Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൂചന ലഭിച്ചിട്ട് ഒരുമാസം; കച്ചവടക്കാർ എന്ന് അറിയിച്ച് ഫോൺവിളിയും കൂടിക്കാഴ്ചയും; 10 ലക്ഷത്തിൽ തുടങ്ങിയ വിലപേശൽ അവസാനിനിച്ചത് 25 ലക്ഷത്തിൽ. തൊണ്ടി മുതൽ കൺമുന്നിലെത്തിയപ്പോൾ കച്ചവടക്കാരെ കയ്യോടെ പൊക്കി; അടിമാലിയിലെ ആനക്കൊമ്പ് കള്ളന്മാരെ പൊക്കിയത് ഇങ്ങനെ

സൂചന ലഭിച്ചിട്ട് ഒരുമാസം; കച്ചവടക്കാർ എന്ന് അറിയിച്ച് ഫോൺവിളിയും കൂടിക്കാഴ്ചയും; 10 ലക്ഷത്തിൽ തുടങ്ങിയ വിലപേശൽ അവസാനിനിച്ചത് 25 ലക്ഷത്തിൽ. തൊണ്ടി മുതൽ കൺമുന്നിലെത്തിയപ്പോൾ കച്ചവടക്കാരെ കയ്യോടെ പൊക്കി; അടിമാലിയിലെ ആനക്കൊമ്പ് കള്ളന്മാരെ പൊക്കിയത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: സൂചന ലഭിച്ചിട്ട് ഒരുമാസം. കച്ചവടക്കാരെന്നറിയിച്ച് ഫോൺവിളിയും കൂടിക്കാഴ്ചയും പിന്നാലെ. 10 ലക്ഷത്തിൽ തുടങ്ങിയ വിലപേശൽ അവസാനിനിച്ചത് 25 ലക്ഷത്തിൽ. ലക്ഷ്യം വച്ച തൊണ്ടിമുതൽ കൺമുന്നിലെത്തിയപ്പോൾ കച്ചവടക്കാരെ കയ്യോടെ പൊക്കി കൃത്യനിർവ്വഹണം. അടിമാലിയിൽ ആനക്കൊമ്പ് വിൽപ്പനയ്‌ക്കെത്തിയവരെ കുടുക്കിയ രീതിയെക്കുറിച്ച് വനംവകുപ്പ് അധികൃതരുടെ വിശദീകരണം ഇങ്ങിനെ.

ഇന്ത്യൻ വിപണിയിൽ കാൽക്കോടിയിലേറെ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകളുമായി മൂന്നു യുവാക്കളെയാണ് ഇന്നലെ വനപാലകർ അറസ്റ്റ് ചെയ്തത്. അടിമാലിഗ്രാമപഞ്ചായത്തിലെ വാളറ സ്വദേശികളായ സനോജ് (32), സുനിൽ (45), ബിജു(40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വാളറ തൊട്ടിയാർ പദ്ധതിപ്രദേശത്തിന് സമീപത്തുനിന്നുമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.ഇവർ സഞ്ചരിച്ചിരുന്ന ഒന്നാം പ്രതി സനോജിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.

വനംവകുപ്പ് ഫ്ളൈയിംങ് സ്‌ക്വാഡ് ഡി.എഫ്.ഒ സാജു വർഗീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മേഖലയിൽ പരിശോധന നടത്തിയത്. ഒരു കൊമ്പിന് മൂന്ന് അടിയിലേറെ ദൈർഘ്യമുള്ളതാണ് പിടിച്ചെടുത്ത ആനക്കൊമ്പുകൾ. മൂന്നു മാസത്തോളമായി സനോജ് ആന കൊമ്പുകൾ സൂക്ഷിക്കുകയായിരുന്നുവെന്ന് അധികൃതർക്ക് സൂചന ലഭിച്ചിരുന്നു.

തുടർന്നാണ് കൊമ്പുകൾകണ്ടെടുക്കുന്നതിനും പ്രതികളെ പുറത്തെത്തിക്കുന്നതിനും അധികൃതർ തന്ത്രപരമായ നീക്കം ആരംഭിച്ചത്. ഒരുമാസത്തോളമായി ഇതിനായി ആരംഭിച്ച നീക്കം ഇന്നലെ മുഖ്യ പ്രതികളെ പിടികൂടിയതോടെയാണ് അവസാനിച്ചത്. തിരുവനന്തപുരം സ്വദേശിയാണെന്ന് വിശ്വസിപ്പിച്ച് ഉദ്യോഗസ്ഥരിലൊരാൾ പിടിയിലായ സിനോജുമായി പരിചയപ്പെടുന്നതോടെയാണ് പ്രതികളെ കുടുക്കുന്നതിനുള്ള നീക്കം ആരംഭിക്കുന്നത്.ഉദ്യോഗസ്ഥൻ താൻ ആനക്കൊമ്പ് വ്യാപാരിയാണെന്ന് അറിയിക്കുകയും കൊമ്പുകിട്ടാനുള്ള സാധ്യതയെക്കുറിച്ച് ആരായുകയും ചെയ്തതോടെ സിനോജ് കൂട്ടുകാരുമായി ആലോചിച്ച് രണ്ട് കൊമ്പ തങ്ങളുടെ കൈവശം ഉണ്ടെന്നും നല്ല വിലനൽകിയാൽ നൽകാമെന്നും അറിയിക്കുകയായിരുന്നു .

10 ലക്ഷം നൽകാമെന്നുള്ള ഉദ്യഗസ്ഥന്റെ വാഗ്ധാനം ഇവർ തള്ളി.വിലപേശൽ തുടരുകയും 25 ലക്ഷം നൽകിയാൽ കൊമ്പ് നൽകാമെന്ന് പിടിയിലായവർ സമ്മതിക്കുകയുമായിരുന്നു.തുടർന്ന് ആനക്കൊമ്പുമായി എത്താമെന്ന് പറഞ്ഞ് ഇവർ മടങ്ങി.കൊമ്പ് സൂക്ഷിച്ചിരുന്ന ഇടത്തെകുറിച്ച് ഇവർ ചെറിയ സൂചനപോലും ഉദ്യോഗസ്ഥന് നൽകിയിരുന്നില്ല.ഇതിനാൽ ഇവരിൽ നിന്നാല്ലാതെ കൊമ്പ് കണ്ടെടുക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥ സംഘത്തിന് ബോദ്ധ്യപ്പെടുകയും ചെയ്തിരുന്നു.കൊമ്പുമായിവരാമെന്നുപറഞ്ഞ് പിരിഞ്ഞെങ്കിലും ഏതാനും ദിവസത്തേയ്ക്ക് ഇവരെക്കുറിച്ച് കാര്യമായ വിവരമില്ലായിരുന്നു.ക്ഷമയോടെ കാത്തിരുന്ന വനപാലകസഘംഗത്തിന്റെ മുമ്പാകെ ഇന്നലെ ഇവർ കൊമ്പുമായി എത്തുകയായിരുന്നു.ഉടനടി അറസ്റ്റും നടപടിക്രമങ്ങളും പൂർത്തിയാക്കി ആനക്കൊമ്പ് കസ്റ്റഡിയിൽ എടുത്തു.

60 വയസ്സോളം പ്രായമുള്ള ആനയുടേതാണ് കൊമ്പെന്നും ഇത് മാസങ്ങളോളം മണ്ണിൽ തറഞ്ഞുകിടന്നിതിനാൽ കൊമ്പിന്റെ അഗ്രഭാഗത്ത് നിറം മാറ്റം സംഭവിച്ചിട്ടുണ്ടെന്നും അടിമാലി റേഞ്ച് ഓഫീസർ ജോജി ജോൺ അറിയിച്ചു. സംഭവത്തിൽ ബന്ധപ്പെട്ടിട്ടുള്ള കൂടുതൽ പ്രതികൾക്കായി അന്വേഷണംഊർജിതമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വാളറ വനമേഖലയിൽ നിന്നുംലഭിച്ച കൊമ്പുകൾ ആദിവാസികളാണ് തനിക്ക് നൽകിയതെന്ന മൊഴിയിൽ സിനോജ് ഉറച്ചുനിൽക്കുകയാണ്. പിടിയിലായവരിൽ ഒരാൾ ആദിവാസി വിഭാഗത്തിൽപെട്ടയാളാണ്.പിടിയിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP