Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒടുവിൽ ചെന്നിത്തലയുടെ ആ 'മണ്ടൻ' വിമർശനവും കുറിക്കു തന്നെ കൊണ്ടു! യുവരോഷത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ കലിപ്പും സർക്കാറിന് എതിരായതോടെ ഇ.എം.സി.സി. വിവാദ ധാരണപത്രം റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ എസ് ഐ എൻ സി എംഡി പ്രശാന്തിനെ ബലിയാടാക്കാനും നീക്കം

ഒടുവിൽ ചെന്നിത്തലയുടെ ആ 'മണ്ടൻ' വിമർശനവും കുറിക്കു തന്നെ കൊണ്ടു! യുവരോഷത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ കലിപ്പും സർക്കാറിന് എതിരായതോടെ ഇ.എം.സി.സി. വിവാദ ധാരണപത്രം റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ എസ് ഐ എൻ സി എംഡി പ്രശാന്തിനെ ബലിയാടാക്കാനും നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു വിവാദം ഉയർത്തിക്കൊണ്ടുവന്നാൽ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുന്നതാണ് പൊതുവേയുള്ള ഇടതു മന്ത്രിമാരുടെ സ്വഭാവം. മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ആരോപണം ഉയർന്നപ്പോൾ ചെന്നിത്തലയ്ക്ക് തലയ്ക്ക് സുഖമില്ലെന്ന് പോലും വിമർശനം കേൾക്കേണ്ടി വന്നു. കൂടാതെ മുഖ്യമന്ത്രി അടക്കമുള്ളവരും അവഹേളനം തുടർന്നു. എന്നാൽ, ചെന്നിത്തലയുടെ മണ്ടൻ വിമർശനമെന്നെല്ലാം ആരോപണം ഉന്നയിച്ചവർ ഇപ്പോൾ മുട്ടുമുടക്കുകയാണ്. ചെന്നിത്തലയുടെ വിമർശനം കുറിക്കു തന്നെ കൊണ്ടപ്പോൾ വിവാദ ധാരണാപത്രം റദ്ദാക്കി തടി രക്ഷിക്കാനാണ് സർക്കാർ ശ്രമം.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. കെ എസ് ഐ എൻ സി എംഡി പ്രശാന്തിനെ ബലിയാടാക്കി തടി ലക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.

ധാരണപത്രം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ആഴക്കടൽ മത്സ്യബന്ധനത്തിന് സംസ്ഥാനസർക്കാരോ ഏതെങ്കിലും വകുപ്പുകളോ അനുമതി നൽകുകയോ ധാരണപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഏതെങ്കിലും ഒരു കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ അത്തരമൊരു ധാരണപത്രം ഒപ്പിട്ടിട്ടുണ്ടെങ്കിൽ അത് പിന്നീടാണ് സർക്കാരിന്റെ പരിഗണയ്ക്കുവരുക. അപ്പോഴാണ് നിയമപരമായ പരിശോധന നടത്തുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇ.എം.സി.സി. പ്രതിനിധികളും തമ്മിലുള്ള ഗൂഢാലോചനയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ ആരോപണങ്ങൾക്ക് പിന്നിലെന്ന് ഫിഷറീസ് വകുപ്പുമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഞായറാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ആഴക്കടൽ മത്സ്യബന്ധന കരാർ വ്യവസ്ഥ മുഖ്യമന്ത്രി മറച്ച് വെക്കുന്നെന്ന് പറഞ്ഞ ചെന്നിത്തല, കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകളും പുറത്തുവിടുകയും ചെയ്തു.

അസെന്റിൽ ഇ.എം.സി.സിയുമായി സർക്കാർ ഒപ്പിട്ട ധാരണാപത്രവും കെ.എസ്‌ഐ.ഡി.സി പദ്ധതിക്കായി ഇഎംസിസിക്ക് അനുവദിച്ച നാലേക്കർ ഭൂമിയുടെ രേഖകളുമാണ് ചെന്നിത്തല പത്രസമ്മേളനത്തിൽ പുറത്തുവിട്ടത്. വ്യവസായസംരംഭകരെ ആകർഷിക്കാൻ കൊച്ചിയിൽ നടത്തിയ അസന്റ് 2020-യിലാണ് യു.എസ്. ആസ്ഥാനമായ ഇ.എം.സി.സി.യുടെ പദ്ധതിക്ക് സർക്കാർ അനുമതിനൽകിയത്. ഒരാഴ്ചയിലധികം ആഴക്കടലിൽ തങ്ങി മീൻപിടിക്കാൻ കഴിയുന്ന ചെറു കപ്പലുകൾ (ട്രോളറുകൾ) നിർമ്മിക്കാനും പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റിയയക്കാനുമായിരുന്നു സ്വകാര്യകമ്പനിയുടെ പദ്ധതി.

സംസ്ഥാന സർക്കാരിന്റെ മത്സ്യനയം പ്രകാരം ആഴക്കടൽ ട്രോളറുകൾ അനുവദനീയമല്ല. ഇത്തരമൊരു സാഹചര്യത്തിൽ ട്രോളറുകൾ നിർമ്മിക്കാനുള്ള സംരംഭത്തിൽ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ എങ്ങനെ പങ്കുചേർന്നുവെന്നതിൽ വ്യക്തതയില്ല.ട്രോളർ നിർമ്മാണത്തിനുള്ള കരാർ മാത്രമാണ് ഏറ്റെടുത്തിട്ടുള്ളതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം.

അതേസമയം പ്രശാന്തിനെതിരെ സർക്കാർ നടപടിയെടുത്തേക്കും. സർക്കാരിന്റെ പ്രഖ്യാപിത മത്സ്യബന്ധന നയത്തിന് വിരുദ്ധമായി, അമേരിക്കൻ കമ്പനിയായ ഇ എം സി സിക്ക് വേണ്ടിയുള്ള ആഴക്കടൽ മത്സ്യബന്ധന ട്രോളറുകളുടെ നിർമ്മാണക്കരാർ ഷിപ്പിങ് കോർപറേഷൻ ഏറ്റെടുത്തതാണ് സർക്കാരിന്റെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട ഫിഷറീസ് വകുപ്പുമന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ പ്രശാന്തിന്റെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയാേട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഇ എം സി സിക്ക് വേണ്ടി 400 ട്രോളറുകൾ നിർമ്മിക്കാനാണ് കെ എസ് ഐ എൻ സി ധാരണാ പത്രം ഒപ്പിട്ടത്. ഈ ട്രോളറുകളിൽ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനം നടത്തുകയും അവർ പിടിക്കുന്ന മീനുകൾ ഇ എം സി സിയുടെ കപ്പലിന് നൽകുകയും അവർ ഈ മത്സ്യം വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ട്രോളർ നിർമ്മിക്കാനുള്ള തീരുമാനം ഷിപ്പിങ് കോർപറേഷൻ പി ആർഡി വഴി വാർത്താക്കുറിപ്പായി നൽകിയതും പ്രതിപക്ഷത്തെ സഹായിക്കാനാണാേ എന്ന് സർക്കാർ സംശയിക്കുന്നുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്ന ആളാണ് പ്രശാന്ത്. അതിനാലാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ആരോപണങ്ങൾ ഉയരുന്നതിന് പിന്നിൽ പ്രശാന്തിന് പങ്കുണ്ടെന്ന് സർക്കാർ സംശയിക്കാൻ കാരണവും. കരാറുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും കെ എസ് ഐ എൻ സി എംഡിയായ പ്രശാന്തിന്റെ പേര് പ്രതിപക്ഷനേതാവ് പരാമർശിച്ചിട്ടില്ല. ഇക്കാര്യവും പ്രശാന്തിനെ നോട്ടപ്പുള്ളിയാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP