Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്കും മുസ്ലിം വോട്ടുകൾ ഇടതിലേക്കും അധികമായി എത്തുമ്പോൾ നഷ്ടം കോൺഗ്രസിന്; ഇടതിന്റെ ഭരണ തുടർച്ചക്കു നിർണയകമാകുക ബിജെപി പിടിക്കുന്ന അധിക വോട്ടുകൾ; വടക്ക് മുസ്ലീമും മധ്യത്തിൽ ക്രൈസ്തവരും തെക്ക് ഹിന്ദുക്കളും; വിജയിയെ നിശ്ചയിക്കുക തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയും

ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്കും മുസ്ലിം വോട്ടുകൾ ഇടതിലേക്കും അധികമായി എത്തുമ്പോൾ നഷ്ടം കോൺഗ്രസിന്; ഇടതിന്റെ ഭരണ തുടർച്ചക്കു നിർണയകമാകുക ബിജെപി പിടിക്കുന്ന അധിക വോട്ടുകൾ; വടക്ക് മുസ്ലീമും മധ്യത്തിൽ ക്രൈസ്തവരും തെക്ക് ഹിന്ദുക്കളും; വിജയിയെ നിശ്ചയിക്കുക തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയും

കെ ആർ ഷൈജുമോൻ

കേവലം രണ്ടു മാസം അകലത്തിൽ മാത്രം കേരളത്തിലെ നിയമസഭാ ഇലക്ഷൻ മുന്നിൽ നിൽകുമ്പോൾ ഇന്നലെ പുറത്തു വന്ന രണ്ടു പ്രീ പോൾ അഭിപ്രായ വോട്ടെടുപ്പും ഇടതു മുന്നണിക്ക് ഭരണ തുടർച്ച നൽകുന്നു . എന്നാൽ ഇത് കേരളം കണ്ട ഏറ്റവും മികച്ച ഭരണം ആയതുകൊണ്ടല്ല എന്നതാണ് ശ്രദ്ധേയമാകുന്നത് , മറിച്ചു കേരളം പരസ്യമായി ജാതീയ വോട്ടുകളെ കുറിച്ച് ചർച്ച ചെയ്യുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്നതിന്റെ ഫലമായാണ് ഭരണ തുടർച്ച ഉണ്ടാകുന്നത് എന്നത് ഇടതു മുന്നണി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിന്റെ അപചയം കൂടി സൂചിപ്പിക്കുകയാണ് . മതങ്ങളിൽ നിന്നും അകലം പാലിക്കാൻ തീരുമാനിച്ചിരുന്ന രാഷ്ട്രീയ പാർട്ടി മറ്റാരേക്കാളും ജാതീയമായി ചിന്തിച്ചു തുടങ്ങി എന്ന ഞെട്ടിക്കുന്ന യാഥാർഥ്യവും ഇന്നലെ പുറത്തുവന്ന ഏഷ്യാനെറ്റ് അഭിപ്രായ സർവേ വക്തമാക്കുന്നു .

തെക്കൻ മേഖലയിലെ ഹിന്ദുക്കൾ മാത്രം അടങ്ങുന്ന വിഭാഗത്തിൽ നടത്തിയ സർവേയിൽ ഏറ്റവും കൂടുതൽ വർഗീയ പ്രീണനം നടത്തുന്നത് ഇടതു മുന്നണിയാണ് എന്ന വെളിപ്പെടുത്തൽ സിപിഎമ്മിനു തർക്കിച്ചു നില്ക്കാൻ അല്പം നൊമ്പരം സൃഷ്ടിക്കുന്ന വിഷയമാണ് . കാരണം ഇത് ആരോപണമായി പോലും കേൾക്കാൻ ഇഷ്ട്ടപ്പെടാത്തവരാണ് രാഷ്ട്രീയ പാർട്ടികൾ . ഇടതു മുന്നണി 34 %. എൻഡിഎ 23 %, യുഡിഎഫ് 16 %, മറ്റുള്ളവർ 27 % എന്നതാണ് വർഗീയ പ്രീണനം സംബന്ധിച്ച ചോദ്യത്തോടു തെക്കൻ കേരളത്തിലെ ഹിന്ദുക്കൾ പ്രതികരിച്ചത് .

ഇത്തരം ഒരു ചോദ്യവും സർവേയും കേരളത്തിൽ ആദ്യമാണെന്നും ചാനൽ അവകാശപ്പെടുന്നു . കേരള സമൂഹം എത്തരത്തിൽ ഉള്ള മാറ്റത്തിനാണ് വിധേയമായി കൊണ്ടിരിക്കുന്നത് എന്നതിന്റെ നേർക്കാഴ്ച കൂടിയാണ് ഈ അഭിപ്രായ സർവേ . ജാതീയമായി ഹിന്ദു , മുസ്ലിം , ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ അവരവർ നേരിടുന്ന പ്രശനങ്ങൾ ചോദ്യമായി ഉന്നയിക്കാൻ ചാനൽ നിർബന്ധിതമായ സാഹചര്യം കേരളത്തിന് അത്ര അഭിമാനിക്കാവുന്നതല്ല .

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ അപകടം എന്ന നിലയിൽ എക്കാലവും ചർച്ച ചെയ്യുന്ന രാഷ്ട്രീയം മൂടുപടം ഇട്ടെത്തിയിരുന്നത് ഇനി ഒരു മറയുമില്ലാതെ എത്തുന്ന അന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നു . മതേതരം എന്ന വാക്കുപോലും ഉച്ചരിക്കാൻ മലയാളിക്ക് കഴിയാത്ത കാലത്തിലേക്കാണോ സമൂഹം നീങ്ങുന്നത് എന്ന ഞെട്ടലും സൃഷ്ടിച്ചാണ് സർവേ ഫലം പുറത്തു വന്നിരിക്കുന്നത് .

ഇത്രയൊക്കെ വർഗീയമായി തിരഞ്ഞെടുപ്പ് അങ്കം രൂപപ്പെട്ടിട്ടും വമ്പൻ വിജയം ഉണ്ടാകില്ല എന്ന സൂചന കൂടുതൽ കരുതലും ജാഗ്രതയും എടുക്കാൻ മൂന്നു മുന്നണികൾക്കും അവസരമൊരിക്കുന്നതാണ് . ഇതിന്റെ ഫലമായി ഏതു നിലക്കും വോട്ടു ബാങ്കുകൾ സൃഷ്ടിച്ചെടുക്കൻ മൂന്നു കൂട്ടരും മത്സരിക്കുമ്പോൾ മതേതര കേരളത്തിന് നന്നായി പരുക്കേറ്റിരിക്കും എന്നതും വസ്തുതയായി മാറുന്നു .

വടക്കു മുസ്ലിം; തെക്ക് ഹിന്ദു; മധ്യകേരളം ക്രിസ്ത്യൻ വോട്ടു ബാങ്കിൽ വിജയം ഉറപ്പിക്കുന്നവർ

വടക്കൻ ജില്ലകളിൽ നിർണയകമാകുക മുസ്ലിം വോട്ടുകളിൽ ഉണ്ടാകുന്ന സ്വിഫ്റ്റ് ആണെന്ന് പറയുമ്പോൾ അത് ഇടതു ക്യാമ്പിലേക്ക് പോകും എന്നും അഭിപ്രായ സർവേ പറയുന്നു . തങ്ങൾക്കു മുൻപൊരിക്കലും അധികമൊന്നും കിട്ടാത്ത ഈ വോട്ടു ബാങ്ക് ചാഞ്ഞെത്തുമ്പോൾ ഇടതു ക്യാമ്പിൽ സന്തോഷ പൂത്തിരികളാണ് കത്തുന്നത് . മന്ത്രി ജലീൽ ഏറ്റെടുത്ത ഖുർ ആൻ വിതരണം മുതൽ ബിജെപിയെ ദേശീയമായി നേരിടാൻ സിപിഎമ്മിനെ തുണയ്ക്കുക എന്ന അത്ര പ്രായോഗികമല്ലാത്ത ചിന്തപോലുമാണ് വോട്ടു രാഷ്ട്രീയത്തിൽ രൂപമെടുക്കുന്നത് . മുസ്ലിം വിഭാഗത്തിലെ നവ ചിന്താഗതിക്കാരാണ് ഇടതു പക്ഷത്തേക്ക് അധികമായി ചായുന്നതും എന്നതും സർവേ പറയുന്നു .

എന്നാൽ ക്രിസ്ത്യൻ വോട്ടുകൾ കൂടി എത്തിയാൽ വമ്പിച്ച വിജയം ഉണ്ടാകും എന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ശേഷം ഇടതു മുന്നണി കരുതിയത് നിയമസഭയിൽ എത്തുമ്പോൾ വേണ്ട തുണ നൽകില്ല എന്നാണ് വക്തമാകുക . മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടിൽ 20 ശതമാനം എങ്കിലും ബിജെപി പക്ഷത്തു എത്തും എന്ന് പറയുന്നത് അടുത്ത കാലത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഷപ്പുമാരടക്കമുള്ളവരുമായി നടത്തിയ ചർച്ചയുടെയും മിസോറാം ഗവർണർ ശ്രീധരന്പിള്ളയുടെ ഇടനിലയും അടുത്തകാലത്തായി രൂപം കൊണ്ട ക്രിസ്ത്യൻ - മുസ്ലിം ചേരിതിരിവിന്റെയും എല്ലാം ഫലമായാണ് . ഈ വോട്ടുകൾ സ്വാഭാവികമായി ചോരുന്നതും യുഡിഎഫിന്റെ കൈകളിൽ നിന്നാകും .

ഇതോടെ ബിജെപി പിടിക്കുന്ന അധിക വോട്ടുകൾ പരോക്ഷമായി ഇടതു മുന്നണിയെ വിജയത്തിൽ എത്തിക്കുകയും ചെയ്യും . പത്തനംതിട്ട , എറണാകുളം , കോട്ടയം , ഇടുക്കി ജില്ലകളിലെ പല മണ്ഡലങ്ങളിലും ഇത് വിജയ പരാജയങ്ങളെ സ്വാധീനിക്കുമ്പോൾ സ്ഥാനാർത്ഥികളിൽ പോലും ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവർ കൂടുതലായി ബിജെപി പക്ഷത്തു അണിനിരക്കാനും സാധ്യതയേറെയാണ് . പ്രത്യേകിച്ചും അങ്കമാലി, കോതമംഗലം , പെരുമ്പാവൂർ , പിറവം , തൊടുപുഴ , മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ഒക്കെ ഫലത്തെ സ്വാധീനിക്കാൻ കഴിയുന്ന വിധത്തിൽ വോട്ടു ഒഴുക്ക് രൂപപ്പെടും എന്ന സൂചനായാണ് ഇപ്പോൾ ലഭ്യമാകുന്നത് .

ഈ സാഹചര്യം തെക്കൻ കേരളത്തിൽ എത്തുമ്പോൾ ഹിന്ദു വോട്ടുകളിൽ ആയിരിക്കും പ്രതിഫലിക്കുക എന്ന വത്യാസമേയുള്ളൂ . എന്നാൽ ക്രിസ്ത്യൻ , മുസ്ലിം വോട്ടുകൾ ഏകീകരിക്കും പോലെ ഹിന്ദു വോട്ടുകൾ ഏതെങ്കിലും ഒരു പക്ഷത്തേക്ക് നീങ്ങും എന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവചിക്കുക എളുപ്പമല്ല . എന്നാൽ മുന്നോക്ക ഹിന്ദു വോട്ടുകൾ കൃത്യമായി യുഡിഎഫ് , ബിജെപി പക്ഷം വീതിച്ചെടുക്കുമ്പോൾ അവശേഷിക്കുന്ന വോട്ടുകളാണ് ഇടതു പ്രതീക്ഷ .

ആകെയുള്ള 39 സീറ്റിൽ കഴിഞ്ഞ തവണ 32 എണ്ണവും സ്വന്തമാക്കിയ ഇടതു മുന്നണിക്ക് കഴിഞ്ഞ തവണയും ഭരണത്തിലേക്ക് കുതിക്കാൻ സഹായമായതു ഈ തിളങ്ങുന്ന വിജയമാണ് . എന്നാൽ ഇത്തവണ ആ തിളക്കം കുറയ്ക്കാൻ ബിജെപി വോട്ടു പിടിക്കുമ്പോൾ യുഡിഎഫ് വിജയ സാധ്യത ഈ മേഖലയിൽ കൂടും . എന്നാൽ കഴിഞ്ഞ തവണ ലഭിച്ച വെറും ആറു സീറ്റിൽ നിന്നും എത്ര കണ്ടു ഉയർത്താൻ കഴിയും എന്നത് ചോദ്യമായി മുന്നിൽ എത്തുമ്പോൾ ശബരിമല ആയുധമാക്കി ഇവിടെ മുന്നേറ്റം നടത്താനാകും കോൺഗ്രസ് ശ്രമം .

കാരണം ഈ വിഷയത്തിൽ ഏറെക്കുറെ ശബ്ദം നഷ്ടമായ നിലയിലാണ് ഇപ്പോൾ ഇടതു , ബിജെപി ക്യാമ്പുകൾ . കാരണം വിഷയം പരിഹാരിക്കാൻ കേന്ദ്രം വേണ്ടത് ചെയ്തില്ലെന്ന് 60 ശതമാനം ഹിന്ദു വോട്ടർമാർ പരാതിപ്പെടുമ്പോൾ വോട്ടു വീഴചയിലും അത് പ്രതിഫലിക്കാതിരിക്കില്ല . ശബരിമലയിൽ ഇടതിന് തെറ്റിയെന്ന് തന്നെയാണ് ഒരു വിഭാഗം ഹിന്ദു വോട്ടർമാർ കരുതുന്നതും ഇക്കാര്യത്തിൽ അവർക്കു ഇപ്പോഴും നിലപാട് മാറ്റം ഇല്ലെന്നു കരുതുന്നവർ 40 ശതമാനമായി നിലനിൽക്കുമ്പോൾ ആ വോട്ടുകൾ സ്വാഭാവികമായും യുഡിഎഫിന് തന്നെ ലഭിക്കേണ്ടതാണ് . പ്രചാരണത്തിൽ വിഷയം എത്രത്തോളം കത്തിക്കയറും എന്നതിനെ കൂടി ആശ്രയിച്ചാകും വോട്ടു ഒഴുക്ക് നിശ്ചയിക്കപ്പെടുക .

നാണം മറയ്ക്കാൻ മറക്കുന്ന കേരളം

ഇത്തരത്തിൽ കേരളത്തിന്റെ മൂന്നു മേഖലകളും ജാതീയമായി വോട്ടു ചെയ്യാൻ തയാറാക്കുമ്പോൾ അതെങ്ങനെ സ്വന്തം പക്ഷത്താകാം എന്ന വർഗീയ വിഷം ചീറ്റലിനുള്ള അവസരം തേടുകയാകും ഇനി മൂന്നു മുന്നണികളുടെയും ജോലി . പ്രത്യേകിച്ച് കഠിന അധ്വാനം ആവശ്യമില്ലാത്ത തരത്തിൽ തരാതരം പോലെ ഓരോ മേഖലയിലും അവരവർക്കിഷ്ട്ടപ്പെടുന്ന രീതിയിൽ നേതാക്കൾ സംസാരിക്കാൻ തുടങ്ങിയാൽ മാത്രം പറന്നെത്തുന്നതാണ് ഇത്തരം വോട്ടുകൾ . അതിന്റെ സൂചന നൽകി സംസ്ഥാനത്തെ പ്രധാന നേതാക്കൾ ഒക്കെ സംസാരം തുടങ്ങിയിട്ടുമുണ്ട് . ഭരണ നേട്ടവും കോട്ടവും അഴിമതിയും വികസനവും വികസന മുരടിപ്പും തൊഴിലില്ലായ്മയും ഒക്കെ ചർച്ച ചെയ്യേണ്ട ഒരു തെരഞ്ഞെടുപ്പിലാണ് കേരളം ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും ആയി ചേരി തിരിയുന്നത് എന്നതാണ് ഏറ്റവും വലിയ ദുര്യോഗമായി മാറുന്നത് .

നവോഥാന നിർമ്മിതിയും പുരോഗമന പ്രസ്ഥാനങ്ങൾ വേരോട്ടം നടത്തിയതുമായ സ്ഥലമാണ് വീണ്ടും പഴയ കാലത്തേക്ക് മടങ്ങുന്നത് എന്നതും കൂടിയാണ് ഈ തിരഞ്ഞെടുപ്പിൽ മുന്നിൽ നിൽകുമ്പോൾ മനസ് തുറക്കാൻ തയാറായ കേരളീയ സമൂഹം വക്തമാക്കുന്നത് . ഇതൊന്നും സംസ്ഥാനത്തെ മൊത്തം ജനങ്ങളുടെയും മനസിലിരുപ്പാല്ലല്ലോ എന്ന ആശ്വാസത്തിന് ചോദിക്കാമെങ്കിലും സാമൂഹ്യ സർവേയുടെ ടെസ്റ്റ് ഡോസുകൾ എല്ലായ്‌പ്പോഴും സമൂഹ ചിന്തയുടെ ലിറ്മസ് ടെസ്റ്റ് കൂടിയായാണ് വിലയിരുത്തപ്പെടുന്നത് . ഓരോ മണ്ഡലത്തിലെയും ഭൂരിപക്ഷ സമുദായത്തെ പ്രീതിപ്പെടുത്തുന്ന വിധത്തിൽ സ്ഥാനാർത്ഥിയുടെ മതം നോക്കി തീരുമാനം എടുക്കുന്ന പതിവ് കാലങ്ങളായി കേരളത്തിൽ ഉണ്ടെങ്കിലും ഓരോ മതവും തങ്ങളുടെ ശക്തികാട്ടാൻ ഏറെക്കുറെ പരസ്യമായി തന്നെ രംഗത്തിറങ്ങുന്ന പതിവ് കൂടിയാകും 2021 ൽ തുടക്കമിടുക .

പണ്ടൊക്കെ അല്പം ഒളിയും മറയും ഉണ്ടായിരുന്ന കാര്യത്തിന് ഇനി പരസ്യമായി തന്നെ ലൈസൻസ് ലഭിക്കുന്നു എന്നതാണ് ഇപ്പോൾ തെളിഞ്ഞു വരുന്നത് . രഹസ്യമായി നൽകിയിരുന്ന ചുംബനം പരസ്യമായി നല്കാൻ ഒരു വിഭാഗം ആക്ടിവിസ്റ്റുകൾ തയ്യാറായപ്പോൾ അത് നേരിൽ കാണാൻ ആയിരങ്ങൾ തടിച്ചു കൂടിയ സ്ഥലമാണ് കേരളം എന്ന വസ്തുത മുന്നിൽ നിൽക്കെ രഹസ്യമായി പറഞ്ഞിരുന്ന ജാതീയ വോട്ടു കച്ചവടം പരസ്യമായ ലേലം വിളിക്കെത്തുമ്പോഴും കേരളം ഒന്നാകെ ആ കാഴ്ച കാണാൻ വോട്ടുനൽക്കവലയിൽ കൗപീനം ധരിച്ച നിലയിൽ തന്നെയുണ്ടാകും .

വരുംകാല തിരഞ്ഞെടുപ്പുകളിൽ നാണം മറയക്കാൻ ആവശ്യം വേണ്ടുന്ന ആ കൗപീനം പോലും കേരളത്തിന് നഷ്ടമായേക്കാം . എന്തായാലും ആ സാധ്യതയിൽ കേരളം എത്രത്തോളം നാണം മറയ്ക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമായി മാറുകയാണ് ഈ തിരഞ്ഞെടുപ്പ്, അത് ആര് ജയിച്ചാലും .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP