Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി സമ്പന്നർക്ക് വേണ്ടിയെന്ന് തുറന്നടിച്ചയാൾ; പിണറായിക്ക് പത്തിൽ മൂന്നുമാർക്ക് പോലും നൽകാതെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചയാൾ; മുഖം നോക്കാതെ അഭിപ്രായം പറയുന്ന മെട്രോമാനെ അമിത് ഷാ അനുഗ്രഹിച്ച് വിട്ടപ്പോൾ പാറുന്നത് തീപ്പൊരികൾ; വിവാദങ്ങൾ അമ്മാനമാടുമ്പോൾ ദേശീയ മാധ്യമങ്ങളിലും ലൈംലൈറ്റിൽ

മോദിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി സമ്പന്നർക്ക് വേണ്ടിയെന്ന് തുറന്നടിച്ചയാൾ;  പിണറായിക്ക് പത്തിൽ മൂന്നുമാർക്ക് പോലും നൽകാതെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചയാൾ; മുഖം നോക്കാതെ അഭിപ്രായം പറയുന്ന മെട്രോമാനെ അമിത് ഷാ അനുഗ്രഹിച്ച് വിട്ടപ്പോൾ പാറുന്നത് തീപ്പൊരികൾ; വിവാദങ്ങൾ അമ്മാനമാടുമ്പോൾ ദേശീയ മാധ്യമങ്ങളിലും ലൈംലൈറ്റിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശാന്തസൗമ്യനായ ഒരുമനുഷ്യൻ. വിവാദങ്ങൾ വന്നാലും അത്ര കടുപ്പിച്ചൊന്നും പറയില്ല. എന്നാൽ, പറയാനുള്ളത് ക്യത്യമായി മുഖത്ത് നോക്കി പറയുകയും ചെയ്യും. ഔദ്യോഗിക ജീവിതത്തിൽ സത്യസന്ധനെന്ന് പേരുകേൾപ്പിച്ചയാൾ. തികഞ്ഞ കർമകുശലത. ഏറ്റെടുക്കുന്ന സംരംഭങ്ങൾ ക്യത്യനിഷ്ഠയോടെ ഭംഗിയായി തീർക്കുന്ന നേതൃപാടവം ഉള്ള ടെക്‌നോക്രാറ്റ്. മെട്രോമാൻ എന്ന സർവാദരണീയനായ ഇ.ശ്രീധരനെ മലയാളികൾ കണ്ടിരുന്നത് അങ്ങനെയായിരുന്നു. എന്നാൽ, പെട്ടെന്നൊരു നാൾ അദ്ദേഹം തീപ്പൊരി നേതാവായിരിക്കുന്നു. വിവാദങ്ങൾ കൈയിലെടുത്ത് അമ്മാനമാടുന്നു. തുറന്നടിക്കലുകളിൽ ബിജെപി ഒഴിച്ചുള്ള രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ അന്തം വിടുന്നു. ആരും മറുത്തൊന്നും കടുപ്പിച്ച് പറയുന്നില്ലെങ്കിലും ഉള്ളിൽ പറയുന്നുണ്ടാകണം, ഇത്രയ്ക്ക് അങ്ങട് നിരീച്ചില്ല.

ബിജെപി അധികാരത്തിൽ വന്നാൽ..എന്നാണ് ഇ.ശ്രീധരന്റെ സംഭാഷണങ്ങൾ ഇപ്പോൾ തുടങ്ങുക. അതെ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറെന്ന് വെള്ളിയാഴ്ചയാണ് മെട്രോമാൻ തുറന്നടിച്ചത്. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുമെന്നുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.ഭരണഘടനാ പദവിയായ ഗവർണർക്ക് കൂടുതൽ അധികാരമില്ലാത്തതുകൊണ്ട് ആ പദവി അദ്ദേഹത്തിന് താൽപര്യമില്ല. കഴിഞ്ഞ ദിവസമാണ് ശ്രീധരൻ ബിജെപിയിൽ ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയത്. കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ശ്രീധരൻ ഔദ്യോഗികമായി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.

വിവാദങ്ങളുടെ കൈപിടിച്ച് ഒരുകുതിപ്പ്

അമിത് ഷായുടെ ചടുലനീക്കത്തിന്റെ ഭാഗമാണ് ഇ.ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനമെന്ന കാര്യത്തിൽ സംശയം വേണ്ട. തന്റെ കൂറ് ദേശീയ പാർട്ടിയായ ബിജെപിയോട് ആണെന്ന് വ്യക്തമാക്കിയ നിമിഷം മുതൽ അദ്ദേഹം വെടിപൊട്ടിച്ചുതുടങ്ങി. ഏറ്റവും ഒടുവിലത്തെ വെടി മുഖ്യമന്ത്രി പിണറായി വിജയന് നേരേ തന്നെ. 'അദ്ദേഹം ആർക്കും അധികാരം വിട്ടുകൊടുക്കുന്നില്ല. അതാണ് വലിയൊരു ദോഷം. ഒരു മന്ത്രിക്കും ഒന്നും പറയാനാകില്ല. എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ മാറ്റി പറയണം. സ്വാതന്ത്യം കൊടുക്കാറില്ല. ഏകാധിപത്യഭരണമാണ്'. ചാനൽ അഭിമുഖത്തിലാണ് ഇ.ശ്രീധരന്റെ പ്രതികരണം. മുഖ്യമന്ത്രിക്ക് ജനസമ്പർക്കം കുറവാണ്. സിപിഎമ്മിന് ജനങ്ങളുടെ ഇടയിൽ മോശം ഇമേജാണ് ഉള്ളത്. സർക്കാരിന്റേത് മോശം പ്രകടനമാണെന്നും മുഖ്യമന്ത്രിക്ക് പത്തിൽ മൂന്ന് മാർക്ക് പോലും നൽകാനാവില്ലെന്നും ഇ.ശ്രീധരൻ വിമർശിക്കുന്നു.

ലൗജിഹാദും ബീഫും അസഹിഷ്ണുതയും

ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ നിലപാടിനോട് ചേർന്നു നിൽക്കുന്നു മെട്രോമാൻ. 'വ്യക്തിപരമായി ഞാൻ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല,'' ശ്രീധരൻ പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീധരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

കേരളത്തിൽ ലൗ ജിഹാദുണ്ടെന്നും അതിന് താൻ എതിരാണെന്നും ശ്രീധരൻ പറഞ്ഞു. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തിൽ ലൗ ജിഹാദുണ്ടെന്നാണ് മെട്രോമാന്റെ അഭിപ്രായം. ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല മുസ്ലിങ്ങൾക്കിടയിലും ക്രിസ്ത്യാനികൾക്കിടയിലും വിവാഹത്തിലൂടെ പെൺകുട്ടികളെ വശത്താക്കുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വർഗീയ പാർട്ടിയാണെന്ന വിമർശനങ്ങളെ ശ്രീധരൻ എതിർത്തു. ''ബിജെപി ഒരിക്കലും ഒരു വർഗീയ പാർട്ടിയല്ല. എനിക്ക് അവരുമായുള്ള അടുപ്പത്തിന്റെ പേരിലല്ല അത് പറയുന്നത്. മറിച്ച് ഒട്ടേറെ രാജ്യസ്നേഹികളുടെ കൂട്ടായ്മയാണ് ബിജെപി. എല്ലാ പാർട്ടികളെയും കൂട്ടായ്മകളെയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവരാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അങ്ങനെയാണ്. അദ്ദേഹം ഏതെങ്കിലും ഒരു മതത്തെ ആക്രമിച്ച് സംസാരിക്കുന്നത് ഞാനിതുവരെ കേട്ടിട്ടില്ല,'' ശ്രീധരൻ പറഞ്ഞു.നരേന്ദ്ര മോദി സർക്കാർ എന്ത് ചെയ്താലും അതിനെ എതിർക്കുക എന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ടെന്ന് ശ്രീധരൻ ഇന്നലെ വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാദ കാർഷിക നിയമങ്ങളെ ശ്രീധരൻ പിന്തുണച്ചു. രാജ്യത്ത് അസഹിഷ്ണുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഒരു വിദേശ രാജ്യത്തോടോ മാധ്യമത്തോടോ ചേർന്ന് സ്വന്തം രാജ്യത്തെ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല. രാജ്യത്ത് ഒരു തരത്തിലുമുള്ള അസഹിഷ്ണുതയില്ല. അസഹിഷ്ണുത എന്നത് ഇവിടെ ചർച്ചകളിൽ മാത്രമാണുള്ളത്. ഇത്ര ശക്തമായ നീതിന്യായ വ്യവസ്ഥ നിലവിലുള്ള രാജ്യത്ത് യാതൊരു തരത്തിലുള്ള അസഹിഷ്ണുതയ്ക്കും സ്ഥാനമില്ല. എതിർക്കുന്നവരുടെ അഭിപ്രായങ്ങളെ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ അപ്പോഴേക്കും അത് അസഹിഷ്ണുതയാണെന്ന് പറയും,'' ഇ.ശ്രീധരൻ പറഞ്ഞു.

ശ്രീധരന്റെ വിമർശനങ്ങൾ പുതുതല്ല

പെട്ടെന്ന് കേൾക്കുമ്പോൾ ഇ.ശ്രീധരന്റെ വിമർശനങ്ങൾ കടുത്തതെന്ന് തോന്നുമെങ്കിലും അദ്ദേഹം മുമ്പ് പല അഭിമുഖങ്ങളിലും പറഞ്ഞതിന്റെ തുടർച്ചയാണെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ വായിക്കാം. പ്ലാനിങ് ബോർഡ് കേരളത്തിൽ പരാജയമാണ് എന്ന് നേരത്തെ നിരീക്ഷിച്ചിരുന്നു അദ്ദേഹം. 'ഞാൻ പ്ലാനിങ് ബോർഡ് അംഗമായിരുന്നതിന്റെ അനുഭവമാണ്. പ്ലാനിങ് ബോർഡ് ക്ലെറിക്കൽ വർക്കാണ് ചെയ്യുന്നത്. ബുദ്ധിപരമായി ഒന്നും ചെയ്യുന്നില്ല. കണക്കും സ്റ്റാറ്റിറ്റിക്സുമൊക്കെ കറക്ടാണ്. കാര്യങ്ങൾ നടപ്പാക്കാനുള്ള അധികാരം കൂടി കാടുക്കണം. ദെ ഷുഡ് ബി ഗിവൺ ദി ടീത്ത് ടു ബൈറ്റ്', 2017 ലെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

നാടുനന്നാവണമെന്ന് ഭരിക്കുന്നവർക്ക് തോന്നാത്തത് എന്തെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെ: 'ഭരിക്കുന്ന പാർട്ടിയുടെ ലക്ഷ്യം എന്താണ്? അടുത്ത ഇലക്ഷൻ ജയിക്കണം. അതാണ് പ്രധാന ഉദ്ദേശ്യം. നാടു നന്നാവണം എന്നോ, നാട്ടുകാർക്ക് എന്തെങ്കിലും ചെയ്യണമെന്നോ അവർക്ക് ആഗ്രഹമില്ലെന്നാണ് തോന്നുന്നത്. അതിനേക്കാൾ അവർക്കു പ്രാധാന്യം അടുത്ത ഇലക്ഷനാണ്. അതു മാറ്റിവെച്ച്, അടുത്ത ഇലക്ഷൻ പോട്ടെ, കിട്ടിയ സമയം കൊണ്ട് നാടിന് എന്തു ചെയ്യാൻ പറ്റും എന്നാണ് ചിന്തിക്കേണ്ടത്. ആ മനസ്ഥിതി വരണം, വളരെ വ്യത്യാസമുണ്ടാവും. '

രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരുമായി ഇടപഴകി പദ്ധതി നടത്തിപ്പുകളുടെ ഉള്ളുകള്ളികൾ നന്നായി അറിയാവുന്ന ടെക്‌നോക്രാറ്റ് ആണ് ഇ.ശ്രീധരൻ. ടെക്‌നോക്രാറ്റ് എന്നറിയപ്പെടാൻ ആയിരുന്നു അദ്ദേഹത്തിന് ഇതുവരെ ഇഷ്ടം. കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമ്മാണവേളയിൽ ഡിഎംആർസിക്കും ശ്രീധരനും വേണ്ടി വാദിക്കാൻ കേരളത്തിലെ ഇരുമുന്നണികൾക്കും ഒരേ സ്വരമായിരുന്നു. പാലാരിവട്ടം പാലം പ്രശ്‌നം വന്നപ്പോഴും ഇടതുസർക്കാർ വില കൽപിച്ചത് ശ്രീധരന്റെ വാക്കുകൾക്ക് തന്നെ. എന്നാൽ, ഇന്ന് പഴയ മെട്രാമാനല്ല. രാജ്യത്ത് ദേശീയ മാധ്യമങ്ങൾ വരെ മെട്രോമാന്റെ വാക്കുകൾ ഒപ്പിയെടുക്കുന്നു. തന്റേതായ ശരികളിൽ വിശ്വസിക്കുന്ന ഉറച്ച നിശ്ചയങ്ങളുള്ള രാഷ്ട്രീയക്കാരന്റെ ശബ്ദവും ശരീരഭാഷയും.

പ്രതിരോധം തീർക്കേണ്ട ഉശിരൻ വെടികൾ

ഇ.ശ്രീധരനല്ലേ...ബിജെപിയിൽ ചേരുകയോ ചേരാതിരിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ എന്ന നിസ്സംഗ ഭാവം പുലർത്തി നിസ്സാരവത്കരിക്കാമെന്ന് രാഷ്ട്രീയ എതിരാളികൾ കരുതിയെങ്കിൽ തെറ്റി. ഇടതുഭരണത്തിന്റെ മർമ്മസ്ഥാനങ്ങൾ ലാക്കാക്കിയാണ് അദ്ദേഹം അമ്പുകൾ എറിയുന്നത്. കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നതെന്നും കേരളത്തിനെ കടക്കെണിയിലാക്കുകയാണെന്നും ശ്രീധരൻ വിമർശിച്ചപ്പോൾ ധനകാര്യ വകുപ്പിന് മറുപടി ഇറക്കേണ്ടി വന്നു. 'സംസ്ഥാന സർക്കാരുമായി ചേർന്ന് പല പദ്ധതികളിലും പ്രവർത്തിച്ചിട്ടുള്ള ഇ.ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നതിലാണ് അദ്ഭുതം. അദ്ദേഹത്തിനെ പോലൊരാൾ കിഫ്ബിയെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങൾ വളരെ രൂക്ഷമായ പദങ്ങളുപയോഗിച്ച് പറയുമ്പോൾ അതിനു മറുപടി പറഞ്ഞേതീരൂ' എന്നുപറയുമ്പോൾ അറിയാം, വാക്കുകൾ എവിടെയൊക്കെ കൊള്ളുന്നുവെന്ന്.

കിഫ്ബിയുടേത് സാങ്കേതികത മാത്രമായി തള്ളിയാൽ പോലും പിണറായിക്കെതിരെ പറഞ്ഞാൽ സിപിഎമ്മിന് മറുപടി പറയാതിരിക്കാനാകുമോ? സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ തന്നെ രംഗത്തെത്തി. 'മെട്രോമാൻ ശ്രീധരൻ നല്ല എഞ്ചിനീയറാണ്. നല്ല നിർമ്മാണങ്ങൾ ഏറ്റെടുത്ത് നടത്തി. അതാണ് അദ്ദേഹത്തിന്റെ മേഖല. എന്നാൽ ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമായി. പിണറായിയെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നയാൾ ഇപ്പോൾ ആരുടെ കൂടെയാണെന്നും ബിജെപിയിൽ ജനാധിപത്യമുണ്ടോ എന്നും വിജയരാഘവൻ ചോദിച്ചു.

ഇ ശ്രീധരൻ ബിജെപിയെക്കുറിച്ച് നന്നായി പഠിക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടത് ബിനോയി വിശ്വം എംപിയാണ്. രാജ്യസ്‌നേഹം ബിജെപിക്ക് നാവിൻതുമ്പത്ത് മാത്രമേയുള്ളൂ. അവർക്ക് ഉള്ളിൽ മറ്റൊരു മുഖമുണ്ട്. അത് ആർഎസ്എസിന്റേതാണ്. സവർണ ഹിന്ദുരാഷ്ട്രം എന്നതുമാത്രമാണ് അവരുടെ ഏക ആശയം. ബിജെപിയുടെ പ്രാമാണിക ഗ്രന്ഥമായ 'വിചാരധാര'യിൽ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും രാജ്യത്തിന്റെ ശത്രുക്കളായി ചിത്രീകരിച്ചിരിക്കുന്നു. ആ പുസ്തകം ശ്രീധരൻ ഒന്ന് വായിക്കണം. അതിനെയെല്ലാം പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം- ബിനോയ് വിശ്വം ചോദിക്കുന്നു. എന്നാൽ, ബിജെപി ഒരിക്കലും ഒരു വർഗീയ പാർട്ടിയല്ലെന്നും മറിച്ച് ഒട്ടേറെ രാജ്യസ്നേഹികളുടെ കൂട്ടായ്മയാണ് ബിജെപി എന്നുമാണ് ശ്രീധരന്റെ മറുപടി.

മത്സരിക്കാൻ ഇഷ്ടം എവിടെ?

സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഇ.ശ്രീധരനെ മത്സരിപ്പിക്കാൻ ബിജെപിയിൽ നീക്കം നടക്കുന്നുണ്ട്. പൊന്നാനിയിൽ മത്സരിക്കാനുള്ള ആഗ്രഹവും ശ്രീധരൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ അടക്കം ശ്രീരാമകൃഷ്ണനെ ബിജെപി കടന്നാക്രമിച്ചിരുന്നു. ശ്രീധരനെ പോലൊരാൾ അഴിമതി വിരുദ്ധത ചൂണ്ടിക്കാണിച്ച് ശ്രീരാമകൃഷ്ണനെതിരെ മത്സരിപ്പിച്ചാൽ അത് ചിലപ്പോൾ നേട്ടമാകാം എന്നാണ് വിലയിരുത്തൽ. അതേസമയം പൊന്നാനി ബിജെപിയുടെ എ പ്ലസ് മണ്ഡലമല്ല. നഗര സീറ്റാണ് ഉദ്ദേശിക്കുന്നതെങ്കിൽ തൃപ്പൂണിത്തുറയായിരിക്കും അദ്ദേഹത്തിന് നൽകുക. അതേസമയം തൃശൂരിലേക്കും അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. ഇവിടെ സുരേഷ് ഗോപിയെയും ടിപി സെൻസകുമാറിനെയും ബിജെപി പരിഗണിക്കുന്നതിനാൽ ശ്രീധരന് സാധ്യത കുറവാണ്. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സജീവമായി ഉണ്ടാവില്ലെന്നാണ് ശ്രീധരൻ പഞ്ഞത്.

താൻ ബിജെപിയിൽ ചേരുന്നു ഒന്ന ഒറ്റ കാരണം കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് ഇരട്ടിയാകുമെന്ന് ശ്രീധരൻ പറയുന്നു. കൂടുതൽ പേർ അതുകൊണ്ട് ബിജെപിയിലേക്ക് വരും. താൻ വളരെ കാലമായി ബിജെപി അനുഭാവിയായിരുന്നു. മോദിയുമായി അടുത്ത ബന്ധമുണ്ട്. തനിക്ക് പരിചയമില്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയല്ല ബിജെപി. സത്യസന്ധത അവിടെയാണ് ഉള്ളത്. കേരളത്തിൽ വികസനം വരേണ്ടതുണ്ട്. കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേരളത്തിൽ വികസം വേണമെന്ന രീതി നടക്കില്ലെന്നും ശ്രീധരൻ പറഞ്ഞു.

ബിജെപി ആശയങ്ങളോട് മന: പൊരുത്തം?

ഇ.ശ്രീധരൻ രാജ്യസ്‌നേഹത്തിന് മുൻതൂക്കം കൊടുക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ഒരഭിമുഖത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ വായിക്കാം.'വിദ്യാലയങ്ങളിലെ അവസ്ഥ മോശമാണ്. വിദ്യാഭ്യാസ നിലവാരം പോകട്ടെ, അച്ചടക്കം, അദ്ധ്യാപകരോടുള്ള ആദരം ഇതൊക്കെ തിരിച്ചു കൊണ്ടുവരണം. സ്വച്ഛ് ഭാരത് പോലുള്ള ആശയങ്ങൾ എന്തു കൊണ്ട് സ്‌കൂളിൽ പഠിപ്പിച്ചു കൂടാ. അത് ബിജെപി സർക്കാർ കൊണ്ടുവന്നതു കൊണ്ട് മറ്റു സർക്കാരുകൾ അതു നടപ്പാക്കരുതെന്നുണ്ടോ? സ്‌കൂളുകളിൽ ഇപ്പോൾ പ്രാർത്ഥന തന്നെയില്ല.'

'ഇപ്പോൾ ജാസ്തി കാണുന്നത് പാർട്ടി സ്നേഹമാണ്. രാജ്യ സ്നേഹമല്ല. ഇപ്പോൾ ദേശീയ ഗാനം പാടുന്നതിനെക്കുറിച്ചു പോലും പലർക്കും സംശയമാണിപ്പോൾ. അത് ആലപിക്കുന്നത് ദേശീയത ഉണർത്തുമെന്നു തന്നെയാണ് എന്റെ പക്ഷം. ദേശീയഗാനം പാടുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കുന്നു. അതൊരു അച്ചടക്കമല്ലേ? ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് ദൈവം അപ്പോൾ പ്രത്യക്ഷപ്പെടുമെന്നു കരുതിയിട്ടല്ല. നമ്മുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്താനാണ്. അതു പോലെയാണത്. അതുപോലെ സൈനിക പരിശീലനം നിർബന്ധമാക്കണം. വിദ്യാഭ്യാസം കഴിഞ്ഞിട്ട് ഒരു വർഷം അതു വേണം. എന്തു ചെയ്യുമ്പോഴും രാഷ്ട്രീയ ലാഭമല്ല, രാഷ്ട്രത്തിന്റെ ലാഭമാണ് നോക്കേണ്ടത്.'

രണ്ടുദിവസം മുമ്പ് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു: 'ജോലിയിലിരിക്കുമ്പോൾ പക്ഷഭേദമില്ലാതെയാണ് പ്രവർത്തിച്ചത്. ഇപ്പോൾ കർമ്മങ്ങളെല്ലാം തീർന്നു. അവസാനത്തേതായിരുന്നു പാലാരിവട്ടം പാലം. പാർട്ടി വളർത്താനാണ് മറ്റ് പാർട്ടികൾ ശ്രമിക്കുന്നത്. എന്നാൽ ബിജെപി ശ്രമിക്കുന്നത് രാജ്യം വളർത്താനാണ്'.

പെട്ടെന്ന് എടുത്ത തീരുമാനമോ?

88 കാരനായ എഞ്ചിനീയർ രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ആലോചിച്ച് എടുത്ത തീരുമാനമാണ്. തന്റെ അഴിമതി വിരുദ്ധപോരാട്ടത്തോട് നീതി പുലർത്താൻ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളു എന്നതാണ് അദ്ദേഹത്തിന്റെ വിശ്വാസം. ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ് സ്വാഭാവികമാണ്. ഇടതിന്റെ നയങ്ങളോട് അദ്ദേഹം ഇടഞ്ഞും നിൽക്കുന്നു. ധാരാളം സാധ്യതകൾ ഉള്ള കേരളത്തിന്റെ ഭാവിക്കായി താൻ ബിജെപിയെ തിരഞ്ഞെടുത്തത് ശരിയായ തീരുമാനമെന്നും അദ്ദേഹം വിശ്വസിക്കുന്നു. തന്റേതായ ഉറച്ച അഭിപ്രായങ്ങൾ പറയുമ്പോൾ അദ്ദേഹം പ്രധാനമന്ത്രിയാണോ മുഖ്യമന്ത്രിയാണോ എന്നൊന്നും നോക്കാറില്ല. 2018 ൽ പ്രധാനമന്ത്രിയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ അദ്ദേഹം വിമർശിച്ചിരുന്നു. ബുള്ളറ്റ് ട്രെയിനുകൾ സമ്പന്നർക്ക് വേണ്ടിയുള്ളതാണ്. അത് സാധാരണക്കാർക്ക് വേണ്ടിയുള്ളതല്ല. സുരക്ഷിതമായ റെയിൽവെയാണ് നമ്മുടെ ആവശ്യം, അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിലാകട്ടെ ഇരുമുന്നണികളും രാഷ്ട്രീയം കളിച്ച് സംസ്ഥാനത്തെ പുറകോട്ടടിച്ചുവെന്നാണ് ശ്രീധരന്റെ വിമർശനം. ഇത്തവണ കേരളത്തിൽ ബിജെപി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള മികച്ച സാധ്യതയുണ്ടെന്നും കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നതുകൊണ്ട് അത് സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് സഹായകമാകുമെന്നും വിശ്വസിക്കുന്നു ഇ.ശ്രീധരൻ. ഏതായാലും ദേശീയമാധ്യമങ്ങൾ അടക്കം വാക്കുകൾ ഏറ്റുപിടിച്ചതോടെ ശ്രീധരൻ ലൈംലൈറ്റിലാണ്. ആ തിളക്കം കണ്ടില്ലെന്ന് നടിക്കാൻ മറ്റുമുന്നണികൾക്ക് ആവുന്നില്ല താനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP