Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിയും അമേരിക്കൻ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന്റെ ഫോട്ടോ പുറത്ത്; കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ കെ എസ് ഐ എൻ സി; ആഴക്കടൽ കൊള്ളയിൽ കൂടുതൽ തെളിവ് പുറത്തു വിട്ട് പ്രതിപക്ഷ നേതാവ്; പ്രത്യക്ഷ സമരത്തിന് മത്സ്യത്തൊഴിലാളികളും

മന്ത്രിയും അമേരിക്കൻ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന്റെ ഫോട്ടോ പുറത്ത്; കരാർ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള മുൻ ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ കെ എസ് ഐ എൻ സി; ആഴക്കടൽ കൊള്ളയിൽ കൂടുതൽ തെളിവ് പുറത്തു വിട്ട് പ്രതിപക്ഷ നേതാവ്; പ്രത്യക്ഷ സമരത്തിന് മത്സ്യത്തൊഴിലാളികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇ എം സി സി അഴിമതിയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതാപരമാണെന്ന് പറഞ്ഞ അദ്ദേഹം ഇ എം സി സി പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തുന്ന ഫോട്ടോകൾ പുറത്തുവിട്ടു. ഈ കരാറിനെതിരെ മത്സ്യ തൊഴിലാളികളും സമരത്തിന് ഒരുങ്ങുകയാണ്.

വ്യവസായമന്ത്രി ഇ പി ജയരാജൻ പ്രതിപക്ഷ നേതാവ് എന്തൊക്കെയോ വിളിച്ചുപറയുന്നുവെന്നാണ് പറഞ്ഞത്. മേഴ്സിക്കുട്ടിയമ്മ തനിക്കെതിരെ നടത്തിയ പരാമർശത്തിൽ വിഷമമില്ല. മേഴ്സിക്കുട്ടിയമ്മ പിണറായിയുടെ ഗ്രൂപ്പുകാരിയല്ല, വി എസ് ഗ്രൂപ്പുകാരിയാണ്. എന്നാൽ പിണറായിക്കൊപ്പം അഞ്ച് വർഷം കൂടിയപ്പോൾ മേഴ്സിക്കുട്ടിയമ്മയുടെ സംസാരശൈലി മാറിയെന്ന് ചെന്നിത്തല പരിഹസിച്ചു. അങ്ങനെ മന്ത്രിയെ കടന്നാക്രമിച്ച ശേഷമാണ് ഫോട്ടോ പുറത്തു വിട്ടത്. ഇതോടെ ചർച്ച നടന്നുവെന്ന കാര്യം ഏതാണ്ട് സ്ഥിരീകരിക്കപ്പെടുകയാണ്. നേരത്തെ ഇത്തരമൊരു ചർച്ച നടന്നിരുന്നില്ലെന്ന് മന്ത്രി മേഴ്‌സികുട്ടിയമ്മ പറഞ്ഞിരുന്നു.

വിദേശകപ്പലുകൾക്ക് കേന്ദ്രസർക്കാർ അനുമതിനൽകുന്നതിൽ പ്രതിഷേധിച്ച് ഒട്ടേറെ സമരങ്ങൾ നടന്നിരുന്നു. സർക്കാർ തന്നെ ഇത്തരം സമരങ്ങൾക്ക് പിന്തുണനൽകുന്ന നിലപാടെടുത്തു. ഇപ്പോൾ സംസ്ഥാന പൊതുമേഖലാസ്ഥാപനംതന്നെ വിദേശ കമ്പനിയുമായി കരാർ ഒപ്പിടുകയാണ്. മേഖലയെ ബാധിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളിസംഘടനകളുമായി ചർച്ചചെയ്യാൻപോലും സർക്കാർ തയ്യാറായിട്ടില്ലെന്നും ആരോപണമുയരുകയാണ്. ഇതിനിടെയാണ് മന്ത്രി നേരിട്ട് ചർച്ച നടത്തിയെന്ന് തെളിയിക്കുന്ന ഫോട്ടോ പുറത്തു വരുന്നത്. ഫിഷറീസ് വകുപ്പിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും എല്ലാം വ്യവസായ വകുപ്പാണ് ചെയ്തതെന്നും മേഴ്‌സികുട്ടിയമ്മ പറഞ്ഞിരുന്നു. ഇതാണ് ചെന്നിത്തല ഫോട്ടോ പുറത്തു വിട്ട് സംശയ നിഴലിലാക്കുന്നത്.

മന്ത്രിയുമായി സംസാരിച്ചുവെന്ന കാര്യം ഇ എം സി സി പ്രതിനിധികൾ സ്ഥിരീകരിക്കുന്നുണ്ട്. മേഴ്സിക്കുട്ടിയമ്മ ഉരുണ്ടുകളിക്കുകയാണ്. കമ്പനിയുടെ ഉടമസ്ഥൻ ഷിജു വർഗീസ് ചർച്ച നടത്തുന്ന ഫോട്ടോകളാണ് താൻ പുറത്തുവിട്ടത്. ആർക്ക് വേണമെങ്കിലും ഇതു പരിശോധിക്കാം. അമേരിക്കയിൽ ചർച്ച നടത്തുന്ന ഫോട്ടോകളും വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി അടക്കമുള്ളവർ ഈ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെന്നും ചെന്നിത്തല വെളിപ്പെടുത്തി. ഇതോടെ ഒന്നിലധികം തവണ ചർച്ച നടന്നുവെന്നാണ് ചെന്നിത്തല പറയുന്നത്.

മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി ഒരു പദ്ധതി ഒരു ബഹുരാഷ്ട്രകമ്പനി സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട മന്ത്രിയുമായി ചർച്ച നടത്തിയ കാര്യം റഫറൻസായി വെറുതെ എഴുതിവയ്ക്കുമോ? ആരെ കബളിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്? ഞാൻ ഇന്ന് രണ്ട് രേഖകൾ കുടി പുറത്തുവിടുകയാണ്. സംസ്ഥാന ഫിഷറീസ് വകുപ്പിന് ഇ.എം.സി.സി. 3.8.2019 ൽ സമർപ്പിച്ച കോൺസെപ്‌ററ് നോട്ട് ആണ് ഒന്ന്. രണ്ടാമത്തേത് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2019 ആഗസറ്റ് 2 ന് ഇ.എം.സി.സി. പ്രസിഡന്റ് നൽകിയ കത്ത്. ഈ രണ്ട് രേഖകളിലും മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ന്യൂയോർക്കിൽ വച്ച് ഇ.എം.സി.സി.യുമായി നടത്തിയ ചർച്ചയാണ് ഈ പദ്ധതിക്ക് ആധാരമെന്ന് പറയുന്നു. ഫിഷറീസ് വകുപ്പിന് സമർപ്പിച്ച പദ്ധതി രേഖയെപ്പറ്റിയും ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൊടുത്ത കത്തിനെപ്പറ്റിയും മന്ത്രിക്ക് അറിവില്ല എന്ന് പറയുന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും വിശ്വസിക്കാൻ കഴിയില്ല.

സർക്കാർ അറിയാതെയാണോ ഇ.എം.സി.സി.ക്ക് 4 ഏക്കർ സ്ഥലം കൊടുത്തത്? സർക്കാർ അറിയാതെയാണോ മുഖ്യമന്ത്രി നേരിട്ട് കൈാര്യം ചെയ്യുന്ന കെ.എസ്‌ഐ.എൻ.സി.യുമായി 400 ട്രോളറുകൾക്കും മറ്റുമുള്ള എം.ഒ.യു. ഒപ്പിട്ടത്? ഇവിടെ പകൽ പോലെ വ്യക്തമാണ് കാര്യങ്ങൾ. കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴിതി നൽകി കൊള്ള നടത്താനുള്ള ശ്രമാണ് നടന്നത്. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതിനും അവരെ പട്ടിണിയാക്കുന്നതിനുമുള്ള ഹീനമായ ശ്രമമാണ് നടന്നത്. പ്രതിപക്ഷം ഇത് കണ്ടെത്താതിരുന്നു എങ്കിൽ രണ്ടോ മൂന്നോ വർഷം കൊണ്ട് കേരളത്തിലെ സമുദ്രത്തിലെ മത്സ്യസമ്പത്ത് അപ്പാടെ കൊള്ളയടിക്കപ്പെടുമായിരുന്നു. മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള, മുൻചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ, കെ.എസ്‌ഐ.എൻ.സിയുമായി ഇ.എം.സി.സി. ഇത്രയും വലിയ പദ്ധതിയിൽ ധാരാണാപത്രം ഒപ്പിടുമ്പോൾ മുഖ്യമന്ത്രി അത് അറിയാതെ പോകുമോ?-ചെന്നിത്തല പറയുന്നു.

സംസ്ഥാനസർക്കാരിനോട് കൈകോർത്ത്, ആഴക്കടലിലെ മത്സ്യശേഖരം പിടിച്ചെടുക്കാൻ അമേരിക്കൻ കമ്പനി പദ്ധതി ആസൂത്രണംചെയ്തുവെന്ന ആരോപണം മത്സ്യമേഖലയിൽ വിവാദമാകുകയാണ്. ബിൽഡ്, ഓൺഡ്, ഓപ്പറേറ്റ്, ആൻഡ് ട്രാൻസ്ഫർ (ബൂട്ട്) എന്ന വ്യവസ്ഥയിലാണ് ഇ.എം.സി.സി. കമ്പനി പണം മുടക്കുന്നത്. 20 മുതൽ 25 വർഷം പദ്ധതിനിർവഹണത്തിന് കമ്പനിക്ക് അവകാശമുണ്ടാകും. അതിനുശേഷം യാനങ്ങളും ഉടമസ്ഥാവകാശവും സർക്കാരിന് കൈമാറും. 400 ആധുനിക ട്രോളറുകൾ കേരളത്തിൽ നിർമ്മിക്കുന്നതുൾപ്പെടെയാണ് കരാർ. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. 2950 കോടിയാണ് കമ്പനി ചെലവഴിക്കുന്നത്. സംസ്ഥാനത്ത് 10 വർഷത്തേക്ക് ഒരു മീൻപിടിത്തയാനത്തിനും ലൈസൻസ് നൽകരുതെന്ന് സർക്കാർ തീരുമാനമെടുത്തിട്ടുള്ളതാണ്. തൊഴിലാളിസംഘടനകളുമായി ചർച്ചചെയ്താണിത്. അതിനിടെ, സർക്കാർ, 400 ട്രോളർ നിർമ്മിക്കാൻ വിദേശകമ്പനിക്ക് അനുമതി നൽകിയത് ആശങ്കയുണർത്തുകയാണ്. ആവശ്യമായതിന്റെ മൂന്നിരട്ടി യാനങ്ങൾ ഇപ്പോൾത്തന്നെയുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്.

ലോകത്തെ മിക്കവാറും എല്ലാ മത്സ്യസങ്കേതങ്ങളിലും അമിതചൂഷണത്തെത്തുടർന്ന് മത്സ്യക്ഷാമം അനുഭവപ്പെടുകയാണ്. മത്സ്യം അവശേഷിക്കുന്ന രണ്ട് പ്രധാനമേഖലകളാണ് ബംഗാൾ ഉൾക്കടലും അറബിക്കടലും. വിദേശകമ്പനികൾ കേരളത്തെ ലക്ഷ്യംവെക്കുന്നത് അതുകൊണ്ടാണ്. കേരളത്തിന്റെ അതിർത്തിക്കടലിൽ കയറ്റുമതി ഇനത്തിൽപ്പെട്ട മത്സ്യങ്ങളുടെ വൻ ശേഖരമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അത് പിടിക്കാനുള്ള സാങ്കേതികസംവിധാനങ്ങളില്ലെന്നാണ് വിലയിരുത്തൽ. ഈ പ്രശ്‌നം പരിഹരിക്കാനാണ് അമേരിക്കൻ കമ്പനിയുടെ സഹകരണം തേടുന്നതെന്ന് സർക്കാരും പ്രതിരോധം തീർക്കുന്നു. പക്ഷേ, കമ്പനിയുടെ ട്രോളറുകൾ ആഴക്കടലിൽമാത്രമായി ഒതുങ്ങില്ല. തീരക്കടലിലേക്കെത്തും. ഇത് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാകും.

കൊച്ചിയിൽ നടന്ന ആഗോളനിക്ഷേപകസംഗമ(അസെന്റ്-2020)ത്തിലാണു ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രപ്രകാരമുള്ള അനുബന്ധകരാറിൽ ഇ.എം.സി.സിയും വ്യവസായവകുപ്പിനു കീഴിലുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെ.എസ്‌ഐ.എൻ.സി) ഒപ്പിട്ടു. 400 അത്യാധുനിക ആഴക്കടൽ ട്രോളറുകളും അഞ്ച് കൂറ്റൻ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കാൻ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണു കരാർ. യു.എസ്. കമ്പനിയുമായി കരാറൊപ്പിടാൻ 2019-ലെ മത്സ്യബന്ധനനയംതന്നെ സർക്കാർ തിരുത്തി. കരാറിലൂടെ ബഹുരാഷ്ട്രക്കുത്തകകൾക്കു കേരളതീരം തുറന്നുകൊടുത്തതിനു പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നാണു പരാതി.

പദ്ധതിക്കായി താത്പര്യപത്രമോ ആഗോള ടെൻഡറോ ക്ഷണിച്ചിട്ടില്ല. കരാർ ഒപ്പിടുന്നതിനു മുമ്പ് ഇടതുമുന്നണിയിൽ ചർച്ചചെയ്തില്ല. പ്രതിപക്ഷത്തോടോ മത്സ്യബന്ധനമേഖലയിലെ തൊഴിലാളികളോടോ ആലോചിച്ചില്ല. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ 2018-ൽ ന്യൂയോർക്ക് സന്ദർശിച്ചപ്പോൾ ഇ.എം.സി.സി. പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. അന്നാണ് ഇടപാടുകൾക്കു തുടക്കമായതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. പുതിയ ഫിഷറീസ് നയം സംബന്ധിച്ച് 2019 ജനുവരി 14-നാണ് സർക്കാർ ഉത്തരവിറക്കിയത്. നയത്തിലെ ഖണ്ഡിക 2.9 പ്രകാരണമാണു ധാരണാപത്രമെന്നു വ്യവസായമന്ത്രി ഇ.പി. ജയരാജന് ഇ.എം.സി.സി. നൽകിയ കത്തിൽ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് കഴിഞ്ഞവർഷം കൊച്ചിയിൽ നടന്ന അസെന്റിലേക്കു കമ്പനിയെ ക്ഷണിച്ച് ധാരണാപത്രം ഒപ്പിട്ടു. ധാരണപ്രകാരമുള്ള 400 അത്യാധുനിക ട്രോളറുകളിൽ ഓരോന്നിനും രണ്ടുകോടി രൂപയാകും. അഞ്ച് മദർ വെസലുകൾക്ക് 74 കോടി വീതം. ട്രോളറുകൾ അടുക്കാൻ തുറമുഖങ്ങൾ നവീകരിക്കുകയും പുതിയവ നിർമ്മിക്കുകയും വേണം. അതിനായി പള്ളിപ്പുറത്ത് നാല് ഏക്കർ നൽകാനും ധാരണയുണ്ട്.

യു.എസ്. കമ്പനിയായ ഇ.എം.സി.സി. ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ ഇ.എം.സി.സി. (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡുമായാണു ധാരണാപത്രം ഒപ്പിട്ടത്. ഈ ഉപസ്ഥാപനം രണ്ടുവർഷം മുമ്പാണു രൂപീകരിച്ചത്; മൂലധനം 10 ലക്ഷം രൂപ. അങ്കമാലിയിലാണു താത്കാലിക ഓഫീസ്. കെ.എസ്‌ഐ.എൻ.സി. മാനേജിങ് ഡയറക്ടർ എൻ. പ്രശാന്തും ഇ.എം.സി.സി. (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വർഗീസുമാണു കഴിഞ്ഞ ഫെബ്രുവരി നാലിനു ധാരണാപത്രം ഒപ്പിട്ടത്. 5000 കോടി രൂപയുടെ പദ്ധതിക്കായിരുന്നു ധാരണയെങ്കിലും 2950 കോടിയുടേതാണു കരാർ. സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണിതെന്നും 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രശാന്ത് പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP