Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം; ആറ് മുനിസിപ്പൽ കോർപ്പറേഷനുകളും തൂത്തുവാരി; നേട്ടമുണ്ടാക്കി ആം ആദ്മി പാർട്ടി; കോൺഗ്രസിന് കനത്ത തിരിച്ചടി; ബംഗാളിലേതും സമാനമായ മികച്ച തിരഞ്ഞെടുപ്പ് ഫലമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം; ആറ് മുനിസിപ്പൽ കോർപ്പറേഷനുകളും തൂത്തുവാരി; നേട്ടമുണ്ടാക്കി ആം ആദ്മി പാർട്ടി; കോൺഗ്രസിന് കനത്ത തിരിച്ചടി; ബംഗാളിലേതും സമാനമായ മികച്ച തിരഞ്ഞെടുപ്പ് ഫലമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂസ് ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം. തിരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പൽ കോർപ്പറേഷനുകളും ബിജെപി ഇത്തവണയും തൂത്തുവാരി. 576 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നൂറെണ്ണത്തിൽ പോലും കോൺഗ്രസിന് ജയിക്കാനായില്ല.

അഹമ്മദാബാദ്, ഭാവനഗർ, ജംനഗർ, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും വൻഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തി. 

ആകെയുള്ള 576 സീറ്റുകളിൽ ബിജെപിക്ക് 483 ഉം കോൺഗ്രസിന് 55 ഉം സീറ്റുകളിലാണ് ജയിച്ചത്. സൂറത്തിൽ മാത്രമാണ് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികൾ ജയിച്ചത്. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് ഏഴ് വിജയിക്കാനായിട്ടുണ്ട്. ബി എസ് പി മൂന്ന് സീറ്റുകൾ നേടി.

സൂറത്തിൽ കോൺഗ്രസ് വൻതിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 36 സീറ്റുകളിൽ ജയിച്ചിരുന്ന സൂറത്തിൽ ഇത്തവണ വട്ടപൂജ്യമാണ് കോൺഗ്രസിന്. അതേ സമയം ആം ആദ്മി പാർട്ടി 27 സീറ്റുകൾ പിടിച്ചു. സൂറത്തിലെ 120 സീറ്റുകളിൽ 93 സീറ്റുകളോടെയാണ് ബിജെപി അധികാരം നിലനിർത്തിയത്.

2015 ൽ ബിജെപിക്ക് 391 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് 174 സീറ്റും ലഭിച്ചിരുന്നു. ഇത്തവണ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു.

ഗുജറാത്തിലെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷനായ അഹമ്മദാബാദിൽ ബിജെപിക്ക് 159 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിനാവട്ടെ 24 സീറ്റും.

രാജ്‌കോട്ടിലാണ് കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടത്. ഇവിടെ ഒറ്റ സീറ്റുപോലും കോൺഗ്രസിന് ലഭിച്ചില്ല. ബിജെപി 68 സീറ്റിൽ ജയിച്ചു. ഭാവ് നഗറിൽ ബിജെപി 44 സീറ്റിൽ ജയം നേടി.

മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെപ്പിൽ നേടിയ വൻ വിജയത്തിൽ മുഖ്യമന്ത്രി വിജയ് രൂപാണിയേയും സംസ്ഥാന നേതാക്കളേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. തിരഞ്ഞെടുപ്പ് നടന്ന 85 ശതമാനം സീറ്റിലും ബിജെപിക്ക് വിജയിക്കാനായി. 45 സീറ്റുകളിൽ മാത്രം ജയിച്ച് കോൺഗ്രസ് തകർന്നുവെന്നും അമിത് ഷാ പറഞ്ഞു.

ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ആറിലും തൂത്തുവാരിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം.



'ഗുജറാത്ത് വീണ്ടും ബിജെപിയുടെ ശക്തികേന്ദ്രമായി മാറിയെന്ന് മുനിസിപ്പൽ കോർപ്പറേഷൻ വോട്ടെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നു. മോദി ജിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'വികാസ് യാത്ര' ബിജെപി തുടരുന്നു. ഇന്നത്തെ ഫലങ്ങൾ ഗുജറാത്തിലെ മികച്ച ഫലങ്ങളിലൊന്നാണ്' അമിത് ഷാ പറഞ്ഞു.

കർഷകരുടെ പ്രതിഷേധം, കോവിഡ് തുടങ്ങിയ വിഷയങ്ങളിൽ പലതരം തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ പ്രതിപക്ഷം ശ്രമിച്ചു. ഇതിന് ശേഷമുള്ള വോട്ടെടുപ്പ് ഫലങ്ങൾ ഈ തെറ്റിദ്ധാരണകളെ തകർക്കുന്നു. ലഡാക്ക് മുതൽ ഹൈദരാബാദും ഗുജറാത്തും വരെ ഇത് പ്രതിഫലിക്കുന്നു. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലങ്ങളും മികച്ചതായിരിക്കുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ പല സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച പണം നഷ്ടമായി.പലയിടത്തും മൂന്നും നാലും സ്ഥാനങ്ങളിലായി. കോൺഗ്രസ് നേതാക്കൾക്ക് ആത്മ പരിശോധന നടത്താൻ ഇതൊരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP