Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഇടത് പാർട്ടിയിലാണെങ്കിൽ ജോലി കിട്ടും'; 'സാധാരണക്കാർക്ക് ജോലി വേണേൽ നിരാഹാരം കിടന്ന് പ്രതിഷേധിക്കണം'; 'സിപിഎം കൊടിപിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വർണം കടത്താം'; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇഴയുന്നത് മനസിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി; യുഡിഎഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ വിലങ്ങുവയ്ക്കുമെന്ന് രമേശ് ചെന്നിത്തല; ഐശ്വര്യകേരള യാത്രയ്ക്ക് സമാപനം

'ഇടത് പാർട്ടിയിലാണെങ്കിൽ ജോലി കിട്ടും'; 'സാധാരണക്കാർക്ക് ജോലി വേണേൽ നിരാഹാരം കിടന്ന് പ്രതിഷേധിക്കണം'; 'സിപിഎം കൊടിപിടിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും സ്വർണം കടത്താം'; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇഴയുന്നത് മനസിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി; യുഡിഎഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ വിലങ്ങുവയ്ക്കുമെന്ന് രമേശ് ചെന്നിത്തല; ഐശ്വര്യകേരള യാത്രയ്ക്ക് സമാപനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റിന്റെയും കസ്റ്റംസിന്റെയും അന്വേഷണം ഇഴയുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്ന് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.



'കേരള മുഖ്യമന്ത്രിയുടെ ഓഫീസുള്ള ഒരാൾക്കെതിരെയുള്ള കേസുകൾ എന്തുകൊണ്ടാണ് ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതെന്ന് മനസ്സിലാകുന്നില്ല' രാഹുൽ പറഞ്ഞു. എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിക്കാത്തത്. ഇക്കാര്യത്തിൽ തനിക്ക് വലിയ ആശയക്കുഴപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ എതിരിട്ടാൽ 24 മണിക്കൂറും നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ഇവിടുത്തെ കേസുകളിൽ കേന്ദ്ര ഏജൻസികൾ പതുക്കെ പതുക്കെ പോകുന്നതിന് കാരണം ഒന്നേയുള്ളൂ. അതിന്റെ കാരണം നിങ്ങൾക്കറിയാമെന്നും രാഹുൽ പറഞ്ഞു.



എല്ലാം ശരിയാക്കുമെന്ന് ജനങ്ങൾക്കു വേണ്ടിയാണോ പാർട്ടിക്കുവേണ്ടിയാണോ എൽഡിഎഫ് പറയുന്നതെന്നു രാഹുൽ ഗാന്ധി ചോദിച്ചു. ഇടതു പാർട്ടിയിലാണെങ്കിൽ മാത്രം ജോലി ലഭിക്കുകയും പാർട്ടി കൊടിപിടിച്ചാൽ സ്വർണക്കടത്ത് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ്. സർക്കാരിന്റെ ഭാഗമാണെങ്കിൽ സ്വർണക്കടത്ത് ജോലി മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്നും ചെയ്യാൻ കഴിയും.

പക്ഷേ, സാധാരണക്കാരായ ചെറുപ്പക്കാർക്കു ജോലി വേണമെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അവകാശങ്ങൾക്കായി പ്രതിഷേധിക്കേണ്ടിവരും. അവർ നിരാഹാരം കിടന്നാലും മുഖ്യമന്ത്രി ചർച്ച നടത്തില്ല. കാരണം അവർ ഇടതു പ്രവർത്തകരല്ല. ഇടതു പ്രവർത്തകരായിരുന്നെങ്കിൽ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിനു മുന്നിലെത്തി ചർച്ച നടത്തുമായിരുന്നെന്നും രാഹുൽഗാന്ധി പറഞ്ഞു.

ജനങ്ങൾക്ക് അടിസ്ഥാന വേതനമൊരുക്കുന്ന ന്യായ് പദ്ധതി പ്രകടന പത്രികയിൽ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റുകൾ തൂത്തുവാരി സർക്കാരുണ്ടാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു സർക്കാരും ഇത്രയും അഴിമതി നടത്തിയിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം പറഞ്ഞ ഓരോ അഴിമതിയും സത്യമാണെന്നു തെളിഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ വിലങ്ങുവയ്ക്കും. കടലിനെ വിൽക്കാൻ ശ്രമിച്ച സർക്കാരിനോട് കടലിന്റെ മക്കൾ ക്ഷമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.



പത്തു വോട്ടിനു വേണ്ടി വർഗീയത പരത്താൻ ശ്രമിക്കുന്ന സിപിഎമ്മിനും ബിജെപിക്കുമുള്ള ശക്തമായ താക്കീതാണ് യോഗത്തിലെ വലിയ ജനക്കൂട്ടമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വർഗീയത പരത്താനുള്ള ശ്രമത്തിന് എൽഡിഎഫ് വലിയ വിലകൊടുക്കേണ്ടി വരും. ജനമനസ് യുഡിഎഫിനു പിന്നിൽ അണിനിരന്നിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, ആ നേതൃത്വത്തിനു കീഴിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ യുഡിഎഫിനു കഴിയുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം കോൺഗ്രസിനെ തകർക്കലാണെന്നും അതിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി പറയുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. യുവാക്കളുടെ ആവശ്യം എന്താണ്, അവർക്ക് എന്തു തൊഴിൽ പരിശീലനം കൊടുക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കുന്ന രാഷ്ട്രീയമാണ് വേണ്ടതെന്നു ശശി തരൂർ പറഞ്ഞു.

യുഡിഎഫ് കൺവീനർ എം.എം.ഹസൻ സ്വാഗതം പറഞ്ഞു. ഘടകക്ഷി നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജനുവരി 31ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച യാത്ര തിങ്കളാഴ്ച പാറശാലയിലാണ് സമാപിച്ചത്.

അഴിമതി സർക്കാരിനെതിരേ, സ്വജനപക്ഷപാത സർക്കാരിനെതിരേയുള്ള കേരളത്തിലെ ജനങ്ങളുടെ ഐക്യദാർഢ്യമാണ് ശംഖുമുഖത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടമെന്ന് രമേശ് ചെന്നിത്തല ഫേസ് ബുക്കിൽ കുറിച്ചു. കേരളത്തിൽ ഒരു ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. സകലതിലും അഴിമതി നടത്തിയ,ഒരു വികസനവും സ്വന്തമായി കൊണ്ടുവരാത്ത, കടലിന്റെ മക്കളെ അമേരിക്കൻ കമ്പനിക്കായി ഒറ്റുകൊടുത്ത ഇടതു സർക്കാർ നിലംപതിക്കും. ഐശ്വര്യ കേരളം വരുമെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പ്

ജനസാഗരമാണ് അറബിക്കടലിന്റെ തീരത്ത് ഒത്തുചേർന്നത്. അഴിമതി സർക്കാരിനെതിരേ, സ്വജനപക്ഷപാത സർക്കാരിനെതിരേയുള്ള കേരളത്തിലെ ജനങ്ങളുടെ ഐക്യദാർഢ്യമായിരുന്നു ശംഖുമുഖത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപനച്ചടങ്ങിൽ പങ്കെടുത്ത ജനക്കൂട്ടം.


കേരളത്തിൽ ഒരു ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു. സകലതിലും അഴിമതി നടത്തിയ,ഒരു വികസനവും സ്വന്തമായി കൊണ്ടുവരാത്ത, കടലിന്റെ മക്കളെ അമേരിക്കൻ കമ്പനിക്കായി ഒറ്റുകൊടുത്ത ഇടതു സർക്കാർ നിലംപതിക്കും. ഐശ്വര്യ കേരളം വരും.
ഐശ്വര്യ കേരള യാത്രയെ നെഞ്ചോടു ചേർത്ത കേരളമങ്ങോളമിങ്ങോളമുള്ള ജനലക്ഷങ്ങളെ അഭിവാദ്യം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP