Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2014ൽ വനിതാ സുഹൃത്തിന്റെ വീട്ടിലെ മദ്യസൽക്കാരത്തിനിടെ കൈക്കൂലി വാങ്ങാൻ പറഞ്ഞു വിട്ടത് ഇടനിലക്കാരൻ പ്രസാദിനെ; കേസിലെ സാധ്യത തിരിച്ചറിഞ്ഞ് പണ പിരിവ് നടത്തുന്ന സിഐ ഇത്തവണ കുടുങ്ങിയത് അച്ഛനെ കല്ലിനെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മകനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോൾ; സിഐ ഷിബുകുമാറിന്റെ തൊപ്പി ഇനിയെങ്കിലും പൊലീസ് ഊരിവാങ്ങുമോ?

2014ൽ വനിതാ സുഹൃത്തിന്റെ വീട്ടിലെ മദ്യസൽക്കാരത്തിനിടെ കൈക്കൂലി വാങ്ങാൻ പറഞ്ഞു വിട്ടത് ഇടനിലക്കാരൻ പ്രസാദിനെ; കേസിലെ സാധ്യത തിരിച്ചറിഞ്ഞ് പണ പിരിവ് നടത്തുന്ന സിഐ ഇത്തവണ കുടുങ്ങിയത് അച്ഛനെ കല്ലിനെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മകനിൽ നിന്ന് കൈക്കൂലി വാങ്ങുമ്പോൾ; സിഐ ഷിബുകുമാറിന്റെ തൊപ്പി ഇനിയെങ്കിലും പൊലീസ് ഊരിവാങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

മുണ്ടക്കയം: കുടുംബപ്രശ്‌നത്തിന്റെ പേരിലുള്ള കേസിൽ നിന്ന് ഒഴിവാക്കുന്നതിനു യുവാവിന്റെ പക്കൽ നിന്ന് 50,000 രൂപ വാങ്ങിയ സിഐ കുടുങ്ങുമ്പോൾ ചർച്ചയാകുന്നത് പൊലീസിലെ കൈക്കൂലി പാപികളുടെ ക്രൂരതകൾ. മുണ്ടക്കയം എസ്എച്ച്ഒ കൊല്ലം ശാസ്താംകോട്ട വിശാഖത്തിൽ വി.ഷിബുകുമാർ (46), പൊലീസ് സ്റ്റേഷൻ കന്റീൻ നടത്തിപ്പുകാരൻ സുദീപ് ജോസഫ് (39) എന്നിവരെയാണു വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ് പി വി.ജി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിജിലൻസിന്റെ കരുതലാണ് ഈ സിഐയെ കുടുക്കിയത്.

തിരുവനന്തപുരം കഴക്കൂട്ടം സ്റ്റേഷനിൽ ജോലിയിലിരിക്കെ 2014ൽ കൈക്കൂലിക്കേസിൽ ഷിബുകുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്നും അറസ്റ്റിലായി. ഇത്തരത്തിൽ ഒരു ഉദ്യോഗസ്ഥൻ വീണ്ടും ക്രമസമാധാന ചുമതലയിൽ എത്തിയെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കഴക്കൂട്ടം കേസിൽ അന്വേഷണവും മറ്റും ഇയാൾ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചെന്നും സൂചനയുണ്ട്. സസ്‌പെൻഷന്റെ സ്വാഭാവിക കാലാവധി കഴിഞ്ഞ് ജോലിയ്‌ക്കെത്തിയ സിഐയ്ക്ക് സുപ്രധാന സ്റ്റേഷൻ ചുമതല തന്നെ കിട്ടി. ഇയാളെ ഇനിയെങ്കിലും പൊലീസിൽ നിന്ന് പൂർണ്ണമായും മാറ്റി നിർത്തണമെന്ന ചർച്ചയാണ് രണ്ടാമത്തെ അറസ്റ്റിലൂടെ ചർച്ചയാകുന്നത്.

അച്ഛനെ കല്ലിനെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ് ഒതുക്കിത്തീർക്കുന്നതിന് പ്രതിയായ മകന്റെ കൈയിൽനിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. തന്നെ ഉപദ്രവിച്ചെന്നും തലയ്ക്ക് കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുംകാട്ടി അച്ഛൻ നൽകിയ പരാതിയിലാണ് മകനെതിരേ ജാമ്യമില്ലാവകുപ്പ് ചുമത്തി മുണ്ടക്കയം പൊലീസ് കേസെടുത്തത്. ഇയാളുടെ വാഹനം അടക്കം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. കേസ് ഒതുക്കിത്തീർത്ത് വാഹനം തിരികെനൽകുന്നതിനും, കോടതിയിൽ അനുകൂല റിപ്പോർട്ട് നൽകി മകനെ തിരികെ വീട്ടിൽകയറ്റി താമസിപ്പിക്കുന്നതിന് നടപടിയെടുക്കാമെന്നും ഉറപ്പുനൽകി ഇടനിലക്കാരൻ മുഖേന ഇൻസ്‌പെക്ടർ കൈക്കൂലി വാങ്ങുകയായിരുന്നു.

ഷിബുകുമാറിന്റെ ഏജന്റാണ് സുദീപ്. ഇയാൾ വഴിയാണ് കൈക്കൂലി വാങ്ങിയിരുന്നത്. കൂട്ടിക്കൽ സ്വദേശിയായ എക്‌സ് സർവീസ് ഉദ്യോഗസ്ഥനെ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് ഇവർ പണം ആവശ്യപ്പെട്ടത്. ഇയാളുടെ അച്ഛനും അമ്മയും സഹോദരനുമായി ഉണ്ടായിരുന്ന പ്രശ്‌നത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുൻപ് ഇയാളുടെ വാഹനം പൊലീസ് പിടിച്ചെടുത്തു. കോടതി മുഖാന്തരം ജാമ്യം നേടിയ ഇയാൾ ഒപ്പിടാൻ സ്റ്റേഷനിൽ എത്തിയപ്പോൾ ഷിബുകുമാർ വാഹനത്തിന്റെ ആർസി ബുക്ക് വാങ്ങിവച്ചു. ഇതിന്റെ പേരിൽ യുവാവിനെ പതിവായി സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നു കന്റീൻ നടത്തിപ്പുകാരൻ സുദീപ് ഇടപെട്ട് സംഭവം ഒതുക്കിത്തീർക്കാൻ സഹായിക്കാമെന്ന് അറിയിക്കുകയായിരുന്നു.

വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് വാഹനം തിരികെ നൽകുന്നതിന് ഒന്നര ലക്ഷം രൂപയാണ് ഉദ്യോഗസ്ഥനും കരാറുകാരനും ചേർന്ന് ആവശ്യപ്പെട്ടത്. പിന്നീട് ഒരു ലക്ഷം രൂപ നൽകിയാൽ കേസ് ഒതുക്കാമെന്നും ധാരണയായി. ഇതോടെ എക്‌സ് സർവീസ് ഉദ്യോഗസ്ഥൻ വിജിലൻസ് വിഭാഗവുമായി ബന്ധപ്പെട്ടു. ഇന്നലെ വൈകിട്ട് നാലോടെ ആദ്യഗഡുവായ അര ലക്ഷം രൂപ കൊടുക്കുന്നതിനായി എക്‌സ് സർവീസ് ഉദ്യോഗസ്ഥൻ മുണ്ടക്കയം സ്റ്റേഷനു മുന്നിലെ ക്വാർട്ടേഴ്‌സിൽ എത്തി. ഫിനാഫ്തലിൻ പൗഡർ വിതറിയ നോട്ടുകൾ ഉൾപ്പെടെയുള്ള തുക ഇയാൾ സുദീപിനു കൈമാറി. സുദീപ് ക്വാർട്ടേഴ്‌സിലെത്തി തുക ഷിബുകുമാറിനു കൈമാറി.

പിന്നാലെ എത്തിയ വിജിലൻസ് എസ്‌പി വി.ജി.വിനോദ്കുമാർ, യൂണിറ്റ് ഡിവൈഎസ്‌പി പി.ജി.രവീന്ദ്രനാഥ്, റേഞ്ച് ഡിവൈഎസ്‌പി വിശ്വനാഥൻ, ഇൻസ്പെക്ടർമാരായ രാജേഷ്, രാജീവ്, സജുദാസ്, എസ്‌ഐമാരായ വിൻസെന്റ്, സ്റ്റാൻലി, തുളസീധരക്കുറുപ്പ്, ടി.കെ.അനിൽകുമാർ, പ്രസന്നകുമാർ, കെ.സന്തോഷ്‌കുമാർ, സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ക്വാർട്ടേഴ്‌സിനുള്ളിൽ കയറി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴക്കൂട്ടം പൊലീസ് ഇൻസ്‌പെക്ടറായിരിക്കെ ഷിബുകുമാറിനെ കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു.

കഴക്കൂട്ടത്തും കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനുള്ള ഷിബു കുമാറിന്റെ ശ്രമം വിജിലൻസാണ് പൊളിച്ചത്. അന്ന് രാത്രിയിൽ കൊല്ലം മെഡിസിറ്റിക്ക് സമീപം വച്ചാണ് അര ലക്ഷം രൂപ കൈമാറുന്നതിനിടെ കഴക്കൂട്ടം സിഐ ഷിബുകുമാറിന്റെ സുഹൃത്ത് പ്രസാദ് പിടിയിലാവുന്നത്. ഈ സമയത്ത് ഷിബുകുമാർ കണ്ണനല്ലൂരിലെ ഒരു വനിതാ സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു. പ്രസാദിയിരുന്നു അന്ന് ഏജന്റ്. വനിതാ സുഹൃത്തിന്റെ വീട്ടിൽ മദ്യസൽക്കാരത്തിലിരിക്കെയാണ് പ്രസാദിനെ പണം വാങ്ങാനായി പറഞ്ഞുവിട്ടത്. പ്രസാദിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് വിജിലൻസ് സംഘം കണ്ണനല്ലൂരിലും എത്തി. പക്ഷേ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചില്ല. ഇതോടെ ഷിബു കുമാറിന് ഒളിവിൽ പോകാനുമായി. പിന്നീട് പിടിയിലാവുകയും ചെയ്തു.

മംഗലപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പുകേസ് വിശദ അന്വേഷണത്തിനായാണ് കഴക്കൂട്ടം സർക്കിളിന് കൈമാറിയത്. കേസിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് സഹായിയേയും കൂട്ടി പൊലീസ് ഉദ്യോഗസ്ഥൻ പിരിവിന് ഇരങ്ങി. പ്രതിസ്ഥാനത്തുള്ളവരെ വിളിച്ച് അറസ്റ്റ് ചെയ്യാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു. പേര് മോശമാകാതിരിക്കാൻ ആദ്യഗഡു നൽകി. അഞ്ചുലക്ഷമാണ് ചോദിച്ചത്. ഒടുവിൽ മൂന്ന് ലക്ഷത്തിൽ ഉറപ്പിച്ചു. ആദ്യ ഗഡുവായി ഒരുലക്ഷം കൈമാറി. ബാക്കി പണത്തിനായി സിഐയുടെ ഭീഷണി മുറുകിയപ്പോഴാണ് പരാതിക്കാർ വിജിലൻസിനെ ബന്ധപ്പെട്ടത്. തുടർന്ന് ഒരുലക്ഷം കൂടി നൽകാമെന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സിഐയെ വിളിച്ചറിയിച്ചു. സിഐ പറഞ്ഞുവിട്ടത് അനുസരിച്ച് പണം ഏറ്റുവാങ്ങാനായി സുഹൃത്ത് പ്രസാദ് എത്തിയപ്പോൾ പണമടക്കം വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

നിരവധി ആരോപണങ്ങൾ നേരിടുന്ന ഇയാൾ പീരുമേട്ടിൽനിന്ന് മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തശേഷം, കൈക്കൂലിയായി മൂന്ന് ലക്ഷം രൂപ വാങ്ങി കഞ്ചാവ് 30 ഗ്രാമാക്കി കുറച്ച് പ്രതികൾക്കെതിരേ കേസെടുത്തെന്നും ആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP