Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ല; രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല; മത ന്യൂനപക്ഷത്തിന്റെ കൂടെ ചാഞ്ചാട്ടമില്ലാതെ നിൽക്കുന്നത് ഇടതുപക്ഷമെന്നും എ വിജയരാഘവൻ

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ല; രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല; മത ന്യൂനപക്ഷത്തിന്റെ കൂടെ ചാഞ്ചാട്ടമില്ലാതെ നിൽക്കുന്നത് ഇടതുപക്ഷമെന്നും എ വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വോട്ട് വേണ്ട എന്ന് പറയുന്നതല്ല രാഷ്ട്രീയ ഭാഷ. എന്നാൽ ജമാഅത്തെ ഇസ്ലാമി ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു. മലപ്പുറത്ത് വാർത്താ സമ്മേളനത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.

മത ന്യൂനപക്ഷത്തിന്റെ കൂടെ ചാഞ്ചാട്ടമില്ലാതെ നിൽക്കുന്നത് ഇടതുപക്ഷമാണ്. കോൺഗ്രസ് മൃദുഹിന്ദുത്വ നയങ്ങളുമായി ബിജെപിയോട് ചേർന്ന് പോവുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാറും കേന്ദ്ര സർക്കാരും സ്വീകരിക്കുന്ന നിലപാടുകളുടെ ഒപ്പമാണ് കോൺഗ്രസ് സഞ്ചരിക്കുന്നത്.

സീറ്റിന്റെ എണ്ണമോ വോട്ടോ നോക്കാതെ ആർഎസ്എസിന്റെ ഹിന്ദുത്വ വർഗീയതക്കെതിരെ പോരാടുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം. ആ നിലപാടെടുക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.

നേരത്തെ രാഹുൽ ഗാന്ധി എംപിക്കെതിരെയും വിജയരാഘവൻ വിമർശനം ഉന്നയിച്ചിരുന്നു. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നത് തണുത്ത കാറ്റ് കിട്ടാനാണെന്നാണ്് വിജയരാഘവൻ പരിഹസിച്ചു.

രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവാകാനുള്ള അംഗബലം പോലും നേടാനായില്ലെന്നും ഇത് ബിജെപിയുടെ വളർച്ചയുടെ വേഗത കൂട്ടാൻ കാരണമായെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

'രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ നടപ്പിലാക്കാൻ പോകുന്ന കാര്യങ്ങളെ പറ്റി യുഡിഎഫ് പറയുകയുണ്ടായി. അയാൾ പ്രധാനമന്ത്രിയായാൽ വരുത്തുന്ന മാറ്റങ്ങളെകുറിച്ചും പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രി ആയി കഴിഞ്ഞുവെന്നും പ്രചരിപ്പിച്ചു. അദ്ദേഹം ഇങ്ങോട്ട് പോന്നപ്പോഴാണ് ബിജെപിക്ക് സ്വൈര്യം കിട്ടിയത്.

ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള സൗകര്യമാണ് യഥാർത്ഥത്തിൽ ഉണ്ടായത്. ആ ഉത്തരേന്ത്യയിൽ ബിജെപി പടർന്നു കയറി മുന്നോട്ട് പോകുമ്പോൾ രാഹുൽ ഗാന്ധി തണുത്ത കാറ്റ് കിട്ടുന്ന സ്ഥലത്തേക്ക് വന്നു.

കേരളത്തിൽ വന്ന നോമിനേഷൻ കൊടുത്ത് മത്സരിച്ചത് തന്നെ ബിജെപി വളർച്ചയുടെ വേഗം കൂട്ടി. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന തെറ്റിദ്ധരിപ്പിക്കപ്പെട്ടു. പക്ഷെ പ്രതിപക്ഷ നേതാവ് പോലും ആകാൻ കഴിഞ്ഞില്ല. അതിനുള്ള സീറ്റ് പോലും കിട്ടിയില്ല. സ്വയം പരാജിതനാവുകയായിരുന്നു.' വിജയരാഘവൻ പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി സർക്കാർ കരാറുണ്ടെക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണവും വിജയരാഘവൻ തള്ളി.

എന്തെങ്കിലും ഒരു കടലാസ് കാട്ടി ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കൈത്തൊഴിലാണെന്നാണ് വിജയരാഘവന്റെ പ്രതികരണം. ഉന്നയിക്കുന്ന ആരോപണങ്ങൾ വിശ്വാസ്യത വേണമെന്ന് രമേശ് ചെന്നിത്തലക്ക് നിർബന്ധമില്ല.

പ്രളയ കാലത്തും കോവിഡ് കാലത്തും അദ്ദേഹം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് നമ്മൾ കണ്ടതാണ്. ഇപ്പോഴും അത് തുടരുന്നേയുള്ളൂവെന്നും വിജയരാഘവൻ പ്രതികരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP