Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി നേരിട്ടു കാണില്ല; ചർച്ചയ്ക്ക് ചീഫ് സെക്രട്ടറിയെ പോലും നിയോഗിച്ചില്ലെന്ന അതൃപ്തി സമരക്കാർക്കിടയിൽ ശക്തം; മന്ത്രിതല ചർച്ച നടന്നാൽ 'മുട്ടുമടക്കൽ' രാഷ്ട്രീയം പ്രതിപക്ഷം ചർച്ചയാക്കുമെന്ന ആശങ്കയും ശക്തം; ഉറപ്പുകൾ രേഖാ മൂലം കിട്ടും വരെ സെക്രട്ടറിയേറ്റിന് സമരം തുടരും

സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി നേരിട്ടു കാണില്ല; ചർച്ചയ്ക്ക് ചീഫ് സെക്രട്ടറിയെ പോലും നിയോഗിച്ചില്ലെന്ന അതൃപ്തി സമരക്കാർക്കിടയിൽ ശക്തം; മന്ത്രിതല ചർച്ച നടന്നാൽ 'മുട്ടുമടക്കൽ' രാഷ്ട്രീയം പ്രതിപക്ഷം ചർച്ചയാക്കുമെന്ന ആശങ്കയും ശക്തം; ഉറപ്പുകൾ രേഖാ മൂലം കിട്ടും വരെ സെക്രട്ടറിയേറ്റിന് സമരം തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർഥികളുടെ സമരം അതിശക്തമായി തുടരും. ഉദ്യോഗസ്ഥതല ചർച്ച നടന്നുവെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായില്ല. ആവശ്യങ്ങൾ അംഗീകരിച്ചു സർക്കാർ ഉത്തരവ് ഇറക്കുന്നതു വരെ സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ അറിയിച്ചു. 2 മണിക്കൂറോളം നീണ്ട ചർച്ച സൗഹാർദപരമായിരുന്നുവെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന കാര്യത്തിൽ വ്യക്തത വരുന്നതു വരെ സമരം തുടരാൻ ഉദ്യോഗാർഥികൾ തീരുമാനിക്കുകയായിരുന്നു. മന്ത്രി തല ചർച്ചയ്ക്ക് സർക്കാർ ഇനിയും തയ്യാറായിട്ടില്ല.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തെ തുടർന്നാണ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, ഹെഡ്ക്വാർട്ടേഴ്‌സ് അഡീഷനൽ ഡിജിപി മനോജ് ഏബ്രഹാം എന്നിവരെ സർക്കാർ ചർച്ചയ്ക്കു നിയോഗിച്ചത്. ലാസ്റ്റ് ഗ്രേഡ് സർവന്റ് (എൽജിഎസ്), സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികകളിൽ ഉള്ളവരുമായാണു ചർച്ച നടത്തിയത്. എൽജിഎസ് പട്ടികയിൽനിന്നു മുഴുവൻ ഒഴിവും നികത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിഎസ്‌സി നിയമനം നടക്കുന്ന സ്ഥാപനങ്ങളിൽ താൽക്കാലിക തസ്തികകളിലും പിഎസ്‌സി വഴിതന്നെ നിയമനം നടത്തുന്ന കാര്യം വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും സർക്കാർ പ്രതിനിധികൾ ഉറപ്പു നൽകി. ഈ റാങ്ക് ലിസ്റ്റിന് ഓഗസ്റ്റ് 3 വരെ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. കാലാവധി അവസാനിക്കുന്ന സമയത്തു തുടർ നടപടി തീരുമാനിക്കാം.

താൽക്കാലിക ജീവനക്കാർ 6 മാസത്തിലേറെയായി ജോലി ചെയ്യുന്ന തസ്തികകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്ത് റാങ്ക് പട്ടികയിൽ നിന്നു നിയമിക്കണം എന്നതാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം. ഇതു സംബന്ധിച്ച് എല്ലാ സർക്കാർ വകുപ്പുകൾക്കും നിർദ്ദേശം നൽകാം എന്നാണ് ഉദ്യോഗാർത്ഥികൾ പറഞ്ഞത്. വാച്ചർമാരുടെ ജോലി സമയം മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് 8 മണിക്കൂറായി പരിമിതപ്പെടുത്തുക. ഇതു മൂലം ഈ തസ്തികയിൽ കൂടുതൽ പേരെ നിയമിക്കാനാകുമെന്ന ആവശ്യത്തിലും ഫയൽ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലാണ് എന്നായിരുന്നു മറുപടി. ചീഫ് സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥൻ പോലും ചർച്ചയ്‌ക്കെത്തിയില്ലെന്നത് ഉദ്യോഗാർത്ഥികളെ നിരാശരാക്കുന്നുണ്ട്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ഹയർ സെക്കൻഡറി സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ഓഫിസ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കണം എന്ന ആവശ്യത്തിലും തീരുമാനമില്ല. ലാസ്റ്റ് ഗ്രേഡ് തസ്തികയിലുള്ളവർക്കു സ്ഥാനക്കയറ്റം നൽകിയാൽ ഒഴിവുകൾ ഉണ്ടാകും. ഒഴിവു റിപ്പോർട്ട് ചെയ്യുന്നത് വേഗത്തിലാക്കുക എന്നീ ആവശ്യങ്ങളും ചർച്ചയാക്കി. സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിച്ചു കാലാവധി നീട്ടണമെന്ന ആവശ്യവും മുമ്പോട്ട് വച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലുള്ള കേസിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നതിൽ നയപരമായ മറുപടി നൽകാൻ അവർക്കായില്ല. ചർച്ച ബഹിഷ്‌കരിക്കുന്നതിൽ ചില ആലോചനകൾ ഉണ്ടായിരുന്നു. എന്നാൽ ആര് ചർച്ചയ്ക്ക വന്നാലും പോകണമെന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷ പിന്തുണ ലഭിച്ചത്.

ഇതോടെയാണ് ചീഫ് സെക്രട്ടറി പോലും വരാത്ത ചർച്ചയ്ക്ക് ഉദ്യോഗാർത്ഥികൾ എത്തിയത്. സർക്കാർ പ്രതിനിധികളുടെ ഉറപ്പുകളുടെ പശ്ചാത്തലത്തിൽ സമരം പിൻവലിക്കണം എന്നതായിരുന്നു ആവശ്യം. എന്നാൽ രേഖാമൂലമുള്ള ഉറപ്പു ലഭിക്കട്ടെ അതിന് ശേഷം സമരം അവസാനിപ്പിക്കാമെന്ന് ഉദ്യോഗാർത്ഥികളും മറുപടി നൽകി. സമരക്കാരുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തില്ല. മന്ത്രിമാരേയും തൽകാലം അയയ്ക്കില്ല. സമരം വിജയിപ്പിക്കുമെന്ന് ഉറപ്പുവന്നാൽ മാത്രം മന്ത്രിമാർ രംഗത്തു വരും. അതുവരെ പ്രത്യക്ഷ ഇടപെടലുകൾ ഉണ്ടാകില്ല. സമരത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്ന പ്രചരണം ഒഴിവാക്കാനും ശ്രമിക്കും.

ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും. അതു കഴിഞ്ഞാൽ നയപരമായ തീരുമാനമൊന്നും എടുക്കാനാകില്ല. അതുവരെ സമരം തുടരട്ടേ എന്ന വാദവും ഭരണത്തിൽ ഉള്ളവർക്കുണ്ട്. എന്നാൽ അത് തിരിച്ചടിയായി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഭയവും സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തിലാണ് ചർച്ചയ്ക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. യൂത്ത് കോൺഗ്രസിന്റെ സമരവും സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതീകാത്മക പിഎസ് സി പരീക്ഷയിലെ തമാശ ചോദ്യങ്ങൾ വൈറലായതും സർക്കാർ ഗൗരവത്തോടെയാണ് എടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP