Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഴക്കടൽ മത്സ്യബന്ധനത്തിൽ വിദേശ കമ്പനിയുമായി ഒരുകരാറിലും സർക്കാർ ഒപ്പുവച്ചിട്ടില്ല; മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന ഒന്നുമുണ്ടാകില്ല; കുപ്രചാരണം വഴി അവരെ സർക്കാരിന് എതിരാക്കാമെന്ന ചെന്നിത്തലയുടെ വ്യാമോഹം നടപ്പാകില്ലെന്നും മുഖ്യമന്ത്രി; ഈ മാസം 27ന് തീരദേശ ഹർത്താലെന്ന് മത്സ്യമേഖല സംരക്ഷണ സമിതി

ആഴക്കടൽ മത്സ്യബന്ധനത്തിൽ വിദേശ കമ്പനിയുമായി ഒരുകരാറിലും സർക്കാർ ഒപ്പുവച്ചിട്ടില്ല; മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന ഒന്നുമുണ്ടാകില്ല; കുപ്രചാരണം വഴി അവരെ സർക്കാരിന് എതിരാക്കാമെന്ന ചെന്നിത്തലയുടെ വ്യാമോഹം നടപ്പാകില്ലെന്നും മുഖ്യമന്ത്രി; ഈ മാസം 27ന് തീരദേശ ഹർത്താലെന്ന് മത്സ്യമേഖല സംരക്ഷണ സമിതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്നും കുപ്രചരണങ്ങൾ നടത്തി മത്സ്യത്തൊഴിലാളികളെ സർക്കാരിന് എതിരാക്കാമെന്ന വ്യാമോഹം നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഒരു പൊതുമേഖലാ സ്ഥാപനമാണ്. ഏതെങ്കിലും സ്ഥാപനങ്ങൾ അങ്ങനെ ഒപ്പിട്ടിട്ടുണ്ടെങ്കിൽ പിന്നാടാണ് അത് സർക്കാരിന്റെ പരിഗണനയിൽ വരിക. അപ്പോഴാണ് നയപരവും നിയമപരവുമായി പരിശോധന നടത്തുക. അതിനനുസരിച്ചുള്ള തീരുമാനമാണ് എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ ട്രോളറുകൾക്കോ തദ്ദേശീയ കോർപ്പറേറ്റുകളുടെ യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നൽകാതിരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് നേതാവ് നരസിംഹ റാവു പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ആഴക്കടലിൽ നിന്ന് മത്സ്യ സമ്പത്ത് അരിച്ചെടുത്തുകൊണ്ടുപോകാൻ പറ്റുന്ന വിദേശ ഭീമന്മാർക്ക് അവസരം നൽകിയതെന്ന് ചെന്നിത്തലയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഒരു മഹാകാര്യമെന്ന മട്ടിൽ ചിലത് പറഞ്ഞുകേട്ടു. ഒരുകാര്യം ആദ്യം തന്നെ വ്യക്തമാക്കട്ടെ. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടൽ മാത്രമാണ് സർക്കാർ നടത്തുന്നത്. അത് തീരദേശങ്ങളിലെ ജനങ്ങൾ അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്. എന്തെങ്കിലും കുപ്രചാരണം നടത്തി അവരുടെ മനസ്സുകളെ സർക്കാരിനെതിരെ തിരിച്ചുകളയാമെന്ന ഒരു വ്യാമോഹവും വേണ്ടതില്ല.

മത്സ്യമേഖലയിൽ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സർക്കാരാണിത്. 2019 ജനുവരിയിൽ നടപ്പാക്കിയ ഫിഷറീസ് നയത്തിൽ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകൾ പറഞ്ഞിട്ടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്:

1. വിദേശ ട്രോളറുകൾക്കോ, തദ്ദേശീയ കോർപ്പറേറ്റുകളുടെ യാനങ്ങൾക്കോ, ആഴക്കടൽ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നൽകാതിരിക്കാനും, ഇന്ത്യയുടെ സമുദ്ര അതിർത്തിയിൽ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തും.

2. സംസ്ഥാനത്തിന്റെ തീരക്കടലിൽ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കും. എന്നാൽ, കാലഹരണപ്പെടുന്ന യാനങ്ങൾക്ക് പകരമായി പുതിയ യാനങ്ങൾക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രം നൽകും.

ഇതാണ് സർക്കാറിന്റെ നയം. ഇതോടൊപ്പം അതേ നയത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നിലപാടുകൾ പറയുന്നുണ്ട്.

മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി വിൽപനയിൽ ഏർപ്പെടുന്നതിനുമുള്ള അവകാശം അവർക്ക് ഉറപ്പു വരുത്തും.

ഏതെങ്കിലും കോർപ്പറേറ്റുകൾക്ക് മത്സ്യത്തൊഴിലാളികളെ തീറെഴുതിക്കൊടുക എന്ന നയം കൊണ്ടുവന്നത് ആരാണെന്ന് പ്രതിപക്ഷ നേതാവിന് ഓർമയില്ലേ? കോൺഗ്രസ് നേതാവ് നരസിംഹറാവു പ്രധാനമന്ത്രിയായപ്പോഴാണ് ആഴക്കടലിൽ നിന്ന് മത്സ്യസമ്പത്ത് അരിച്ചെടുത്തുകൊണ്ടുപോകാൻ വിദേശ ഭീമന്മാർക്ക് അവസരം നൽകിയത്. അതിനെതിരെ പോരാടിയ പാരമ്പര്യമാണ് ഈ സർക്കാരിനെ നയിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി എക്കാലവും വിട്ടുവീഴ്ചയില്ലാതെ പോരാടിയ ചരിത്രമുള്ള, ഇന്നും ആ പോരാട്ടം തുടരുന്ന രാഷ്ട്രീയമാണ് ഈ സർക്കാരിന്റെ നയങ്ങളെ സ്വാധീനിക്കുന്നത്. മത്സ്യബന്ധനത്തിനായി ആഴക്കടൽ വിദേശ കുത്തകകളൂടെ ലാഭക്കൊതിക്ക് തുറന്നു കൊടുത്ത കോൺഗ്രസിന്റെ നയമല്ല, ഈ സർക്കാരിന്റേത്. ഇത്രയും കാലത്തെ പ്രവർത്തനം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം തെളിയിച്ചതാണ്.

വിദേശ ട്രോളറുകൾക്കോ തദ്ദേശീയ കോർപ്പറേറ്റുകളുടെ ട്രോളറുകൾക്കോ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിന് അനുമതിപത്രം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. കേരള സർക്കാരിന്റെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നിരന്തരമായ എതിർപ്പിനെ തുടർന്ന് 2017ലെ കേന്ദ്ര സമുദ്ര മത്സ്യബന്ധന നയത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ സ്വദേശ കമ്പനികൾക്ക് നൽകിവന്നിരുന്ന അനുമതിപത്രം നിർത്തലാക്കുമെന്ന് കേന്ദ്ര സർക്കാരിന് പ്രാഖ്യാപിക്കേണ്ടി വന്നു. സംസ്ഥാന സർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധനത്തോടുള്ള നിലപാട് ഇതിൽ നിന്നും വ്യക്തമാണ്.

പരമ്പരാഗത മത്സ്യബന്ധനത്തിന് ഉതകുന്ന ആഴക്കടൽ മത്സ്യബന്ധനം മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധന ആഴക്കടൽ യാനങ്ങളുടെ ഉടമസ്ഥരാക്കി പ്രാത്സാഹിപ്പിക്കലാണ് സംസ്ഥാന ഫിഷറീസ് നയത്തിലെ മറ്റൊരു പ്രധാന ലക്ഷ്യം. ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശീയ തദ്ദേശീയ കോർപ്പറേറ്റുകളെയോ കമ്പനികളെയോ കേരള തീരത്ത് അനുവദിക്കുകയില്ല എന്ന സംസ്ഥാന ഫിഷറീസ് നയത്തിലെ സുവ്യക്തമായ നിലപാടിൽ നിന്നും വ്യതിചലിച്ച് ഒരു പദ്ധതിക്കും അനുമതി നൽകില്ല. ഇത് എൽഡിഎഫ് സർക്കാരിന്റെ പൊതുവായ നയമാണ്. കൃത്യമായ ഉറപ്പാണ്. അതിൽനിന്ന് ഒരിഞ്ച് പിന്നോട്ടുപോകാൻ ഈ സർക്കാരിനെ കിട്ടില്ല. അതുകൊണ്ട് ഞങ്ങൾ മത്സ്യത്തൊഴിലാളികൾക്കെതിരാണ് എന്ന പുകമറ സൃഷ്ടിച്ച് എന്തെങ്കിലും തെരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാം എന്ന വ്യാമോഹം ആർക്കും വേണ്ടതില്ല.

ഈ മാസം 27 ന് തീരദേശ ഹർത്താൽ

ട്രോളർ കരാർ ആരോപണവുമായി ബന്ധപ്പെട്ട് ഈ മാസം 27ന് തീരദേശ ഹർത്താൽ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി അറിയിച്ചു. കേരള തീരത്തു ചട്ടങ്ങൾ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാർ സംബന്ധിച്ച ചർച്ചയിൽ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.

ആരോപണം നിഷേധിച്ച് മേഴ്‌സിക്കുട്ടിയമ്മ രംഗത്തുവന്നു. ഇഎംസിസി ഡയറക്ടർ, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടർ എന്നിവർ ചിത്രത്തിലുണ്ട്. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ ചർച്ചയെന്നതിനുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP