Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചെപ്പോക്കിലെ ഹിമാലയൻ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടാമത്; ഇന്ത്യൻ മണ്ണിലെ ജയത്തിൽ ധോണിക്കൊപ്പം കോലി; സെഞ്ചുറിയടിച്ചും വിക്കറ്റ് വീഴ്‌ത്തിയും ഊര് പയ്യനായി ആർ അശ്വിൻ; അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി അക്ഷർ പട്ടേൽ എലൈറ്റ് പട്ടികയിൽ; ഇനി ലക്ഷ്യം ഫൈനൽ ബർത്ത്

ചെപ്പോക്കിലെ ഹിമാലയൻ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടാമത്; ഇന്ത്യൻ മണ്ണിലെ ജയത്തിൽ ധോണിക്കൊപ്പം കോലി; സെഞ്ചുറിയടിച്ചും വിക്കറ്റ് വീഴ്‌ത്തിയും ഊര് പയ്യനായി ആർ അശ്വിൻ; അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി അക്ഷർ പട്ടേൽ എലൈറ്റ് പട്ടികയിൽ; ഇനി ലക്ഷ്യം ഫൈനൽ ബർത്ത്

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യയുടെ മുന്നിൽ രണ്ട് ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് ആദ്യ ടെസ്റ്റിലേറ്റ കനത്ത തോൽവിക്ക് മറുപടി നൽകുക. രണ്ടാമത് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബർത്ത് സാധ്യത നിലനിൽത്തുക എന്നിവ.

482 എന്ന കൂറ്റൻ വിജയലക്ഷ്യം പടുത്തുയർത്തിയ ഇന്ത്യ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയതോടെ മൂന്നാം ദിനത്തിൽ തന്നെ ജയം ഉറപ്പിച്ചിരുന്നു. നാലാം ദിനത്തിൽ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ ചെറുത്ത നിൽക്കാൻ കഴിയാതെ ഇംഗ്ലണ്ട് ബാറ്റിങ് നിര 164 റൺസുമായി കൂടാരം കയറി. 317 റൺസിന്റെ ഹിമാലയൻ ജയത്തോടെ കോലിപ്പട രണ്ട് ലക്ഷ്യങ്ങളും നിറവേറ്റി. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഒപ്പമെത്താനും ടീമിനായി.

ആദ്യ ടെസ്റ്റിലേറ്റ തോൽവിയോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യ രണ്ടാം ടെസ്റ്റിലെ തകർപ്പൻ ജയത്തോടെ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഇതേസമയം ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് തെന്നിവീണു. ഒന്നാമത് നിൽക്കുന്ന ന്യൂസിലൻഡിന് 70.0 പോയിന്റും രണ്ടാമതുള്ള ഇന്ത്യക്ക് 69.7 പോയിന്റും മൂന്നാമതുള്ള ഓസ്ട്രേലിയക്ക് 69.2 പോയിന്റുമാണുള്ളത്. അതേസമയം 67.0 പോയിന്റാണ് നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനുള്ളത്.

ഇംഗ്ലണ്ടിനെതിരായ പരമ്പര 2-1 നോ 3-1 നോ നേടിയാൽ ടീം ഇന്ത്യ ഫൈനലിൽ കിവികളുടെ എതിരാളികളാവും. അതേസമയം 3-1ന് ജയിക്കാതെ ഇംഗ്ലണ്ടിന് സാധ്യതയില്ല. പരമ്പരയിൽ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും അവർ ജയിക്കണം എന്ന് ചുരുക്കം. ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഓസ്ട്രേലിയയും കടുത്ത മത്സരരംഗത്തുണ്ട്. ഇന്ത്യക്കെതിരായ പരമ്പര 2-1ന് ഇംഗ്ലണ്ട് ജയിക്കുകയോ 1-1, 2-2 എന്ന നിലയിൽ സമനില ആയാലോ ഓസ്ട്രേലിയ കലാശപ്പോരിന് ഇടംനേടും.



ഇന്ത്യൻ മണ്ണിലെ ജയം;
കോലി ധോണിക്ക് ഒപ്പം

ചെപ്പോക്കിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആധികാരിക ജയം ടീം ഇന്ത്യ നേടിയതോടെ മറ്റൊരു നേട്ടത്തിന്റെ നെറുകയിലേക്ക് നായകൻ വിരാട് കോലിയും എത്തിയിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യൻ മണ്ണിൽ 21 ടെസ്റ്റ് ജയങ്ങളെന്ന മുൻ ക്യാപ്റ്റൻ എം.എസ് ധോനിയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് കോലി.

നാട്ടിൽ 28 ടെസ്റ്റിൽ ഇന്ത്യയെ നയിച്ച കോലിയുടെ 21-ാം ടെസ്റ്റ് വിജയമായിരുന്നു ചെപ്പോക്കിലേത്. രണ്ടു മത്സരങ്ങളിൽ തോറ്റപ്പോൾ അഞ്ചു ടെസ്റ്റുകൾ സമനിലയിലായി. മറുവശത്ത് 30 ടെസ്റ്റുകളിൽ നിന്നാണ് ധോനി 21 ജയങ്ങൾ സ്വന്തമാക്കിയത്. മൂന്നെണ്ണം തോറ്റപ്പോൾ ആറെണ്ണം സമനിലയാലായി.

ചെപ്പോക്കിന്റെ ഊര് പയ്യൻ;
ഇന്ത്യൻ വിജയത്തിൽ നെടുംതൂണായി ആർ അശ്വിൻ

ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്ത അഞ്ച് വിക്കറ്റ് പ്രകടനം. രണ്ടാം ഇന്നിങ്‌സിൽ മിന്നും സെഞ്ചുറി, തീർന്നില്ല ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നേട്ടവും. രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 317 റൺസിന് തകർത്ത് ഇന്ത്യ സ്വന്തമാക്കിയ ജയത്തിന്റെ ക്രെഡിറ്റ് ഒരു പരിധിയോളം അശ്വിന് അവകാശപ്പെട്ടതാണ്.

ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്‌ത്തി ഇംഗ്ലണ്ടിനെ വെറും 134 റൺസിൽ എറിഞ്ഞിട്ടതിനു പിന്നിൽ അശ്വിനായിരുന്നു. 23.5 ഓവറിൽ 43 റൺസ് വഴങ്ങിയാണ് അശ്വിൻ അഞ്ചു വിക്കറ്റ് വീഴ്‌ത്തിയത്.

പിന്നീട് രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ ആറിന് 106 റൺസെന്ന നിലയിൽ തകർന്നപ്പോഴും ടീമിന് രക്ഷകനായി അശ്വിനെത്തി. ഏഴാം വിക്കറ്റിൽ കോലിക്കൊപ്പം 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അശ്വിൻ, സെഞ്ചുറിയുമായി വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇന്ത്യൻ സ്‌കോർ 286-ൽ എത്തിച്ചു.

148 പന്തുകൾ നേരിട്ട അശ്വിൻ ഒരു സിക്സും 14 ഫോറുമടക്കം 106 റൺസെടുത്തു. അശ്വിന്റെ സെഞ്ചുറി മികവിലാണ് രണ്ടാം ഇന്നിങ്സിൽ 482 എന്ന കൂറ്റൻ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നിൽവെയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത്.

പിന്നാലെ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റ് വീഴ്‌ത്തി അശ്വിൻ വീണ്ടും തിളങ്ങുകയും ചെയ്തു.

അതേസമയം ഒരു ടെസ്റ്റിൽ അഞ്ച് വിക്കറ്റും സെഞ്ചുറിയും ഏറ്റവുമധികം നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാമതെത്താനും അശ്വിനായി. മൂന്നുതവണയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇയാൻ ബോതമാണ് ഏറ്റവുമധികം തവണ അഞ്ചുവിക്കറ്റും സെഞ്ചുറിയും ഒരു ഇന്നിങ്‌സിൽ നേടിയ താരം. അഞ്ചുതവണയാണ് ഇയാൻ ബോതം ഈ നേട്ടം കൈവരിച്ചത്.

ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് അശ്വിൻ. ഗാരി സോബേഴ്‌സ്, മുഷ്താഖ് മുഹമ്മദ്, ജാക്ക് കാലിസ്, ഷാക്കിബ് അൽ ഹസ്സൻ എന്നിവർ രണ്ടുതവണ ഈ നേട്ടം സ്വന്തമാക്കിയവരാണ്.

ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സൂപ്പർ താരങ്ങൾ കളത്തിലിറങ്ങിയപ്പോഴൊന്നും ഇളകിമറിയാത്ത ഗാലറി, ചെന്നൈയുടെ സ്വന്തം പയ്യനായ രവിചന്ദ്രൻ അശ്വിന് വേണ്ടി ആർത്തിരമ്പിയത് പലതവണയാണ്. മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ആർ അശ്വിനോട് തമിഴിൽ ചോദ്യം ഉന്നയി്ച്ച മുരളി കാർത്തിക്കിനോട് ചെപ്പോക്കിൽ 'സ്വന്തം' ആരാധകർ നൽകിയ പിന്തുണയെപ്പറ്റി പറഞ്ഞപ്പോഴും ഗാലറി ആർത്തിരമ്പി.

ഇതേ വേദിയിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കാണികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റിലാണ് 50 ശതമാനം പേർക്ക് അനുവാദം ലഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഗാലറിയിൽ ആരവം മടങ്ങിയെത്തുന്നതും ഇന്ത്യൻ ക്രിക്കറ്റിന് ശുഭസൂചനയാണ്.



അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ്;
എലൈറ്റ് പട്ടികയിൽ അക്സർ പട്ടേൽ

അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ എലൈറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ അക്സർ പട്ടേൽ. ആദ്യ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യൻ സ്പിന്നർമാരുടെ പട്ടികയിലാണ് അക്സർ ഇടം കണ്ടെത്തിയത്. ഇംഗ്ലണ്ടിനെ ചെന്നൈയിൽ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 41 റൺസിനാണ് അക്സർ അഞ്ച് വിക്കറ്റ് നേടിയത്. അമിത് മിശ്ര, ആർ അശ്വിൻ എന്നിവരെല്ലാം അടങ്ങുന്ന പട്ടികയാണത്. എന്നാൽ അനിൽ കുംബ്ലെ, ഹർഭജൻ എന്നിവർക്ക് നേട്ടം കൊയ്യാൻ കഴിഞ്ഞിരുന്നില്ല.

1960-61ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വമൻ കുമാറാണ് ആദ്യമായി നേട്ടം സ്വന്തമാക്കിയത്. ഡൽഹിയിൽ പാക്കിസ്ഥാനെതിരെ 64 റൺസിനാണ് താരം അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. 1979ൽ ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച ദിപീപ് ദോഷി നേട്ടം ആവർത്തിച്ചു. ചെന്നൈയിൽ നടന്ന മത്സരത്തിൽ 103 റൺസിന് അദ്ദേഹം ആറ് വിക്കറ്റ് സ്വന്തമാക്കി. 1987ൽ ഇതേ വേദിയിൽ നരേന്ദ്ര ഹിർവാനിയും നേട്ടം സ്വന്തമാക്കി. അദ്ദേഹം രണ്ട് ഇന്നിങ്സിലും അഞ്ചിലധികം വിക്കറ്റ് നേടി.

വെസ്റ്റ് ഇൻഡീസിനെതിരെ ആദ്യ ഇന്നിങ്സിൽ 61ന് എട്ട് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സിൽ 75 റൺസിന് എട്ട് വിക്കറ്റ് സ്വന്തമാക്കി. അടുത്തത് അമിത് മിശ്രയുടെ ഊഴമായിരുന്നു. 2008ൽ മൊഹാലിയിൽ ഓസീസിനെതിരെ 71 റൺസിനാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ആർ അശ്വിൻ പട്ടികയിൽ ഇടം നേടിയത് 2011ൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറുമ്പോഴാണ്. ഡൽഹിയിൽ നടന്ന മത്സരത്തിൽ 47 റൺസ് മാത്രം വഴങ്ങേിയ താരം ആറ് വിക്കറ്റ് നേടി. പിന്നാലെ അക്സറും പട്ടികയിലെത്തി. 



അവസാന രണ്ട് ടെസ്റ്റിന് മോയിൽ അലി ഇല്ല;
ഇംഗ്ലണ്ട് നിരയിൽ ബെയർസ്റ്റോ തിരിച്ചെത്തി

ഇന്ത്യയ്ക്കെതിരായ അവസാന രണ്ടു ടെസ്റ്റുകൾക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. 17 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടാം ടെസ്റ്റിൽ എട്ടു വിക്കറ്റുമായി തിളങ്ങിയ ഓൾറൗണ്ടർ മോയിൻ അലി നാട്ടിലേക്ക് മടങ്ങുന്നതിനാൽ ടീമിലുണ്ടാകില്ല. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയും പേസർ മാർക്ക് വുഡും ടീമിനൊപ്പം ചേരും. ഇരുവർക്കും ആദ്യ രണ്ടു ടെസ്റ്റുകളിൽ വിശ്രമം അനുവദിച്ചിരിക്കുകയായിരുന്നു.

അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ ഫെബ്രുവരി 24 മുതലാണ് മൂന്നാം ടെസ്റ്റ്. മോയിൻ അലിയുടെ അസാന്നിധ്യത്തിൽ ഡോം ബെസ്സ് പ്ലെയിങ് ഇലവനിൽ എത്തിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP