Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

'താരലേലത്തിനുള്ള പട്ടികയിൽ ഞാനില്ല'; 'എങ്കിലും നിങ്ങൾക്ക് എന്നെ തിരഞ്ഞെടുക്കാം'; പ്രീതി സിന്റയുടെ പോസ്റ്റിനു താഴെ ശ്രീശാന്ത് കുറിച്ച കമന്റ് വൈറലാകുന്നു; ഐപിഎൽ കരിയറിന് തുടക്കമിട്ട ടീമിൽ കളിക്കാനുള്ള താൽപര്യം തുറന്നു പറഞ്ഞ് താരം

'താരലേലത്തിനുള്ള പട്ടികയിൽ ഞാനില്ല'; 'എങ്കിലും നിങ്ങൾക്ക് എന്നെ തിരഞ്ഞെടുക്കാം'; പ്രീതി സിന്റയുടെ പോസ്റ്റിനു താഴെ ശ്രീശാന്ത് കുറിച്ച കമന്റ് വൈറലാകുന്നു; ഐപിഎൽ കരിയറിന് തുടക്കമിട്ട ടീമിൽ കളിക്കാനുള്ള താൽപര്യം തുറന്നു പറഞ്ഞ് താരം

സ്പോർട്സ് ഡെസ്ക്

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗ് 14-ാം സീസണിനു മുന്നോടിയായുള്ള താരലേലം കഴിഞ്ഞ്് ദിവസങ്ങൾ പിന്നിട്ടിട്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ഒരു കമന്റ്. ഐപിഎൽ ടീമായ പഞ്ചാബ് കിങ്‌സിന്റെ ഉടമയും നടിയുമായ പ്രീതി സിന്റയുടെ പോസ്റ്റിനു താഴെ ശ്രീശാന്ത് കുറിച്ച കമന്റാണ് വൈറലായത്.

ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട വിലക്ക് പിന്നിട്ട് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മലയാളി താരം ഇത്തവണ താരലേലത്തിലൂടെ ഐപിഎലിലേക്കും തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, താരലേലത്തിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിക്കാനാകാതെ പോയത് ആരാധകരെ നിരാശയിലാക്കിയിരുന്നു.

ചെന്നൈയിൽ ഫെബ്രുവരി 18ന് നടന്ന താരലേലത്തിന് മുന്നോടിയായി പ്രീതി സിന്റ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ ശ്രീശാന്ത് കുറിച്ച കമന്റ് വൈറലായി മാറിയത്.

'ഐപിഎൽ താരലേലത്തിനായി ചെന്നൈയിലെത്തി. ഈ വർഷം പഞ്ചാബ് കിങ്‌സിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന താരങ്ങൾ ആരെല്ലാമെന്ന് അറിയാൻ കൗതുകമുണ്ട്. നിങ്ങളുടെ ആഗ്രഹം തുറന്നു പറയൂ. ഞാൻ കേൾക്കാം' വിമാനത്താവളത്തിൽനിന്നുള്ള ചിത്രം സഹിതം പ്രീതി സിന്റ കുറിച്ചു.

ഈ പോസ്റ്റിനു താഴെയാണ് ശ്രീശാന്തിന്റെ പ്രതികരണമെത്തിയത്. 'ശ്രീശാന്ത്' എന്നാണ് താരം കമന്റിട്ടത്. പിന്നാലെ മറ്റൊരു കമന്റുമിട്ടു. 'താരലേലത്തിനുള്ള പട്ടികയിൽ ഞാനില്ല. എങ്കിലും നിങ്ങൾക്ക് എന്നെ തിരഞ്ഞെടുക്കാം.' മൂന്നാമത്തെ കമന്റിൽ ശ്രീശാന്ത് എല്ലാവർക്കും ആശംസകൾ നേർന്നു. 'എല്ലാ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെ' ശ്രീശാന്ത് കുറിച്ചു.

ഐപിഎൽ താരലേലത്തിനുള്ള പട്ടികയിൽനിന്ന് പുറത്തായെങ്കിലും തോറ്റു പിന്മാറില്ലെന്ന് പ്രഖ്യാപിച്ച ശ്രീശാന്ത്, ഈ വർഷത്തെ ഐപിഎലിൽ കളിക്കാനുള്ള താൽപര്യമാണ് പകുതി കാര്യമായും പകുതി തമാശയായും ഈ കമന്റിലൂടെ പ്രകടിപ്പിച്ചത്.

ശ്രീശാന്ത് തന്റെ ഐപിഎൽ കരിയറിന് തുടക്കം കുറിച്ചത് കിങ്‌സ് ഇലവൻ പഞ്ചാബിന് ഒപ്പമായിരുന്നു. 2008ൽ പഞ്ചാബിലെത്തിയ ശ്രീശാന്ത് 2010 വരെ അവിടെ തുടർന്നു. ഐപിഎലിലെ കന്നി സീസണിൽ പാക്കിസ്ഥാൻ താരം സുഹൈൽ തൻവീറിനു പിന്നിൽ 18 ഇരകളുമായി വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനായിരുന്നു ശ്രീശാന്ത്. ഇടയ്ക്ക് ഐപിഎലിൽ മുഖംകാട്ടിയ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്കായി കളത്തിലിറങ്ങിയ ശ്രീശാന്ത്, പിന്നീട് രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP