്രം പിറന്നത്. ഗാവസ്‌കറുടെ പാത പിൻപറ്റി പലരും ആ നാഴികകല്ല് പിന്നിട്ടു കഴിഞ്ഞെങ്കിലും ആ നേട്ടം നേട്ടമായി നിൽക്കുന്നു. 110 വർഷത്തെ രാജ്യാന്തര ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേറിട്ട സംഭവമായിരുന്നു ഗാവസ്‌കറുടെ 10, 000. 1987 മാർച്ച് ഏഴിന്. പതിനായിരം റൺസ് എന്ന നേട്ടത്തിന് 58 റൺസ് മാത്രം പിന്നിലായിരുന്ന ഗാവസ്‌കർ അന്ന് 63 റൺസെടുത്താണ് പുറത്തായത്.

സച്ചിൻ തെൻഡുൽക്കറുടെ കരിയറിലെ പ്രധാനപ്പെട്ടൊരു നാഴികകല്ല് പിറന്നതും ഈ മണ്ണിലാണ്. തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് ഇരട്ട സെഞ്ചുറി നേടിയത് ഇവിടെയാണ്. 19992000ൽ ന്യൂസീലൻഡിനെതിരെ സച്ചിൻ ഒന്നാം ഇന്നിഹ്‌സിൽ 217 നേടുമ്പോൾ അത് മാസ്റ്റർ ബ്ലാസ്റ്ററുടെ ആദ്യ ഡബിൾ സെഞ്ചുറിയായി മാറി.

ഇന്ത്യ മൂന്നു തവണ ലോകകപ്പിന് വേദിയൊരുക്കിയപ്പോഴും മൊട്ടേര സർദാർ പട്ടേൽ സ്റ്റേഡയിയവും അതിന് ആതിഥ്യമരുളി. 1987, 96, 2011 ലോകകപ്പുകളിൽ ഇവിടെ മൽസരങ്ങൾ നടന്നു. 2011ലെ ഏകദിന ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ യുവരാജ് സിങ്ങിന്റെ കരുത്തിൽ ടീം ഇന്ത്യ ഓസ്‌ട്രേലിയെ ടൂർണമെന്റിനു പുറത്തേക്ക് അയച്ചതും ഇവിടെവച്ചാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP