Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ധനവില വർധനവിനെതിരെ മുല്ലപ്പള്ളിയുടെ സത്യാഗ്രഹം; മോദിയും പിണറായിയും ചൂഷകവർഗ പ്രതിനിധികളെന്ന് മുല്ലപ്പള്ളി; അമിത നികുതി കുറച്ചില്ലെങ്കിൽ ശക്തമായ സമരമെന്ന് ഉമ്മൻ ചാണ്ടി

ഇന്ധനവില വർധനവിനെതിരെ മുല്ലപ്പള്ളിയുടെ സത്യാഗ്രഹം; മോദിയും പിണറായിയും ചൂഷകവർഗ പ്രതിനിധികളെന്ന് മുല്ലപ്പള്ളി; അമിത നികുതി കുറച്ചില്ലെങ്കിൽ ശക്തമായ സമരമെന്ന് ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവിലയിൽ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ സത്യാഗ്രഹം അനുഷ്ടിച്ചു.

കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.ഇന്ധന-പാചക വാതക വില വർധനവ് കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങളുടെ ദുരിതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കണ്ടതായി ഭാവിക്കുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.തുടർച്ചയായി ഇന്ധന വിലവർധനവിനെ ന്യായീകരിക്കുന്ന പ്രെട്രോളിയം മന്ത്രി ജനങ്ങളെ വിഡ്ഡികളാക്കുന്നതും പുച്ഛിക്കുന്നതുമായ മറുപടിയാണ് നൽകുന്നത്. വിദേശരാജ്യങ്ങളിലെ ഇന്ധനവില വർധനവുമായിട്ടാണ് കേന്ദ്രസർക്കാർ ഇന്ത്യയിലേത് താരതമ്യം ചെയ്യുന്നത്.എന്നാൽ അടിസ്ഥാന ഇന്ധന വിലയുടെ മൂന്നിരട്ടി നികുതി സർക്കാരുകൾ ഈടാക്കുന്നതാണ് ഇന്ത്യയിൽ പെട്രോളിയം ഉത്പ്പന്നങ്ങൾക്ക് വില വർധിക്കാൻ കാരണം.അമിത നികുതി ചുമത്തി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ പരമാവധി പിഴിയുകയാണ്.എന്നിട്ടാണ് അർത്ഥശൂന്യമായ വാദഗതികൾ നിരത്തുന്നത്.

വർധിപ്പിച്ച വിലയുടെ അധിക നികുതി പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറായാൽ അത് ജനങ്ങൾക്ക് ആശ്വാസമാകും. യുഡിഎഫ് സർക്കാർ വർധിപ്പിച്ച വിലയുടെ അധിക നികുതി കുറയ്ക്കുകയും അതുവഴി ജനങ്ങൾക്ക് ആശ്വാസം എത്തിക്കുകയും ചെയ്തിരുന്നു. ആ നടപടിയെ മണ്ടത്തരമെന്ന് വിളിച്ചാണ് സംസ്ഥാന ധനമന്ത്രി പരിഹസിച്ചത്. ധനമന്ത്രി തോമസ് ഐസക് മണ്ടത്തരമെന്ന് വിശേഷിപ്പിച്ച നടപടികൾ യുഡഎഫ് സർക്കാർ തുടർന്നും സ്വീകരിക്കും.ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന സർക്കാരുകൾക്ക് മാത്രമെ ഇത്തരം നടപടികൾ സ്വീകരിക്കാൻ കഴിയൂയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ജനവികാരം മനസിലാക്കി പ്രവർത്തിക്കുന്ന ഭരാണിധികാരികൾ മണ്ടന്മാരാണെന്ന ധാരണ സിപിഎമ്മും ധനമന്ത്രിയും തിരുത്തണം.ഇന്ധനവിലയിലെ അമിത നികുതി കുറയ്ക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറായില്ലെങ്കിൽ ശക്തമായ സമരം കോൺഗ്രസ് സംഘടിപ്പിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

മോദിയും പിണറായിയും ചൂഷകവർഗ പ്രതിനിധികൾ:മുല്ലപ്പള്ളി

അടിക്കടി ഇന്ധനവിലയും പാചകവാതക വിലയും വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ചൂഷകവർഗത്തിന്റെ പ്രതിനിധികളായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ല.പ്രെട്രോളിയം ഉത്പന്നങ്ങൾക്ക് അമിത നികുതി ഈടാക്കി ജനങ്ങളെ പീഡിപ്പിക്കുന്ന ഇന്ത്യയിലേത് പോലെയുള്ള ഭരണകൂടം ലോകത്ത് എവിടെയുമില്ല.ഒരു മുതലാളിത്ത സർക്കാരും ഇതുപോലെ നികുതി ഈടാക്കി ജനങ്ങളെ പിഴിഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോവിഡ് മഹാമാരിയെ തുടർന്ന് വരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ജനത്തിന്റെ നടുവൊടിക്കുന്നതാണ് പ്രെട്രോളിയം ഉത്പ്പന്നങ്ങളുടെ മേലുള്ള അമിത നികുതി.മോദിയും പിണറായിയും ജനങ്ങളുടെ ദുഃഖം തിരിച്ചറിയുന്നില്ല.രണ്ടു പേരും സഞ്ചരിക്കുന്നത് മുതലാളിത്ത പാതയിലാണ്. വർധിപ്പിച്ച ഇന്ധനവിലയുടെ നികുതി ഉപേക്ഷിച്ച വകയിൽ ഉമ്മൻ ചാണ്ടി സർക്കാർ 619 കോടിരൂപയുടെയും യുപിഎ സർക്കാർ സബ്സിഡി നൽകിയ വഴിയിൽ 1,25000 കോടിരൂപയുടെയും ആശ്വാസ സഹായമാണ് ജനങ്ങൾക്ക് നൽകിയത്.അടുത്തകാലത്ത് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഇന്ധനവില നിയന്ത്രിക്കുന്ന നടപടികളുടെ ഭാഗമായി രണ്ടു ശതമാനം മൂല്യവർധിത നികുതി കുറയ്ക്കുകയും ചെയ്തു.ഇതേ മാതൃക പിന്തുടരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകുമോയെന്നും മുല്ലപ്പള്ളി ചോദിച്ചു.

തുടർച്ചയായ ഇന്ധനവില വർധനവ് ജനജീവിതം ദുസ്സഹമാക്കി.കുടുംബ ബജറ്റ് താളംതെറ്റി.പലചരക്ക്,പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില വാണം പോലെ ഉയരുകയാണ്.വിലക്കയറ്റം കൂടുതലും ബാധിക്കുന്നത് സാധാരണക്കാരെയാണ്.കൃഷിക്കാർ,മത്സ്യബന്ധനത്തൊഴിലാളികൾ,മോട്ടോർ-ടാക്സിത്തൊഴിലാളികൾ,അസംഘടിത മേഖലയിൽ പണിയെടുക്കുന്നവർ ഉൾപ്പെടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ പ്രയാസപ്പെടുകയാണ്. തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും പേരിൽ മുതലക്കണ്ണീർ പൊഴിക്കുന്ന സിപിഎമ്മും മുഖ്യമന്ത്രിയും വർധിപ്പിച്ച ഇന്ധനവിലയുടെ അധിക നികുതിയെങ്കിലും ഉപേക്ഷിച്ച് കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

പ്രെട്രോളിയം ഉത്പന്നങ്ങളുടെ അടിസ്ഥാനവിലയുടെ മൂന്നിരട്ടി നികുതിയാണ് സർക്കാരുകൾ ചുമത്തുന്നത്.കേന്ദ്ര സർക്കാർ ഒരു രൂപ വർധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 33 പൈസയാണ്.പ്രതിമാസം 750 കോടിയിലധികം രൂപയുടെ വരുമാനമാണ് ഇന്ധന വിൽപ്പന നികുതിയിൽ നിന്ന് കേരളത്തിന് ലഭിക്കുന്നത്.അനിയന്ത്രിതമായ ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കാൻ പോലും കേരള മുഖ്യമന്ത്രി തയ്യാറാകുന്നില്ല.യുപിഎയുടെയും യുഡിഎഫിന്റെയും ഭരണകാലത്ത് കാളവണ്ടി കയറിയവരെയും നടുറോഡിൽ അടുക്കള കൂട്ടിയവരെയും ഇപ്പോൾ കാണാനില്ല.ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിക്കാൻ ഇപ്പോൾ സിപിഎമ്മും ബിജെപിയും തയ്യാറല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണി,എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സത്യാഗ്രഹം നടത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫോണിലൂടെ അഭിവാദ്യമർപ്പിച്ചു.ഡിസിസികളുടെ നേതൃത്വത്തിലും ഇന്ധനിവില വർധനവിൽ പ്രതിഷേധിച്ച് ജില്ലാതലങ്ങളിൽ സത്യാഗ്രഹം സമരം സംഘടിപ്പിച്ചു.

കെപിസിസി വൈസ് പ്രസിഡന്റുമാരായ ഡോ.ശൂരനാട് രാജശേഖരൻ,ശരത്ചന്ദ്ര പ്രസാദ്,ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി,കെപി അനിൽകുമാർ,മണക്കാട് സുരേഷ്,മാത്യൂകുഴൽ നാടൻ,രതികുമാർ,പഴകുളം മധു,എംഎം നസ്സീർ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,മുൻ സ്പീക്കർ എൻ.ശക്തൻ,എംഎൽഎമാരായ വി എസ് ശിവകുമാർ,എം.വിൻസന്റ്,മുൻ മന്ത്രി പന്തളം സുധാകരൻ,എൻ പിതാംബരക്കുറുപ്പ്,എംഎ വാഹിദ്,മോഹൻകുമാർ,കരളകുളം കൃഷ്ണപിള്ള,ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എഎ അസീസ്,കെപിസിസി സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP