Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മന്ത്രി ജയരാജന് കത്ത് നൽകിയത് മന്ത്രിസഭാ അനുമതിക്ക് വേണ്ടി; ഫയൽ ആകും മുമ്പേ തന്നെ കത്ത് ചോർന്നത് പിണറായിയെ കലിപ്പിലാക്കി; വില്ലനെ കണ്ടെത്താൻ വ്യവസായ വകുപ്പിൽ അന്വേഷണം; ഇഎംസിസി ലക്ഷ്യമിട്ടത് കേരള തീരത്തെ മത്സ്യസമ്പത്ത്; അമേരിക്കൻ മോഡൽ അറബിക്കടലിൽ എത്തിയത് നിയമവകുപ്പ് അറിയാതെ; ആഴക്കടൽ കൊള്ള പൊളിയുമ്പോൾ

മന്ത്രി ജയരാജന് കത്ത് നൽകിയത് മന്ത്രിസഭാ അനുമതിക്ക് വേണ്ടി; ഫയൽ ആകും മുമ്പേ തന്നെ കത്ത് ചോർന്നത് പിണറായിയെ കലിപ്പിലാക്കി; വില്ലനെ കണ്ടെത്താൻ വ്യവസായ വകുപ്പിൽ അന്വേഷണം; ഇഎംസിസി ലക്ഷ്യമിട്ടത് കേരള തീരത്തെ മത്സ്യസമ്പത്ത്; അമേരിക്കൻ മോഡൽ അറബിക്കടലിൽ എത്തിയത് നിയമവകുപ്പ് അറിയാതെ; ആഴക്കടൽ കൊള്ള പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇ.എം.സി.സി. ലക്ഷ്യമിട്ടത് കേരള തീരത്തെ മത്സ്യസമ്പത്തെന്ന് കെ.എസ്‌ഐ.ഡി.സി.യുമായി ഒപ്പിട്ട ധാരണാപത്രത്തിൽ വ്യക്തം. ഇതിലേക്കാവശ്യമായ മത്സ്യം എത്തിക്കാനാണ് ട്രോളറുകൾ നിർമ്മിക്കാനുള്ള കരാർ. മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ വാഗ്ദാനംചെയ്തത് ഈ ട്രോളറുകളിലും മത്സ്യസംസ്‌കരണ വിതരണ യൂണിറ്റുകളിലുമാണ്. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നായിരുന്നു മുമ്പ് സിപിഎം മുദ്രാവാക്യം. അതും ഈ വിവാദത്തിൽ പ്രതിപക്ഷം ചർച്ചയാക്കുന്നു.

ആഴക്കടൽ മത്സ്യബന്ധനമേഖലയിൽ സ്വകാര്യപങ്കാളിത്തം വേണ്ടെന്ന സർക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമാണ് കെ.എസ്‌ഐ.ഡി.സി.യുമായുള്ള ധാരണപത്രം. അനുബന്ധമായാണ് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ചേർന്ന് 400 ആഴക്കടൽ ട്രോളറുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ വിവാദം വന്നപ്പോൾ എല്ലാം കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ തലയിലും വച്ചു. പ്രശാന്ത് ഐഎഎസിനെ ബലിയാടാക്കാനായിരുന്നു ഈ നീക്കം.

2020 ഫെബ്രുവരി 28-നാണ് കെ.എസ്‌ഐ.ഡി.സി. എം.ഡി. എം.ജി. രാജമാണിക്യവും ഇ.എം.സി.സി. മേധാവി ഷിജു വർഗീസും കരാർ ഒപ്പിട്ടത്. അസന്റിൽ ഇ.എം.സി.സി. മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പരിഗണിച്ചാണ് സഹകരിക്കാൻ തീരുമാനിച്ചത്. ആഴക്കടൽ മത്സ്യബന്ധന വ്യവസായത്തിൽ നേരിട്ടുള്ള നിക്ഷേപത്തിനാണ് അനുമതി നൽകിയത്. ഇതോടെ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന പഴയ മുദ്രാവാക്യം യഥാർത്ഥ്യമായെന്നാണ് സോഷ്യൽ മീഡിയാ ട്രോളുകൾ.

5000 കോടി രൂപയുടെ പദ്ധതിയിൽ 25,000 തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് ആലപ്പുഴ പള്ളിപ്പുറത്തെ കെ.എസ്‌ഐ.ഡി.സി. ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിലെ ഭക്ഷ്യസംസ്‌കരണ യൂണിറ്റ്. 2021 ഫെബ്രുവരി മൂന്നിന് സ്ഥലം അനുവദിച്ച് ഉത്തരവിറങ്ങി. 5.49 കോടി രൂപയ്ക്കാണ് സ്ഥലം അനുവദിച്ചത്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഭക്ഷ്യസംസ്‌കരണ യൂണിറ്റ് തുടങ്ങാനാണ് ഉദ്ദേശിച്ചതെന്നും രേഖകളിൽ പറയുന്നു.

അസന്റിൽ പദ്ധതി രൂപരേഖ സമർപ്പിക്കും മുമ്പാണ് ഇ.എം.സി.സി. പ്രതിനിധികൾ ഷിഫറീസ് പ്രിൻസിപ്പൽ സെക്രട്ടറിയെ കണ്ടത്. 2019 ഓഗസ്റ്റ് രണ്ടിന് നടന്ന കൂടിക്കാഴ്ചയിൽ പദ്ധതിയുടെ വിശദവിവരങ്ങൾ ഫിഷറീസ് വകുപ്പിന് കൈമാറി. പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന ഫിഷറീസ് വകുപ്പിന്റെ വാദങ്ങൾ പൊളിക്കുന്നതാണ് ഫിഷറീസ് സെക്രട്ടറിക്ക് ഇ.എം.സി.സി. നൽകിയ കത്ത്. അതിനിടെ ധാരണപത്രം ആറുമാസം കഴിഞ്ഞതിനാൽ സ്വാഭാവികമായി റദ്ദായെന്നാണ് കെ.എസ്‌ഐ.ഡി.സി.യുടെ വാദം.

ഇഎംസിസിയുമായി ധാരണാപത്രങ്ങൾ ഒപ്പിട്ടതു നിയമവകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ അറിയാതെയായിരുന്നു. വിദേശ പങ്കാളിത്തമുള്ള പദ്ധതികളുടെ ധാരണാപത്രങ്ങൾ നിയമവകുപ്പിന്റെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടില്ലെന്നാണു വിവരം. വകുപ്പുകൾക്കു കീഴിലുള്ള കോർപറേഷനുകളുടെ ധാരണാപത്രം നിയമവകുപ്പിനു വിടേണ്ടതില്ലെന്നാണു സർക്കാർ വിശദീകരണം. ഇത് തന്നെയാണ് സ്പ്രിങ്ലർ അടക്കമുള്ള ഇടപാടുകളേയും വിവാദത്തിലാക്കുന്നത്.

ആഴക്കടൽ മത്സ്യബന്ധനം പോലുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ മത്സ്യനയം നിലനിൽക്കെ, വിദേശ പങ്കാളിത്തമുള്ള കമ്പനിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുമ്പോൾ ബന്ധപ്പെട്ട വകുപ്പുകൾ അറിയേണ്ടതാണ്. ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്കുള്ള അനുമതി ഫിഷറീസ് വകുപ്പിന്റെ നയപരമായ വിഷയമായിട്ടുകൂടി വകുപ്പുകൾ തമ്മിലുള്ള ചർച്ച ഇല്ലാതെ പോയി. കോടികളുടെ നിക്ഷേപ പദ്ധതി എന്ന നിലയ്ക്കും ധന, നിയമ വകുപ്പിന്റെ പരിശോധന വേണം. പദ്ധതി നിർദ്ദേശങ്ങൾ വിദഗ്ധ ഏജൻസിയുടെ പഠനത്തിനു വിടണമെന്ന കീഴ്‌വഴക്കവും അട്ടിമറിക്കപ്പെട്ടു.

വിവിധ കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുകയെന്ന് ഇഎംസിസി പദ്ധതി രേഖയിൽ പറയുന്നു. എന്നാൽ ഇവയുടെ പങ്കാളിത്തം സംബന്ധിച്ച പഠനമോ പരിശോധനയോ ധാരണാപത്രങ്ങൾ ഒപ്പിടുന്നതിനു മുൻപ് ഉണ്ടായില്ല. മന്ത്രിസഭാ അനുമതിക്കായി വ്യവസായ മന്ത്രി ഇ.പി ജയരാജന് ഇഎംസിസി സമർപ്പിച്ച കത്ത് ചോർന്നത് എങ്ങനെയെന്നു കണ്ടെത്താൻ വ്യവസായ വകുപ്പിൽ അന്വേഷണം. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്നാണിത്.

മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ്, ഓഫിസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മന്ത്രിക്കു ലഭിച്ച കത്ത് ഫയൽ ആകും മുൻപേ പുറത്തായതാണു സർക്കാരിനെ അമ്പരപ്പിക്കുന്നത്. ഇക്കാര്യത്തിൽ വ്യവസായ വകുപ്പിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ മുഖ്യമന്ത്രിയോടു പരാതിപ്പെട്ടതായാണു വിവരം. ഇതു കൂടി കണക്കിലെടുത്താണ് ചോർച്ച കണ്ടെത്താൻ ആഭ്യന്തര അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP