Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുട്ടിലഴഞ്ഞത് സമരക്കാർ; മുട്ടുമടക്കിയത് സർക്കാരും; പിണറായി കീഴടങ്ങി; സ്ഥിരപ്പെടുത്തൽ മാമാങ്കം നിർത്തിവെച്ച് സംസ്ഥാന സർക്കാർ; നിർണ്ണായക തീരുമാനം മന്ത്രിസഭ യോഗത്തിൽ; തീരുമാനത്തിന് പിന്നിൽ ഹൈക്കോടതി ഇടപെടലും പി എസ് സി ഉദ്യോഗാർത്ഥികളുടെ സമര തീക്ഷണതയും; കണ്ണിൽ പൊടിയിടലെന്ന് യൂത്ത് കോൺഗ്രസ്; സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികളും

മുട്ടിലഴഞ്ഞത് സമരക്കാർ; മുട്ടുമടക്കിയത് സർക്കാരും; പിണറായി കീഴടങ്ങി; സ്ഥിരപ്പെടുത്തൽ മാമാങ്കം നിർത്തിവെച്ച് സംസ്ഥാന സർക്കാർ; നിർണ്ണായക തീരുമാനം മന്ത്രിസഭ യോഗത്തിൽ; തീരുമാനത്തിന് പിന്നിൽ ഹൈക്കോടതി ഇടപെടലും പി എസ് സി ഉദ്യോഗാർത്ഥികളുടെ സമര തീക്ഷണതയും; കണ്ണിൽ പൊടിയിടലെന്ന് യൂത്ത് കോൺഗ്രസ്; സമരം തുടരുമെന്ന് ഉദ്യോഗാർത്ഥികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ സമരത്തിന് മുന്നിൽ മുട്ടുമടക്കി സംസ്ഥാന സർക്കാർ. താലൽക്കാലികക്കാരെ സ്ഥിരപ്പെടുത്തൽ നിർത്തിവെക്കാൻ മന്ത്രി സഭാ യോഗത്തിൽ തീരുമാനം. പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം ശക്തമായതും ഹൈക്കോടതിയുടെ ഇടപെടലുമാണ് സംസ്ഥാന സർക്കാരിന്റെ നിർണ്ണായക തീരുമാനത്തിന് പിന്നിൽ. ഇന്നത്തെ മന്ത്രി സഭാ യോഗത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കാനായിരുന്നു സമരക്കാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് പിണറായി സർക്കാർ മുട്ടുമടക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഏത് സമയത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും. അതു കഴിഞ്ഞാൽ നയപരമായ തീരുമാനങ്ങൾ എടുക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനം എടുത്തത്. അതിനിടെ സമരവുമായി മുമ്പോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ അറിയിച്ചു. പി എസ് സി ഉദ്യോഗാർത്ഥികളുടെ സംഘടനയുടെ നിലപാടും നിർണ്ണായകമാകും. അവർ ഉന്നയിച്ച പ്രശ്‌നങ്ങൾക്കുള്ള പരിഹാരമല്ല ഇത്. താൽകാലികക്കാരുടെ നിയമനത്തിൽ ചില ചോദ്യങ്ങൾ ഹൈക്കോടതി സർക്കാരിന് മുമ്പിൽ ഉയർത്തി. ഇതും സർക്കാരിനെ ചിന്തിപ്പിച്ചതായാണ് സൂചന.

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവെക്കാനാണ് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനം. മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുവരെ സ്ഥിരപ്പെടുത്തൽ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാവുക. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാനത്ത് ആകമാനം ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് നീക്കത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോകുന്നത്. സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് വലിയ ഫയൽ തന്നെ സർക്കാരിന് മുന്നിലുണ്ടെന്നാണ് വിവരം. ആരോഗ്യ വകുപ്പിലും വനംവകുപ്പിലും സ്ഥിരപ്പെടുത്തലിനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നുമുണ്ട്. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ഇരുന്നൂറിൽ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു.

സെക്രട്ടേറിയേറ്റിനു മുന്നിലെ ഉദ്യോഗാർഥികളുടെ സമരവും അർഹതയില്ലാത്തവരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നു എന്ന പ്രതിപക്ഷ ആരോപണവും തിരിച്ചടിയാകുമെന്ന തിരിച്ചറിവുമാണ് സ്ഥിരപ്പെടുത്തൽ നീക്കത്തിൽനിന്ന് പിന്മാറാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. അതേസമയം ആരോഗ്യ വകുപ്പിലും റവന്യൂ വകുപ്പിലും പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തിരുമാനമായിട്ടുണ്ട്.  

അതേസമയം സർക്കാരിന്റെ തീരുമാനത്തിൽ പ്രതികരണവുമായി നിരാഹാരമനുഷ്ഠിക്കുന്ന കോൺഗ്രസ്സ് നേതാക്കൾ രംഗത്തെത്തി. സർക്കാരിന്റെ തീരുമാനം സമരക്കാരുടെ കണ്ണിൽ പൊടിയിടാനാണെന്ന് ശബരീനാഥൻ കുറ്റുപ്പെടുത്തി. കാലാവധി തീരാറാകുമ്പോൾ സ്ഥിരപ്പെടുത്തൽ നിർത്തിയെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്ഥിരപ്പെടുത്തലിനെതിരെ ജൂഡീഷ്യൽ അന്വേഷണം വേണമെന്നു ഷാഫി പറമ്പിൽ പറഞ്ഞു. 2000 പേരെയാണ് ഇതുവരെ സ്ഥിരപ്പെടുത്തിയത്. ഈ സ്ഥിരപ്പെടുത്തൽ റദ്ദ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

സമരം തുടരുമെന്ന് പിഎസ് സി ഉദ്യോഗാർത്ഥികളും അറിയിച്ചു. റാങ്ക് ലിസ്റ്റിൽ അഞ്ചിലൊന്ന് പേരെ നിയമിക്കണം. ഇതിന് വേണ്ടി മന്ത്രിതല ചർച്ചവേണമെന്നാണ് അവരുടെ ആവശ്യം. ഈ സാഹചര്യത്തിൽ സമരം തുടരാനാണ് തീരുമാനം. റാങ്ക് ഹോൾഡേഴ്‌സ് സംഘടനകൾ എല്ലാം ഇതിൽ ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷവും സമരം തുടരുന്നത്. ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നതു വരെ അവരും സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം തുടരും.

പ്രതിഷേധം നടത്തിയ സമരക്കാർക്ക് വ്യാപക പിന്തുണ കൈവന്നിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും ശബരിനാഥും സമരത്തിലായിരുന്നു. ഇതെല്ലാം സർക്കാരിന് വെല്ലുവിളിയായി. സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ കുത്തി ഇരുപ്പ് സമരം നടത്തി. മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചാൽ ഈ സർക്കാരിന് ഭാവിയിൽ മുട്ടിലിഴയേണ്ടി വരും. സമരത്തെ പിന്തുണയ്ക്കാൻ പലരും വരും, അതിനെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്.? സമരത്തെ ഭീഷണികൊണ്ട് അടിച്ചമർത്താനാവില്ല- ശോഭ സുരേന്ദ്രൻ പറഞ്ഞു.

ഉദ്യോഗാർഥികൾക്കൊപ്പം ഇരുന്ന് സമരം ചെയ്യാത്തത് സമരത്തിന് രാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ട കാര്യമില്ല എന്നതിനാലാണ്. എന്നാൽ അവരെ പിന്തുണയ്ക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് തെരുവിൽ എവിടെയെങ്കിലും ഇരുന്ന് പ്രതിഷേധത്തിൽ പങ്കുചേരുന്നത്. ഉദ്യോഗാർഥികളുടേത് ധാർമിക സമരമാണ്. ആ സമരത്തിന് പിന്തുണ നൽകാനാണ് താൻ 48 മണിക്കൂർ ഉപവാസ സമരം നടത്തുന്നത്. എല്ലാം ശരിയാക്കിത്തരുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാരാണിത്. എന്നാൽ തെറ്റുകൾ ആവർത്തിച്ചാൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അഴിമതി നിറഞ്ഞ പിൻവാതിൽ നിയമനങ്ങൾ അന്വേഷിക്കപ്പെടണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇങ്ങനെ പ്രതിപക്ഷം ഒന്നടങ്കം സമരമുഖത്ത് എത്തിയത് സർക്കാരിന് തലവേദനയായി. ഈ സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP