Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഥ പറയാൻ ചെന്നപ്പോൾ അയാളുടെ സിനിമയുടെ നിർമ്മാതാവാക്കി; ജയസൂര്യയെ നായകനാക്കി പടം പിടിക്കാമെന്ന് ഉറപ്പ് നൽകി; ഒടുക്കം സ്വന്തം മകനെയും വിനയ് ഫോർട്ടിനെയും നായകനാക്കി പടമെടുത്തു; ഒരു കോടി ബജറ്റിൽ തുടങ്ങിയ പടം തീർന്നത് 2.5കോടിക്ക്; താനറിയാതെ വീഡിയോ റൈറ്റും വിറ്റും; സംവിധായകൻ വിനയനെതിരെ ആരോപണവുമായി നിർമ്മാതാവ്

കഥ പറയാൻ ചെന്നപ്പോൾ അയാളുടെ സിനിമയുടെ നിർമ്മാതാവാക്കി; ജയസൂര്യയെ നായകനാക്കി പടം പിടിക്കാമെന്ന് ഉറപ്പ് നൽകി; ഒടുക്കം സ്വന്തം മകനെയും വിനയ് ഫോർട്ടിനെയും നായകനാക്കി പടമെടുത്തു;  ഒരു കോടി ബജറ്റിൽ തുടങ്ങിയ പടം തീർന്നത് 2.5കോടിക്ക്; താനറിയാതെ വീഡിയോ റൈറ്റും വിറ്റും; സംവിധായകൻ വിനയനെതിരെ ആരോപണവുമായി നിർമ്മാതാവ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്വന്തം സിനിമ നിർമ്മിക്കാനുള്ള സാങ്കേതിക സഹായം തേടി ചെന്ന തന്നെ വാചകമടിച്ച് വീഴ്‌ത്തി മറ്റൊരു സിനിമയുടെ നിർമ്മാതാവാക്കുകയും പടം എട്ടു നിലയിൽ പൊട്ടിയപ്പോൾ അതിന്റെ വീഡിയോ റൈറ്റ് അടക്കം സംവിധായകൻ വിനയൻ ചതിയിലൂടെ കൈവശപ്പെടുത്തിയെന്ന ആരോപണവുമായി ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയുടെ നിർമ്മാതാവ് കലഞ്ഞൂർ സ്വദേശി ടി.എസ്. ശശിധരൻ പിള്ള. വൈറ്റ് ബോയ്സ്, വിശുദ്ധ പുസ്തകം എന്നിങ്ങനെ രണ്ടു സിനിമ ശിവ പാർവതി ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചിട്ടുള്ളയാളാണ് പ്രവാസിയായ ശശിധരൻ പിള്ള. 32 വർഷത്തെ പ്രവാസ ജീവിതത്തിൽ നിന്നും ലഭിച്ച പണം കൊണ്ടാണ് നാട്ടിൽ പടം പിടിക്കാനെത്തിയത്.

വൈറ്റ് ബോയ്സ് എന്ന ആദ്യ പടം തീയറ്ററിൽ പരാജയപ്പെട്ടു. മേലില രാജശേഖരൻ സംവിധാനം ചെയ്ത സിനിമയിൽ സ്വാമി അയ്യപ്പൻ സീരിയലിൽ മണികണ്ഠനായി വേഷമിട്ട കൗശിക് ബാബുവായിരുന്നു നായകൻ. പടം പൊട്ടിയെങ്കിലും അതിലെ ഗാനങ്ങൾക്ക് യേശുദാസിനും സംഗീത സംവിധായകൻ രമേശ് നാരായണനും അവാർഡ് ലഭിച്ചു. രണ്ടാമത്തെ ചിത്രം വിശുദ്ധ പുസ്തകം പാർട്ണർ ഷിപ്പിലാണ് നിർമ്മിച്ചത്. അതും സാമ്പത്തികമായി പരാജയപ്പെട്ടു. അതിന് ശേഷം മോറിസ് മൈനർ എന്നൊരു ചിത്രം പ്ലാൻ ചെയ്താണ് ഉപദേശം തേടി വിനയനെ കണ്ടത്. വിനയൻ തനിക്ക് ഉപദേശം തരുന്നതിന് പകരം അയാളുടെ കൈവശം ഉള്ള ഒരു കഥ പറയുകയാണ് ചെയ്തത്. വാചകമടിച്ച് തന്നെ വീഴ്‌ത്തി ആ കഥയുടെ പ്രൊഡ്യൂസറാക്കി.

കഥയ്ക്ക് വിനയൻ ആവശ്യപ്പെട്ടത് 10 ലക്ഷമാണ്. തന്റെ മുഖഭാവം കണ്ടപ്പോൾ എട്ടു ലക്ഷമാക്കി കുറച്ചു. അഞ്ചു ലക്ഷം പണമായി തന്നെ അഡ്വാൻസും വാങ്ങി. ജയസൂര്യയെ നായകനാക്കാമെന്നായിരുന്നു വാഗ്ദാനം. താൻ പറഞ്ഞാൽ ജയസൂര്യ അതിനപ്പുറം പോകില്ലെന്നും വിനയൻ പറഞ്ഞു വിശ്വസിപ്പിച്ചു. ജയന് ഒപ്പം വിനയന്റെ മകൻ വിഷ്ണുവിനെ കൂടി ഇടാമെന്ന് പറഞ്ഞു. ഒരു കോടി രൂപയ്ക്ക് പടം പൂർത്തിയാകുമെന്നും അറിയിച്ചു. ഇതിൽ വിശ്വസിച്ചു പോയ താൻ പടം നിർമ്മിക്കാൻ തീരുമാനിച്ചു. അതിന് ശേഷം സ്‌ക്രിപ്റ്റ് എഴുതാൻ വിനയൻ തന്നെ തൃശൂർക്കാരൻ ബാബുവിനെ ഏൽപ്പിച്ചു.

സ്‌ക്രിപ്റ്റ് പൂർത്തിയായി സിനിമ ഷൂട്ടിങ് തുടങ്ങാറായപ്പോൾ വിനയൻ പറഞ്ഞു ഈ കഥ വേണ്ട മറ്റൊരെണ്ണം വന്നിട്ടുണ്ട്. അതാകുമ്പോൾ ജയനും വിഷ്ണുവും കോമ്പിനേഷൻ ആകും. ശിവകാമി നായിക. ജയസൂര്യ ഉള്ളതിനാൽ താൻ സമ്മതിച്ചു. അതിന് സ്‌ക്രിപ്റ്റ് എഴുതാൻ അനൂപ് എന്നയാൾ വന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു ദിവസം മുൻപ് ജയസൂര്യയെ കിട്ടില്ല എന്ന് അറിയിച്ചു. അപ്പോഴും തനിക്ക് വിശ്വാസമുണ്ടായിരുന്നു. വിനയൻ പറഞ്ഞാൽ ജയസൂര്യ വരുമെന്ന്. എന്നാൽ, തന്നെ വിനയൻ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്ന് പിന്നീട് മനസിലായി. ഷൂട്ടിങ് തുടങ്ങാതിരിക്കാൻ മറ്റു നടന്മാരെ തേടി നടന്നു. ഒടുക്കം വിനയ് ഫോർട്ടിനെയാണ് കിട്ടിയത്. വിനയൻ പറഞ്ഞ ഒരു കോടിയിലൊന്നും പടം നിന്നില്ല. 2.5 കോടിയായി ചെലവ്. വീടും സ്ഥലവും വസ്തുവകകളും വിറ്റു. ഒടുക്കം പടം ഇറക്കാൻ വേണ്ടി 19 സെന്റും പഴയ വീടും അടങ്ങുന്ന പുരയിടം 35 ലക്ഷം രൂപയ്ക്ക് കെഎസ്എഫ്ഇയിൽ പണയം വച്ചു. പടമിറങ്ങി. എട്ടു നിലയിൽ പൊട്ടി. സാരമില്ല, സാറ്റലൈറ്റ് റേറ്റ് ഒരു കോടി കിട്ടുമെന്ന് വിനയൻ പറഞ്ഞു.

അതിനിടെ വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയിരുന്നു. ഇതിന്റെ സെറ്റിൽ വച്ച് പാം സ്റ്റോം എന്ന കമ്പനിയുടെ ആൾക്കാർ വന്നു. സിനിമയുടെ സിഡി റൈറ്റ് അവർക്ക് നൽകാൻ വിനയൻ പറഞ്ഞു. മൂന്നു ലക്ഷം രൂപയ്ക്കാണ് റൈറ്റ് കൊടുത്തത്. അതിനുള്ള എഗ്രിമെന്റും ഒപ്പിട്ടു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഹിസ്റ്ററി ഓഫ് ജോയ് അവർ യൂട്യൂബിൽ അപ്ലോഡ് ചെയ്തു. തന്റെ അനുവാദമില്ലാതെ അങ്ങനെ ചെയ്തതിന് പരാതിപ്പെട്ടപ്പോൾ അവർ അത് പിൻവലിച്ചു. കുറേനാൾ കഴിഞ്ഞ് ഈ സിനിമ ആമസോൺ പ്രൈമിൽ ഓടുന്നുവെന്ന് ആരോ പറഞ്ഞ് അറിഞ്ഞു. അപ്പോഴാണ് വിനയൻ തന്നോട് ചെയ്ത ചതി എത്രമാത്രം ഉണ്ടായിരുന്നുവെന്ന് മനസിലായതെന്ന് ശശിധരൻ പിള്ള പറയുന്നു. സിഡി റൈറ്റ് എന്ന പേരിൽ എഗ്രിമെന്റ് പേപ്പർ ഒപ്പിട്ട് വാങ്ങിയതിൽ അവർ കൂട്ടിച്ചേർക്കലുകൾ വരുത്തിയാണ് ആമസോണിന് വിറ്റത്. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായപ്പോൾ ജയസൂര്യയെ ബന്ധപ്പെട്ടു. വിനയൻ ഈ സിനിമയ്ക്കായി തന്നെ ആദ്യം സമീപിച്ചിരുന്നുവെന്നും അന്നു തന്നെ പറ്റില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയും ചെയ്തുവെന്നാണ് ജയൻ പറഞ്ഞത്.

ഈ സിനിമയിലൂടെ വിനയന്റെ മകനെ നായകനാക്കി പ്രമോട്ട് ചെയ്യാനുള്ള ശ്രമമാണ് നടന്നത്. വിനയ് ഫോർട്ട്, സായികുമാർ, ജോജു,സുനിൽ സുഖദ എന്നിങ്ങനെ വലിയ താരനിര ഉണ്ടായിട്ടും പോസ്റ്ററുകളിൽ അവർക്ക് പ്രാധാന്യം നൽകിയില്ല. വിഷ്ണു വിനയന്റെ വലിയ ചിത്രങ്ങളാണ് കട്ടൗട്ടുകളിലും ഫ്ളക്സിലും നിറഞ്ഞു നിന്നത്. പടം പരാജയപ്പെടാൻ അതും ഒരു കാരണമായി. ഷൂട്ടിങ് ലോക്കേഷനുകളിൽ കള്ളക്കണക്ക് എഴുതിയുണ്ടാക്കിയും വലിയ തുക അടിച്ചു മാറ്റി. അരമണിക്കൂർ ഷൂട്ടിന് 5000 രൂപ വാടക കൊടുക്കേണ്ട സ്ഥാനത്ത് ചെലവ് 25,000 എന്നു കാണിച്ച് വലിയ തോതിൽ തട്ടിപ്പ് നടത്തി. ഇതെല്ലാം ഒടുവിലാണ് താൻ അറിയുന്നത്. വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായപ്പോൾ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചു. അപ്പോഴാണ് ഇത് ആദ്യത്തെ സംഭവമല്ലെന്ന് മനസിലാകുന്നത്. മറ്റു പല നിർമ്മാതാക്കളെയും വിനയൻ ഇതു പോലെ കുത്തുപാള എടുപ്പിച്ചിട്ടുണ്ടെന്ന് മനസിലായി. വിനയന് എതിരേ പരാതി നൽകിയപ്പോൾ ഫിലിം ചേംബർ ചർച്ചയ്ക്ക് വിളിപ്പിച്ചു. അയാൾ വന്നില്ല. പിന്നാലെ, വിനയന്റെ വക്കീൽ നോട്ടീസാണ് തനിക്ക് കിട്ടിയത്.

താൻ അയാളെ അപകീർത്തിപ്പെടുത്തുന്നുവെന്നായിരുന്നു പരാതി. ആകെയുള്ള സമ്പാദ്യം 19 സെന്റു സ്ഥലവും ഒരു ചെറിയ വീടുമാണ്. താൻ അധ്വാനിച്ചുണ്ടാക്കിയ സകല സ്വത്തും നഷ്ടമായി. 2016-17 കാലഘട്ടത്തിലായിരുന്നു ഹിസ്റ്ററി ഓഫ് ജോയിയുടെ റിലീസ്. അന്ന് പടം റിലീസ് ചെയ്യാൻ വേണ്ടി കെഎസ്എഫ്ഇയിൽ നിന്ന് 35 ലക്ഷം വായ്പയെടുത്തിരുന്നു. അത് തിരിച്ച് അടയ്ക്കാൻ സാധിച്ചിട്ടില്ല. ഇപ്പോൾ ജപ്തി നടപടിയായി. ജനീഷ്‌കുമാർ എംഎൽഎ അടക്കം ഇടപെട്ട് ജപ്തി നടപടി നീട്ടി വയ്പിച്ചു. പണം തിരിച്ചടയ്ക്കാൻ സാവകാശവും നൽകിയിട്ടുണ്ട്. തന്റെ കൈയിൽ ഒരു പൈസ പോലും എടുക്കാനില്ല. 35 ലക്ഷം രൂപ തന്ന് വിനയൻ വീടും സ്ഥലവും തിരിച്ച് എടുത്തു തരണം. അല്ലാത്ത പക്ഷം താനും ഭാര്യയും വിനയന്റെ വീടിന് മുന്നിൽ പട്ടിണി സമരം നടത്തി മരിക്കുമെന്നും ശശിധരൻ പിള്ള പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP