Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതാ സ്ഥാനാർത്ഥികളെ കൂടുതൽ കളത്തിലിറക്കാൻ ആലോചിച്ചു എഐസിസി; യുവ രക്തങ്ങളും പ്രൊഫഷണലുകളുമായ വനിതാ സ്ഥാനാർത്ഥികളെ കളത്തിൽ ഇറക്കിയേക്കും; വിജയസാധ്യത കുറഞ്ഞ സീറ്റുകളിൽ പരിചിത മുഖങ്ങൾക്ക് പകരം പരിഗണിക്കുന്നത് ഇതുവരെ തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങാത്ത പുതുമുഖങ്ങളെ; വിജയം കൊയ്യാൻ കോൺഗ്രസിന് വേണ്ടത് തലമുറമാറ്റം

വനിതാ സ്ഥാനാർത്ഥികളെ കൂടുതൽ കളത്തിലിറക്കാൻ ആലോചിച്ചു എഐസിസി; യുവ രക്തങ്ങളും പ്രൊഫഷണലുകളുമായ വനിതാ സ്ഥാനാർത്ഥികളെ കളത്തിൽ ഇറക്കിയേക്കും; വിജയസാധ്യത കുറഞ്ഞ സീറ്റുകളിൽ പരിചിത മുഖങ്ങൾക്ക് പകരം പരിഗണിക്കുന്നത് ഇതുവരെ തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങാത്ത പുതുമുഖങ്ങളെ; വിജയം കൊയ്യാൻ കോൺഗ്രസിന് വേണ്ടത് തലമുറമാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയം മാറി മറയുമ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയവു മാറ്റം അതിയായ ആഗ്രഹിക്കുന്ന ഘട്ടമാണ്. എഐസിസി നേരിട്ടു നയിക്കുന്ന തെരഞ്ഞെടുപ്പാകും ഇക്കുറിയെന്ന് വ്യക്തമാകും. പതിവുപോലെ തെരഞ്ഞെടുപ്പു അടുക്കുമ്പോൾ കോൺഗ്രസിലെ സ്ഥാനാർത്ഥി മോഹികൾ മുന്നോട്ടു വന്നിട്ടുണ്ട്. സീറ്റിനായി ഇടിച്ചു നിൽക്കുന്നവരുടെ പ്രധാന നീക്കം ഗ്രൂപ്പുകളി തന്നെയാണ് താനും. എന്നാൽ, മുൻ കാലങ്ങളുടേതിന് വ്യത്യസ്തമായി പ്രൊഫഷണലുകളെയും പുതുമുഖങ്ങളെയും കളത്തിൽ ഇറക്കിയാൽ മാത്രമേ വിജയസാധ്യതയുള്ളൂ എന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്.

വനിതാ പ്രാധാന്യം എന്നത് എന്നും കോൺഗ്രസിൽ അപൂർവ്വമായി സംഭവിക്കുന്ന കാര്യമാണ്. ഇപ്പോൾ കോൺഗ്രസ് നിരയിൽ ഷാനിമോൾ ഉസ്മാൻ മാത്രമാണ് എംഎൽഎയായി രംഗത്തുള്ളത്. കൂടുതൽ വനിതകളെ വിജയസാധ്യത കുറഞ്ഞ സീറ്റിൽ എങ്കിലും മത്സരിപ്പിക്കണം എന്ന അഭിപ്രായം ശക്തമായി ഉയരുന്നുണ്ട്. കോൺഗ്രസിനുള്ളിൽ ഇത്തരം ചിന്തകൾ ശക്തമാകുന്നത് ഇക്കുറി സ്ഥാനാർത്ഥിയാകാൻ കളത്തിലുള്ള വനിതകൾക്ക് വിജയസാധ്യത കുറവായതിനാലാണ്. പത്മജ വേണുഗോപാലും ലതിക സുഭാഷും ബിന്ദു കൃഷ്ണയും കെ സി റോസക്കുട്ടിയും അടക്കമുള്ളവർ വീണ്ടും മത്സരിക്കാൻ അവസരം കാത്തിരിക്കുന്നവർ. എന്നാൽ പരിചിത മുഖങ്ങളായ ഇവർക്ക് എത്രകണ്ട് വിജയിക്കാൻ സാധിക്കുമെന്ന ചോദ്യം അവശേഷിക്കുന്നു.

അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കിയ മാതൃക നിയമസഭയിലും പയറ്റേണ്ട സമയം ആയിരിക്കുന്നു എന്നു കരുതുന്നവരും ഏറെയാണ്. സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിൽ യുവ വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കയാണ് വേണ്ടത്. നിയമസഭയിൽ സ്ഥാനാഥിയായി പരിഗണിക്കാവുന്ന പത്തോളം യുവവനിതകൾ എങ്കിലും കോൺഗ്രസിൽ ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇക്കൂട്ടത്തിൽ കോൺഗ്രസ് നേതാവ് അഡ്വ. ഡി വിജയകുമാറിന്റെ മകൾ ജ്യോതി വിജയകുമാർ മുതൽ വീണ എസ് നായർ വരെയുണ്ട്. യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ സമർപ്പിച്ച പട്ടികയിൽ ഇടംപിടിച്ചവരാണ് ഇപ്പോൾ എഐസിസിയുടെയും ലിസ്റ്റിലുള്ളത്.

ചെങ്ങന്നൂർ, വട്ടിയൂർക്കാവ് തുടങ്ങിയ മണ്ഡലങ്ങളിലേക്ക് പരിഗണിക്കാവുന്ന വ്യക്തിത്വമാണ് ജ്യോതി വിജയകുമാറിന്റേത്. രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തി ശ്രദ്ധ നേടിയ അവർ അദ്ധ്യാപിക എന്ന നിലയിലും ശ്രദ്ധേയയാണ്. കോൺഗ്രസ് വേദികളിൽ സജീവ സാന്നിധ്യമായ ജ്യോതിയെ പോലൊരു പ്രൊഫഷണൽ വനിതയെ സ്ഥാനാർത്ഥിയാക്കിയാൽ അത് നേട്ടമാകുമെന്ന് ഉറപ്പാണ്.

ആലപ്പുഴയിൽ നിന്നുള്ള ആതിര ബാബുവാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കാൻ സാധ്യതയുള്ള മറ്റൊരു യുവ വനിത. ആലപ്പുഴ മുൻ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് ഇവർ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ ആതിര വളർന്നു വരുന്ന കോൺഗ്രസ് നേതാവാണ്. എസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നവരുടെ കൂട്ടത്തിൽ ആതിര ബാബവുമുണ്ട്.

ഡോ. ഷമ മുഹമ്മദാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ കൂടുതൽ സാധ്യതയുള്ള വ്യക്തി. എ.ഐ.സി.സി. മാധ്യമ വക്താവ് കൂടിയായ ഇവർ ടെലിവിഷൻ ചർച്ചകളിൽ അടക്കം സജീവ സാന്നിധ്യമാണ്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ താണ സ്വദേശിയായ ഡോ. ഷമാ മുഹമ്മദ് മൂന്നു വർഷമായി എ.ഐ.സി.സി. മാധ്യമവക്താവാണ്. പുണെയിൽ ഡോക്ടറായ ജോലിചെയ്യുന്ന അവർ പുണെയിലും കണ്ണൂരിലും സാമൂഹികപ്രവർത്തന രംഗത്തുണ്ട്. സ്ത്രീകൾക്കും യുവജനങ്ങൾക്കും ഇത്തവണ പ്രാധാന്യം നൽകണമെന്ന് എ.ഐ.സി.സി. നിർദ്ദേശം ഉണ്ടായതിനെ തുടർന്നാണ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഷമാ മുഹമ്മദിന് പലരും സാധ്യത കല്പിക്കുന്നത്. ഇവരെ കണ്ണൂരിലെ സിപിഎമ്മിന്റെ കോട്ടകളിൽ മത്സരിപ്പിച്ചാൽ അപ്രതീക്ഷിത അത്ഭുതങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.

ഇത്തവണത്തെ സ്ഥാനാത്ഥി പട്ടികയിൽ ഉറപ്പായും ഉണ്ടാകുമെന്ന് പറയാവുന്ന പേരാണ് വിദ്യാ ബാലകൃഷ്ണന്റേത്. പുതുതലമുറ കോൺഗ്രസ് വനിതാ നേതാക്കളിൽ ഏറെ ശ്രദ്ധേയയാണ് ഇവർ. യൂത്ത് കോൺഗ്രസ് ദേശീയ ജന:സെക്രട്ടറി സ്ഥാനത്തുള്ള വിദ്യ കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലറാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റിലേക്ക് പരിഗണിച്ചവരുടെ കൂട്ടത്തിൽ ഇവരുമുണ്ടായിരുന്നു. ഇക്കുറി കോഴിക്കോട്ടെ ഏതെങ്കിലും മണ്ഡലത്തിൽ വിദ്യ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്.

കെപിസിസി ഉത്തരമേഖലാ കോ-ഓർഡിനേറ്റർ എം എ ഷഹനാസാണ് വനിതാ നിരയിലെ കോൺഗ്രസുകാരിൽ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ഒലിവ് പബ്ലിക്കേഷൻ സിഇഒ കൂടിയായ ഇവർ കോൺഗ്രസിന്റെ സൈബർ ഇടങ്ങളിലെയും സാന്നിധ്യമാണ്. ഒഐസിസിയുടെ പ്രവർത്തകയുമായിരുന്നു ഷഹനാസ്. മുസ്ലിം വനിതയെന്ന നിലയിലും സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നുണ്ട് ഷഹനാസിനെ.

ജെബി മേത്തറാണ് കോൺഗ്രസ് വനിതാ സ്ഥാനാർത്ഥികളായി പരിഗണിക്കുന്ന മറ്റൊരു വ്യക്തിത്വം. കെപിസിസി സെക്രട്ടറിയായ ജെബി കെഎസ് യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും ഉയർന്നു വന്ന നേതാവാണ്. ആലുവ നഗരസഭാ ചെയർപേഴ്‌സൺ എന്ന നിലയിലും സജീവ സാന്നിധ്യമായിരുന്നു ഇവർ. ഭരണ പരിചയം കൂടി കണക്കിലെടുത്താൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കാൻ സാധ്യത കൂടുതലുള്ള വ്യക്തിാണ് ജെബി മേത്തർ.

മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ അഡ്വ.വീണ എസ് നായരും ഇക്കുറി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ചിരിക്കുന്ന വ്യക്തിയാണ്. കെപിസിസി ജന:സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്റെ മരുമകളാണ് അവർ. പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം തിലകൻ കുഞ്ഞിക്കണ്ണന്റെ ഭാര്യയുമാണ്. ചാനൽ അവതാരക എന്ന നിലയിൽ കരിയർ തുടങ്ങിയ അവർ സംസ്ഥാനത്തെ സമര മുഖങ്ങളിലെയും സാന്നിധ്യമാണ്. പിണറായി സർക്കാറിനെതിരായ സമരങ്ങളിൽ അടക്കം സജീവ സാന്നിധ്യമാണ് വീണ എസ് നായർ.

കോട്ടയം നഗരസഭാ മുൻ ചെയർ പേഴ്‌സൺ ഡോ. പി ആർ സോനയാണ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്ന മറ്റൊരു വ്യക്തി. കെപിസിസി ജനറൽ സെക്രട്ടറിയാണ് അവർ. കെ വി തോമസിന്റെ മകളായ രേഖാ തോമസ്, കോൺഗ്രസ് സൈബർ ഇടങ്ങളിലൂടെ ശ്രദ്ധേയായ താരാ ടോജോ അലക്‌സ് വനിതാ മുഖങ്ങളായി കോൺഗ്രസിൽ ഉയർത്തു കൊണ്ടുവരാൻ സാധ്യത കുടൂതലുള്ളവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP