Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചാംപനിയെന്ന് കരുതി എടുത്ത ഇഞ്ചക്ഷൻ ശരീരത്തെ തളർത്തിയത് എട്ടാം വയസ്സിൽ; 22-ാം വയസ്സുവരെ കട്ടിലിൽ ജീവിതം; സ്വപ്‌നം കാണാൻ പരിമിതികൾ ഒരു തടസ്സവുമില്ല; മനുഷ്യശക്തികൊണ്ട് മാത്രം പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രം നിർമ്മിച്ച് വിപ്ലവം സൃഷ്ടിച്ച അജികുമാറിന്റെ അത്ഭുത കഥ

അഞ്ചാംപനിയെന്ന് കരുതി എടുത്ത ഇഞ്ചക്ഷൻ ശരീരത്തെ തളർത്തിയത് എട്ടാം വയസ്സിൽ; 22-ാം വയസ്സുവരെ കട്ടിലിൽ ജീവിതം; സ്വപ്‌നം കാണാൻ പരിമിതികൾ ഒരു തടസ്സവുമില്ല; മനുഷ്യശക്തികൊണ്ട് മാത്രം പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രം നിർമ്മിച്ച് വിപ്ലവം സൃഷ്ടിച്ച അജികുമാറിന്റെ അത്ഭുത കഥ

ആർ പീയൂഷ്

കോട്ടയം: സ്വപ്നം കാണാൻ പരിമിതികളൊന്നും ഒരു തടസവുമല്ല. എന്നാൽ അത് പ്രാവർത്തികമാക്കാൻ ഏറെ പണിപ്പെടേണ്ടി വരും പ്രത്യേകിച്ച് കാലുകൾ തളർന്നു പോയ ഒരാൾക്ക്. എന്നാൽ തളർന്നു പോയ കാലിലെ ഊർജ്ജം മനസ്സിലേക്കാവാഹിച്ച് തന്റെ സ്വപ്നമായ മനുഷ്യ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വൈദ്യുത യന്ത്രം കണ്ടു പിടിച്ചിരിക്കുകയാണ് ചങ്ങനാശ്ശേരി തുരുത്തി അറയ്ക്കമറ്റം വീട്ടിൽ അജികുമാർ. ജീവിതത്തിന്റെ നല്ലൊരുകാലത്തെ കിടക്കയിൽ വലിച്ചെറിഞ്ഞതിന്റെ നിരാശയും വീർപ്പുമുട്ടലും തളർത്താത്ത മനസ്സിൽ സ്വപ്നങ്ങൾ നട്ടുവളർത്തുകയായിരുന്ന അജികുമാറിന്റെ ജീവിതപ്രയാണമാണിത്. ആ സ്വപ്നത്തിലേക്കെത്താനുള്ള ശരവേഗം ഇന്ന് അദ്ദേഹത്തെ വലിയൊരു കണ്ടെത്തലിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇന്ധനമില്ലാതെ മനുഷ്യശക്തികൊണ്ട് മാത്രം പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രം നിർമ്മിച്ച് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് അജികുമാർ. അടിസ്ഥാന വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ഒരാളുടെ ഈ കണ്ടുപിടിത്തം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഇലക്ട്രോണിക്സ് റിപ്പയറിങ് നടത്തുന്ന അജികുമാർ തന്റെ നീണ്ട വർഷത്തെ പ്രയത്നത്തിന്റെ ഫലമായാണ് ഹ്യൂമൻ ഇലക്ട്രോ മാഗ്‌നറ്റിക് പവർ ജനറേറ്റിങ് സിസ്റ്റ്ം എന്ന പേരിലുള്ള വൈദ്യുതി ഇത്പാദിപ്പിക്കുന്ന യന്ത്രം കണ്ടു പിടിച്ചിരിക്കുന്നത്. പ്രകൃതി സൗഹൃദ ഊർജ്ജ നിലയം എന്നും ഇതിനെ വിളിക്കാം. ഇരുകാലിനും സ്വാധീനം നഷ്ട്ടപ്പെട്ട അജികുമാർ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് തന്റെ ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിച്ചത്. പ്രത്യേക രീതിയിൽ നിർമ്മിച്ചെടുത്തിരിക്കുന്ന ഡി.സി മോട്ടോറുകൾ, ഡൈനാമോ, ട്രാൻസ്ഫോർമർ, ഫ്ളൈവീൽ, കപ്പാസിറ്ററുകൾ, റെക്സി ഫയർ, മെറ്റൽകൊണ്ടുള്ള ബോഡി കവറുകൾ എന്നിവ ഉപയോഗിച്ചാണ് യന്ത്രം നിർമ്മിച്ചിരിക്കുന്നത്.

നിരവധി പരീക്ഷണങ്ങളിലൂടെയാണ് കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന 1000 വോൾട്ട് യന്ത്രം നിർമ്മിച്ചത്. 10 വർഷത്തിലധികമായി പരീക്ഷണം നടത്തിയ യന്ത്രത്തിന് ആവശ്യമായ ഭാഗങ്ങൾ സ്വന്തമായാണ് നിർമ്മിക്കുന്നത്. പെട്രോൾ, മണ്ണെണ്ണ, ഡീസൽ പോലെയുള്ള യാതൊരുവിധ ഇന്ധനവും വേണ്ടാത്തതിനാൽ മലിനീകരണം ഇല്ലാ എന്നതും ഇതിന്റെ പ്രത്യേകതയാണ്. കൈകൾ ഉപയോഗിച്ച് കറക്കിയാണ് യന്ത്രം സ്റ്റാർട്ട് ചെയ്യുന്നത്. ആദ്യം ഒരു മിനുട്ട് വരെ പ്രവർത്തിക്കുന്ന രീതിയിലായിരുന്നു യന്ത്രത്തിന്റെ നിർമ്മാണം. മാസങ്ങളും വർഷങ്ങളും കടന്നുപോയപ്പോൾ അത് അഞ്ച്... പത്ത് മിനുട്ടിലെത്തി. നാലാമത്തെ ഘട്ടത്തിലെത്തിയപ്പോഴാണ് വലിയ വോൾട്ട് ഉണ്ടാക്കാൻ സാധിച്ചത്. ഇപ്പോൾ അഞ്ച് മണിക്കൂർ വരെ യന്ത്രം നിൽക്കാതെ പ്രവർത്തിക്കും. പരീക്ഷണത്തിന്റെ ഓരോ ഘട്ടത്തിലും നിർമ്മാണം പരാജപ്പെടുമ്പോൾ പലപ്പോഴും മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുന്നതായി അജികുമാറിന് അനുഭവപ്പെട്ടു. എങ്ങനെയെങ്കിലും വിജയം കണ്ടെത്തിയേ മതിയാകൂ എന്ന ദൃഢനിശ്ചയത്തിൽ നിന്ന് അജി പിന്നോട്ട് പോയില്ല.

യന്ത്രം നിർമ്മിക്കുന്നതിനുവേണ്ടി ജീവിതത്തിന്റെ പകുതിയിലധികം സമ്പാദ്യം ചെലവഴിച്ചു. ഊണും ഉറക്കവുമെല്ലാം ഉപേക്ഷിച്ച് പരീക്ഷണത്തിന്റെ വിജയത്തിനായി ശ്രദ്ധകേന്ദ്രീകരിച്ചു. നിർമ്മാണ സാധനങ്ങൾ പലതും സ്വയം നിർമ്മിക്കേണ്ടിവന്നു. സ്വന്തമായ കണ്ടെത്തലായതുകൊണ്ട് പല വസ്തുക്കളും വിപണിയിൽ ലഭ്യമായിരുന്നില്ല. സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ചില വസ്തുക്കൾ കോയമ്പത്തൂരിൽ നിന്നും ബംഗളൂരുവിൽ നിന്നും ഏർപ്പാടാക്കേണ്ടി വന്നു. പരീക്ഷണ സമയത്ത് പലരും അസാധ്യമായ കാര്യമാണെന്നും നടക്കില്ലെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തിയെങ്കിലും തന്റെ ദൗത്യത്തിൽ നിന്ന് പിന്നോട്ട് പോയില്ല. ഊഴം വന്നപ്പോൾ ചാഞ്ഞുകിടക്കാതെ ഉജ്ജ്വലമായ പാരമ്യത്തെ സമീപിക്കുകയായിരുന്നു അജികുമാർ. നിലവിൽ നിർമ്മിച്ചിരിക്കുന്ന യന്ത്രം കൂടുതൽ നേരം പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. ഇതിന്റെ പൂർണമായ വിജയം സാധ്യമാകണമെങ്കിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന തരത്തിലുള്ള യന്ത്രം നിർമ്മിക്കണം. ആ ആഗ്രഹത്തിലാണ് അജികുമാർ.

തങ്കപ്പൻ ആചാരിയുടെയും പൊന്നമ്മയുടെയും ആറ് മക്കളിൽ രണ്ടാമനായിരുന്നു അജികുമാർ. എട്ടാം വയസ്സിൽ വന്ന പനി ജീവിതത്തിന്റെ താളംതെറ്റിക്കുകയായിരുന്നു. വീടിനടുത്ത് ആശുപത്രികളില്ലാത്ത കാലം. പനി കലശലായതിനെതുടർന്ന് അജികുമാറിന്റെ പിതാവും അമ്മയും മകനെ സമീപത്ത് താമസിച്ചിരുന്ന മെഡിക്കൽ കോളജിൽ ജോലിചെയ്തിരുന്ന നഴ്‌സിന്റെ അടുത്തെത്തിച്ചു. നഴ്‌സ് പരിശോധിച്ച് അഞ്ചാം പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് പിതാവിനെയും അമ്മയെയും അറിയിച്ചു. അഞ്ചാം പനിയാണെന്ന ധാരണയിൽ നഴ്‌സ് അതിനുള്ള കുത്തിവെപ്പ് എടുക്കുന്നത് മാത്രമാണ് അജികുമാറിന് ഓർമയുള്ളത്. പിന്നീട് ബോധരഹിതനായി വീണ അജികുമാർ കണ്ണ് തുറക്കുമ്പോൾ ശരീരം പൂർണമായും തളർന്നുപോയിരുന്നു.

കുട്ടിക്കാലവും കൗമാരവും ആശുപത്രിയിലും വീട്ടിലുമായി കഴിയാനായിരുന്നു വിധി. പല മരുന്നുകളും മാറിമാറി പരീക്ഷിച്ചു. ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയും. ശരീരം പൂർണമായി തളർന്നതോടെ സ്‌കൂളിൽ തുടർന്ന് പഠിക്കാൻ സാധിച്ചില്ല. 15 വർഷത്തോളം മുടങ്ങാതെയുള്ള ചികിത്സകൾ. അതോടെ സ്‌കൂൾ പഠനം അവസാനിച്ചു. നീണ്ട കാലത്തെ ചികിത്സയുടെ ഫലമായിട്ട് ശരീരത്തിന്റെയും കൈകളുടെയും ചലനശേഷി പതിയെ ചെറിയതോതിൽ തിരിച്ചുകിട്ടി. എന്നാൽ കാലുകൾക്ക് അപ്പോഴും ചലനശേഷി വീണ്ടെടുക്കാനായില്ല. അത് വീൽചെയർ ജീവിതത്തിലേക്ക് തള്ളിവിട്ടു. 22 വയസ്സുവരെയും കട്ടിലിൽ തന്നെയായിരുന്നു അജികുമാറിന്റെ ലോകം. ആശുപത്രിയിലേക്കും മറ്റും അച്ഛൻ എടുത്തുക്കൊണ്ടു പോകുകയായിരുന്നു പതിവ്. പിന്നീടാണ് വീൽചെയർ ഉപയോഗിച്ച് തുടങ്ങുന്നത്. അതോടെ അൽപ്പം സ്വാതന്ത്ര്യത്തോടെ പുറത്തേക്കിറങ്ങാൻ തുടങ്ങി. ചെറുതായി കടകളിലും ടൗണിലേക്കും പോകാൻ സാധിച്ചു. ചികിത്സയുടെ ഭാഗമായി നിരവധി ഓപ്പറേഷനുകൾക്ക് വിധേയനായിട്ടുണ്ട്. അമ്പത്തിയൊന്ന് വയസ്സുള്ള അജികുമാറിന്റെ ശരീരത്തിൽ 128 ഓളം തുന്നിക്കെട്ടുണ്ട്.

ഇലക്ട്രോണിക്സ് സാധനങ്ങൾ റിപ്പർ ചെയ്താണ് അജികുമാർ കുടുംബം പുലർത്തുന്നത്. മുതിർന്ന സഹോദരൻ ഇലക്ട്രോണിക്സ് റിപ്പയറിങ് ചെയ്യുന്നത് കണ്ടാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. പല പരീക്ഷണങ്ങൾ അക്കാലത്ത് നടത്താൻ ശ്രമിച്ചിരുന്നു. കുട്ടിക്കാലത്ത് ചെറിയ ട്രാൻസ്സിസ്റ്റർ റേഡിയോ സ്വന്തമായി നിർമ്മിക്കുന്നതോടെയാണ് പരീക്ഷണങ്ങൾ ആരംഭിച്ചത്. ട്രാൻസ്സിസ്റ്റർ റേഡിയോ സ്വന്തമായി നിർമ്മിക്കാം എന്ന ഒരു സുഹൃത്തിൽനിന്നും ലഭിച്ച അറിവാണ് തുടക്കം. ചേട്ടൻ ട്രാൻസ്സിസ്റ്റർ റേഡിയോക്ക് ആവശ്യമായ സ്‌പെയർപാർട്‌സ് വാങ്ങിക്കുകയും ശരിയായി ഫിറ്റ് ചെയ്യുകയും ചെയ്തു. അതിൽനിന്ന് പാട്ടുകേട്ടു. അത് കണ്ടിട്ട് അജികുമാറിനും അതുപോലെ ചെയ്യണമെന്നായി ആഗ്രഹം. ചേട്ടൻ ഒമ്പതാം ക്ലാസിൽ എത്തിയപ്പോൾ എല്ലാ സ്റ്റേഷനും കിട്ടുന്ന റേഡിയോ നിർമ്മിക്കാൻ തുടങ്ങി. അതിന്റെ ചുവടുപിടിച്ച് അജികുമാറും റേഡിയോ നിർമ്മാണത്തിന് ആവശ്യമായ സ്‌പെയർപാർട്‌സ് വാങ്ങി. അതിന്റെ അളവും കാര്യങ്ങളും ചേട്ടൻ പഠിപ്പിച്ചു കൊടുത്തു. അങ്ങനെ അജികുമാർ സ്വന്തമായി റേഡിയോ നിർമ്മിക്കാൻ തുടങ്ങി. പിന്നീട് ഇലക്ട്രോണിക്സ് മേഖലയിലേക്ക് തിരിയുകയായിരുന്നു.

2009 കാലഘട്ടത്തിലാണ് പുതിയ ആശയം അജികുമാറിന് തോന്നിയത്. സ്വന്തമായി എന്തെങ്കിലും കണ്ടെത്തണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തെ നിശ്ചയദാർഢ്യത്തിലേക്കെത്തിക്കുകയായിരുന്നു. സമൂഹത്തിൽ നിലയ്ക്കാത്ത ചലനമുണ്ടാക്കണം എന്ന അചഞ്ചലമായ ആത്മവിശ്വാസം അജിയിലുണർന്നു. പ്രകാശമാനമായൊരു വെളിപാടായിരുന്നു അത്. തനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് സമൂഹത്തെ അറിയിക്കാനുള്ള വ്യഗ്രതയിൽ പലരീതിയിലുള്ള പരീക്ഷണങ്ങളും നടത്തി. എന്നാൽ, ഒന്നും ഫലം കണ്ടില്ല. പരാജയം സമ്മതിക്കാൻ അജികുമാർ തയ്യാറായിരുന്നില്ല. നിലയ്ക്കാത്ത ഈ ഇച്ഛാശക്തി പുതിയ ആശയത്തിലേക്കും കണ്ടുപിടിത്തത്തിലേക്കും അദ്ദേഹത്തെ വഴിനടത്തുകയായിരുന്നു. എല്ലാത്തിന്റെയും ശക്തിസ്രോതസ്സായ വൈദ്യുതി , ഒരു ഇന്ധനവും ഉപയോഗിക്കാതെ ഉണ്ടാക്കാൻ സാധിക്കുമോ എന്ന പരീക്ഷണം ആരംഭിക്കുകയായിരുന്നു. ചെറിയ ഡൈനാമോകളും ട്രാൻസ്ഫോർമറുകളും ചെയ്ത് വൈദ്യുതി പ്രവാഹം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഒടുവിൽ നാലു മിനിട്ട് കറക്കിയാൽ അഞ്ച് മണിക്കൂർ വൈദ്യുതി ലഭിക്കും എന്ന ഘട്ടത്തിലെത്തി.

മനുഷ്യ ശക്തികൊണ്ട് പ്രവർത്തിക്കുന്ന ഊർജ നിലയം നിർമ്മിച്ചെങ്കിലും അതിന്റെ പൂർത്തീകരണം സാധ്യമാകണമെങ്കിൽ ഒരു രാവും പകലും നിർത്താതെ പ്രവർത്തിപ്പിക്കുന്ന തലത്തിലേക്ക് എത്തിക്കണം. അതിന് സാമ്പത്തികമായും മറ്റുമുള്ള കടമ്പകൾ അജിയെ അലട്ടുന്നുണ്ട്. 25 ലക്ഷത്തോളം രൂപ ഇതിനായി ചിലവു വരും. സർക്കാരിൽ നിന്നും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തി സഹായം അനുവദിച്ചിങ്കിലും ചില സാങ്കേതിക തടസം മൂലം തുക ലഭിച്ചില്ല. പലരും സഹായവുമായി രംഗത്തി വരുന്നുണ്ടെങ്കിലും പേറ്റന്റ് അവരുടെ പേരിൽ വേണം എന്നാണ് അവശ്യം.
അജിയുടെ ആഗ്രഹ സാഫല്യത്തിന് നല്ലവരായ വായനക്കാരുടെ സഹായം വേണം. നിങ്ങളാൽ കഴിയുന്ന ചെറിയ തുക ഇദ്ദേഹത്തിന് നൽകിയാൽ നാളെ കേരളത്തിന് വലിയൊരു അഭിമാനമായി മാറും. നിങ്ങളുടെ സഹായം Ajikumar AT,SBI Changanachery A/C No: 30196805281 , IFSC : SBIN0008603 എന്ന അക്കൗണ്ട് നമ്പറിൽ അയക്കാവുന്നതാണ്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം താൻ നിർമ്മിച്ച യന്ത്രത്തെ പൂർണമായ വിജയത്തിൽ എത്തിക്കുക എന്നതാണ്. 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നും അതിന്റെ വിജയം സുനിശ്ചിതമാണെന്നും അജികുമാർ ഉറച്ചശബ്ദത്തിൽ പറയുന്നു. ജീവിത സ്വപ്നവും ലക്ഷ്യവും അതുതന്നെയാണ്. കട്ടിലിൽ കമിഴ്ന്ന് കിടന്നാണ് യന്ത്രത്തിന്റെ നൂറ് ശതമാനം നിർമ്മാണവും നടത്തിയത്. കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യാൻ ശാരീരിക ബുദ്ധിമുട്ട് കാരണം സാധ്യമല്ല. അജികുമാറിന്റെ സ്വപ്നങ്ങൾക്ക് പൂർണ പിന്തുണയുമായി ഭാര്യ സിന്ധുവും മകൻ അഭിജിത്തും മകൾ സ്തുതിയും ഒപ്പമുണ്ട്. പലതും അലട്ടുന്നുണ്ടെങ്കിലും നിശ്ചയദാർഢ്യത്തോടെയുള്ള തന്റെ ലക്ഷ്യം ഉജ്ജ്വലമായ പാരമ്യത്തിലെത്തുമെന്നുള്ള ആത്മവിശ്വാസത്തോടെ അജി മുന്നോട്ട് നീങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP