Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാപ്പന്റെ രണ്ടാം സീറ്റ് മോഹം നടക്കില്ല; പി സി ജോർജ്ജിന്റെ മുന്നണി പ്രവേശനത്തിന് ഇനിയും നേരിയ സാധ്യത; 9 സീറ്റെങ്കിലും ഉറപ്പിക്കാൻ പാടുപെട്ട് പി ജെ ജോസഫ്; ലീഗിന് മൂന്ന് വരെ സീറ്റുകൾ അധികം കിട്ടിയേക്കാം; യുഡിഎഫ് സീറ്റു ചർച്ചകൾ ചൂടുപിടിക്കുമ്പോൾ സാധ്യതകൾ തള്ളാതെ നേതാക്കൾ

കാപ്പന്റെ രണ്ടാം സീറ്റ് മോഹം നടക്കില്ല; പി സി ജോർജ്ജിന്റെ മുന്നണി പ്രവേശനത്തിന് ഇനിയും നേരിയ സാധ്യത; 9 സീറ്റെങ്കിലും ഉറപ്പിക്കാൻ പാടുപെട്ട് പി ജെ ജോസഫ്; ലീഗിന് മൂന്ന് വരെ സീറ്റുകൾ അധികം കിട്ടിയേക്കാം; യുഡിഎഫ് സീറ്റു ചർച്ചകൾ ചൂടുപിടിക്കുമ്പോൾ സാധ്യതകൾ തള്ളാതെ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് സീറ്റു വിഭജന ചർച്ചകൾക്ക് തുടക്കമാകുമ്പോൾ കോൺഗ്രസ് നേതാക്കൾ തന്നെ ധാരണയായത് അധികം സീറ്റുകൾ ഘടകക്ഷികൾക്ക് കൊടുക്കേണ്ടെന്ന് തന്നെയാണ്. രണ്ടാം ഘട്ട ചർച്ചകൾ മറ്റന്നാൽ തുടങ്ങാനിരിക്കയാണ്. 'ഐശ്വര്യ കേരള യാത്ര'യോട് അനുബന്ധിച്ച് എല്ലാ ഘടകകക്ഷികളുമായും കോൺഗ്രസ് ചർച്ച നടത്തിയിരുന്നു. ചർച്ചകൾ 50 ശതമാനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ചില ഘടകകക്ഷികൾ വിട്ടുപോയതിന്റെ ഭാഗമായി ഒഴിവു വന്ന സീറ്റുകളിൽ ഗണ്യമായ ഭാഗം കോൺഗ്രസ് ഏറ്റെടുക്കും. 90-93 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കാനാണു സാധ്യത. 25 സീറ്റിൽ മത്സരിച്ച മുസ്ലിം ലീഗിനു 3 സീറ്റ് വരെ അധികമായി ലഭിച്ചേക്കാം. 15 സീറ്റ് ചോദിച്ച് 12 നു വേണ്ടി വാശി പിടിക്കുന്ന കേരള കോൺഗ്രസ് ജോസഫിന് 9 സീറ്റിൽ കൂടുതൽ ലഭിക്കാൻ ഇടയില്ല. ഇക്കാര്യം കോൺഗ്രസ് നേതൃത്വം ജോസഫിനെ അറിയിച്ചു കഴിഞ്ഞു.

ആർഎസ്‌പി, കേരള കോൺഗ്രസ് (ജേക്കബ്), സിഎംപി പാർട്ടികൾക്കു കഴിഞ്ഞ തവണത്തെ എണ്ണം തന്നെയാകും. എന്നാൽ വിജയസാധ്യതയുള്ള സീറ്റ് വേണം എന്നതാണ് ഇവരുടെ ആവശ്യം. ഫോർവേഡ് ബ്ലോക്ക്, നാഷനൽ ജനതാദൾ പാർട്ടികളും ഓരോ സീറ്റ് ചോദിക്കുന്നുണ്ട്. എന്നാൽ, ആർഎസ്‌പിക്ക് ചിലപ്പോൾ കൂടുതൽ സീറ്റുകൾ അനുവദിക്കാനും സാധ്യതയുണ്ട്. മാണി സി.കാപ്പന്റെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിയെ യുഡിഎഫിൽ എടുക്കുന്നതു സംബന്ധിച്ച ചർച്ച ഇന്നലത്തെ യോഗത്തിൽ ഉണ്ടായില്ല.

പാലാ കൂടാതെ ഒരു സീറ്റ് കൂടി ഉറപ്പിക്കാനാണ് അവരുടെ ശ്രമം. എന്നാൽ, രണ്ടാമത്തെ സീറ്റെന്ന കാര്യം തൽക്കാലം വകവെച്ചു കൊടുക്കാൻ കോൺഗ്രസ് തയ്യാറാകില്ല. പി.സി.ജോർജിനെ മുന്നണിയുമായി സഹകരിപ്പിക്കണമോ എന്ന കാര്യത്തിൽ ഭിന്നാഭിപ്രായം തുടരുന്നു. അതസമയം ജോർജ്ജ് ഉടൻ തീരുമാനം വേണമെന്ന നിലപാടിലാണ്. മുന്നണിപ്രവേശനത്തിനുള്ള ക്ഷണമുണ്ടായില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് പാർട്ടി. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ സമാപനത്തിനുശേഷം തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനപക്ഷം.ഒപ്പംകൂട്ടാൻ യു.ഡി.എഫ്. തീരുമാനിച്ചാൽ പി.സി. ജോർജ് പൂഞ്ഞാറിൽ യു.ഡി.എഫ്. പിന്തുണയോടെ മത്സരിച്ചേക്കും. തീരുമാനം മറിച്ചായാൽ ജനപക്ഷം സ്ഥാനാർത്ഥിയായിത്തന്നെ ജോർജ് ജനവിധി തേടും. പി.സി. ജോർജിനെ മുന്നണിയിലെടുക്കേണ്ടെന്ന കോട്ടയം ഡി.സി.സി.യുടെ നിലപാടാണ് വിലങ്ങുതടി. 2011- 16 കാലഘട്ടത്തിൽ മുന്നണിയുടെ ഭാഗമായിരുന്നിട്ടും യു.ഡി.എഫ്. സർക്കാരിനെ അലസോരപ്പെടുത്തിയത് അവർ ചൂണ്ടിക്കാണിക്കുന്നു. ഒറ്റയ്‌ക്കെങ്കിൽ 11 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് ജനപക്ഷത്തിന്റെ നീക്കം.

പി സി ജോർജിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിലെ നേതാക്കൾക്ക് താൽപര്യം ഉണ്ടെങ്കിലും പ്രാദേശിക വിഭാഗത്തിൽ നിന്നും ഉയരുന്ന എതിർപ്പു കാരണമാണ് യുഡിഎഫ് നേതൃത്വത്തിൽ നിന്നുള്ള മറുപടി വൈകുന്നത്. തന്നെ മുന്നണിയിലെടുക്കുന്നത് തടയുന്നത് ഉമ്മൻ ചാണ്ടിയും ഗ്രൂപ്പുമാണെന്ന് പി സി ജോർജ് ആദ്യം പറഞ്ഞിരുന്നു. ഇതോടെ ജോർജിന്റെ മുന്നണി പ്രവേശനത്തിന്റെ വാതിലുകൾ പൂർണമായി അടഞ്ഞെന്ന് വിലയിരുത്തപ്പെട്ടു. എന്നാൽ തുടർ ചർച്ചകളിൽ ഉമ്മൻ ചാണ്ടിയുടെ എതിർപ്പ് മറികടന്നെന്നാണ് സൂചന.

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ ചീഫ് വിപ്പായിരുന്ന പി സി ജോർജ് ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത് ഉമ്മൻ ചാണ്ടി ഗ്രൂപ്പിനെ വലിയ രീതിയിൽ ചൊടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രശ്‌നം പ്രദേശികമായി ചില കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രതിഷേധമാണെന്നാണ് പി സി ജോർജിന്റെ തന്നെ കണ്ടെത്തൽ. പി സി ജോർജിനെ മുന്നണിയിൽ എടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ വൻ പ്രതിഷേധമായിരുന്നു പ്രാദേശിക തലത്തിൽ നടന്നത്. ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റി പി സി ജോർജിനെ മുന്നണിയിൽ എടുക്കരുതെന്ന ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും പൊതുപ്രകടനം നടത്തുകയും ചെയ്തിരുന്നു.

യുഡിഎഫുമായി അടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പി.സി.തോമസ് വീണ്ടും എൻഡിഎയുടെ ഭാഗമായിട്ടുണ്ട്. കേരള കോൺഗ്രസ് ജോസ് വിഭാഗവും ലോക് താന്ത്രിക് ജനതാദളും മൽസരിച്ച 15 സീറ്റുകളിലാണ് എല്ലാവരുടേയും കണ്ണ്. കഴിഞ്ഞ തവണ 24 സീറ്റുകളിൽ മൽസരിച്ച മുസ്ലിം ലീഗ് പത്ത് സീറ്റു വരെയാണ് അവകാശപ്പെട്ട് തുടക്കത്തിൽ രംഗത്തുവന്നെങ്കിലും പിന്നീട് ഇവർ പിന്മാറുകയായിരുന്നു. ചോദിച്ചതെല്ലാം കൊടുത്താൽ ലീഗിന് കോൺഗ്രസ് അടിമപ്പെട്ടെന്ന പേരുദോഷം പിന്നെയും ഉയരുന്നത് കണ്ട് കരുതലോടെയായിരുന്നു ലീഗിന്റെയും കോൺഗ്രസിന്റെയും നീക്കവും.

തിരുവല്ലയും റാന്നിയും വച്ചു മാറുന്നതും പരിഗണനയിലുണ്ട്. സ്ഥിരമായി തോൽക്കുന്ന ആലത്തൂർ പോലെയുള്ള മണ്ഡലങ്ങൾ വിട്ടു കൊടുത്ത് ജയസാധ്യതയുള്ള ഒരു സീറ്റ് പകരം ചോദിക്കണമെന്ന അഭിപ്രായം ജോസഫ് വിാഗത്തിലുണ്ട്. ആദ്യ ഘട്ടത്തിൽ 13 സീറ്റും പിന്നെ 12 എങ്കിലും വേണമെന്ന നിർബന്ധത്തിൽനിന്ന് കേരള കോൺഗ്രസ് ജോസഫ് പക്ഷം വിട്ടുവീഴ്ചയ്‌ക്കൊരുങ്ങുന്നു എന്ന സൂചനയാണുള്ളത്. കോട്ടയം ജില്ലയിലെ ഏതാനും സീറ്റുകൾ കോൺഗ്രസിനു വിട്ടു നൽകാമെന്നാണു പുതിയ നിലപാട്. യുഡിഎഫിനെ ശക്തിപ്പെടുത്താൻ വിട്ടുവീഴ്ച വേണ്ടി വരുമെന്നതിനാലാണു കൂടുതൽ സീറ്റുകൾക്കു നിർബന്ധം പിടിക്കാത്തതെന്നു ജോസഫ് പക്ഷം പറയുന്നു. നിലപാടുമാറ്റം യുഡിഎഫിന്റെ അടുത്ത സീറ്റ് ചർച്ചയിൽ അറിയിക്കുമെന്നാണു വിവരം.

കേരള കോൺഗ്രസിനു 9 സീറ്റ് എന്നാണ് യുഡിഎഫ് നേരത്തെ മുതൽ സ്വീകരിച്ചിട്ടുള്ള നിലപാട്. ഇതിൽ ഇരുകക്ഷികളും വിട്ടുവീഴ്ചയ്ക്കു തയാറായാൽ ഇവരുമായുള്ള വിഭജന ചർച്ചകൾ ആദ്യ ഘട്ടത്തിൽ തന്നെ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് 2016ൽ 15 സീറ്റുകളിലാണ് മൽസരിച്ചത്. മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ട സാഹചര്യത്തിൽ കൂടുതൽ സീറ്റു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇതര കക്ഷികൾ. കോൺഗ്രസ് 50 സീറ്റുകളിലെങ്കിലും ജയിക്കുന്ന സാഹചര്യത്തിൽ മാത്രമേ യുഡിഎഫിന് സംസ്ഥാനത്ത് അധികാരത്തിൽ എത്താനാകൂ എന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്.

അതുകൊണ്ടു തന്നെ കൂടുതൽ സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് കോൺഗ്രസ് തീരുമാനം. മുസ്‌ലിം ലീഗുമായും ചർച്ച പൂർത്തിയാകുന്നതോടെ സീറ്റു വിഭജനം വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം വരും മുമ്പു തന്നെ സീറ്റു വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP