Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശത്ത് നിന്നും ഇന്ത്യയിലേക്കെത്താൻ പുതിയ യാത്രാ മാർ​ഗനിർദ്ദേശ രേഖയുമായി കേന്ദ്ര സർക്കാർ; നടപടി കോവിഡ് വൈറസിന്റെ സൗത്ത് ആഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങൾ കണ്ടെത്തിയതിന് പിന്നാലെ

വിദേശത്ത് നിന്നും ഇന്ത്യയിലേക്കെത്താൻ പുതിയ യാത്രാ മാർ​ഗനിർദ്ദേശ രേഖയുമായി കേന്ദ്ര സർക്കാർ; നടപടി കോവിഡ് വൈറസിന്റെ സൗത്ത് ആഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങൾ കണ്ടെത്തിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പകർച്ച വ്യാപന സാധ്യത കൂടുതലുള്ള കോവിഡ് വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ രാജ്യത്ത് പുതിയ യാത്രാ മാർ​ഗനിർദ്ദേശ രേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ. പുതിയ മാർഗനിർദ്ദേശ പ്രകാരം, വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് നടത്തിയ ആർ.ടി.പി.സി.ആർ. ടെസ്റ്റിൽ നെഗറ്റീവ് ആയവർക്കു മാത്രമേ വിമാനത്തിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. അതേസമയം, കുടുംബത്തിൽ മരണം സംഭവിച്ചതുമൂലം യാത്ര ചെയ്യുന്നവർക്ക് ഈ നിബന്ധനയിൽ ഇളവ് ലഭിക്കും.

യു.കെ. യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽനിന്ന് വരുന്നവർ ഒഴികെയുള്ള യാത്രക്കാർക്കാണ് പുതിയ നിർദ്ദേശം ബാധകമാവുക. അതേസമയം, യു.കെ. യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽനിന്ന് നേരിട്ടുള്ള വിമാനം വഴിയോ മാറിക്കയറിയോ എത്തുന്ന എല്ലാ യാത്രക്കാരും തങ്ങളുടെ 14 ദിവസത്തെ ട്രാവൽ ഹിസ്റ്ററി വെളിപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.

ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ, യാത്രയ്ക്ക് മുൻപ് കോവിഡ് നെഗറ്റീവ് ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. കൂടാതെ ആർ.ടി.പി.സി.ആർ. ടെസ്റ്റിൽ നെഗറ്റീവ് ആണെന്ന റിപ്പോർട്ടും അപ്‌ലോഡ് ചെയ്യണം. തെറ്റായ വിവരമാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കിൽ, അത് ക്രിമിനൽ കുറ്റമായി പരിഗണിക്കാൻ സാധ്യതയുണ്ട്.

യു.കെ., യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തുന്നവർ, ഇവിടെ എത്തിയതിനു ശേഷം സ്വന്തം ചെലവിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റ് ചെയ്യണം. ഇത് നിർബന്ധമാണ്. സൗത്ത് ആഫ്രിക്കയിൽനിന്നും ബ്രസീലിൽനിന്നും ഇന്ത്യയിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ, ഈ രണ്ടുരാജ്യങ്ങളിൽനിന്നുമുള്ളവർ മേൽപ്പറഞ്ഞ വിഭാഗത്തിൽ ഉൾപ്പെടും.

വൈറസിന്റെ സൗത്ത് ആഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങൾ രാജ്യത്ത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഈ രണ്ടു വകഭേദങ്ങൾക്കും പകർച്ച വ്യാപന സാധ്യത വളരെക്കൂടുതലാണ്. കൊറോണ വൈറസിന്റെ സൗത്ത് ആഫ്രിക്കൻ വകഭേദം നാലു പേരിലും ബ്രസീലിയൻ വകഭേദം ഒരാളിലുമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചിട്ടുണ്ട്. അതേസമയം വൈറസിന്റെ യു.കെ. വകഭേദം രാജ്യത്ത് ഇതുവരെ 187 പേരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

20H / 501Y.V2 അല്ലെങ്കിൽ B.1.351 എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ വകഭേദം യുകെയുടേതിനേക്കാൾ വ്യത്യസ്തമാണ്. കൂടുതൽ പകർച്ചാ സാധ്യതയുള്ള വൈറസ് വകഭേദമാണിത്. മുമ്പത്തെ വൈറസുകളേക്കാൾ ഈ വകഭേദത്തിന് “ആന്റിബോഡി നിർവീര്യകരണത്തിന് സാധ്യത കുറവാണ്” എന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. പുതിയ വേരിയന്റ് മുമ്പുള്ളവയെ അപേക്ഷിച്ച് പകരാനുള്ള ശേഷി 50 ശതമാനം കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കൻ ഗവേഷകർ കരുതുന്നതായി ദ വാൾസ്ട്രീറ്റ് ജേണലിലെ ഒരു റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP