Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വീണാ ജോർജിനെ നേരിടാൻ ബിജെപിയും മാധ്യമ പ്രവർത്തകയെ കളത്തിൽ ഇറക്കുമോ? ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് രാജി വച്ച സുജയ്യ പാർവ്വതിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിവാർ കേന്ദങ്ങളിൽ അനൗദ്യോഗിക ചർച്ച; രാഷ്ട്രീയം ചിന്തകളിൽ ഇല്ലെന്ന് മറുനാടനോട് പ്രതികരിച്ച് മാധ്യമ പ്രവർത്തകയും; ആറന്മുളയിൽ ഇത്തവണയും ത്രികോണം പ്രവചനാതീതമാകും

വീണാ ജോർജിനെ നേരിടാൻ ബിജെപിയും മാധ്യമ പ്രവർത്തകയെ കളത്തിൽ ഇറക്കുമോ? ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് രാജി വച്ച സുജയ്യ പാർവ്വതിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിവാർ കേന്ദങ്ങളിൽ അനൗദ്യോഗിക ചർച്ച; രാഷ്ട്രീയം ചിന്തകളിൽ ഇല്ലെന്ന് മറുനാടനോട് പ്രതികരിച്ച് മാധ്യമ പ്രവർത്തകയും; ആറന്മുളയിൽ ഇത്തവണയും ത്രികോണം പ്രവചനാതീതമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറന്മുളയിൽ മാധ്യമ പ്രവർത്തകർ തമ്മിലുള്ള മത്സരമോ? ആറന്മുളയിൽ ഇടത് സ്ഥാനാർത്ഥിയായി വീണാ ജോർജ് വീണ്ടും ത്സരിക്കുമെന്ന് ഉറപ്പാണ്. ബിജെപിക്കും ഇവിടെ നല്ല വോട്ടുണ്ട്. എംടി രമേശിനെ പോലുള്ള മുൻനിര നേതാവ് മത്സരിക്കുകയും ചെയ്തു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ. ശബരിമല ഇടപെടലുകളുടെ ഭാഗമായി നല്ല വോട്ടും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. എൻ എസ് എസ് മനസ്സ് അനുകൂലമാക്കിയാൽ അത്ഭുതമുണ്ടാക്കുമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്. ഇവിടേക്ക് മാധ്യമ പ്രവർത്തകയെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നീക്കം.

ഏഷ്യാനെറ്റിലെ പ്രധാന അവതാരകയായിരുന്ന സുജയ്യാ പാർവ്വതി ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും രാജിവച്ചിരുന്നു. പ്രത്യേക കാരണമൊന്നും സൂചിപ്പിക്കാതെയാണ് രാജി. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രാജി എന്നാണ് സൂചന. വി മുരളീധരനുമായി അടുത്ത ബന്ധമുള്ള ഈ മാധ്യമ പ്രവർത്തക ബിജെപി സ്ഥാനാർത്ഥി ആയാകും മത്സരിക്കുക. മധ്യകേരളത്തിലെ ഒരു മണ്ഡലത്തിൽ ഇവരെ മത്സരിപ്പിക്കുമെന്നും സൂചനയുണ്ട്. ഇതു സംബന്ധിച്ച് ഇവർക്കിടയിൽ ധാരണയായി എന്നും സൂചനയുണ്ട്. ഇത് ആറന്മുളയാണെന്നാണ് സൂചന. എന്നാൽ ബിജെപിയുടെ ഔദ്യോഗിക ഭാരവാഹികൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുമില്ല.

കെ സുരേന്ദ്രന്റെ ജാഥയുടെ ഭാഗമായി സുജയ്യ മാറുമെന്നും സൂചനയുണ്ട്. ജാഥയുടെ പ്രചരണ പ്രവർത്തനങ്ങളിലും ഇവർ ഇടപെടും. സംസ്ഥാനതലത്തിലെ വാർ റൂമിലാകും ജാഥയുടെ പ്രചരണ പദ്ധതികൾ തയ്യാറാക്കുക. ഇതിന്റെ നേതൃത്വം സുജയ്യയ്ക്ക് നൽകുമെന്നും സൂചനയുണ്ട്. നേരത്തെ ഏഷ്യാനെറ്റിലെ മറ്റൊരു റിപ്പോർട്ടറായിരുന്ന ശ്യാംകുമാർ രാജിവച്ചിരുന്നു. വിമുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സുജയ്യയും രാജി വയ്ക്കുന്നത്. മുരളീധരനെ കാര്യങ്ങൾ ധരിപ്പിച്ച ശേഷമാണ് രാജിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ ചെറിയൊരു ബ്രേക്കിന് വേണ്ടിയാണ് രാജിയെന്ന് സുജയ്യ മറുനാടനോട് പ്രതികരിച്ചു.

സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സുജയ്യ പറഞ്ഞു. കോട്ടയത്തും തിരുവല്ലയിലും വേരുകളുള്ള സുജയ്യ കോളേജ് പഠനകാലത്ത് സ്വതന്ത്രയായി കാമ്പസ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുണ്ട്. ആറന്മുളയിൽ സുജയ്യയെ സ്ഥാനാർത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും ബിജെപിക്കുള്ളിൽ നടന്നിട്ടില്ലെന്നാണ് ബിജെപിയുടെ ഔദ്യോഗിക പ്രതികരണം. അപ്പോഴും ഡൽഹിയിലെ സ്വാധീനം ഉപയോഗിച്ച് സുജയ്യയെ ആറന്മുളയിൽ നിർത്താനാണ് ഒരു ഗ്രൂപ്പിന്റെ ശ്രമം. വീണാ ജോർജ് മാധ്യമ പ്രവർത്തകയാണ്. ഈ കരുത്തിലാണ് അവർ ജയിച്ചു കയറിയത്. സുജയ്യയെ സ്ഥാനാർത്ഥിയാക്കി വീണയെ നേരിട്ടാൽ നേട്ടമുണ്ടാകുമെന്നാണ് ഇവരുടെ നിലപാട്.

സംസ്ഥാനത്തെ ഏറ്റവും വലിയ നിയമസഭാ മണ്ഡലമാണ് ആറന്മുള. എപ്പോഴും വലത്തോട്ട് ചാഞ്ഞിരുന്ന മണ്ഡലം 2016ലാണ് ഇടത്തോട്ട് കളം മറ്റിയത്. വീണ ജോർജിനെ വച്ച് എൽഡിഎഫ് പിടിച്ച മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർത്ഥി മാറ്റം ഇടതുപക്ഷം ആലോചിക്കുന്നില്ല എന്നാണ് വിവരം. വിജയ പ്രതീക്ഷയേറിയതിനാൽ മണ്ഡലത്തിൽ മൽസരിക്കാൻ കോൺഗ്രസിൽ കൂട്ടപ്പോരാണ്. ആറ് പേരാണ് നിലവിൽ തയ്യാറെടുത്ത് നിൽക്കുന്നത്. അതിനിടെയാണ് സ്റ്റാർ പരിവേഷം നൽകാൻ ബിജെപി സുരേഷ് ഗോപിയെ കളത്തിലിറക്കുമെന്ന പ്രചാരണവും ശ്ക്തമാണ്. ഇതിനിടെയാണ് സുജയ്യയുടെ പേരും പരിഗണിക്കപ്പെടുന്നത്.

യുഡിഎഫിന്റെ കുത്തക സീറ്റായിരുന്നു ആറന്മുള. മാധ്യമപ്രവർത്തക വീണാ ജോർജിനെ രംഗത്തിറക്കി മണ്ഡലം പിടിച്ചടക്കി ഇടതുപക്ഷം. 2016 ഇത്തവണയും ആവർത്തിക്കാൻ കഴിയുമെന്നാണ് എൽഡിഎഫ് കരുതുന്നത്. വീണയെ തന്നെ മൽസപ്പിച്ചാൽ നേട്ടമുണ്ടാക്കാമെന്ന് സിപിഎം കണക്കുകൂട്ടുന്നു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടരി അനീഷ് വരിക്കണ്ണാമല, മുൻ എംഎൽഎ ശിവദാസൻ നായർ, ഡിസിസി പ്രസഡിന്റ് ബാബു ജോർജ്, കെപിസിസി അംഗം പി മോഹൻരാജ്, ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ എന്നിവരാണ് കോൺഗ്രസ് ക്യാമ്പിൽ തയ്യാറെടുത്ത് നിൽക്കുന്നത്.

പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവാണ് പഴകുളം മധു. ഈ സാഹചര്യത്തിൽ ആറന്മുളയിൽ മധുവിനെ മത്സരിപ്പിക്കാൻ ഐ ഗ്രൂപ്പ് അതിശക്തമായ നീക്കം നടത്തുന്നുണ്ട്. എൻ എസ് എസ് പിന്തുണയും മധുവിന് ഉണ്ടെന്നാണ് സൂചന. 2016ൽ കോൺഗ്രസിന് പരാജയമുണ്ടാകാൻ കാരണം ഗ്രൂപ്പ് പോരായിരുന്നു എന്ന വിലയിരുത്തൽ അന്നേയുണ്ട്. ഇപ്പോഴും പോരിന് ഒട്ടും കുറവില്ല. ബിജെപിക്ക് വേണ്ടി കഴിഞ്ഞ തവണ മൽസര രംഗത്തുണ്ടായിരുന്നത് എംടി രമേശ് ആണ്. 38000ത്തോളം വോട്ടുകൾ അന്ന് അദ്ദേഹം നേടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP