Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രഡ്ഡും ഐസ്‌ക്രീമും വെളിച്ചെണ്ണയും ഉൽപ്പാദിപ്പിക്കുന്നിടത്തു മെർക്ക്യൂറിയും സൾഫ്യുറിക്ക് ആസിഡുമൊക്കെ ഉപയോഗിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാല! ഫുഡ് പാർക്കിലെ റെഡ് കാറ്റഗറി ഫാക്ടറി ഉയർത്തിയത് എൻഡോസൾഫാന് സമാനമായ വെല്ലുവിളി; ഒടുവിൽ ജനകീയ പ്രതിരോധത്തിന് മുന്നിൽ മലബാർ ഗോൾഡ് മുട്ടുമടക്കി; കാക്കഞ്ചേരിയിലേത് മാധ്യമ പിന്തുണയില്ലാതെ നേടിയ സാധാരണക്കാരുടെ സമര വിജയം

ബ്രഡ്ഡും ഐസ്‌ക്രീമും വെളിച്ചെണ്ണയും ഉൽപ്പാദിപ്പിക്കുന്നിടത്തു മെർക്ക്യൂറിയും സൾഫ്യുറിക്ക് ആസിഡുമൊക്കെ ഉപയോഗിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാല! ഫുഡ് പാർക്കിലെ റെഡ് കാറ്റഗറി ഫാക്ടറി ഉയർത്തിയത് എൻഡോസൾഫാന് സമാനമായ വെല്ലുവിളി; ഒടുവിൽ ജനകീയ പ്രതിരോധത്തിന് മുന്നിൽ മലബാർ ഗോൾഡ് മുട്ടുമടക്കി; കാക്കഞ്ചേരിയിലേത് മാധ്യമ പിന്തുണയില്ലാതെ നേടിയ സാധാരണക്കാരുടെ സമര വിജയം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ബ്രഡ്ഡും ഐസ്‌ക്രീമും വെളിച്ചെണ്ണയുമെല്ലാം ഉൽപ്പാദിപ്പിക്കുന്നിടത്തു തന്നെ മെർക്ക്യൂറിയും സൾഫ്യുറിക്ക് ആസിഡുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്ലാന്റ് വരുമ്പോൾ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞ് നടത്തിയ പ്രതിരോധം. കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ആഭരണ നിർമ്മാണശാല സ്ഥാപിക്കുന്നതിൽ നിന്ന് മലബാർ ഗോൾഡ് പിൻവാങ്ങുമ്പോൾ അത് ജനകീയ പ്രതിഷേധത്തിന്റെ വിജയമാണ്. ആറ് വർഷത്തിലധികമായി കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി സമരം നടത്തിവരുന്ന സമരം അങ്ങനെ ലക്ഷ്യത്തിലെത്തി. മുതലാളിമാരുടെ പണക്കൊഴുപ്പിൽ മുഖ്യധാരാ മാധ്യമങ്ങളും സർക്കാരും കണ്ണടച്ചിട്ടും നേടിയ ജയം. ഒടുവിൽ കാലിക്കറ്റ് സർവ്വകലാശാലാ ഇ എം എസ് സെമിനാർ കോംപ്ലകസിൽ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നാട്ടുകാരുടെ കണ്ണീരിന് വിജയം നൽകി.

കിൻ ഫ്രയിലെ മലബാൾ ഗോർഡിന്റെ ആഭരണ നിർമ്മാണ ശാലയുടെ മലിനജലം ട്രീറ്റ് മെന്റ് പ്ലാന്റ് വഴി താഴെ പൈങ്ങോട്ടൂർ നീണ്ടിശ്ശേരി ചോല മുതൽ പുല്ലിപ്പുഴയിൽ വരെ എത്തി വിവിധ സാംക്രമിക രോഗങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞായിരുന്നു സമരം തുടങ്ങിയത്. 2003ൽ രാജ്യത്തെ ആദ്യ ഫുഡ് പാർക്കായി പ്രഖ്യാപിച്ച കാക്കഞ്ചേരിയിലെ കിഫ്ര ഫുഡ് പാർക്കിൽ അതീവ വിഷാംശമുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്ന റെഡ് കാറ്റഗറിയിൽപെട്ട ഒരു വ്യവസായ സംരംഭം തുടങ്ങാനുള്ള നീക്കമാണ് ബഹുജന പ്രതിഷേധത്തിന് ഇടയാക്കിയത്. വിദ്യാഭ്യാസ ആവശ്യത്തിന് ജനങ്ങളിൽനിന്ന് ഏറ്റെടുത്ത ഭൂമിയിൽ റെഡ് കാറ്റഗറിയിൽ പെട്ട വിഷമലിനീകരണ ഫാക്ടറി പ്രവർത്തനം തടയണമെന്ന് അവർ ആവശ്യപ്പെട്ടു. ഇവിടെ, ഐക്യപ്പെടാത്ത ആളുകളോ പ്രസ്ഥാനങ്ങളോ ഇല്ല. എന്നാൽ പത്ര, ദൃശ്യമാധ്യമങ്ങളെല്ലാം ഇവരെ പാടെ അവഗണിച്ചു, മലബാർ ഗോൾഡ് പത്രങ്ങളിലും ചാനലുകളിലും നൽകുന്ന പരസ്യംകൊണ്ടാണു ഇവർക്കെതിരെയുള്ള വാർത്തകൾ ഇവർ റിപ്പോർട്ട് ചെയ്തില്ല. അപ്പോഴും പിന്തുണയുമായി മറുനാടൻ നിറഞ്ഞു.

ആറ് വർഷത്തിലധികമായി കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി ആഭരണ നിർമ്മണശാലക്കെതിരെ സമരം നടക്കുകയാണ്. രണ്ട് കോടിയോളം രൂപ മലബാർ ഗോൾഡ് കിൻഫ്രയിൽ മുതൽ മുടക്കിയ സാഹചര്യത്തിൽ സർക്കാരിന് മുന്നിൽ സമർപ്പിച്ച ഷോപ്പിംങ്ങ് മാൾ, ജൂവലറി ഉൾപ്പെടെയുള്ള ബദൽ പദ്ധതി അംഗീകരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. മലിനീകരണത്തിന് ഇടയാക്കുന്ന പദ്ധതികൾ വരുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഡെപ്യൂട്ടി കലക്ടർ, മലപ്പുറം ഡിവൈഎസ്‌പി, സമരസമിതി പ്രതിനിധി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അംഗങ്ങളായ കമ്മിറ്റിയെ നിയോഗിച്ചു. നേരിട്ടും അല്ലാതെയും ആയിരത്തിലധികം ആളുകൾക്ക് ജോലി ലഭിക്കുന്ന വാണിജ്യകോംപ്ലക്‌സ് യാഥാർത്യമാക്കാൻ സാങ്കേതിക തടസങ്ങൾ നീക്കണമെന്ന ആവശ്യത്തിൽ സർക്കാറിനെ സമീപിച്ചതിനെ തുടർന്നാണ് സർക്കാർ ഇടപെടലുണ്ടായത്.

അറുവർഷം നീണ്ട സമരം പരിഗണിക്കാനോ പരിഹാരം കാണാനോ കാര്യമായ ശ്രമങ്ങളൊന്നും ആദ്യ നാലു കൊല്ലവും ഉണ്ടായില്ല. വലിയ ജനസാന്ദ്രതയുള്ള, ഒട്ടേറെ ഭക്ഷ്യോത്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്ന ഒരു സ്ഥലത്ത് അതിമാരകമായ ആസിഡും, രാസ-ലോഹ മാലിന്യങ്ങളും, മലിന ജലവും ഒഴുക്കുന്ന ഒരു സ്വർണ്ണാഭരണ നിർമ്മാണ ശാലക്ക് സ്ഥലം അനുവദിച്ചതു മുതൽ തുടങ്ങുന്ന നിയമ ലംഘനങ്ങളുടെ നീണ്ട നിരതന്നെ കാണാം. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തത്തെക്കാൾ വലിയ ആഘാതമാകും അതുണ്ടാക്കുക എന്ന തിരിച്ചറിവാണ് ജനങ്ങളെ സമരനിരതരാക്കിയത്്. ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ആക്ട് പ്രകാരം സ്ഥലം ഏതെങ്കിലും ആവശ്യത്തിനായി നീക്കിവച്ചിട്ടുണ്ടെങ്കിൽ അത് ആ പ്രത്യേക ആവശ്യത്തിന് മാത്രം ഉപയോഗിക്കണം എന്നാണ് നിയമം. എന്നാൽ കിൻഫ്രയുടെ ഏറ്റവും കണ്ണായ ഈ സ്ഥലം ഉപാധികളോടെ വ്യാവസായികാവശ്യത്തിനായി നൽകാൻ ടെൻഡർ ക്ഷണിക്കുകയായിരുന്നു. മലബാർ ഗോൾഡ് മാത്രമാണ് ടെൻഡർ സമർപ്പിച്ചത്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ ഫയർ ആൻഡ് സേഫ്റ്റിയുടെയോ പഞ്ചായത്തിന്റെയോ അംഗീകാരം വാങ്ങിയാവണം കെട്ടിടനിർമ്മാണം ആരംഭിക്കേണ്ടത് എന്ന വ്യവസ്ഥയിരിക്കെ ഈ നിബന്ധനകളൊന്നും പാലിക്കാതെയാണ് ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റുകൾക്കും അനുബന്ധ വ്യവസായങ്ങൾക്കും വേണ്ടി മാത്രമായി നിർമ്മിച്ച കിൻഫ്രയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ മലബാർ ഗോൾഡ് ശ്രമം തുടങ്ങിയതെന്നാണ് സമര സമിതിക്കാർ ആരോപിച്ചിരുന്നത്. സ്വർണ്ണ ശുദ്ധീകരണവും ആഭരണനിർമ്മാണവും നടത്തുന്ന സ്ഥാപനങ്ങൾ നിലവിലുള്ള നിയമങ്ങൾ അനുസരിക്കുകയാണെങ്കിൽ വിജനമായ പ്രദേശത്തേ ആരംഭിക്കാനാവൂ. റെഡ് കാറ്റഗറിയിൽപെട്ട ഒരു വ്യവസായ സംരംഭം തുടങ്ങുകയാണെങ്കിൽ അതിന്റെ നൂറു മീറ്റർ ചുറ്റളവിനുള്ളിൽ വീടുകളോ ആൾത്താമസമോ പാടില്ല. എന്നാൽ ദേശീയപാതയ്ക്കടുത്ത് സർവ്വകലാശാലാ കാമ്പസിനോടു ചേർന്ന് ജനസാന്ദ്രതയേറിയ ഒരിടംതന്നെ സ്വർണ്ണാഭരണ നിർമ്മാണത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാപനം നിലവിൽ വന്നുകഴിഞ്ഞാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നീറിയോട് (നാഷണൽ എൻവിറോൺമെന്റൽ എന്ജിനിയറിങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്) ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

നേരത്തെ കോഴിക്കോട്ടെ തിരുവണ്ണൂരിൽ മലബാർ ഗോൾഡ് തന്നെ പ്രതിദിനം മൂന്ന് കിലോ സ്വർണ്ണാഭരണം നിർമ്മിക്കാൻ തക്ക ശേഷിയുള്ള ഒരു ആഭരണനിർമ്മാണ ശാല സ്ഥാപിച്ചിരുന്നു. അന്ന് മലിനീകരണ നിയന്ത്രണ ബോർഡ് റെഡ് ക്യാറ്റഗറി പെർമിഷനാണ് കൊടുത്തത്. പിന്നീട് അത് ഗ്രീൻ ക്യാറ്റഗറി ആക്കി മാറ്റി. പ്രവർത്തനം തുടങ്ങി ആറ് മാസത്തിനുള്ളിൽ തന്നെ ആ പ്രദേശത്തെ കിണറുകളും മറ്റു ജലസ്രോതസ്സുകളുമെല്ലാം മലിനമായി. ശക്തമായ ബഹുജനപ്രതിഷേധത്തെ തുടർന്ന് പ്ലാന്റ് അടച്ചുപൂട്ടേണ്ടിയും വന്നു. മൂന്ന് കിലോ നിർമ്മാണശേഷിയുള്ള ആഭരണ നിർമ്മാണശാല ചരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വിനാശകാരിയായിത്തീർന്നുവെങ്കിൽ നൂറ്റിയിരുപത് കിലോ ഉൽപ്പാദനശേഷിയുള്ള ഒരു പ്ലാന്റ് എത്രത്തോളം മാരകമാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും സമര സമിതിക്കാർ തിരിച്ചറിഞ്ഞിരുന്നു. ഇതാണ് സമരത്തിൽ ഉറച്ചു നിൽക്കാനും വെല്ലുവിളികളെ ഏറ്റെടുക്കാനും ഈ ജനതയെ സജ്ജമാക്കിയത്.

കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ തുടങ്ങാനിരുന്ന മലബാർ ഗോൾഡ് സ്വർണ്ണാഭരണ നിർമ്മാണ ശാലക്കെതിരെ ചേലേമ്പ്ര, തേഞ്ഞിപ്പലം, പള്ളിക്കൽ പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രതിരോധം തീർത്തത്. മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ.എ.പി.ജെ.അബ്ദുൽകലാം രാജ്യത്തെ ഒന്നാമത്തെ ഫുഡ്പാർക്കായി രാഷ്ട്രത്തിന് സമർപ്പിച്ചതാണ് കാക്കഞ്ചേരിയിലെ കിൻഫ്രപാർക്ക്. എന്നാൽ 2013 മാർച്ച് മാസത്തിലാണ് അതിമാരകമായ പ്രക്രിയയിലൂടെ നിർമ്മിക്കപ്പെടുന്ന സ്വർണ്ണാഭരണ നിർമ്മാണത്തിന് രണ്ടേകാൽ ഏക്കർ സ്ഥലം കിൻഫ്ര മലബാർ ഗോൾഡിന് അനുവദിച്ചത്. പ്രമുഖ മന്ത്രിമാരും, എംഎൽഎ മാരും, ജില്ലാ കലക്ടറും, കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറടക്കം പങ്കെടുത്ത് 2013 സപ്തംബർ മാസത്തിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്.

അന്ന് പ്രഖ്യാപിച്ചത് ആയിരക്കണക്കിന് ജനങ്ങൾക്ക് തൊഴിൽ കൊടുക്കാനുതകുന്നതും കാക്കഞ്ചേരിയുടെ ചരിത്രം മാറ്റിക്കുറിക്കുന്നതുമായ ഒരു സംരംഭമാണ് ഇതെന്നാണ്. പക്ഷെ പിന്നീടാണ് നാട്ടുകാർക്ക് മനസ്സിലായത് ഇരുന്നൂറ് കോടി രൂപ മൂലധനത്തിൽ ഒരു ദിവസം 120 കിലോഗ്രാം സ്വർണ്ണാഭരണമുണ്ടാക്കുന്ന, 48 ലിറ്റർ ഹൈഡ്രോക്ലോറിക്, നൈട്രിക്, സൾഫ്യൂരിക് ആസിഡ് മാലിന്യങ്ങളും, 15 ഗ്രാം പൊട്ടാസ്യം സയനൈഡ് മാലിന്യങ്ങളും നിക്കൽ, കാഡ്മിയം, സിങ്ക്, ചെമ്പ്, വെള്ളി, മെർക്കുറി തുടങ്ങിയ മാരക ലോഹങ്ങളുടെ മാലിന്യങ്ങളും മൂന്ന് ലക്ഷം ലിറ്റർ മലിനജലത്തോടൊപ്പം പുറത്തുവിടുകയും നാട്ടിലെ ആബാലവൃദ്ധം ജനങ്ങളെയും രോഗികളാക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് തങ്ങളുടെ നാട്ടിൽ വരാൻ പോകുന്നതെന്ന്. ഈ സ്ഥാപനം കിൻഫ്രയിൽ വരുന്നത് തടയുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമാണ് ഇവിടുത്തെ ജനങ്ങൾ കാക്കഞ്ചേരി പരിസരസംരക്ഷണസമിതിക്ക് രൂപം നൽകിയതും പ്രവർത്തനമാരംഭിച്ചതും.

ഫുഡ്പാർക്കിൽ ഇത്തരം സ്ഥാപനം പ്രവർത്തനം തുടങ്ങിയാൽ കിൻഫ്രയിൽ നിലവിലുള്ള മുഴുവൻ ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങളുടേയും ഐ.ടി സ്ഥാപനങ്ങളുടേയും നിലനിൽപ് തന്നെ അപകടത്തിലാവുമെന്ന് മനസ്സിലാക്കിയാണ് അവരുടെ ഏക സംഘടനയായ കിൻഫ്ര ഇൻഡസ്ട്രീസ് ചേംബർ ഹൈക്കോടതിയിൽ നിന്നും മലബാർഗോൾഡിനെതിരെ സ്റ്റേ സമ്പാദിച്ചതും ഇതിനിടെ ചർച്ചകളിൽ എത്തി. 2014 ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ കിൻഫ്രയിലെ മുഴുവൻ സ്ഥാപനങ്ങളും അടച്ച് ഹർത്താൽ ആചരിച്ചു. എല്ലാ അധികാര സ്ഥാപനങ്ങളിലും മന്ത്രിമാർക്കും നൽകിയ നിവേദനങ്ങൾക്ക് ഫലമില്ലാതെ വന്നപ്പോഴാണ് 2014 ഡിസംബർ 20-ാം തിയ്യതി കമ്പനിക്ക് മുമ്പിൽ പ്രത്യക്ഷ സമരത്തിവുമായി സമരസമിതി പ്രവർത്തകർ മുന്നോട്ടു വന്നത്. ജില്ലാ കലക്ടറും, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായും, ആർ.ഡി.ഒ യുമായും നടന്ന നിരവധി ചർച്ചകൾക്കും ഫലമുണ്ടായില്ല.

ഇതിനിടയിൽ 100 മീറ്ററിനുള്ളിൽ ജനവാസം പാടില്ലാത്ത റെഡ് കാറ്റഗറി സ്ഥാപനത്തെ ഗ്രീൻ കാറ്റഗറിയിലാക്കി മാറ്റാൻ പൊല്യൂഷൻ കൺട്രോൾബോർഡ് ചെയർമാൻ 6 തവണ അപേക്ഷകൾ തിരുത്തിച്ചു. 200 കോടി പ്രൊജക്ട് 50 കോടിയിലേക്ക് ചുരുക്കിയതും മലിനീകരണമുണ്ടാക്കുന്ന എല്ലാ ഭാഗങ്ങളും അപേക്ഷയിൽ നിന്ന് മാറ്റിച്ചതും 11 മീറ്ററിനകത്തുള്ള കിൻഫ്ര ഓഫീസ് 38 മീറ്റർ അകലത്തിലാക്കിയതും, 25 മീറ്ററിനുള്ളിലെ കച്ചവടസ്ഥാപനങ്ങളും, വീടുകളും, ബാങ്കും, പള്ളിയും 50 മീറ്ററിനകലെയാണെന്ന് പ്ലാൻ മാറ്റിച്ചതും ലക്ഷങ്ങളുടെ അഴിമതിയുടെ കഥകളാണ് സൃഷ്ടിച്ചത്. കേന്ദ്ര ഗവൺമെന്റ് ഏജൻസിയായ എൻഇഇആർഇയെ സ്വാധീനിച്ച് കെട്ടിടം പണിപോലും തീരാത്ത സ്ഥാപനം മലിനീകരണമുണ്ടാക്കുന്നില്ല എന്ന് റിപ്പോർട്ട് വാങ്ങി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പ്രദേശത്തെ ജനങ്ങളുടെ ഒറ്റക്കെട്ടായ സമരത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് മനസ്സിലാക്കിയാണ് ഒടുവിൽ കമ്പനി സ്വർണ്ണാഭരണനിർമ്മാണം ഉപേക്ഷിച്ചത്.

വ്യവസായങ്ങൾ വിട്ട് കച്ചവട സ്ഥാപനങ്ങൾ, സ്വർണ്ണാഭരണ, ഇലക്ട്രോണിക്സ് ഉപകരമങ്ങൾ, ഹോട്ടൽ തുടങ്ങിയവ തുടങ്ങാനാണ് മലബാർ ഗോൾഡ് ഇപ്പോൾ അനുമതി തേടിയിരിക്കുന്നത്. 30% സ്ഥലം സ്വന്തം ഉപയോഗിക്കാനും, 70% സ്ഥലം മറ്റുള്ളവർക്ക് വാടകക്ക് നൽകാനും അനുമതി തേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP