Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി നടത്തിയത് കേരളത്തിന്റെ കടൽ തീരം വിൽക്കാനുള്ള ശ്രമം തന്നെ; തെളിവുകൾ വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുന്നു; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതിരേഖ തയാറാക്കിയത്; ഇഎംസിസി വ്യവസായ വകുപ്പുമായി ഉണ്ടാക്കിയ ധാരണാപത്രവും റദ്ദാക്കാൻ സർക്കാർ തയാറാകണം; ജുഡീഷൽ അന്വേഷണവും പ്രഖ്യാപിക്കണം: കടുപ്പിച്ചു ചെന്നിത്തല

മുഖ്യമന്ത്രി നടത്തിയത് കേരളത്തിന്റെ കടൽ തീരം വിൽക്കാനുള്ള ശ്രമം തന്നെ; തെളിവുകൾ വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുന്നു; മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതിരേഖ തയാറാക്കിയത്; ഇഎംസിസി വ്യവസായ വകുപ്പുമായി ഉണ്ടാക്കിയ ധാരണാപത്രവും റദ്ദാക്കാൻ സർക്കാർ തയാറാകണം; ജുഡീഷൽ അന്വേഷണവും പ്രഖ്യാപിക്കണം: കടുപ്പിച്ചു ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സംസ്ഥാന സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കുത്തകകളെ വരുത്താൻ സർക്കാർ ആസൂത്രിത നീക്കമാണ് നടത്തിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിന്റെ കടൽ തീരം വിൽക്കാനുള്ള ശ്രമം തന്നെയാണ് മുഖ്യമന്ത്രി നടത്തിയത്. എന്നിട്ട് തെളിവുകൾ വന്നപ്പോൾ കൂടുതൽ കള്ളങ്ങൾ മെനയുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതിരേഖ തയാറാക്കിയതെന്ന് ഇഎംസിസി പറഞ്ഞു കഴിഞ്ഞതായും ചെന്നിത്തല വ്യക്തമാക്കി.

ധാരണാപത്രത്തിന്റെ ഒരു ഭാഗം മാത്രമാണ് സർക്കാർ റദ്ദാക്കിയത്. എന്നാൽ വ്യവസായ വകുപ്പിന്റെ ധാരണാപത്രവും റദ്ദാക്കാൻ സർക്കാർ തയാറാകണം. മത്സ്യസംസ്‌കരണത്തിനായി പള്ളിപ്പുറത്ത് നൽകിയ നാലേക്കർ തിരികെ വാങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളെ ചതിച്ച മന്ത്രിയാണ് ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യത്തൊഴിലാളികളോട് മന്ത്രിയും സർക്കാരും മാപ്പ് പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതിനെതിരേ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സമരം ശക്തമാക്കും. മത്സ്യത്തൊഴിലാളി സംഘടന 27ന് നടത്തുന്ന ഹർത്താലിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

കുത്തക കമ്പനിക്ക് കേരളത്തിന്റെ കടൽ കൊള്ളയടിക്കാൻ നയം തിരുത്തിയതടക്കം 2018 മുതൽ ഗൂഢാലോചന നടന്നുവരികയായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു. അസന്റിൽ വെച്ച് ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനിൽക്കുകയാണ്. അത് റദ്ദാക്കുന്നതിനെപ്പറ്റി സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നൽകിയ നാല് ഏക്കർ സ്ഥലം തിരികെ വാങ്ങാനും നടപടി ആയിട്ടില്ല. മത്സ്യനയത്തിൽ തിരുത്തലുകൾ വരുത്തിയതിൽ ഒരു നടപടിയും ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പദ്ധതി ഏതു സമയവും തിരികെ വരാം എന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിന്റെ കടൽ കൊള്ളയടിക്കാൻ 2018 മുതൽ ആസൂത്രിതമായ ഗൂഢാലോചനയാണ് നടപ്പാക്കിവരുന്നത്. ഇഎംസിസിയുടെ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി രണ്ട് തവണ ചർച്ച നടത്തിയതായി തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് വിശദമായ പദ്ധതി രേഖ സമർപ്പിച്ചതെന്ന് കമ്പനി പറയുന്നു. എന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യം മറച്ചുവെക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ പറയുന്നത്.

അസന്റിൽ വെക്കുന്നതിനു മുൻപ് ഇഎംസിസി ഫിഷറീസ് വകുപ്പിനും മന്ത്രിക്കും രേഖ കൈമാറിയിരുന്നു. അസന്റിൽ വെക്കുന്നതിനു മുൻപാണ് ജ്യോതിലാൽ കേന്ദ്രത്തിന് കത്തയച്ചത്. ഫിഷറീസ് മന്ത്രി ചർച്ച നടത്തിയെന്ന രേഖകൾ പുറത്തുവിട്ടപ്പോൾ അതനുസരിച്ച് പുതിയ നുണകൾ പറയുകയാണ്. സംസ്ഥാന മത്സ്യ നയത്തിൽ വരുത്തിയ മാറ്റംതന്നെ പദ്ധതി കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടുള്ള ഗൂഢാലോചനയാണ്. 2018 ഏപ്രിലിൽ ഫഷറീസ് മന്ത്രി ന്യൂയോർക്കിൽ വെച്ച് ഇഎംസിസിയുമായി ചർച്ച നടത്തിയ ശേഷമാണ് മത്സ്യനയത്തിൽ മാറ്റംവരുത്തിയത്. ശക്തമായ എതിർപ്പുണ്ടാകും എന്നറിഞ്ഞിട്ടുതന്നെയാണ് മത്സ്യനയത്തിൽ മാറ്റംവരുത്തിയത്. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് വിദേശ കമ്പനിക്ക് മത്സ്യം കൊള്ളയടിക്കാനുള്ള പദ്ധതിയാണ് സർക്കാർ ഒത്താശയോടെ തയ്യാറാക്കിയത്.

ഇഎംസിസി മാത്രമല്ല ലോകത്തിലെ മറ്റുചില വൻകിട കുത്തക കമ്പനികൾക്കൂടി ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ചില പ്രമുഖ ഭക്ഷ്യവിതരണ മാർക്കറ്റിങ് കമ്പനികളും പിന്നിലുണ്ടെന്ന് സംശയിക്കണം. ഇഎംസിസിയുടെ പള്ളിപ്പുറം പ്ലാന്റിൽ സംസ്‌കരിക്കുന്ന മത്സ്യം ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനികളുടെ വൻകിട സ്റ്റോറേജുകളിലേയ്ക്കാണ് പോകുന്നത്. അവർക്കത് കയറ്റുമതി ചെയ്യാനും ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാനും കഴിയും. നൂറുകണക്കിന് കോടി രൂപയുടെ ലാഭമാണ് ഇതിലൂടെ ലഭിക്കുക.

പ്രതിപക്ഷം ഇപ്പോൾ ഇത് പുറത്തു കൊണ്ടുവന്നില്ലായിരുന്നെങ്കിൽ മന്ത്രിസഭ പദ്ധതിക്കുള്ള അംഗീകാരം നൽകുമായിരുന്നു. മൂന്നോ നാലോ വർഷംകൊണ്ട് തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് കേരള തീരത്തെ കൊള്ളയടിച്ചു കൊണ്ടുപോകുമായിരുന്നു. ഇപ്പോഴും ഉപകരാർ റദ്ദാക്കിയതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP