Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെസീന മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന മഠത്തിന്റെ വാദം തെറ്റ്; കഴിഞ്ഞ ദിവസവും അയൽക്കാരോട് സന്തോഷത്തോടെ സംസാരിച്ച് വിശേഷങ്ങൾ തിരക്കി; ഉച്ചമുതൽ കാണാനില്ലെന്ന് മഠം അധികൃതർ പറയുമ്പോഴും സിസ്റ്ററെ തിരക്കി ആരും വന്നില്ല; കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

ജെസീന മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന മഠത്തിന്റെ വാദം തെറ്റ്; കഴിഞ്ഞ ദിവസവും അയൽക്കാരോട് സന്തോഷത്തോടെ സംസാരിച്ച് വിശേഷങ്ങൾ തിരക്കി; ഉച്ചമുതൽ കാണാനില്ലെന്ന് മഠം അധികൃതർ പറയുമ്പോഴും സിസ്റ്ററെ തിരക്കി ആരും വന്നില്ല; കന്യാസ്ത്രീയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും

ആർ പീയൂഷ്

കൊച്ചി: കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും. വാഴക്കാല മൂലേപ്പാടം റോഡിലെ സെയ്ന്റ് തോമസ് കോൺവെന്റിലെ കന്യാസ്ത്രീയായ ഇടുക്കി കീരിത്തോട് കുരിശുംമൂട്ടിൽ തോമസിന്റെ മകൾ ജെസീനയെയാണ് (44) മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന മഠത്തിന്റെ വാദം തെറ്റാണെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടുകാർ പറയുന്നത് സിസ്റ്റർ ജസീന ഇത്തരത്തിൽ ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയുമില്ലെന്നാണ്. കഴിഞ്ഞ ദിവസം പോലും അയൽക്കാരോട് സന്തോഷത്തോടെ സംസാരിക്കുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്തിരുന്നതായി സമീപവാസികൾ പറഞ്ഞു. അതിനാൽ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

മരണം നടന്ന വിവരം നാട്ടുകാർ അറിയുന്നത് വൈകുന്നേരം ആറു മണിയോടെയാണ്. ഒരു ഫയർഫോഴ്സ് മഠത്തിലേക്കെത്തുമ്പോൾ നാട്ടുകാർ കാരണം അന്വേഷിച്ചപ്പോഴാണ് അത്യാഹിതം അറിയുന്നത്. ഉച്ചമുതൽ കാണാനില്ലെന്ന് മഠം അധികൃതർ പറയുമ്പോൾ സിസ്റ്ററെ തിരക്കി ആരും സമീപ പ്രദേശത്തുള്ളവരെ സമീപിച്ചില്ല. കോൺവെന്റിലുള്ള ഒരു അച്ചനാണ് മൃതദേഹം കണ്ടെത്തിയ വിവരം എല്ലാവരോടും പറഞ്ഞത്. മൃതദേഹം ഫയർ ഫോഴ്സ് സംഘം എത്തി പുറത്തെടുക്കുമ്പോഴേക്കും മഠത്തിലെ കുറേ സിറ്റർമാരെ അവിടെ നിന്നും വാഹനത്തിൽ എവിടേക്കോ മാറ്റി.

പിന്നീട് പുലർച്ചെയും കുറേപ്പേരെ മാറ്റിയതായി നാട്ടുകാർ പറയുന്നു. കൂടാതെ മഠത്തിന് സമീപത്തെ കല്ലിയാകുഴി പാറമട വലിയ ആഴമുള്ളതാണ്. നിറയെ വെള്ളം കെട്ടിക്കിടക്കുകയും കുളവാഴകൊണ്ട് മൂടിക്കിടക്കുകയുമാണ്. ഒരാൾ തെന്നി വീണാലോ മറ്റേ വേഗം താഴ്ന്ന് പോകാത്ത നിലയിലാണ് പായൽ മൂടി കിടക്കുന്നത്. അതിനു പുറമേ വെള്ളത്തിൽ മുങ്ങിയാൽ നേരത്തോടു നേരം മാത്രമേ മൃതദേഹം പൊങ്ങി വരികയുള്ളൂ. എന്നാൽ കാണാതായി മണിക്കൂറുകൾക്കുള്ളിൽ തന്നെ മൃതദേഹം കണ്ടെത്തി. ഇതും മുങ്ങി മരണമാണോ എന്ന് സംശയമുളവാക്കിയിരിക്കുകയാണ്. പോസ്റ്റ് മാർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൃത്യമായ വിവരം അറിയാൻ കഴിയൂ.

ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി ഒപ്പമുണ്ടായിരുന്ന സിസ്റ്റർമാർ വിളിക്കാനെത്തിയപ്പോൾ സിസ്റ്റർ ജെസീനയെ കാണാനില്ലായിരുന്നു. തുടർന്ന് കോൺവെന്റ് അധികൃതർ തിരച്ചിൽ നടത്തിയപ്പോൾ വൈകീട്ടോടെ സിസ്റ്ററെ മഠത്തിന്റെ തൊട്ടുപിറകിലുള്ള മൂലേപ്പാടം കല്ലിയാകുഴി കരിങ്കൽ ക്വാറിയിൽ കാണപ്പെടുകയായിരുന്നു. ഇവർ അറിയിച്ചതിനെത്തുടർന്ന് പൊലീസും, ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. പായൽ നിറഞ്ഞ പാറമടയിൽ പൂർണമായും മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ശിരോവസ്ത്രം കുടുങ്ങിയ നിലയിലായിരുന്നു.

2018-ലായിരുന്നു ജെസീന സെയ്ന്റ് തോമസ് കോൺവെന്റിലെത്തിയത്. അതേസമയം ജെസീന മാനസിക വിഭ്രാന്തിയെ തുടർന്ന് 2011 മുതൽ ചികിത്സയിലായിരുന്നെന്ന് കന്യാസ്ത്രീമഠം അധികൃതർ പറഞ്ഞു. എന്നാൽ, മാനസികപ്രശ്നമുള്ള കാര്യം തങ്ങൾക്ക് അറിയില്ലെന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ വ്യക്തമാക്കി. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾപ്പോലും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും, ജെസീനയെ കാണാതായ വിവരം അധികൃതർ തങ്ങളെ അറിയിച്ചത് പള്ളിയിൽ പോയിട്ട് തിരികെ എത്തിയിട്ടില്ലെന്നുമാണെന്ന് ബന്ധുക്കൾ കൂട്ടിച്ചേർത്തു.

ഈ വ്യാഴാഴ്ച സിസ്റ്റർ വീട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. മഠത്തിന്റെ വളപ്പിൽനിന്ന് പാറമടയിലേക്കിറങ്ങാൻ പടികൾ ഉണ്ട്. വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെ 12 കന്യാസ്ത്രീകളാണ് ഇവിടത്തെ താമസക്കാർ. മാതാവ്: മോനിക്ക. സഹോദരൻ: ജിബിച്ചൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP