Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി; പാലക്കാട്ട് വടക്കഞ്ചേരിയിൽ റോഡിൽ ഇറക്കിവിട്ടു; അക്രമികളെ കണ്ടെത്താൻ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചു അന്വേഷണം സംഘം; ഗൾഫിലെ അക്കൗണ്ടന്റായ ബിന്ദുവിനെ കിഡ്നാപ്പ് ചെയ്തതിന് പിന്നിൽ കൊടുവള്ളിയിലെ സ്വർണ്ണക്കടത്തു സംഘം

ആലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി; പാലക്കാട്ട് വടക്കഞ്ചേരിയിൽ റോഡിൽ ഇറക്കിവിട്ടു; അക്രമികളെ കണ്ടെത്താൻ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചു അന്വേഷണം സംഘം; ഗൾഫിലെ അക്കൗണ്ടന്റായ ബിന്ദുവിനെ കിഡ്നാപ്പ് ചെയ്തതിന് പിന്നിൽ കൊടുവള്ളിയിലെ സ്വർണ്ണക്കടത്തു സംഘം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാന്നാറിൽനിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാർ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ റോഡിൽ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.ഇവരുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനടക്കം പരിശോധിച്ച് എത്രയുംവേഗം പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാല് ദിവസം മുമ്പ് ഗൾഫിൽനിന്നെത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ അജ്ഞാതസംഘം വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്. കമ്പിവടിയും വടിവാളുമായി 15 പേരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയതെന്നും ആദ്യം കോളിങ് ബെല്ലടിച്ച സംഘം പിന്നീട് വീടിന്റെ വാതിൽ തകർത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയെന്നുമാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിന് പിന്നിൽ കൊടുവള്ളി സംഘമാണെന്നും കുടുംബം ആരോപിച്ചിരുന്നു.

യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഘവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നതായാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഇതുസംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആദ്യം ഖത്തറിലെ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ബിന്ദു ഇടയ്ക്കിടെ കേരളത്തിൽ വന്നുപോയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ പാസ്‌പോർട്ട് അടക്കം പരിശോധിച്ചതിന് പിന്നാലെയാണ് യുവതി ഇടയ്ക്കിടെ നാട്ടിൽവന്നിരുന്നതായി കണ്ടെത്തിയത്.

കഴിഞ്ഞമാസം നാട്ടിലെത്തിയ യുവതി പിന്നീട് ദുബായിലേക്കാണ് പോയത്. തുടർന്ന് ഫെബ്രുവരി 19-ന് നാട്ടിൽ തിരിച്ചെത്തിയതായും പൊലീസ് പറഞ്ഞു. ഇതാണ് യുവതി സ്വർണക്കടത്തിന്റെ കാരിയറായി പ്രവർത്തിച്ചിരുന്നുവെന്ന സംശയം ബലപ്പെടാൻ കാരണം. ബിന്ദു സ്വർണ കടത്ത് സംഘത്തിന്റെ കാരിയറായി പ്രവർത്തിച്ചിരുന്നെന്ന സംശയത്തിലാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് പുറത്തുവരുന്ന വിവരം.

ബിന്ദു വന്നതിനു പിന്നാലെ ചിലർ വീട്ടിൽ എത്തിയിരുന്നുവെന്നും ബന്ധുക്കൾ മൊഴി നൽകി. ബിന്ദുവിനെ നിരീക്ഷിക്കാൻ ചിലർ എത്തിയിരുന്നതായും ബന്ധുക്കൾ പറയുന്നു. അവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി.ആക്രമണത്തിൽ വീട്ടുകാർക്കും പരുക്കേറ്റു. വീട്ടിലെത്തിയവർ സ്വർണം അന്വേഷിച്ചെന്ന് ബിന്ദുവിന്റെ ഭർത്താവ് ബിനോയിയും പറയുന്നു. സ്വർണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും ഭീഷണി തുടർന്നു. ഏഴുവർഷമായി ബിന്ദുവും താനും ഗൾഫിലായിരുന്നു. എന്നാൽ ഇത്തരം സംഭവം ആദ്യമെന്ന് ബിനോയ് പറഞ്ഞു.

15 പേരടങ്ങിയ സംഘമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് കുടുംബം പറയുന്നത്. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത്-പതിനഞ്ച് പേർ കമ്പി വടിയും വടിവാളുമായി നിന്നിരുന്നു. പൊലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പ് വാതിൽ പൊളിച്ച് അക്രമികൾ അകത്തുകടന്നു. ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും വീട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP