Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വപ്‌ന സുരേഷൊക്കെ എങ്ങനെ ഇങ്ങനെ ആയി അല്ലേ? ഇങ്ങനെയൊക്കെ സ്വർണം കടത്താൻ കഴിയുമോ? ബിന്ദു നാട്ടിലുള്ളപ്പോൾ അയൽക്കാരുമായുള്ള കുശലത്തിനിടെ അദ്ഭുതം കൂറി; നാട്ടിൽ ഇല്ലാത്തപ്പോൾ പാലക്കാട് ഒരുവീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്ന് ചിലരോട്‌; മാന്നാർ സ്വദേശിനിക്ക് സ്വർണക്കടത്ത് മാഫിയയുമായി ബന്ധമെന്ന് കേട്ട് ഞെട്ടി നാട്ടുകാർ

സ്വപ്‌ന സുരേഷൊക്കെ എങ്ങനെ ഇങ്ങനെ ആയി അല്ലേ? ഇങ്ങനെയൊക്കെ സ്വർണം കടത്താൻ കഴിയുമോ?  ബിന്ദു നാട്ടിലുള്ളപ്പോൾ അയൽക്കാരുമായുള്ള കുശലത്തിനിടെ അദ്ഭുതം കൂറി; നാട്ടിൽ ഇല്ലാത്തപ്പോൾ പാലക്കാട് ഒരുവീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്ന് ചിലരോട്‌; മാന്നാർ സ്വദേശിനിക്ക് സ്വർണക്കടത്ത് മാഫിയയുമായി ബന്ധമെന്ന് കേട്ട് ഞെട്ടി നാട്ടുകാർ

ആർ പീയൂഷ്

ആലപ്പുഴ: സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി വഴിയിലുപേക്ഷിച്ച മാന്നാർ സ്വദേശിനി ബിന്ദു വിദേശത്തായിരുന്നു എന്ന് നാട്ടുകാർ അറിയുന്നത് കഴിഞ്ഞ ദിവസത്തെ തട്ടിക്കൊണ്ടു പോകൽ വാർത്തയറിഞ്ഞതോടെയാണ്. നാട്ടുകാരോട് പറഞ്ഞിരുന്നത് പാലക്കാട് ഒരു വീട്ടിൽ വീട്ടു ജോലിക്ക് നിൽക്കുകയായിരുന്നു എന്നാണ്. ബിന്ദുവിന്റെ അമ്മയാണ് ഇക്കാര്യം അയൽക്കാരോട് പറഞ്ഞിരുന്നത്. ഓരോ മാസത്തിലും ബിന്ദു വീട്ടിലെത്തിയിരുന്നതായും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ബിന്ദുവിന്റെ ഭർത്താവ് ബിനോയ് ഗൾഫിൽ നിന്നും കൊറോണ പടർന്ന സമയമാണ് നാട്ടിലെത്തിയത്. പിന്നീട് തിരികെ പോയിരുന്നില്ല. നാട്ടുകാരിൽ ചിലരോട് ബിന്ദു ദുബായിൽ ഹോം നേഴ്സായി ജോലി ചെയ്യുകയാണ് എന്ന് പറഞ്ഞിരുന്നതായും വിവരമുണ്ട്. എന്നാൽ തൊട്ടയൽപ്പക്കത്തുള്ളവരോടാണ് പാലക്കാട് വീട്ടു ജോലിക്ക് നിൽക്കുകയാണ് എന്ന് പറഞ്ഞിരുന്നത്. നേരത്തെ എറണാകുളത്തും ജോലിക്ക് നിന്നിരുന്ന വിവരം അയൽക്കാരോട് പറഞ്ഞിട്ടുണ്ടായിരുന്നു.

രണ്ടു വർഷം മുൻപാണ് ബിന്ദുവും കുടുംബവും മാന്നാർ കുരട്ടിക്കാട്ട് താമസത്തിനെത്തിയത്. 10 സെന്റ് സ്ഥലവും വീടും 33 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. വാങ്ങിയ ഉടൻ തന്നെ വീടിന് ചുറ്റും മതിൽ പണിയുകയും ചെയ്തു. നാട്ടുകാരോട് അധികം ബന്ധമൊന്നുമില്ലായിരുന്നു. അതിനാൽ ഇവരുടെ കൂടുതൽ വിവരങ്ങൾ ആർക്കും അറിയില്ല. ബിന്ദു നാട്ടിലുള്ളപ്പോൾ സ്വപ്നാ സുരേഷിന്റെ സ്വർണ്ണക്കടത്ത് കേസിനെ പറ്റി അയൽക്കാരോട് പറയുകയും ഇങ്ങനെയൊക്കെ സ്വർണം കടത്താൻ പറ്റുമോ എന്നൊക്കെ ആശ്ചര്യപ്പെട്ട് സംസാരിച്ചിരുന്നു എന്ന് അയൽക്കാർ പറയുന്നു. അങ്ങനെ ഒരാൾ ഇപ്പോൾ സ്വർണ്ണക്കടത്ത് നടത്തി എന്നറിഞ്ഞ ഞെട്ടലിലാണ് സമീപവാസികൾ. ഒന്നോ രണ്ടോ മാസം കൂടുമ്പോഴായിരുന്നു ബിന്ദു വീട്ടിലെത്തിയിരുന്നത്. ഭർത്താവും അമ്മയും കൂടാതെ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൾ കൂടിയുണ്ട്.

കഴിഞ്ഞ പുലർച്ചെ രണ്ടിനാണ് ആലപ്പുഴ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ ഒരു സംഘം ആളുകൾ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദുബായിൽ നിന്ന് നാലു ദിവസം മുൻപാണ് യുവതി വീട്ടിലെത്തിയത്. പുലർച്ചെ വീട്ടിലെത്തിയ പതിനഞ്ചോളം ആളുകൾ വാതിൽതകർത്ത് അകത്ത്കടന്ന് തന്നെയും ബിന്ദുവിന്റെ അമ്മ ജഗദമ്മയെയും മർദിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഭർത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞത്. ആക്രമണത്തിൽ ജഗദമ്മയ്ക്ക് നെറ്റിയിൽ മുറിവേറ്റു പരുക്കേറ്റു.

ഇന്നലെ ഉച്ചയോടെയാണ് തട്ടിക്കൊണ്ടുപോയ സംഘം ബിന്ദുവിനെ പാലക്കാട് വടക്കഞ്ചേരിക്കു സമീപം മുടപ്പല്ലൂരിൽ വഴിയിലുപേക്ഷിച്ചു കടന്നത്. 1000 രൂപയും ബിന്ദുവിനു നൽകിയിരുന്നു. അവശനിലയിലായ ബിന്ദു ഓട്ടോറിക്ഷ വിളിച്ച് വടക്കഞ്ചേരി സ്റ്റേഷനിൽ എത്തി വിവരം അറിയിച്ചു. സ്റ്റേഷനിൽ വച്ച് ബോധരഹിതയായ യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മാന്നാറിലേക്കു കൊണ്ടുപോയി. ബിന്ദുവിനെ ഇന്നലെ രാത്രി ഏഴോടെ മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നാണു വീട്ടുകാരുടെ പരാതി. ശാസ്ത്രീയ പരിശോധനാ വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.

ബിന്ദു നാട്ടിലെത്തിയതിനുശേഷം സ്വർണത്തിന്റെ കാര്യം അന്വേഷിച്ച് ചിലർ വീട്ടിലെത്തിയതായി ഭർത്താവ് ബിനോയ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിൽ ചിലരുടെ ചിത്രങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി, മലപ്പുറം എന്നിവിടങ്ങളിലെ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ളതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോയതിലെ ദുരൂഹതകൾ നീക്കണമെന്ന് സജി ചെറിയാൻ എംഎൽഎ ആവശ്യപ്പെട്ടു.

ഏഴുവർഷമായി വിദേശത്ത് ജോലി ചെയ്തിരുന്ന ബിനോയിയും ബിന്ദുവും എട്ടുമാസം മുൻപാണ് നാട്ടിലെത്തിയത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വീണ്ടും രണ്ടു തവണ സന്ദർശകവിസയിൽ ബിന്ദു ദുബായിലേക്ക് പോയിരുന്നു. ബിന്ദു നാട്ടിലെത്തിയതു മുതൽ ചിലർ ബിന്ദുവിന്റെയും ഭർത്താവിന്റെയും നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടി. ബിന്ദുവിന്റെ ഫോണും പൊലീസ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. ഫൊറൻസിക് വിദഗ്ധരും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. അതേസമയം തട്ടിക്കൊണ്ടുപോകലിനും വീടാക്രമണത്തിനും സഹായിച്ച മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പീറ്ററാണ് അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത്. ഇക്കാര്യം ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

അതേ സമയം ബിന്ദുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. സ്വർണ്ണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാനായാണ് ചോദ്യം ചെയ്യുന്നത്. യുവതി ദുബായിൽ നിന്നും കൊണ്ടു വന്ന സ്വർണം എയർപോർട്ടിൽ ഉപേക്ഷിച്ചതായാണ് പൊലീസ് പറയുന്നത്. ഈ സ്വർണം എവിടെ എന്ന് കണ്ടെത്താനും കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP