Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

400 അത്യാധുനിക ആഴക്കടൽ ട്രോളറുകളും അഞ്ചു അത്യാധുനിക കൂറ്റൽ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവരാൻ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം; അനുമതി കൊടുത്തത് അമേരിക്കൻ കമ്പനിക്ക്; ന്യൂയോർക്കിലെ ചർച്ചയ്ക്ക് ശേഷം നയം മാറ്റം; പിന്നിൽ 500 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല; ഇഎംസിസി ഇടപാടിൽ മന്ത്രി മേഴ്‌സികുട്ടിയമ്മ പ്രതിക്കൂട്ടിൽ

400 അത്യാധുനിക ആഴക്കടൽ ട്രോളറുകളും അഞ്ചു അത്യാധുനിക കൂറ്റൽ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവരാൻ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനം; അനുമതി കൊടുത്തത് അമേരിക്കൻ കമ്പനിക്ക്; ന്യൂയോർക്കിലെ ചർച്ചയ്ക്ക് ശേഷം നയം മാറ്റം; പിന്നിൽ 500 കോടിയുടെ അഴിമതിയെന്ന് ചെന്നിത്തല; ഇഎംസിസി ഇടപാടിൽ മന്ത്രി മേഴ്‌സികുട്ടിയമ്മ പ്രതിക്കൂട്ടിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇ.എം.സി.സി. ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിയുമായുള്ള കേരളത്തിന്റെ സമുദ്രത്തിലെ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള കരാർ വിവാദത്തിൽ. 5000 കോടി രൂപയുടെതാണ് ഈ പദ്ധതി. കൊച്ചിയിൽ നടന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റ് എന്ന അസന്റ് 2020 ൽ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്. ഇതനുസരിച്ചുള്ള അനുബന്ധകരാറുകളിൽ കേരള സർക്കാരും ഇഎംസിസി ഇന്റർനാഷണലും തമ്മിൽ കഴിഞ്ഞ ആഴ്ച ഒപ്പിട്ടു. ഇതിൽ വമ്പൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിന്റെ രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു.

സർക്കാരിന്റെ പുതിയ അഴിമതി പുറത്തു വിടുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. കേരള സമുദ്രത്തിലെ ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇ.എം.സി.സി കമ്പനിയുമായുള്ള കരാറിൽ 5000 കോടി രൂപയുടെ അഴിമതിയുണ്ട്. അമേരിക്കൻ കമ്പനിക്ക് മത്സ്യബന്ധനത്തിന് അനുമതി നൽകിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ്. ഗൂഢാലോചനക്ക് നേതൃത്വം നൽകിയത് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്കിടെയാണ് ഈ ആരോപണം ചർച്ചയാക്കുന്നത്.

400 അത്യാധുനിക ആഴക്കടൽ ട്രോളറുകളും അഞ്ചു അത്യാധുനിക കൂറ്റൽ കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവരാൻ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് പദ്ധതി. കോടികളുടെ തിരിമറി ഈ ഇടപാടിൽ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നുവെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇടതുസർക്കാർ അന്തർദേശിയ തലത്തിൽ ആസൂത്രണം ചെയ്ത മറ്റു കൊള്ളകളായ സ്പ്രിങ്‌ളർ, ഇ.മൊബിലിറ്റി തുടങ്ങിയവ പോലെയോ അതിനെക്കാൾ ഗുരുതരമോ ആണ് ഇതെന്ന് ചെന്നിത്തല പറയുന്നു. ഈ കരാർ ഒപ്പിടും മുൻപ് ഭരണമുന്നണിയിൽ ചർച്ച നടത്തിയിട്ടില്ല. പ്രതിപക്ഷ പാർട്ടികളുമായോ മത്സ്യബന്ധനമേഖലയിലെ സംഘടനകളുമായോ ആലോചിക്കാതെയാണ് വിദേശ കപ്പലുകളെ നമ്മുടെ തീരത്തേയ്ക്ക് കൊണ്ടുവരാനുള്ള അത്യന്തം അപകടകരമായ നീക്കം സർക്കാർ നടത്തിയത്. ഇതിനു പിന്നിൽ വൻഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

ഫിഷറീസ് വകുപ്പുമന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ 2018 ൽ ന്യൂയോർക്കിൽ ഇ.എം.സി.സി. പ്രതിനിധികളുമായി നടത്തിയ ചർച്ചയോടെയാണ് ഈ ഇടപാടിന് തുടക്കം കുറിച്ചത്. ആ മീറ്റിംഗിനെ തുടർന്ന് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കപ്പെട്ടു. ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി പിറ്റേ വർഷം അതായത് 2019 ൽ മത്സ്യനയത്തിൽ മാറ്റം വരുത്തി ഫിഷറീസ് നയം പ്രഖ്യാപിച്ചു. പദ്ധതി ആസൂത്രണം ചെയ്ത ശേഷം മത്സ്യനയത്തിൽ മാറ്റം വരുത്തിയത് സംശയത്തിനിട നൽകുന്നു. പ്രസ്തുത നയത്തിലെ ഖണ്ഡിക 2.9 പ്രകാരമാണ് ഇത്തരമൊരു ധാരണാപത്രത്തിൽ ഏർപ്പെട്ടതെന്നാണ് ഇ.എം.സി.സി കമ്പനി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് നൽകിയ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

പ്രസ്തുത നിബന്ധന ഫിഷറീസ് മന്ത്രിയുടെ മീറ്റിംഗിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയതാണെന്ന് ഇതോടെ വ്യക്തമാവുകയാണ്. മത്സ്യ നയത്തിലെ ഖണ്ഡിക 2.9 ഇങ്ങനെയാണ്. - അമിത ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കോണ്ടിനെന്റൽ ഷെൽഫ് ഏരിയയിൽ നിന്നും നിലവിലെ മത്സ്യബന്ധന സമ്മർദ്ദം കോണ്ടിനെന്റൽ സ്ലോപ്പ് ഏരിയയിലേക്ക് മാറ്റപ്പെടേണ്ടതിന് പുറം കടലിൽ ബഹുദിന മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകും എന്നായിരുന്നു അത്. തുടർന്ന് 2020 ൽ കൊച്ചയിൽ നടന്ന അസന്റിലേക്ക് ഈ കമ്പനിയെ ക്ഷണിച്ചു വരുത്തുകയും അവിടെ വച്ച് ധാരണാ പത്രത്തിൽ ഒപ്പിടുകയുമാണ് ചെയ്തത്.

അമേരിക്കൻ കമ്പനിയായ ഇ.എം.സി.സി. ഇന്റർ നാഷണലിന്റെ സബ്‌സിഡയറി കമ്പനിയായ ഇ.എം.സി.സി. ഇന്റർനാഷണൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിയുമായാണ് ധാരണാ പത്രം ഒപ്പിട്ടിരിക്കുന്നത്. ഈ കമ്പനി രണ്ടുവർഷം മുൻപ് മാത്രമാണ് രൂപീകരിച്ചത്. മൂലധനം വെറും 10 ലക്ഷം രൂപ മാത്രം. മറ്റു തട്ടിപ്പുകൾ പോലെ ഇതിലും താത്പര്യപത്രം ക്ഷണിക്കുകയോ ഗ്ലോബൽ ടെൻഡർ വിളിക്കുകയോ ചെയ്തിട്ടില്ല. കരാർ അനുസരിച്ച് 400 അത്യാധുനിക യന്ത്രവൽകൃത ട്രോളറുകൾ വാങ്ങും. ഓരോന്നിനും വില 2 കോടി രൂപ. അഞ്ച് മദർ വെസലുകളും വാങ്ങും. അതിന് വില 74 കോടി രൂപ.

ഈ ട്രോളറുകൾ അടുക്കാൻ കേരളത്തിലെ ഹാർബറുകൾക്ക് സൗകര്യമില്ലാത്തതിനാൽ ഇവിടുത്തെ ഹാർബറുകൾ വികസിപ്പിക്കുകയും പുതിയ ഹാർബറുകൾ ഉണ്ടാക്കുകയും ചെയ്യും. ഇങ്ങനെ പിടിക്കുന്ന മത്സ്യം കേരളത്തിൽ തന്നെ സംസ്‌ക്കരിക്കുമെന്ന്ാണ് വാഗ്ദാനം ചെയ്യുന്നത്. അതിനായി സംസ്‌ക്കരണ യൂണിറ്റുകൾ സ്ഥാപിക്കും. ഇതിനായി പള്ളിപ്പുറത്ത് 4 ഏക്കർ സ്ഥലം നൽകാനും ധാരണയുണ്ട്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വർദ്ധിക്കുമെന്നും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുമുള്ള മോഹന വാഗ്ദാനങ്ങളാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. പക്ഷേ, മത്സ്യസമ്പത്ത് അപ്പാടെ തൂത്തുവാരുന്നതോടെ രണ്ടോ മൂന്നോ വർഷം കൊണ്ട് നമ്മുടെ മത്സ്യസമ്പത്ത് അപ്പാടെ നശിക്കും. ലോകത്ത് മറ്റു എല്ലായിടത്തും സംഭവിച്ചതുപോലെ ഇവിടെയും മത്സ്യമേഖല അപ്പാടെ നശിക്കുകയാവും ചെയ്യുന്നതെന്ന് ചെന്നിത്തല പറയുന്നു.

നമ്മുടെ സമുദ്രത്തിൽ കൂറ്റൻ കപ്പലുകൾ ഉപയോഗിച്ച് വിദേശകമ്പനികൾ മത്സ്യബന്ധനം നടത്തുന്നതിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും എതിർത്തു വന്നിരിക്കുന്നത്. മത്സ്യത്തൊഴിലാളികളും വൻചെറുത്തുനില്പാണ് നടത്തി വന്നിരുന്നത്. സിപിഎമ്മും ശക്തമായ എതിർപ്പാണ് ഇതുവരെ ഇക്കാര്യത്തിൽ സ്വീകരിച്ചിരുന്നത്. എന്നാൽ, പിണറായി സർക്കാർ ഇക്കാര്യത്തിൽ തകിടം മറിഞ്ഞ്, വൻകിട കുത്തക കമ്പനികൾക്ക് കേരളതീരം തുറന്നു കൊടുക്കാൻ തീരുമാനിച്ചതിന്റെ പിന്നിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

വൻകിട കുത്തക കമ്പനികളുടെ അനിയന്ത്രിതമായ ആഴക്കടൽ മത്സ്യബന്ധപ്രവർത്തനങ്ങളെ തുടർന്ന് ഏതാണ്ട് എല്ലാ പ്രധാന സമുദ്രമേഖലകളിലെയും മത്സ്യസമ്പത്ത് ശുഷ്‌ക്കമായിപ്പോയെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലെയും ശേഷിച്ചിട്ടുള്ള മത്സ്യസമ്പത്തിൽ ഈ കൂറ്റൻ കമ്പനികളുടെ കണ്ണ് പതിഞ്ഞിരിക്കുന്നതെന്നാണ് ആക്ഷേപം. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ അമേരിക്കൻ കുത്തക കമ്പനിയുടെ ആശ്രിതരും, കൂലിത്തൊഴിലാളികളാക്കുന്ന നടപടിയാണ് ഈ പദ്ധതി പ്രാവർത്തികമാകുന്നതോടെ സംഭവിക്കാൻ പോകുന്നതെന്ന് ചെന്നിത്തല വിശദീകരിക്കുന്നു.

കേരളത്തിലെ മത്സ്യത്തൊഴികളുടെ വരുമാനവും, കയറ്റുമതിയും വർദ്ധിപ്പിക്കും തുടങ്ങി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പ്രലോഭിപ്പിക്കുന്ന നിരവധി മോഹന വാഗ്ദാനങ്ങൾ കമ്പനിയും മുന്നോട്ട് വക്കുന്നുണ്ട്. ഇതേ ന്യായങ്ങൾ തന്നെയാണ് കാർഷിക നിയമങ്ങൾ നടത്താൻ മോദി സർക്കാരും മുന്നോട്ട് വയ്ക്കുന്നത് എന്നതാണ് അത്ഭുതകരം. കേരളത്തിന്റെ കടലിനെ കൊള്ളയടിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തകർക്കാനുമിടായക്കുന്ന ഈ പദ്ധതി സർക്കാർ ഉപേക്ഷിക്കണം. ഇതിന്റെ പിന്നിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല പറയുന്നു.

അമൂല്യമാണ് കേരളത്തിന്റെ മത്സ്യസമ്പത്ത്. ഇതുകൊള്ളയടിക്കാൻ അന്തർദേശീയ ശക്തികളും കമ്പനികളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ ചെറുത്തു നില്പിലൂടെയാണ് കേരളം ആ ശ്രമങ്ങളെ ഇതുവരെ പരാജയപ്പെട്ടുത്തിയിരുന്നത്. എന്നാൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാർ നമ്മുടെ മത്സ്യമേഖലയെയും കടലിനെയും ഒരുവൻകിട അമേരിക്കൻ കമ്പനിക്ക് തീറെഴുതി നൽകാനുള്ള കരാറിൽ ഒപ്പുവച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു.

ആരോപണം നിഷേധിച്ച് മന്ത്രിയും

അതിനിടെ ആഴക്കടൽ മത്സ്യബന്ധനത്തിന് ഒരു കമ്പനിയുമായും കരാർ ഒപ്പിട്ടിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജൻസിക്കും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. തുറന്നുകൊടുക്കുന്ന പ്രശ്നവുമില്ല. പരമ്പാഗത തൊഴിലാളിക്ക് എതിരായ ഒരു ഫിഷറീസ് നയവുമില്ലെന്നും ന്യൂയോർക്കിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ന്യൂയോർക്കിൽ ഒരു ചർച്ചയും നടന്നിട്ടില്ല. യുഎൻ ക്ഷണിച്ച പരിപാടിക്കാണ് അമേരിക്കയിൽ പോയത്. യുഎൻ പരിപാടിയിൽ അല്ലാതെ മറ്റാരോടും അമേരിക്കയിൽ ചർച്ച നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. ആരെങ്കിലും കത്ത് പുറത്തുവിട്ടാൽ നമുക്ക് എന്താണ് കാര്യമെന്നും വ്യവസായ മന്ത്രിക്ക് കമ്പനി അയച്ച കത്ത് സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു.

മത്സ്യത്തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് കേന്ദ്രസർക്കാർ വിദേശി ഡിസി ട്രോളറുകൾ അനുമതി നിഷേധിച്ചിരിക്കുന്നത്. അനുമതി കൊടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്, സംസ്ഥാനത്തിനല്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പരമ്പരാഗ തൊഴിലാളിയുടെ അവകാശം ഘനിക്കുന്ന ഒരുകാര്യവും കേരളം ചെയ്യില്ലെന്നും ഇത് അസംബന്ധ പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ഡിസി ട്രോളറുകൾക്ക് കേരളതീരം തുറന്നുകൊടുക്കുക എന്ന പ്രശ്നമുദിക്കുന്നില്ലെന്നും അഴക്കടൽ മത്സ്യബന്ധനത്തിന് പരമ്പരാഗത മത്സ്യത്തൊഴിലാളിയെ പ്രാപ്തരാക്കുക എന്ന പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. കേരളവും കേന്ദ്രവും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ്. 10 ബോട്ടുകൾക്ക് പെർമിറ്റ് നടത്താൻ കേരളം തീരുമാനിച്ചിട്ടുണ്ട്. അതല്ലാതെ ഒരു വിദേശികൾക്കും അനുമതി കൊടുക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP