Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അരനൂറ്റാണ്ടിന് ശേഷം ഭട്ടിൻഡയിലും കോൺ​ഗ്രസ് പാർട്ടി; ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലും ഭരണം കോൺ​ഗ്രസിന് തന്നെ; പഞ്ചാബിൽ ബിജെപിക്ക് വിനയായത് കർഷക രോഷം;ശിരോമണി അകാലി ദളിനും ആം ആദ്മിക്കും കോൺ​ഗ്രസ് പടയോട്ടത്തിൽ പിടിച്ചു നിൽക്കാനായില്ല

അരനൂറ്റാണ്ടിന് ശേഷം ഭട്ടിൻഡയിലും കോൺ​ഗ്രസ് പാർട്ടി; ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളിലും ഭരണം കോൺ​ഗ്രസിന് തന്നെ; പഞ്ചാബിൽ ബിജെപിക്ക് വിനയായത് കർഷക രോഷം;ശിരോമണി അകാലി ദളിനും ആം ആദ്മിക്കും കോൺ​ഗ്രസ് പടയോട്ടത്തിൽ പിടിച്ചു നിൽക്കാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

ഛത്തീസ്ഢ്: കർഷക പോരാട്ട ഭൂമി ഡൽഹി ആയിരുന്നെങ്കിലും അതിന്റെ രാഷ്ട്രീയ പരീക്ഷണ ശാല പഞ്ചാബ് ആയിരുന്നു. കർഷക പ്രക്ഷോഭം കത്തി നിൽക്കവെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ തൂത്തെറിയുകയായിരുന്നു പഞ്ചാബ്. ​ദീർഘകാലമായുള്ള സഖ്യകക്ഷിക്ക് ഒപ്പം നിന്നാൽ കാലിടറുമെന്ന് മുമ്പേ തിരിച്ചറിഞ്ഞ ശിരോമണി അകാലി ദളിനും പച്ചതൊടാനായില്ല. ഡൽഹി കഴിഞ്ഞാൽ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയുടെ പ്രതീക്ഷയായിരുന്നെങ്കിലും പഞ്ചാബികൾ ഇക്കുറി കോൺ​ഗ്രസിന് പിന്നിൽ അണിനിരന്നതോടെ ആം ആദ്മിക്കും കാലിടറി.

ഇന്ന് ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പൽ കോർപ്പറേഷനുകളും കോൺഗ്രസ് സ്വന്തമാക്കി. മോഗ, ഹോഷിയാർപുർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബറ്റാല, ഭട്ടിൻഡ എന്നീ കോർപ്പറേഷനുകളിൽ കോൺഗ്രസ് തേരോട്ടമായിരുന്നു. ഭട്ടിൻഡയിൽ 53 വർഷത്തിന് ശേഷമാണ് കോൺഗ്രസ് ഭരണം പിടിക്കുന്നത്. മൊഹാലി കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം നാളെയാണ് പ്രഖ്യാപിക്കുക.

ആകെയുള്ള 109 മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്തുകളിൽ 77 എണ്ണത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. ശിരോമണി അകാലിദൾ എട്ടിടത്താണ് ലീഡ് ചെയ്യുന്നത്. ബിജെപി ഒരിടത്ത് പോലും മുന്നേറുന്നില്ല. മുൻ കേന്ദ്രമന്ത്രിയും ശിരോമണി അകാലിദൾ എംപിയുമായ ഹർസിമ്രത് ബാദലാണ് ഭട്ടിൻഡ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ഹർസിമ്രത് ബാദൽ അടുത്തിടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ശിരോമണി അകാലിദൾ ബിജെപി ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

കർഷക പ്രക്ഷോഭം ബിജെപിക്ക് തിരിച്ചടിയായി

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ ജനങ്ങൾ തൂത്തെറിയുകയായിരുന്നു. മുന്നണി വിട്ടെങ്കിലും പഴയ ഘടകകക്ഷിയായ ശിരോമണി അകാലി ദളിനും കോൺ​ഗ്രസ് തരം​ഗത്തിൽ പിടിച്ചുനിൽക്കാനായില്ല. ശിരോമണി അകാലിദളിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചത്. അമ്പത് വോട്ടുപോലും തികയ്ക്കാതെയാണ് റാഹോൺ മുൻസിപ്പൽ കൗൺസിലിലെ ബിജെപിയുടെ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടതെന്ന് ഫിനാൻഷ്യൽ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

റാഹോണിലെ 13 വാർഡുകളിൽ കോൺഗ്രസിന് ഏഴും, ശിരോമണി അകാലിദളിന് നാലും ബഹുജൻ സമാജ്‌വാദി പാർട്ടിക്ക് 2 ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാൽ ഈ വാർഡുകളിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥികൾക്ക് അമ്പത് വോട്ടു പോലും തികയ്ക്കാനായില്ല. റാഹോണിൽ പാരാജയം ഭയന്ന് ബിജെപിയുടെ പല സ്ഥാനാർത്ഥികളും സ്വതന്ത്രരായി മത്സരിച്ചിരിന്നു.

ചെങ്കോട്ട കാത്ത് സിപിഐയും

പാർട്ടി ചിഹ്നത്തിൽ അല്ലെങ്കിലും പഞ്ചാബിൽ സിപിഐയും നേട്ടം കൊയ്തു. മൻസ ജില്ലയിലെ ജോഗയിൽ നടന്ന നഗർ പഞ്ചായത്തിൽ 13 സീറ്റുകളിൽ 12 എണ്ണത്തിലും സിപിഐ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ഇടതുപക്ഷ സ്ഥാനാർത്ഥികൾ സെമി അർബൻ ടൗണിൽ വിജയം നേടുന്നത്. 2015 ൽ സിപിഐ പാനൽ 13 സീറ്റുകളിൽ ഒമ്പത് നേടിയിരുന്നു. വിജയിച്ച പാനലിൽ ആറ് വനിതാ സ്ഥാനാർത്ഥികളുണ്ട്.

ഇത്തവണ വോട്ടർമാർ ഞങ്ങളിൽ കൂടുതൽ വിശ്വാസം അർപ്പിച്ചു. കോൺഗ്രസിനെയും ശിരോമണി അകാലിദളിനെയും (എസ്എഡി) തൂത്തെറിഞ്ഞാണ് ജനവിധി. കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവർ ഞങ്ങളിൽ വിശ്വാസം അർപ്പിച്ചത്,” പത്താം നമ്പർ വാർഡിൽ മത്സരിച്ച് വിജയിച്ച ഗുർമീത് സിങ് പറഞ്ഞു. ഗുർമീത്തിന്റെ ഭാര്യ ഗുർമെൽ കൗർ നാലാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. റിട്ടയേർഡ് അദ്ധ്യാപികയാണ് ഇവർ. മൻസ ഇടതുപക്ഷത്തിന്റെ ഒരു കോട്ടയാണ്, മൂന്ന് തവണ എം‌എൽ‌എയായ ജംഗിർ സിങ് ജോഗ ജോഗാ ഗ്രാമവാസിയാണ്. ശിരോമണി അകാലിദളും കോൺഗ്രസും സ്വന്തം ചിഹ്നത്തിലല്ല ജോഗയിൽ മത്സരിച്ചത്.

എട്ട് കോർപ്പറേഷനുകളിലേക്കും 109 മുനിസിപ്പൽ കൗൺസിൽ, നഗർ പഞ്ചായത്തുകളിലേക്കുമായി ഫെബ്രുവരി 14-നാണ് തിരഞ്ഞെടുപ്പ് നടന്നത്. മൊഹാലി കോർപ്പറേഷനിലെ രണ്ടു ബൂത്തിലടക്കം വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. 9,222 സ്ഥാനാർത്ഥികളാണ് ആകെ ഉണ്ടായിരുന്നത്. സ്വതന്ത്രരാണ് ഏറ്റവും കൂടുതൽ. 2832 സ്ഥാനാർത്ഥികൾ സ്വതന്ത്രരായി മത്സരിച്ചു. 2037 പേരെയാണ് കോൺഗ്രസ് മത്സരിപ്പിച്ചത്. പ്രതിഷേധങ്ങളെ തുടർന്ന് ബിജെപിക്ക് പലയിടങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താനായിരുന്നില്ല. 1003 പേരാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ചത്. ശിരോമണി അകാലിദളിന് 1569 സ്ഥാനാർത്ഥികളുണ്ടായിരുന്നു.

അനിവാര്യമായ തുടച്ചുനീക്കൽ: മുഖ്യമന്ത്രി അമരീന്ദർ സിങ്

തദ്ദേശ തെരഞ്ഞെടുപ്പിൽ നടന്നത് അനിവാര്യമായ തുടച്ച് നീക്കൽ എന്നായിരുന്നു മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പ്രതികരണം. തോൽവി ഉറപ്പായപ്പോഴാണ് തെരഞ്ഞെടുപ്പിൽ അപാകതയുണ്ടെന്ന് പറഞ്ഞ് ബിജെപി മോങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിലെ പരിഭ്രാന്തിയാണ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ബിജെപിയുടെയും ആം ആദ്മിയുടേയും ആരോപണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ആം ആദ്മി പാർട്ടിയും ശിരോമണി അകാലിദളും പൂർണ്ണമായും നിലംപരിശായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP