Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുക മെട്രോമാനെ; കേരളം പിടിക്കാൻ തുറുപ്പു ചീട്ട്; നേമവും വട്ടിയൂർക്കാവും തിരുവനന്തപുരവും പാലക്കാടും അടക്കം ജയിക്കാൻ പറ്റുന്ന സീറ്റുകളിൽ ഒന്ന് വികസന നായകന് നൽകും; ഇ ശ്രീധരനെ ബിജെപിക്കാരനാക്കിയത് മോദിയുടെ നേരിട്ടുള്ള ഇടപെടൽ; യുഡിഎഫ്-എൽഡിഎഫ് വോട്ടിങ് പാറ്റേൺ പൊളിക്കാൻ ശ്രീധരന്റെ ജനകീയ എൻട്രി

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുക മെട്രോമാനെ; കേരളം പിടിക്കാൻ തുറുപ്പു ചീട്ട്; നേമവും വട്ടിയൂർക്കാവും തിരുവനന്തപുരവും പാലക്കാടും അടക്കം ജയിക്കാൻ പറ്റുന്ന സീറ്റുകളിൽ ഒന്ന് വികസന നായകന് നൽകും; ഇ ശ്രീധരനെ ബിജെപിക്കാരനാക്കിയത് മോദിയുടെ നേരിട്ടുള്ള ഇടപെടൽ; യുഡിഎഫ്-എൽഡിഎഫ് വോട്ടിങ് പാറ്റേൺ പൊളിക്കാൻ ശ്രീധരന്റെ ജനകീയ എൻട്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിൽ ഇ ശ്രീധരൻ മത്സരിക്കും. ബിജെപി മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നത് ഇ ശ്രീധരനെയാകും. കേരളത്തിൽ ശ്രീധരനുള്ള പൊതുപിന്തുണ വലുതാണ്. സിപിഎമ്മിനും കോൺഗ്രസിനും പോലും വ്യക്തിപരമായി എതിർക്കാൻ ആവാത്ത കറകളഞ്ഞ വ്യക്തിത്വം. പറയുന്നത് ചെയ്യുന്ന കർമ്മ നിരതൻ. അങ്ങനെ കേരളത്തിലെ സാമൂഹിക മണ്ഡലത്തിൽ ഏവരും അംഗീകരിക്കപ്പെടുന്ന പൊതുസമ്മതനാണ് ഇ ശ്രീധരൻ. മെട്രോ ഉദ്ഘാടന വേദിയിൽ നിന്ന് മാറ്റി നിർത്തിയ ശ്രീധരനെ പൊതുസമൂഹം ഇടപെട്ട വേദിയിൽ എത്തിച്ചതും ചരിത്രത്തിന്റെ ഭാഗം. അങ്ങനെ രാജ്യ വികസനത്തിൽ മലയാളിയുടെ മിന്നും മുഖമായ ശ്രീധരനാണ് മത്സരിക്കാൻ എത്തുന്നത്.

കൊച്ചി മെട്രോയുടെ പ്രവർത്തനം പൂർത്തിയാക്കി ഔദ്യോഗിക ജീവിതത്തിന് വിശ്രമം നൽകുമെന്ന് പ്രഖ്യാപിച്ച ശ്രീധരൻ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ അത് ബിജെപിയുടെ കേരളത്തിനായി ഒളിപ്പിച്ചുവച്ച രഹസ്യ തന്ത്രം കൂടിയാണ്. പ്രധാനമന്ത്രിയായി ഏഴു കൊല്ലം മുമ്പ് അധികാരത്തിൽ എത്തിയപ്പോൾ കാബിനറ്റ് റാങ്കിൽ ഇ ശ്രീധരൻ മന്ത്രിയാകുമെന്ന് ഏവരും കരുതി. എന്നാൽ അതുണ്ടായില്ല. അതിവേഗ മെട്രോയുടെ നിർണ്ണായക ചുമതലകൾ ശ്രീധരന് നൽകി. റെയിൽവേയുടെ നയരൂപീകരണത്തിലും പങ്കാളിയാക്കി. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ശ്രീധരനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളെത്തി. എന്നാൽ അന്നൊന്നും മോദി ഒന്നും ചെയ്തില്ല. കാരണം കേരളത്തിലേക്ക് കാത്തു സൂക്ഷിച്ച രഹസ്യായുധമായിരുന്നു ശ്രീധരൻ. ഇനി കേരളത്തിലും ബിജെപി കേന്ദ്ര നേതൃത്വം സജീവ ഇടപെടൽ നടത്തും.

ദ്വീർഘമായ കർമ്മപദത്തിൽ നിന്നും രാഷ്ട്രീ വഴിയിലേക്ക് പോകുമ്പോൾ ഇ ശ്രീധരന് പറയാനുള്ളത് നേട്ടങ്ങളുടെ കഥയാണ്. കൊച്ചി മെട്രോ എന്ന ആശയം 2008ൽ തുടങ്ങി 2012ൽ പൂർത്തിയായി. ശ്രീനഗറിലെയും ജമ്മുവിലെയും ലൈറ്റ് മെട്രോ പദ്ധതികളിലും ദാൽ തടാകത്തിന്റെ പുനരുദ്ധാരണത്തിലുമാണ് വിരമിക്കലിന് ശേഷം ശ്രീധരൻ സജീവമാകുക എന്നായിരുന്നു റിപ്പോർട്ടുകൾ. വിരമിച്ചശേഷം പൊന്നാനിയിലെ വീട്ടിലായിരുന്നു ശ്രീധരൻ. ഇതിനിടെ കെ സുരേന്ദ്രനും കൂട്ടരും അദ്ദേഹത്തെ വീട്ടിലെത്തി കണ്ടിരുന്നു. ഇതെല്ലാം വ്യക്തമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിരുന്നു. ഇതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടലുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് കാര്യങ്ങൾ നീക്കി. ഇതെല്ലാം ഫലം കണ്ടു. അങ്ങനെ ബിജെപിക്കാരനായി ഇ ശ്രീധരൻ.

ശ്രീധരൻ ബിജെപിയിൽ എത്തുമ്പോൾ കൂടുതൽ പ്രമുഖരും ഈ വഴിക്ക് വരും. നേരത്തെ മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയുടെ ഭാഗമായി. ഇരിങ്ങാലക്കുടയിൽ മത്സരിക്കാനും സന്നദ്ധ അറിയിച്ചു. ടിപി സെൻകുമാർ അടക്കമുള്ളവർ താൽപ്പര്യ പട്ടികയിൽ ഉണ്ട്. ഇവരെ എല്ലാം ശ്രീധരന്റെ വരവ് സ്വാധീനിക്കും. അങ്ങനെ എങ്കിൽ കേരളത്തിൽ ഉടനീളം സാമൂഹിക ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയവർ മത്സര രംഗത്തുണ്ടാകും. അങ്ങനെ കേരളത്തിൽ മികച്ച വിജയം നേടാനാകും ബിജെപിയുടെ ശ്രമം. മറ്റ് പാർട്ടികളിൽ ഇടഞ്ഞു നിൽക്കുന്നവർക്കും ബിജെപി സ്വാഗതം അരുളും. അങ്ങനെ ശ്രീധരന്റെ മുഖമുയർത്തി കേരളത്തിൽ അട്ടിമറി സാധ്യതകൾ തേടുകയാണ് മോദിയും അമിത് ഷായും.

എല്ലാ മത വിഭാഗങ്ങളിലും സ്വാധീനമുള്ള വ്യക്തിത്വമാണ് ശ്രീധരൻ. അതു വോട്ടായി മാറുമെന്ന് ബിജെപി കരുതുന്നു. പാലക്കാട് ജില്ലയിലെ കറുകപുത്തൂരിൽ കീഴൂട്ടിൽ നീലകണ്ഠൻ മൂസതിന്റെയും കാർത്യായനിയുടെയും മകനായി മിഥുനത്തിലെ അവിട്ടം നാളിലാണ് എളാട്ടുവളപ്പിൽ ശ്രീധരന്റെ ജനനം. ഒമ്പതു മക്കളിൽ ഏറ്റവും ഇളയവനായ ശ്രീധരൻ പിന്നീട് ലോകം ശ്രദ്ധിച്ച പ്രതിഭാശാലിയായ സിവിൽ എൻജിനിയർമാരിൽ ഒന്നാമനായി മാറുകയായിരുന്നു. ശ്രീധരനായി ഉറച്ച സീറ്റ് തന്നെ ബിജെപി മാറ്റി വയ്ക്കും. നേമത്ത് രാജഗോപാലിന്റെ പിൻഗാമിയായി ശ്രീധരൻ എത്താനും സാധ്യതയുണ്ട്. തിരുവനന്തപുരവും വട്ടിയൂർക്കാവും ശ്രീധരന് ജയിക്കാൻ പറ്റുന്ന സീറ്റുകളാണ്. പാലക്കാടും പരിഗണനയിലുണ്ട്. ഇതിൽ ഏത് സീറ്റ് ചോദിച്ചാലും ശ്രീധരന് നൽകും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ശ്രീധരനെ മോദി പ്രഖ്യാപിക്കുകയും ചെയ്യും.

1954ൽ ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനിയറായി ജോലിയിൽ പ്രവേശിച്ച ശ്രീധരൻ വിശ്രമമില്ലാത്ത 63 വർഷത്തിനിടെ രാജ്യത്തിന് നൽകിയത് വിലമതിക്കുന്ന നിരവധി പദ്ധതികളാണ്. പാമ്പൻപാലം 1964ൽ 46 ദിവസത്തിനുള്ളിൽ പുനർ നിർമ്മിച്ചതോടെയാണ് ശ്രീധരനെ രാജ്യം ശ്രദ്ധിച്ചത്. രാജ്യത്തെ ആദ്യ മെട്രോയായി അറിയപ്പെടുന്ന കൊൽക്കത്ത മെട്രോയുടെ രൂപകൽപ്പന ശ്രീധരന്റേതാണ്. കൊച്ചിൻ ഷിപ്യാർഡിൽ ആദ്യ കപ്പൽ റാണിപത്മിനിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ കപ്പൽശാലയുടെ സിഎംഡി ശ്രീധരനാണ്. 1990ൽ റെയിൽവേയിൽനിന്നു വിരമിച്ച് കൊങ്കൺ റെയിൽവേയുടെ തലപ്പത്ത്. കുറഞ്ഞ ഏഴുവർഷവും മൂന്നുമാസവും മാത്രമെടുത്ത് 760 കിലോമീറ്റർ കൊങ്കൺപാത പൂർത്തിയാക്കി. തുടർന്ന് രാജ്യത്തെ അത്യാധുനിക മെട്രോ തീർക്കാനുള്ള ദൗത്യമേറ്റെടുത്ത് ഡിഎംആർസിയിൽ. നിശ്ചിതസമയത്തിന് രണ്ടുവർഷവും ഒമ്പതുമാസവും ശേഷിക്കെ ഏഴുവർഷവും മൂന്നുമാസവുമെടുത്ത് 10,500 കോടി രൂപ ചെലവിൽ ഡൽഹി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയാക്കി.

നാലരവർഷത്തിനുള്ളിൽ രണ്ടാംഘട്ടവും പാളത്തിലായി. ഇതിനിടെ ജയ്പുർ, ലഖ്‌നൗ, വിശാഖപട്ടണം മെട്രോകളുടെയെല്ലാം മേൽനോട്ട ചുമതലയും പ്രായത്തിന്റെ പരിമിതികൾ മറന്ന് ഏറ്റെടുത്തു. ഇപ്പോഴും പൊന്നാനിയിലെ വീട്ടിൽനിന്ന് കൊച്ചിയിലേക്കും വിവിധ മെട്രോനഗരങ്ങളിലേക്കും നിരന്തരം യാത്രചെയ്യുന്നു. വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളുടെയും മാനേജ്‌മെന്റ് പ്രഭാഷണങ്ങളുടെയും ഭാഗമായി എല്ലായിടത്തും ഓടിയെത്തുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതി ആസൂത്രണങ്ങൾക്കായി വിവിധ സമിതികളിലും പ്രവർത്തിക്കുന്നു. കേന്ദ്ര സർക്കാരിന്റെ റെയിൽവേ പദ്ധതികളുടെ ഉപദേഷ്ടാവുമാണ്. കൊച്ചി മെട്രോയ്ക്ക് നാലായിരം കോടിയോളം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിച്ചത്. അതിന്റെ പകുതി പോലും ശ്രീധരൻ ചെലവാക്കിയില്ല.

ശ്രീധരനെയും ഡി.എം.ആർ.സിയെയും കൊച്ചി മെട്രോയിൽനിന്ന് പുകച്ചുചാടിക്കാൻ പല ഘട്ടങ്ങളിലും ശ്രമങ്ങളുണ്ടായിരുന്നു.ശ്രീധരന്റെ അസാന്നിധ്യത്തിൽ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷൻ പണം കിട്ടാൻ പാഞ്ഞു നടന്നവരായിരുന്നു ഇവർ. പക്ഷേ, ശ്രീധരൻ കൊച്ചി മെട്രോ നിർമ്മാണനേതൃത്വത്തിൽ ഉണ്ടാകണമെന്നാഗ്രഹിച്ചവരുടെ തീർച്ചകളെ മറയ്ക്കാൻ മാത്രം ശക്തി വാദങ്ങൾക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറുവശത്ത് ശ്രീധരൻ ഒറ്റയ്ക്കായിട്ടും ഒറ്റയ്ക്കായില്ല. അങ്ങനെയാണ് കൊച്ചി മെട്രോ യഥാർത്ഥ്യത്തിൽ അതിവേഗം എത്തിയത്.

ഫെബ്രുവരി 20 ന് ആരംഭിക്കുന്ന കെ.സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ പ്രശസ്തരായ നിരവധി ആളുകൾ ബിജെപിയിൽ ചേരുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു. ശ്രീധരനെ രണ്ട് മുന്നണികൾക്കും കണ്ണിലെ കരടായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ രണ്ട് മുന്നണികളും അദ്ദേഹത്തെ പല സന്ദർഭങ്ങളിലായി എതിർത്തിട്ടുണ്ട്. വികസന പ്രവർത്തനങ്ങളുടേയും മറവിൽ കമ്മീഷൻ അടിക്കുന്ന കേരളത്തിന്റെ രീതിയെ ശ്രീധരൻ എതിർത്തതോടെ ഉമ്മൻ ചാണ്ടി അദ്ദേഹത്തെ എതിർത്തു. പിണറായി വിജയന്റെ സമീപനവും സമാനമായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

ലോകം മുഴുവൻ ആദരിക്കുന്ന ശ്രീധരനെപ്പോലുള്ളവർ ബിജെപിയിലേക്ക് വരുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവായ വികാരത്തിന്റെ പ്രതിഫലനമാണ്. ശ്രീധരൻ മത്സരിക്കണമെന്നുള്ള ആവശ്യം അദ്ദേഹത്തിന് മുന്നിൽവെയ്ക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP