Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അകാലത്തിൽ അന്തരിച്ച സാം അടൂരിന്റെ കുടുംബസഹായനിധിയുമായി ബന്ധപ്പെട്ടു സമാജത്തെയും ഭാരവാഹികളെയും അപകീർത്തിപ്പെടുത്താൻ ശ്രമം; നിലപാട് വ്യക്തമാക്കി ഭാരവാഹികൾ

അകാലത്തിൽ അന്തരിച്ച സാം അടൂരിന്റെ കുടുംബസഹായനിധിയുമായി ബന്ധപ്പെട്ടു സമാജത്തെയും ഭാരവാഹികളെയും അപകീർത്തിപ്പെടുത്താൻ ശ്രമം; നിലപാട് വ്യക്തമാക്കി ഭാരവാഹികൾ

സ്വന്തം ലേഖകൻ

കാലത്തിൽ അന്തരിച്ച സാം അടൂരിന്റെ കുടുംബസഹായനിധിയുമായി ബന്ധപ്പെട്ടു സമാജത്തെയും അതിന്റെ ഭാരവാഹികളെയും അപകീർത്തിപ്പെടുത്തുവാൻ ചിലർ നടത്തുന്ന ഹീനശ്രമങ്ങളെ സമാജം അപലപിക്കുന്നു. പൊതുപ്രവർത്തനരംഗത്ത് സൂര്യശോഭയോടെ നിൽക്കുന്ന ഒരു പ്രസ്ഥാനത്തെ നശിപ്പിക്കുവാൻ കുറെ നാളുകളായി നടത്തുന്ന ശ്രമങ്ങളുടെ ഒരു ഭാഗമായിമാത്രമേ ഞങ്ങൾ ഇതിനെ കാണുന്നുള്ളൂ.

കഴിഞ്ഞ കാലങ്ങളിൽ, വിശേഷിച്ചു കോവിഡ് കാലഘട്ടത്തിൽ, സമാജം നടത്തിയ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മറ്റു സംഘടനകളോടൊപ്പം കൈ കോർത്തുകൊണ്ട് ആയിരക്കണക്കിന് ആളുകൾക്കു നിത്യോപയോഗസാധനങ്ങൾ വിതരണം ചെയ്തതുകൂടാതെ നാട്ടിലേക്കും തിരിച്ചും ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ ഏർപ്പെടുത്തുന്നതിലും നേതൃത്വപരമായ പങ്കാണ് സമാജം വഹിച്ചത്. 29 ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ ഓപ്പറേറ്റ് ചെയ്ത ഗൾഫിലെ ഏക സംഘടന സമാജമാണ് എന്നുള്ളത് ചരിത്രത്തിൽ ഇടം പിടിച്ച വസ്തുതയാണ്. ഇതിൽ അസൂയ പൂണ്ട ചിലർ പരാതികൾ ഉന്നയിച്ചതോടെ ഈ അവസരം പ്രവാസികൾക്ക് നഷ്ടപ്പെടുകയും, അതു വരെ 140 മുതൽ 180 bd യാത്രക്കൂലി നൽകി സഞ്ചാരിച്ചിരുന്ന പാവപ്പെട്ടവർ പിന്നീട് 400ഉം 500ഉം വരെ ദിനാർ യാത്രക്കൂലി നൽകി യാത്ര ചെയ്യേണ്ട സാഹചര്യം സംജാതമാവുകയുമുണ്ടായതു എല്ലാവർക്കും അറിയാം . കോവിഡ് കാലത്ത് 400 ഓളം ആളുകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുവാനും സമാജത്തിനു കഴിഞ്ഞു.

കോവിഡ് മൂലം മരണപ്പെട്ട പാവപ്പെട്ട മലയാളികൾക്ക് ഒരു ലക്ഷം രൂപ സഹായധനം നൽകിക്കൊണ്ട് മാതൃക സൃഷ്ടിച്ച സമാജം ഇതിനകം 26 വീടുകളാണ് ഭാവനരഹിതർക്കായി നിർമ്മിച്ചു നൽകിയത്. ബഹ്റിനിലെ നാടകവേദികളിൽ സജീവമായിരുന്ന പ്രശസ്ത നടി ശ്രീമതി സാവിത്രിയുടെ വീടുപണി പൂർത്തിയാക്കാനുള്ള സമാജത്തിന്റെ ശ്രമങ്ങൾ നടന്നുവരുന്നു.

സമാജത്തെയും ബഹ്റൈനിലെ പൊതുസമൂഹത്തെയും വേദനിപ്പിച്ച സംഭവമാണ് സാം അടൂരിന്റെ നിര്യാണം. അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനുള്ള ശ്രമങ്ങൾ ബഹ്റൈനിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. സമാജവും ആ ശ്രമത്തിൽ പങ്കാളിയായി. സമാജത്തിന്റെ വെൽഫയർ പദ്ധതിയിൽ നിന്നുള്ള വിഹിതം ഉൾപ്പെടെ 15 ലക്ഷത്തോളം രൂപയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകാനായി സമാഹരിക്കപ്പെട്ടത്. ഒരു രജിസ്റ്റർഡ് സംഘടന എന്ന നിലയിൽ സമാഹരിക്കപ്പെട്ട ഓരോ ദിനാറിന്റെയും കണക്കു സമാജത്തിലുണ്ട്. കോവിഡ് കാലമായതുകൊണ്ടു ഓഫർ ചെയ്യപ്പെട്ട കുറച്ചു തുകകൾ പിരിച്ചെടുക്കുവാനും കാലതാമസം ഉണ്ടായി.ഈ തുക സാമിന്റെ കുടുംബത്തെ ഏൽപ്പിക്കുക മാത്രമല്ല അതു ഫലപ്രദമായി വിനിയോഗിക്കുന്നു എന്നു ഉറപ്പുവരുത്തുവാനും , അവർക്ക് ഭാവിയിൽ ജീവിക്കാനുള്ള വഴികൾ തുറന്നുകൊടുക്കുവാനുമുള്ള ഉത്തരവാദിത്തവും നമ്മുക്കുണ്ട് . കോവിഡ്മൂലം മരിച്ചുപോയ ഒരു പ്രവാസിയെ സഹായിക്കാൻ പ്രവാസിസംഘടനകൾ ജാഗരൂകരാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും, സാമിന്റെ കുടുംബത്തിന് കഴിയുമെങ്കിൽ ഭരണപ്രതിപക്ഷങ്ങളുടെ സഹായം ഉറപ്പുവരുത്തുന്നതിനും അവരെ ഉൾപ്പെടുത്തിക്കൊണ്ട് സമാജം പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഒരു പൊതുചടങ്ങിൽ വെച്ചു സഹായനിധി കൈമാറാൻ ഞങ്ങൾ തീരുമാനിച്ചു. ബഹു. പ്രതിപക്ഷ നേതാവിനെയും സ്ഥലം എം എൽ എ ശ്രീ ചിറ്റയം ഗോപകുമാറിനെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ചടങ്ങ് സംഘടിപ്പിക്കുവാൻ വേണ്ട ഏർപ്പാടുകൾ അപ്പോൾ നാട്ടിലുണ്ടായിരുന്ന അടൂർ സ്വദേശിയും സമാജം അംഗവുമായ ശ്രീ രാജു കല്ലുമ്പുറം നടത്തുകയും ചെയ്തു. കോവിഡ് മൂലം പലരുടെയും കോൺട്രിബൂഷൻ തരാൻ വൈകിയതുകൊണ്ടും, നേതാക്കന്മാരുടെ തിരക്കു കൊണ്ടുമാണ് ഈ ചടങ്ങു നടത്താൻ വൈകിയത്. സാമിന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും പേരിൽ 15,45,922 രൂപ ഇതിനകം ഞങ്ങൾ നിക്ഷേപിച്ചു കഴിഞ്ഞു .

സമാജത്തിന്നെതിരെ നിരന്തരം പരാതികൾ അധികാര കേന്ദ്രങ്ങളിൽ എത്തിക്കുന്ന ബഹ്റൈനിലെ ഒരു മാധ്യമപ്രവർത്തകൻ ഇതിനിടയിൽ സാമിന്റെ കുടുംബത്തെ ഫോണിൽ വിളിച്ചു സമാജം 45 ലക്ഷം രൂപ പിരിച്ചെന്നും അതു തരാതെ പറ്റിക്കുകയാണെന്നും അറിയിച്ചു . ഈ
ആളിന്റെ നിരന്തരചോദ്യത്തിൽ സഹികെട്ടു ''തന്നില്ലെങ്കിൽ ആ കാശു അവരെടുത്തോട്ടെ '' എന്ന് പറയുന്ന മകളുടെ വിലാപം കൂടി എഡിറ്റ് ചെയ്തു ന്യൂസ് ആക്കിയ മനോഭാവത്തെക്കുറിച്ച് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല. 45 ലക്ഷം രൂപ പിരിച്ചു എന്നു ആധികാരികമായി പറയുന്ന ആൾ വാർത്തയുടെ ഉറവിടവും, പിരിവിന്റെ വിശദവിവരവും പൊതുജനത്തെ അറിയിക്കണം. ഇത്രയും രൂപ പിരിച്ചു എന്നു പറഞ്ഞു പാവപ്പെട്ട ഒരു കുടുംബത്തെ മോഹിപ്പിച്ചതിനു മാപ്പു പറയുവാണെങ്കിലും അദ്ദേഹം തയ്യാറാകണം. സമാജത്തിൽ ശേഖരിച്ച തുക സംഭാവന നൽകിയ ഏതൊരാൾക്കും പരിശോധിക്കാം. സമാജത്തിൽ ക്യാഷ് കൈകാര്യം ചെയ്യുന്നത് പ്രസിഡണ്ടോ സെക്രെട്ടറിയോ നേരിട്ടല്ല അല്ല. ട്രഷറർ, അക്കൗണ്ടന്റ് തുടങ്ങിയ ആളുകളാണ് അതു നിയന്ത്രിക്കുന്നത്. സാമിന്റെ സഹായഫണ്ടിലേക്ക് സംഭാവന നൽകിയ ഏതെങ്കിലും ഒരാളുടെ തുക അദ്ദേഹത്തിന് കൈമാറിയിട്ടില്ല എന്നു തെളിയിക്കാൻ ഞങ്ങൾ കുപ്രചാരണം നടത്തുന്ന ആളുകളെ വെല്ലുവിളിക്കുന്നു.

ബഹ്റൈനിൽ പൊതു പിരിവു നിയമപരമായി അനുവദനീയമല്ല. പക്ഷെ ഇതിനെപ്പറ്റിയുള്ള വാർത്തകൾ അധികാരസ്ഥാനങ്ങളിൽ എത്തിയാൽ ഉണ്ടാകുന്ന ഭാവിഷ്യത്തു ഊഹിക്കാവുന്നതേയുള്ളൂ. ഒരു രജിസ്റ്റർഡ് സംഘടന എന്ന നിലയിൽ സമാജത്തിനു വിശദീകരണം നൽകാൻ ഒരു പ്രയാസവും ഇല്ല. പക്ഷെ ഇത്തരം മഞ്ഞ പത്രപ്രവർത്തനങ്ങൾമൂലം മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന പല അൺ രജിസ്റ്റർഡ് സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ നടപടി ഉണ്ടായാൽ അത്ഭൂതപ്പെടാനില്ല. പാവപ്പെട്ട ആരെങ്കിലും മരിക്കുകയോ സഹായം വേണ്ടിവരികയോ ചെയ്താൽ പിരിവ് നടത്തുക അസാധ്യമായി വരും.

ഇതിനിടയിലാണ് നമ്മെയൊക്കെ വീണ്ടും ദുഃഖത്തിലാഴ്‌ത്തികൊണ്ടു മീഡിയപ്രവർത്തകൻ ജോമോൻ കുരിശ്ശിങ്കൽ ഹൃദയാഘാതം മൂലം മരണമടയുന്നത്.സമാജം അംഗം അല്ലെങ്കിൽകൂടി ഒരു മാധ്യമപ്രവർത്തകൻ എന്നനിലയിൽ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുവാനുള്ള ശ്രമം സമാജം ആരംഭിക്കുകയുണ്ടായി .പക്ഷെ ആ ശ്രമത്തെ തകർക്കുവാനുള്ള ശ്രമമായാണ് ഇപ്പോഴത്തെ വിവാദത്തെ കാണേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP