Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രി എടുക്കില്ലെന്ന് പറഞ്ഞാലും പൊലീസ് കേസെടുക്കും; പൗരത്വ ഭേദഗതി നിയമത്തിന് എതിരായി സമരം ചെയ്തവർക്കെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി; സി എ എക്കെതിരായ ഹർത്താലിനെ പിന്തുണച്ച എഴുത്തുകാർക്കും നേതാക്കൾക്കും അടക്കം 46 പേർക്ക് സമൻസ്; സർക്കാരിനും സിപിഎമ്മിനും ഇരട്ടത്താപ്പെന്ന് ആക്ഷേപം

മുഖ്യമന്ത്രി എടുക്കില്ലെന്ന് പറഞ്ഞാലും പൊലീസ് കേസെടുക്കും; പൗരത്വ ഭേദഗതി നിയമത്തിന് എതിരായി സമരം ചെയ്തവർക്കെതിരെ കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് വെറുംവാക്കായി; സി എ എക്കെതിരായ ഹർത്താലിനെ പിന്തുണച്ച എഴുത്തുകാർക്കും നേതാക്കൾക്കും അടക്കം 46 പേർക്ക് സമൻസ്; സർക്കാരിനും സിപിഎമ്മിനും ഇരട്ടത്താപ്പെന്ന് ആക്ഷേപം

കെ വി നിരഞ്ജൻ

 കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ചെയ്തവർക്കെതിരെ കേസെടുക്കില്ലെന്നും അത് സർക്കാർ നയമല്ലെന്നും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന വെറും വാക്കായി. പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിനെ പിന്തുണച്ച സാംസ്കാരിക, മത, രാഷ്ട്രീയ നേതാക്കൾക്ക് സമൻസ്. എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായ ടി ടി ശ്രീകുമാർ, ഡോ. ജെ ദേവിക, എൻ പി ചെക്കുട്ടി, കെ കെ ബാബുരാജ്, എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി, വെൽഫെയർ പാർട്ടി നേതാക്കളായ ഹമീദ് വാണിയമ്പലം, കെ അംബുജാക്ഷൻ, എസ് ഡി പി ഐ നേതാക്കളായ തുളസീധരൻ പള്ളിക്കൽ, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി തുടങ്ങിയവർക്കാണ് സമൻസ് അയച്ചത്. അന്തരിച്ച ആക്ടിവിസ്റ്റ് ടി പീറ്ററും പ്രതിപട്ടികയിലുണ്ട്. കെ പി ശശി, അഡ്വ. പി എ പൗരൻ, ഹൗഷിം ചേന്ദംപള്ളി, ഗോമതി, നഹാസ് മാളി എന്നിവർക്കെതിരെയും കേസുണ്ട്.

2019 ഡിസംബർ 17ന് ആഹ്വാനം ചെയ്ത ഹർത്താലുമായി ബന്ധപ്പെട്ടാണ് സമൻസ്. അന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ തുടർ നടപടിയുണ്ടാകുന്നത്. 46 പേർക്കാണ് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ടൗൺ പൊലിസ് സമൻസ് അയച്ചത്. കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമൻസ് ലഭിച്ചവർ ഹാജരാകേണ്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമരം ചെയ്തവർക്കെതിരേ കേസെടുക്കില്ലെന്നും അത് സർക്കാർ നയമല്ലെന്നുമായിരുന്നു മുഖ്യമന്ത്രി 2020 ഫെബ്രുവരി മൂന്നിന് നിയമസഭയിൽ പറഞ്ഞിരുന്നത്. അതേസമയം സംസ്ഥാനത്ത് 519 കേസുകളാണ് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ തുടരുന്നത്.

പൗരത്വ വിഷയത്തിൽ ഇടതു സർക്കാറും സി പി എം നേതൃത്വവും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ആത്മാർത്ഥമാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

ഇതേ സമയം പൗരത്വ സമരങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കുന്ന കാര്യം എൽഡിഎഫിന്റെ മുന്നിൽ വന്നിട്ടില്ലെന്ന് എ വിജയരാഘവൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. എല്ലാ കേസുകളും പിൻവലിക്കാനാവില്ല. കേസുകളുടെ സ്വഭാവം പരിഗണിച്ചു മാത്രമെ പിൻവലിക്കുന്ന കാര്യം തീരുമാനിക്കാൻ കഴിയുകുയുള്ളുവെന്നും വിജയരാഘവൻ വ്യക്തമാക്കിയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിനെ പിന്തുണച്ചെന്നാരോപിച്ച് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന ജനറൾ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ ഉൾപ്പെടെയുള്ള രാഷ്ട്രീയ, സാംസ്കാരിക, മത നേതാക്കൾക്ക് സമൻസ് അയച്ച നടപടിയിൽ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. കേരളത്തിൽ സി എ എ നടപ്പാക്കിലെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരായ നിയമ നടപടിയെക്കുറിച്ച് മൗനമവലംബിക്കുന്നത് പ്രതിഷേധാർഹമാണെന്നും പാർട്ടി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP