Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കറുത്ത കണ്ണടയും തൊപ്പിയുമണിഞ്ഞ് കൗബോയ് ലുക്കിൽ ഫേസ്‌ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് പി വി അൻവറിന് പണിയാകുമോ? ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ ഖനനം നടത്തുന്ന നിലമ്പൂർ എംഎൽഎയെ നിരീക്ഷിച്ച് കേന്ദ്ര ഏജൻസികൾ; നാലു ഏജൻസികൾ ചോദ്യം ചെയ്‌തേക്കും; സ്വത്തുക്കളിൽ നാലിരട്ടി വർധന ഉണ്ടായത് ദുരൂഹം

കറുത്ത കണ്ണടയും തൊപ്പിയുമണിഞ്ഞ് കൗബോയ് ലുക്കിൽ ഫേസ്‌ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് പി വി അൻവറിന് പണിയാകുമോ? ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ ഖനനം നടത്തുന്ന നിലമ്പൂർ എംഎൽഎയെ നിരീക്ഷിച്ച് കേന്ദ്ര ഏജൻസികൾ; നാലു ഏജൻസികൾ ചോദ്യം ചെയ്‌തേക്കും; സ്വത്തുക്കളിൽ നാലിരട്ടി വർധന ഉണ്ടായത് ദുരൂഹം

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി. അൻവറിനെ ചോദ്യംചെയ്യാനൊരുങ്ങി കേന്ദ്ര ഏജൻസികളായ എൻ.ഐ.എയും ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും. നിലിവിൽ പശ്ചിമാഫ്രിക്കൻരാജ്യമായ സിയറാ ലിയോണിൽ ഖനനം നടത്തുന്ന പി.വി അൻവർ എംഎ‍ൽഎയെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരക്കാനാണ് ചോദ്യംചെയ്യലെന്നാണ് സൂചന. നിയമസഭാ സമ്മേളനത്തിൽപോലും പങ്കെടുക്കാതെ രണ്ടു മാസമായി അൻവറിനെ കാണാനില്ലെന്ന് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽപോലും പരാതി നൽകിയിരുന്നു.

ഡിസംബറിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുപോലും നിൽക്കാതെ പി.വി അൻവർ എംഎ‍ൽഎ വിദേശത്തേക്ക് പോയത്. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലും എംഎ‍ൽഎ പങ്കെടുത്തിരുന്നില്ല. ഇതോടെ നിലമ്പൂരിലെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എംഎ‍ൽഎയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. എംഎ‍ൽഎ ഘാനയിൽ ജയിലിലാണെന്ന അഭ്യൂഹം പരക്കുകയും ചെയ്തു. ഘാന പ്രസിഡന്റ് നാന അകഫോ അഡോയുടെ ഫേസ് ബുക്ക് പേജിൽ പി.വി അൻവർ എംഎ‍ൽഎയെ വിട്ടുതരണമെന്ന ആവശ്യവുമായി മലയാളികളും കമന്റുകളും ട്രോളുകളും നിറഞ്ഞതും വലിയ ചർച്ചയായിരുന്നു.

ഇതോടെ ഇന്ത്യയുമായി മികച്ച നയതന്ത്രബന്ധമുള്ള ഘാനൻ സർക്കാർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ കേരളത്തിലെ എംഎ‍ൽഎ തങ്ങളുടെ രാജ്യത്ത് ജയിലിൽ ഇല്ലെന്നറിച്ചു. വിദേശകാര്യ മന്ത്രാലയും ഈ വിവരം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതോടെ എംഎ‍ൽഎ സ്വയം എവിടെയെന്ന് വെളിപ്പെടുത്തണമെന്ന കർക്കശ നിർദ്ദേശം സർക്കാരും സിപിഎം നേതൃത്വവും കൈമാറി.

തുടർന്നാണ് കറുത്ത കണ്ണടയും തൊപ്പിയുമണിഞ്ഞ് കൗബോയ് ലുക്കിൽ ഫേസ്‌ബുക്ക് വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ട പി.വി അൻവർ താൻ സിയറ ലിയോൺ എന്ന ആഫ്രിക്കൻ രാജ്യത്താണെന്ന് വെളിപ്പെടുത്തിയത്. കള്ളക്കേസുകൾ നൽകി നാട്ടിലെ വ്യവസായങ്ങളെല്ലാം പൂട്ടിച്ച് ഒരു രൂപയുടെ വരുമാനമില്ലാതാക്കിയെന്നും ഖനനത്തിനായാണ് ആഫ്രിക്കയിലെത്തിയതെന്നും നൂറു ജോലിക്കാരുമായി ഖനന പ്രവൃത്തിയിലാണെന്നുമാണ് ദൃശ്യങ്ങൾ സഹിതം എംഎ‍ൽഎ പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും സമ്മതവും അനുമതിയും പ്രകാരമാണ് താൻ സിയാറാ ലിയോണിലെത്തിയതെന്നും വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ലേറ്റായാലും ലേറ്റസ്റ്റായി വരുമെന്ന രജനീകാന്ത് ഡയലോഗോടെയുള്ള എംഎ‍ൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റിലെ വെളുപ്പെടുത്തലുകൾ തന്നെയാണ് ഇപ്പോൾ വിനയായിരിക്കുന്നത്.

സിയറാ ലിയോണിൽ പ്രധാന ഖനനം സ്വർണവും ഡയമണ്ടുമാണ്. സ്വർണ, ഡയമണ്ട് ഖനനത്തിലാണ് എംഎ‍ൽഎ ഏർപ്പെട്ടിരിക്കുന്നതെങ്കിൽ അതിന്റെ സാമ്പത്തിക ഉറവിടവുമാണ് എൻ.ഐ.എ, എൻഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പ് എന്നിവ അന്വേഷിക്കുന്നത്. കേരളത്തിലേക്ക് സ്വർണം കടത്താനായി സ്വരൂപിച്ച റിവേഴ്സ് ഹവാലയിലൂടെ ലഭിച്ച പണമാണോ ആഫ്രിക്കയിൽ ഖനനത്തിന് ഉപയോഗിച്ചതെന്നതറിയാനാണ് കസ്റ്റംസ് നീക്കം. നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്ത്, ഡോളർകടത്ത് എന്നിവവഴി ഇവിടെ നിന്നും പണം ഖനനത്തിനായി കൊണ്ടുപോയിട്ടുണ്ടോ എന്ന വിവരവും ശേഖരിക്കുന്നുണ്ട്. അൻവറിന്റെ സാമ്പത്തിക സ്രോതസും ഖനനത്തിനുള്ള മുതൽമുടക്കടക്കമുള്ള കാര്യങ്ങളാണ് എൻ.ഐ.എ അന്വേഷിക്കുന്നത്.

2016ൽ നിലമ്പൂരിൽ എംഎ‍ൽഎയായി മത്സരിക്കുമ്പോൾ 14.38 കോടി (14,38,82,954 )രൂപയുടെ ആസ്തിയാണ് അൻവർ കാണിച്ചിരുന്നത്. എംഎ‍ൽഎയായി രണ്ടര വർഷം പിന്നിട്ട് 2019തിൽ പൊന്നാനിയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുമ്പോൾ അൻവറിനും രണ്ടു ഭാര്യമാർക്കുമായി 65 കോടി (651118685.35)യുടെ സ്വത്താണുള്ളത്. 4.47 മടങ്ങായി 447 ശതമാനത്തിന്റെ വർനവാണ് ഉണ്ടായിരിക്കുന്നത്.

ആദായനികുതി റിട്ടേണിൽ 2017-18 വർഷത്തിൽ 40,59,083 രൂപയുടെ നഷ്ടം കാണിക്കുമ്പോഴാണ് ആസ്തിയിൽ 447 ശതമാനത്തിന്റെ വർധനവുണ്ടായിരിക്കുന്നത്. എംഎ‍ൽഎയായ ശേഷം ആദ്യ വർഷത്തിൽ 2016-17ൽ 5937042 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. അതേസമയം രണ്ടു വർഷംകൊണ്ട് 19 കോടി രൂപ മുതൽമുടക്ക് നടത്തുകയും ചെയ്തു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് വരുമാനത്തിന്റെ സ്രോതസ് കാണിക്കാൻ ആദായനികുതി വകുപ്പ് നോട്ടീസ് നൽകുകയും പി.വി അൻവർ അക്കൗണ്ടിനൊപ്പം ആദായനികുതി വകുപ്പ് കോഴിക്കോട് കമ്മീഷണർ ഓഫീസിൽ ഹാജരാവുകയും ചെയ്തിരുന്നു. വരുമാനത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ കഴിയാത്തതിനെതുടർന്ന് അൻവർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് ആഫ്രിക്കയിൽ 100 തൊഴിലാളികളുമായി ഖനനം നടത്തുകയാണെന്ന് എംഎ‍ൽഎ തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കാരന് വിദേശത്ത് ബിസിനസ് നിക്ഷേപം നടത്തുന്നതിന് ഇവിടെ നിന്ന് കൊണ്ടുപോകുന്ന പണം നികുതി അടച്ചതാണെന്ന് തെളിയിക്കുന്ന ആദായനികുതിവകുപ്പിന്റെ 15 സി.ബി ടാക്സ് ഡിറ്റർമിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത്തരമൊരു സർട്ടിഫിക്കറ്റ് ആദായനികുതി വകുപ്പ് അൻവറിന് നൽകിയിട്ടില്ല. ആഫ്രിക്കയിൽ ഖനനത്തിന് കോടികളുടെ നിക്ഷേപം വേണം. അതിന് മുതൽമുടക്കുന്ന തുകയുടെ 35 ശതമാനം നികുതിയടക്കണം.

ഖനനത്തിന് മുതൽമുടക്കുന്ന കോടികളുടെ ഉറവിടവും കൊണ്ടുപോയ വഴികളുമാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്. എൻ.ഐ.എ ഡയറക്ടർക്കും എൻഫോഴ്സ്മെന്റ് ഡയറക്ടർക്കും ലഭിച്ച പരാതികളെ തുടർന്ന് അൻവറിനെതിരെ ഇരു ഏജൻസികളും നേരത്തെ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. . അൻവർ എത്തിയാലുടൻ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് നാല്് കേന്ദ്ര ഏജൻസികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP