Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോട്ടഭാഗം ഓഫീസിൽ ഉണ്ടായിരുന്ന ഒരു സ്റ്റാഫ് അവനെ തൽക്കാലം ''കല്ല്യാണരാമൻ'' എന്നു വിളിക്കട്ടെ! രാത്രി 11 മണിക്ക് അവിഹിതത്തിനു പോയ കാമുകനെ നാട്ടുകാർ കൈയൊടെ പൊക്കി; വ്യഭിചാരം.. കാമുകിമാരുടെ ഭരണം... യോഹന്നാന്റെ സഭ ഉലയുന്നു: എന്തുകൊണ്ട് ഞാൻ ബിലിവേഴ്‌സ് ചർച്ച് വിട്ടു? മാത്യൂസ് അച്ചന്റെ വെളിപ്പെടുത്തൽ വൈറലാകുമ്പോൾ

തോട്ടഭാഗം ഓഫീസിൽ ഉണ്ടായിരുന്ന ഒരു സ്റ്റാഫ് അവനെ തൽക്കാലം ''കല്ല്യാണരാമൻ'' എന്നു വിളിക്കട്ടെ! രാത്രി 11 മണിക്ക് അവിഹിതത്തിനു പോയ കാമുകനെ നാട്ടുകാർ കൈയൊടെ പൊക്കി; വ്യഭിചാരം.. കാമുകിമാരുടെ ഭരണം... യോഹന്നാന്റെ സഭ ഉലയുന്നു: എന്തുകൊണ്ട് ഞാൻ ബിലിവേഴ്‌സ് ചർച്ച് വിട്ടു? മാത്യൂസ് അച്ചന്റെ വെളിപ്പെടുത്തൽ വൈറലാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: എന്തുകൊണ്ട് ഞാൻ ബിലിവേഴ്‌സ് ചർച്ച് വിട്ടു. മാത്യൂസ് അച്ചന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഏഴു വർഷം ഞാൻ അടച്ചു വെച്ച ആ സത്യത്തിന്റെ കാണാപുറങ്ങളിലൂടെ ............. ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല മറിച്ച് ചില അപ്രിയ സത്യങ്ങൾ തുറന്നു പറയേണ്ടി വരുമ്പോൾ ചിലർ വേദനിക്കപ്പെട്ടേക്കാം എന്നത് കാലത്തിന്റെ യാഥാർത്യമാണെന്ന് വിശദീകരിക്കുന്ന കുറിപ്പിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മാത്യൂസ് അച്ചൻ വെളിപ്പെടുത്തുന്നത്. ഫെബ്രുവരി 16ന് ഇട്ട പോസ്റ്റിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.

മാത്യൂസ് അച്ചന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

മാത്യൂസ് അച്ചൻ എന്തുകൊണ്ട് ബിലീവേഴ്‌സ് ചർച്ച് വിട്ടു എന്ന ചോദ്യം പല ഭാഗത്തു നിന്നും ഉയർന്നു എങ്കിലും അത്തരം വിവാദങ്ങളിൽ നിന്നെല്ലാം പരസ്യമായി മറുപടി പറയാതെ ഞാൻ മാറി നിന്നു എന്നതാണു സത്യം. ഞാൻ വേദനിച്ചു എങ്കിലും കുറച്ചു പേരെങ്കിലും വേദനിക്കാതിരിക്കട്ടെ എന്നു കരുതി. പക്ഷെ ഇനി അത്തരം ഒരു നിശബ്ദതക്ക് അർഥമില്ല എന്നു തോന്നി. എന്റെ മൗനം ചിലർക്ക് പുതിയ കഥകൾ മെനയാൻ അവസരം ഉണ്ടാക്കി കൊടുത്തു എന്നതാണു സത്യം. ഏഴു വർഷം ഞാൻ അടച്ചു വെച്ച ആ സത്യത്തിന്റെ കാണാപുറങ്ങളിലൂടെ ............. ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല മറിച്ച് ചില അപ്രിയ സത്യങ്ങൾ തുറന്നു പറയേണ്ടി വരുമ്പോൾ ചിലർ വേദനിക്കപ്പെട്ടേക്കാം എന്നത് കാലത്തിന്റെ യാഥാർത്യമാണു.

1992ൽ ലാണു റോമൻ കത്തോലിക്കാ സഭ വിട്ടു ഞങ്ങൾ ബിലിവേഴ്‌സ് ചർച്ചിന്റെ അംഗങ്ങൾ ആകുന്നത്. ആ കാലം മുതൽ സഭാ തരുവിന്റെ വളർച്ചയും തളർച്ചയും കണ്ട വ്യക്തിയാണു ഞാൻ. 2000ത്തിൽ ഓപ്പറേഷൻ മൊബൈലൈസേഷൻ വിട്ടു ബിലീവേഴ്‌സ് ചർച്ചിന്റെ ശുശ്രൂഷകനായി. വിവാഹം കഴിച്ചതു മുതൽ എന്നെ ഞാനാക്കി വളർത്തിയത് ഉപരി വീടും കൂടും എല്ലാം എനിക്ക് ബിലീവേഴ്‌സ് ചർച്ച് ആയിരുന്നു. 2003ൽ സഭ എപ്പിസ്‌കോപ്പസി സ്വീകരിച്ചപ്പോൾ വയനാട്ടിൽ ഉണ്ടായിരുന്ന 30 ൽ അധികം പ്രാദേശിക സഭകളും പാസ്റ്റർമാരും സഭയെ ഉപേക്ഷിച്ചു പോയപ്പോഴും ഞാൻ ബിലീവേഴ്‌സ് ചർച്ചിനൊപ്പം നിന്നു. അതിന്റെ പേരിൽ പല പ്രാവശ്യം എനിക്കു നേരെ ആക്രമണവും ഉണ്ടായിട്ടുണ്ട്. എങ്കിലും നീണ്ട 14 വർഷം ഞാൻ സഭക്കൊപ്പം അടിയുറച്ചു നിന്നു. ഈ സഭക്ക് ഊടും പാവും നൽകിയ ജേക്കബ്ബ് ടി ആന്റണി സാർ, കുഞുമോന്മാത്യൂസാർ, ഫാദർ ജോൺസൻജോർജ്ജ്, ഫാദർ നോബിൾ ജോസഫ്, എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ വളരെ ചെറുപ്പത്തിലെ എനിക്ക് കഴിഞ്ഞു.

പിന്നെ എന്തു കൊണ്ട് ബിലീവേഴ്‌സ് ചർച്ചുമായുള്ള ബന്ധം എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു എന്നതു നിങ്ങൾ എല്ലാവരും അറിയണം.
അതിനു ഒരു ഉത്തരമേ ഉള്ളൂ. സത്യത്തിനൊപ്പം നിന്നാൽ, നേരിന്റെ ഭാഗത്തു നിന്നാൽ ആരും കൂട്ടിനു ഉണ്ടാവില്ല. കണ്ണൂരിൽ സഭയുടെ ശുശ്രൂഷയിൽ ഇരുന്ന എന്നെ സഭയുടെ തോട്ടഭാഗം ഓഫീസിൽ കൊണ്ടുവന്നത് അന്നു ഡയോസിസ് സെക്രട്ടറി ആയിരുന്ന ബഹുമാനമുള്ള വില്ല്യംസ് അച്ചനാണ്. സഭയുടെ നിരണം ഭദ്രാസനത്തിന്റെ ലീഗൽ & കൺസ്ട്രക്ഷൻ ഡിപ്പാർട്ടുമെന്റുകളുടെ ചുമതലയായിരുന്നു ഞാൻ വഹിച്ചിരുന്നത്. എന്നെ ആ ചുമതല ഏല്പിക്കുമ്പോൾ ഒരു കടലാസ് രേഖകൾ പോലും അവിടെ ഉണ്ടായിരുന്നില്ല. രാപകൽ ഉറക്കം പോലും ഇല്ലാതെ കേരളത്തിലെ സഭയുടെ മുഴവൻ സ്ഥലങ്ങളിലൂടെയും യാത്ര ചെയ്തു ഓരോ രേഖകളും ശേഖരിച്ചു.

ബിലീവേഴ്‌സ് ചർച്ച് എന്റെ സ്വന്തം കുടുംബം ആയി കണ്ട് ഞാൻ നടത്തിയ കടിനാധ്വാനങ്ങൾ ഫലം കണ്ടു. ഇന്നും ആ ഡിപ്പാർട്ട്‌മെന്റിൽ എന്തെങ്കിലും ആശയക്കുഴപ്പങ്ങളോ, സംശയങ്ങളോ ഉണ്ടാകുമ്പോൾ ഇന്ന് ഏഴു വർഷത്തിനു ശേഷവും സഭാ നേത്രുത്വം എന്നെ വിളിച്ചു വ്യക്തത വരുത്താറുള്ളതു അതിന്റെ തെളിവാണു. അഡ്വക്കേറ്റ് ചെറിയാൻ വർഗീസ് സാറിനൊപ്പം ആറു വർഷങ്ങൾ സഭക്കു വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞത് സ്മരണീയമാണു.

2012 ൽ വില്ല്യംസ് അച്ചൻ സ്ഥലം മാറി പോയി. പകരം തോമസ് തടത്തിൽ അച്ചൻ ഡയോസിസൻ സെക്രട്ടറിയായി വന്നു. ആ കാലത്ത് തോട്ടഭാഗം ഓഫീസിൽ ഉണ്ടായിരുന്ന ഒരു സ്റ്റാഫ് അവനെ ഞാൻ തൽക്കാലം ''കല്ല്യാണരാമൻ'' എന്നു വിളിക്കട്ടെ! ഒരേ സമയം രണ്ടു വനിതകളെ പ്രേമിക്കുന്നു. ഒരാൾ വിവാഹിതയും മറ്റെയാൾ അവിവാഹിതയും. പ്രേമം മൂത്ത കല്ല്യാണരാമൻ വിവാഹിതയെങ്കിലും ഭർത്താവിൽ നിന്നും അകന്നുകഴിഞിരുന്ന കാമുകിയുടെ വീട്ടിൽ രഹസ്യ സന്ദർശകനായി. തോട്ടഭാഗത്തു നാട്ടുകാരുമായി നല്ല ബന്ധം എനിക്കു ഉണ്ടായിരുന്നതു കൊണ്ട് അവർ ഇതു സംബന്ധിച്ച് പലതവണ മുന്നറിയിപ്പു തന്നു. ഒരു ദിവസം രാത്രി 11 മണിക്ക് അവിഹിതത്തിനു പോയ ബിലീവേഴ്‌സ് ചർച്ചിന്റെ സ്റ്റാഫായിരുന്ന കാമുകനെ നാട്ടുകാർ കൈയൊടെ പൊക്കി.

എടുത്തിട്ടു ഇടി കൊടുത്ത അവർ കവിയൂർ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന റ്റി.കെ സജീവ് സാറിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കള്ള കാമുകനെ പൊലീസിൽ ഏല്പിച്ചു. സഭയെ അപമാനത്തിൽ നിന്നു രക്ഷിക്കാൻ അന്നു രാത്രി മുഴുവൻ രാഷ്ട്രീയ നേതൃത്വത്തോടും പൊലീസ് അധികാരികളോടും സഭയുടെ അന്നത്തെ ഡയോസിസൻ ബിഷപ്പ് ആയിരുന്ന സൈമൺ ജോൺ തിരുമേനിയോടും സംസാരിച്ച് അതിരാവിലെ കല്യാണരാമനെ ഞാൻ സ്റ്റേഷനിൽ നിന്നും ഇറക്കി. അന്നത്തെ തിരുവല്ലാ സബ്ഇൻസ്‌പെക്ടറും സർക്കിൾ ഇൻസ്‌പെക്ടറും ഡി വൈ എസ് പിയും രാഷ്ട്രീയ നേതൃത്വവും നാട്ടുകാരും എല്ലാം ഇന്നും ജീവനോടെ ഉണ്ട് എന്ന് ആരും മറക്കരുത്. തിരുവല്ല സബ് ഇൻസ്‌പെക്ടർ ആയിരുന്ന സന്തോഷ് സാർ അന്നു ഇവനേയും ഈ രണ്ടു സ്ത്രീകളെയും അറസ്റ്റ് ചൈയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാൻ തുടങ്ങിയതാണു.

ഒരു വൈദീകൻ എന്ന നിലയിൽ എന്റെ വാക്കു ബഹുമാനിച്ച ആ പൊലീസ് ഉദ്യോഗസ്ഥൻ അന്നു എന്നോട് ചോദിച്ച ചോദ്യം ഈ കേസിൽ അച്ചന്റെ തീരുമാനം എന്താണെന്നായിരുന്നു. തെമ്മാടിത്വം കാണിച്ച ഇവനെ ഓഫീസിൽ നിന്നും പുറത്താക്കുന്നു എന്ന് മറുപടി പറഞ്ഞു. തോമസ് തടത്തിൽ അച്ചനും ഞാനും കൂടി കല്ല്യാണ രാമനെ രാവിലെ 7 മണിക്ക് ഓഫീസിൽ എത്തിച്ചു. കള്ളി വെളിച്ചത്തായപ്പോൾ കാമുകിമാർ ഇരുവരും ഞെട്ടി. ഒരേസമയം തങ്ങളെ ഇരുവരെയും ഇവൻ പ്രേമിച്ചു വഞ്ചിച്ചു എന്നറിഞ്ഞപ്പോൾ ഒരു കാമുകി സ്റ്റാഫ് ഹോസ്റ്റെലിൽ പട്ടിണി സമരം തുടങ്ങി. പൊലീസ് അന്വേഷണത്തിൽ ഇവനു രണ്ടു ഫോൺ ഉള്ളതായി മനസിലാക്കി.അതിൽ ഒന്നു കാമുകിയുടെ കൈവശം ഉണ്ടായിരുന്നു എന്നു തെളിഞ്ഞു. ഇവന്റെ കൈവശം ഉണ്ടായിരുന്ന ഫോൺ വിവരങ്ങൾ പരിശോധിച്ച പൊലീസു പോലും ഞെട്ടി പ്പോയി എന്നതാണു സത്യം.

ഇവന്റെ വീടുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി. ബന്ധുവായ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനുമായി അവർ തോട്ടഭാഗത്തുള്ള ബിലീവേഴ്‌സ് ചർച്ച് ഓഫീസിൽ എത്തി. ഓഫീസ് നടപടി പൂർത്തിയാക്കി അവനെയും കൊണ്ട് വീണ്ടും തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കളോടൊപ്പം വിട്ടയച്ചു. വീട്ടിൽ എത്തിയ ഇവൻ മറ്റൊരു ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു മൂന്ന് മാസങ്ങൾക്ക് ശേഷം ജയിലിൽ ആണെന്നു പിന്നീട് അറിയാൻ കഴിഞ്ഞു.
കള്ളകാമുകിമാരെയും ഓഫീസിൽ നിന്നും ഒഴിവാക്കാൻ അന്നു സെക്രട്ടറി തോമസ് തടത്തിൽ അച്ചനോടു നിരന്തരം ഞാൻ പറഞ്ഞിട്ടും അച്ചൻ അതിനു തയ്യാറായില്ല.

എന്റെ സഭയുടെ ഓഫീസ് ഇത്തരം തോന്നിയവാസത്തിനു വേദി ആയപ്പോൾ ഞാൻ പൊട്ടിതെറിച്ചു എന്നതു സത്യമാണു. കാമുകനെ നഷ്ടപെട്ട കാമുകിമാർ ഞാൻ ഭീഷണിപെടുത്തുന്നു എന്നു കള്ളപരാതി ഉന്നയിച്ചു അന്നത്തെ മിഷൻ ഡയറക്റ്ററെ സമീപിച്ചു. സ്ത്രീകൾക്ക് സ്ത്രീകളോട് എന്നും ആർദ്രത കൂടുതലാണല്ലോ! ഏതായാലും അനിവാര്യമായിരുന്ന അപമാനത്തിൽ നിന്നും സഭയേയും നേത്രുത്വത്തേയും കരകയറ്റിയ ഒരു വൈദീകനേക്കാൾ,പതിനാലു വർഷം സഭക്കു വേണ്ടി ജീവിച്ച, മലബാറിൽ സഭയുടെ വളർച്ച്ക്കു വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഒരു വൈദികനേക്കാൾ മിഷൻ ഡയറക്ടർ വില കല്പിച്ചത് രണ്ടു കാമുകിമാരുടെ വാക്കുകൾക്കായിരുന്നു. അതു അങ്ങനേയാണല്ലോ അന്നും ഇന്നും ബിലീവേഴ്‌സ് ചർച്ചിൽ വൈദീകർക്ക് എന്തു വില? ഇന്നലത്തെ ബിഷപ്പിനെ ഒരു ഷർട്ടും ഇട്ടു റെയിൽവെ സ്റ്റേഷനിൽ കണ്ടത് ഇന്നും മറക്കാനാവില്ല. മിഷൻ ഡയറക്ടർ രണ്ട് കള്ള കാമുകിമാരുടെ കരച്ചിൽ കണ്ടപ്പോൾ അങ്ങ് അലിഞ്ഞു പോയി. മണ്ണാംകട്ടയും കരിയിലയും പോലെ............

മാത്യൂസ് അച്ചനു ജൂൺ മാസത്തിൽ ഒരു കിടിലൻ സ്ഥലം മാറ്റം! വൈദികർക്കു അൽമായ വനിത സ്ഥലം മാറ്റ ഉത്തരവു നൽകുന്ന ഒരു പതിവു ലോകത്തു ഒരു ക്രൈസ്തവ സഭയിലും ഉള്ളതായി ഞാൻ കേട്ടിട്ടും ഇല്ല. കോഴി മുട്ടയിടാൻ സ്ഥലം അന്വെഷിക്കുന്നതു പോലെ സെക്രട്ടറി അച്ചൻ എന്റെ ചുറ്റിലും നിന്നു കറങ്ങുന്നതു കണ്ടപ്പോൾ ഞാൻ തെല്ലു സംശയത്തോടെ ചോദിച്ചു ' എന്താ അച്ചാ ഒരു വിമ്മിഷ്ടം'' എല്ലു തൊണ്ടയിൽ കുടുങ്ങിയതുപോലെ ഞരങ്ങികൊണ്ട് അചന്റെ മറുപടി മോനെ നിനക്ക് ട്രാൻസ്ഫർ ഉണ്ട്. പതിനാലു വർഷം നേത്രുത്വത്തെ അക്ഷരം പ്രതി അനുസരിച്ചു വന്ന എനിക്ക് ആ ട്രാൻസ്ഫറും ബാലികേറാ മലയായി തോന്നിയില്ല. അല്ലെങ്കിലും നമ്മൾ ആരും ഈ ഭൂമിയിൽ സ്ഥിരമായി ചക്രകസേരയിൽ ഇരിക്കാൻ വന്നവരല്ലല്ലോ! കടലിലെ ഓളം കണ്ടു വളർന്ന എനിക്ക് കിണറ്റിലെ താഴ്‌ച്ച ഒന്നുമല്ലായെന്നും മിഷൻ ഡയറക്ടർക്കു അറിയില്ലല്ലോ? പക്ഷേ ഓപ്പറേഷൻ കഴിഞ്ഞു ഹോസ്പിറ്റലിൽ കിടക്കുന്ന മകന്റെ തുടർചികിത്സകൾ അടുത്ത 8 മാസം എനിക്ക് തുടരേണ്ടിയിരുന്നതിനാൽ എന്റെ അസൗകര്യങ്ങൾ ഒരു ഈ മെയിൽ ആയി അമേരിക്കയിലുള്ള മെത്രാപൊലീത്തായെ ഞാൻ അറിയിച്ചു. അതിന്റെ കോപ്പി ഇപ്പോഴും എന്റെ കമ്പ്യൂട്ടറിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്.

അന്നത്തെ ഡയോസിസൻ ബിഷപ്പ് ബഹുമാനമ്മുള്ള സൈമൺ ജോൺ തിരുമേനി ആയിരുന്നു. അദ്ദേഹത്തിനു ഈ കാര്യങ്ങൾ എല്ലാം അറിയാം. വ്യക്തിപരമായി എന്നെ ഒരുപാട് സ്‌നേഹിച്ച സൈമൺ ജോൺ തിരുമേനിയേ അറിയിക്കാൻ വേണ്ടി ഫോൺ ചെയ്ത ഞാൻ ഞെട്ടി പോയി. എന്റെ അതെ അവസ്ഥ തന്നെ ആയിരുന്നു അദ്ദേഹത്തിനും തിരുമേനി എന്നോട് പറയുകായാണ് ഞാനിപ്പോൾ ഡൽഹിയിലാണെന്ന്. ഒരു രാത്രി കൊണ്ട് സൈമൺ ജോൺ തിരുമേനിയേ ഡൽഹിക്കു പറപ്പിച്ചിരുന്നു. എന്റെ ഭാഗം കേൾക്കാനോ മനസിലാക്കാനോ ആരും തയ്യാറായില്ല. നിരന്തരം മാനസികമായി ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. മാനസിക പീഡനം സഭാ നേത്രുത്വത്തിൽ ഇരിക്കുന്നവരുടെ ഹരമായിരുന്നു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട രണ്ടു കാമുകിമാരും പിന്നീട് കഴിഞ്ഞ 5 വർഷത്തിൽ അധികം മിഷൻ ഡയറക്ടറായ സ്ത്രീയുടെ പൂർണ്ണ പിന്തുണയോടെ സഭയുടെ അകത്ത് ജോലി ചെയ്ത് ശമ്പളം വാങ്ങി സുഖമായി ജീവിച്ചു. അനീതിക്കെതിരെ പടവാൾ ഉയർത്തിയ എനിക്കു സ്ഥാനം പുറത്തും.പക്ഷെ എന്റെ നിലപാടിൽ ഒരു മാറ്റവും ഇല്ല. അനീതിക്കെതിരെ ഞാൻ ഇന്നും തീ പന്തമാണു.

പതിനാലു വർഷം വീടും കൂടും ആയിരുന്ന സഭയിൽ ഇനി സ്ഥാനം ഇല്ല എന്നു മനസിലാക്കിയ ഞാൻ തോട്ടഭാഗത്തു ഓഫീസിൽ നിന്നു പടിയിറങ്ങുമ്പോൾ എന്റെ കൈവശം ഉണ്ടായിരുന്നത് മലിനമാകാത്ത മനസാക്ഷിയും ചെളി പുരളാത്ത രണ്ടു കൈകളും ആ കൈകളിൽ ഒരു ഇംഗ്ലീഷ് ഡിക്ഷനറിയും എന്റെ സന്തത സഹചാരി ആയ വി.ബൈബിളും മാത്രം ആയിരുന്നു. ഓഫീസിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായിരുന്ന എന്റെ വീട്ടിലെക്ക് ഓഫീസിലെ വണ്ടിയിൽ ഒന്നു വിടാമോ എന്നു ചോദിച്ച എന്നോട് അന്നത്തെ ഡയോസിസൻ സെക്രട്ടറി ആയിരുന്ന തോമസ് തടത്തിൽ അച്ചൻ പറഞ്ഞത് ഓഫീസിൽ വണ്ടി ഇല്ലാ എന്നായിരുന്നു. പതിനാലു വർഷങ്ങൾ പി എഫ് എന്നു പറഞ്ഞ് സാലറിയിൽ നിന്നും പിടിച്ചു വാങ്ങി. ഒടുവിൽ മൂവായിരം രൂപ തന്നു എന്നെ വഞ്ചിച്ചു.

ഇങ്ങനെ വഞ്ചിക്കപ്പെട്ട നിരവധി പേരിൽ ഒരാൾ മാത്രമാണു ഞാൻ. എനിക്കും എന്റെ കുടുംബത്തിനും സ്വന്തം എന്നു പറയാൻ ഉണ്ടായിരുന്നത് ബിലീവേഴ്‌സ് ചർച്ച് ആയിരുന്നു. ഒടുവിൽ നേരിനു വേണ്ടി നിന്ന ഞങ്ങൾക്ക് അതു നഷ്ടപ്പെട്ടപ്പോൾ അറിയപ്പെടാത്ത നാട്ടിൽ അർദ്ധരാത്രിയിൽ പെരും മഴയത്ത് കുട ഇല്ലാതെ കൂരിരുട്ടിൽ നിന്ന അനുഭവം ആയിരുന്നു. പിന്നീടുള്ള 7 ദിവസങ്ങൾ ഞങ്ങൾ ഉറങ്ങിയില്ല. എന്റെ മക്കൾ അരകിലോമീറ്റർ അപ്പുറത്തുള്ള ബിലീവേഴ്‌സ് ചർച്ചിൽ നിന്നും പാട്ടു കേൾക്കുമ്പോൾ വിതുമ്പുന്നത് ഞാൻ ഹ്രിദയവേദനയോടെ നോക്കി നിന്നു. പക്ഷെ ദൈവം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അപമാനിച്ചവർക്കു നടുവിൽ ഇന്നു ഏഴു വർഷം പിന്നിടുമ്പോൾ അന്തിയുറങ്ങാൻ പത്തനംതിട്ടയിൽ സ്വന്തം കൂടൊരുക്കി തന്നു ദൈവം. വാഹനം പോലും നിഷേധിച്ചവർക്കു മുന്നിൽ സ്വന്തം വാഹനം തന്നു. വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യാൻ പാഥയൊരുക്കി. ലോക പ്രശസ്ഥരായ പണ്ഡിതരിൽ നിന്നും ദൈവവചനം പടിക്കാൻ ദൈവം സാഹചര്യം ഒരുക്കി തന്നു.

എന്നേ മാനസികമായി അപമാനിച്ച് ഇറക്കി വിട്ട എല്ലാവരും കണ്ണീരിന്റെ രുചി അറിഞ്ഞു. അന്നത്തെ ഡയോസിസൻ സെക്രട്ടറി തോമസ് തടത്തിൽ അച്ചനും ക്രിത്യം ഒരു വർഷം കഴിഞപ്പോൾ അപമാനിതനായി സഭയിൽ നിന്നും ഇറങ്ങേണ്ടി വന്നു. ഞാൻ തോട്ടഭാഗത്ത് ഓഫീസിൽ നിന്നും ഇറങ്ങിയ 2013നു ശേഷം പിന്നീട് ഒരു കൺവെൻഷൻ ഇന്നുവരെ അവിടെ നടന്നിട്ടില്ല. ആയിരങ്ങൾ വന്നു പോയിക്കൊണ്ടിരുന്ന ഇടം ഇന്നു വല്ലപ്പോഴും വരുന്ന കുറുനരികൾ പാർക്കുന്ന ഇടം പോലെ ആയി.മേൽകൂരക്കു തീ പിടിച്ച അനുഭവത്തിൽ നേത്രുത്വം കടന്നു പോകുന്നു. ഭയം എല്ലാവരെയും വേട്ടയാടികൊണ്ടിരിക്കുന്നു. അന്ന് വ്യഭിചാരത്തിൽ പിടിക്കപ്പെട്ട കല്ല്യാണ രാമനും കാമുകിമാരായിരുന്ന രണ്ടു സ്ത്രീകളും, മിഷൻ ഡയറക്ടറും എവിടെങ്കിലും ഇരുന്ന് ഈ വാക്കുകൾ വായിക്കുന്നുണ്ടാകും.നിങ്ങൾ ഒരു കാര്യം കുറിച്ച് വെച്ചോളൂ! നിങ്ങൾക്ക് മനുഷ്യരെ പറ്റിക്കാം. പക്ഷേ ദൈവത്തിന്റെ കണ്ണിൽ നിന്നും നിങ്ങൾ ഒരിക്കലും രക്ഷപെടില്ല. ഒരു വൈദീകനെ അപമാനികുന്നവർ രക്ഷപെട്ട ചരിത്രം ഇല്ല. കണ്ണീർ കനലായി നിങ്ങളെ അതു എന്നും വേട്ടയാടികൊണ്ടിരിക്കും. ആ കനലിൽ നിങ്ങൾ വെന്തുരുകും.

അതു പോലെ ബിലീവേഴ്‌സ് ചർച്ചിന്റെ നേത്രുത്വവും ഒരു കാര്യം മനസിലാക്കണം നിങ്ങൾ ഒരു കാലത്ത് അർധരാത്രിയിൽ തോട്ടഭാഗത്ത് ഓഫീസിനു മുന്നിൽ തല്ലി ചതച്ച പാവപ്പെട്ട സുവിശേഷകരുടെ രക്തം ഇന്നും ദൈവത്തോടു നിലവിളിക്കുന്നുണ്ട്. നേരിനെ നേരായി കാണാൻ കഴിയാത്ത തെറ്റിനെ തെറ്റെന്നു കാണാൻ ദൈവതിന്റെ കണ്ണില്ലാത്ത സഭാനേത്രുത്വമേ നിങ്ങളെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു. നിങ്ങൾ ഏതു ക്രിസ്തുവിനെയാണു പ്രസംഗിക്കുന്നതു എന്ന സന്ദേഹവും ബാക്കിയാകുന്നു.

എനിക്ക് ആരോടും പരിഭവം ഇല്ല. പെരുമഴയത്ത് ആശ്രയമായിരുന്ന ഒരു പക്ഷിക്ക് അതിന്റെ കൂട് നഷ്ടപെട്ടപ്പോൾ ഉണ്ടായ മർമ്മരം ആയി മാത്രം ഈ വാക്കുകളെ കണ്ടാൽ മതി. കാലത്തിന്റെ കാവ്യ നീതി ആർക്കും തടുക്കാൻ കഴിയില്ല. ദൈവത്തിനു പോലും....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP