Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തിനും ഏതിനും ഇനി ദുബായ് എന്നുപറയേണ്ട..റിയാദ് എന്ന് പറയൂ; ബിസിനസിൽ ദുബായിയോട് പോരിനിറങ്ങി സൗദി അറേബ്യ; പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാത്ത അന്താരാഷ്ട്ര വിദേശ കമ്പനികളുമായി ഇനി സൗദി കരാർ ഒപ്പിടില്ല; റിയാദിനെ ആഗോള ഹബ്ബാക്കി മാറ്റാൻ സൽമാൻ രാജകുമാരൻ; കൂടുതൽ ഇളവുകളുമായി ദുബായിയും മത്സരത്തിന്

എന്തിനും ഏതിനും ഇനി ദുബായ് എന്നുപറയേണ്ട..റിയാദ് എന്ന് പറയൂ; ബിസിനസിൽ ദുബായിയോട് പോരിനിറങ്ങി സൗദി അറേബ്യ; പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റാത്ത അന്താരാഷ്ട്ര വിദേശ കമ്പനികളുമായി ഇനി സൗദി കരാർ ഒപ്പിടില്ല; റിയാദിനെ ആഗോള ഹബ്ബാക്കി മാറ്റാൻ സൽമാൻ രാജകുമാരൻ; കൂടുതൽ ഇളവുകളുമായി ദുബായിയും മത്സരത്തിന്

മറുനാടൻ ഡെസ്‌ക്‌

 റിയാദ്: സൗദിയിൽ ഇത് പരിഷ്‌കരണങ്ങളുടെ കാലമാണ്. എണ്ണയെ ആശ്രയിച്ച് മാത്രം നീങ്ങിയാൽ രാജ്യം മുന്നോട്ട് നീങ്ങില്ലെന്ന തിരിച്ചറിവിലാണ് സൗദി ഭരണകൂടത്തിന്റെ നീക്കം. അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനം ദുബായിൽ നിന്ന് റിയാദിലേക്ക് മാറ്റാൻ സൗദി സമ്മർദ്ദ ചെലുത്തുന്നുവെന്നതാണ് ഒടുവിലത്തെ ചൂടുള്ള വാർത്ത. സ്വാഭാവികമായും അത്് യുഎഇയുമായി മത്സരത്തിന് വഴി തെളിക്കുമെന്ന് ഉറപ്പ്. നേരിട്ടുള്ള വെല്ലുവിളി തന്നെ. 2024 മുതൽ തങ്ങളുടെ പ്രാദേശിക ആസ്ഥാനം ഗൾഫ് മേഖലയിലെ മറ്റുരാജ്യങ്ങളിൽ തുടരുന്ന വിദേശ കമ്പനികളുമായി കരാർ ഒപ്പിടുന്നത് സൗദി സർക്കാരും അനുബന്ധ സ്ഥാപനങ്ങളും അവസാനിപ്പിക്കും. സൗദി പ്രസ് ഏജൻസിയുടെ കുറിപ്പിലാണ് ഈ അറിയിപ്പുള്ളത്. സമ്പത്തിന്റെ ചോർച്ച ഒഴിവാക്കുക, തൊഴിൽ സൃഷ്ടിയിൽ കുതിപ്പുണ്ടാക്കുക, ഇതുരണ്ടുമാണ് സൗദിയുടെ ലക്ഷ്യം.

സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഈ ആശയത്തിന്റെ വക്താവ്. റിയാദ് നഗരത്തിന്റെ വ്യാപ്തി ഇരട്ടിയാക്കാനും ഒരു ആഗോള ഹബ്ബാക്കി മാറ്റാനും 800 ബില്യന്റെ പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നേരത്തെയുണ്ടായിരുന്ന നടപടികൾ വിദേശ കമ്പനികളെ റിയാദിലേക്ക് ചേക്കേറാൻ പ്രോത്സാഹിപ്പിക്കുന്നതായിരുന്നെങ്കിൽ, ഒടുവിലത്തെ പ്രഖ്യാപനം ചെറിയ ഭീഷണിയുടെ ഛായ ഉള്ളതാണ്. അന്താരാഷ്ട്ര കമ്പനികൾ പ്രാദേശിക ആസ്ഥാനം ദുബായിൽ നിന്ന് റിയാദിലേക്ക് മാറ്റിയില്ലെങ്കിൽ ബില്യൻ കണക്കിന് ഡോളറുകളുടെ കച്ചവടം അവർക്ക് നഷ്ടമാകും.

അതേസമയം, ക്രിയാത്മകമായി ചിന്തിച്ചാൽ, സൗദിയുമായി സഹകരിക്കാൻ താൽപര്യമുള്ള കമ്പനികൾക്ക് ഇതൊരു സമ്മാനമാണ്. തീരുമാനം എടുക്കാൻ അധികാരമുള്ള പ്രാദേശിക ആസ്ഥാനങ്ങൾ റിയാദിൽ സ്ഥാപിക്കുന്നതോടെ സൗദി സർക്കാരിന്റെ മുഖ്യകരാറുകൾ അവരെ തേടിയെത്തും.

രസകരമായ കാര്യം ദുബായി സൗദിയുടെ അടുത്ത സഖ്യകക്ഷിയാണ് എന്നുള്ളതാണ്. ദീർഘനാളായി ബാങ്കിങ് മുതൽ ചരക്ക് നീക്കം വരെ എന്തിനും ഏതിനും ഗൾഫിന്റെ ബിസിനസ് ഹബ്ബായ ദുബായിയോട് പോരിനിറങ്ങിയിരിക്കുന്നു സൗദി സർക്കാർ. ധനകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് മാത്രമാണ് നിലവിലെ നിയന്ത്രണങ്ങൾ ബാധകമാവുക. സ്വകാര്യ മേഖലയിലെ കമ്പനികൾക്കോ സർക്കാർ ഉടമസ്ഥതയിലുള്ള പൊതുവാണിജ്യ കമ്പനികൾക്കോ പുതിയ നിയമം ബാധകമാവില്ല.

റിയാദിലെ വർദ്ധിതമായ അടിസ്ഥാന സൗകര്യങ്ങളും ആനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളിലെ ലാഭവും ഒക്കെ കണക്കിലെടുക്കുമ്പോൾ നൂറുകണക്കിന് കമ്പനികൾ തങ്ങളുടെ പ്രാദേശിക ആസ്ഥാനം ദുബായിൽ നിന്ന് മാറ്റുമെന്നാണ് സൗദി സർക്കാരിന്റെ പ്രതീക്ഷ. ഇതിനായി 2024 വരെ കമ്പനികൾ കാത്തിരിക്കില്ലെന്നും അവർ കണക്കുകൂട്ടുന്നു.

എന്നാൽ, ബിസിനസിൽ ദുബായിയെ വെല്ലുവിളിക്കുക എളുപ്പമല്ലെന്നും ചില സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. സൗദിയേക്കാൾ നിരവധി ആനുകൂല്യങ്ങളാണ് അന്താരാഷ്ട്ര കമ്പനികൾക്ക് ദുബായി നൽകി വരുന്നത്. കഴിഞ്ഞ മാസം ഡെലോയിറ്റും, ബെക്ടലും, പെപ്‌സികോയും അടക്കം 24 അന്താരാഷ്ട്ര കമ്പനികളുടെ ഗ്രൂപ്പ് ഒരുനിക്ഷേപ സമ്മേളനത്തിൽ പ്രഖ്യാപിച്ചത് തങ്ങൾ പ്രാദേശിക ആസ്ഥാനം റിയാദിലേക്ക് മാറ്റുന്നുവെന്നാണ്. ചില കമ്പനികൾക്ക് നേരത്തെ തന്നെ സൗദി ഓഫീസുകളുണ്ട്. അവർ ആ ഓഫീസുകളെ പ്രാദേശിക ആസ്ഥാനമായി മാറ്റും. ദുബായിൽ സാന്നിധ്യം തുടരുകയും ചെയ്യും.ദുബായിയെ വെല്ലുവിളിക്കാനുള്ള നീക്കമാണിതെന്ന ആരോപണം സൗദി അധികൃതർ തള്ളുന്നു. ഒരുപ്രത്യേക രാജ്യത്തെയല്ല, മറിച്ച് കമ്പനികളെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം.

ദുബായ് വെറുതെയിരിക്കുന്നില്ല

സൗദിയിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നത് യുഎഇ തിരിച്ചറിഞ്ഞുകഴിഞ്ഞു. വിദേശ കമ്പനികൾക്ക് കൂടുതൽ ആകർഷകമായ അവസരങ്ങൾ ഒരുക്കാനും പ്രവാസികൾക്ക് വേരുകൾ ഉറപ്പിക്കാനും നടപടികൾ തുടങ്ങിക്കഴിഞ്ഞു. അവിവാഹിതരായ ദമ്പതികളുടെ സഹവാസം ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റി. പ്രവാസികൾക്ക് വിവാഹിതരാകാനും, വേർപിരിയാനും സ്വന്തം രാജ്യങ്ങളിലെ അനന്തരാവകാശ നിയമം വിനിയോഗിക്കാനും അനുമതി നൽകി. മദ്യം കഴിക്കാൻ ലൈസൻസ് വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു.

ദുബായിയുടെ മുൻധനകാര്യമേധാവി നാസർ അൽ ഷെയ്ക്കിന്റെ ട്വിറ്റർ പോസ്റ്റ് സൗദിയുടെ വെല്ലുവിളിയെ എങ്ങനെ കാണുന്നുവെന്നതിന്റെ സൂചനയാണ്. 'ഗൾഫ് പൊതുവിപണി എന്ന തത്ത്വത്തിന് വിരുദ്ധമാണ് സൗദിയുടെ നീക്കം. നിർബന്ധിത ആകർഷണം നിലനിൽക്കുന്നതല്ല എന്ന് ആഗോള സമ്പ്രദായവും ചരിത്രവും തെളിയിച്ചിട്ടുണ്ട്. സാഹചര്യം മെച്ചപ്പെടുത്തുക എന്നതാണ് ഫലപ്രദമായ മാർഗ്ഗം'-അദ്ദേഹം കുറിച്ചു.

സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ഇത് ബാധകമല്ലെന്ന് പറയുമ്പോഴും മറ്റൊരു വശമുണ്ട്. സൗദിയിലെ സ്വകാര്യ കമ്പനികൾ സർക്കാർ കരാറുകളെയാണ് അധികമായി ആശ്രയിക്കുന്നത്. സൗദി സാമ്പത്തിക ശാസ്ത്രജ്ഞനായ ഫഹദ് ബിൻ ജുമാ വ്യക്തമായി പറയുന്നു. സൗദിയുമായി ബിസിനസ് ചെയ്യണമെങ്കിൽ, വിദേശ കമ്പനികൾക്ക് റിയാദിലേക്ക് വരേണ്ടി വരും. ഏതായാലും ഈ വർഷം തന്നെ പുതിയ നിയമത്തിന്റെ വിശദാംശങ്ങൾ പുറത്തുവരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP