Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ ഫോൺ പദ്ധതി നടപ്പാക്കുന്നത് ജനങ്ങൾക്കിടയിൽ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാൻ; ഇൻർനെറ്റ് സേവനം വിരൽതുമ്പിൽ ലഭ്യമാകും; നോളജ് ഹബ്ബായും ഐടി ഹബ്ബായും വളരാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് കരുത്താകും; 20 ലക്ഷം ബിപിഎൽ കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും ആദ്യഘട്ടം ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

കെ ഫോൺ പദ്ധതി നടപ്പാക്കുന്നത് ജനങ്ങൾക്കിടയിൽ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാൻ; ഇൻർനെറ്റ് സേവനം വിരൽതുമ്പിൽ ലഭ്യമാകും; നോളജ് ഹബ്ബായും ഐടി ഹബ്ബായും വളരാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് കരുത്താകും; 20 ലക്ഷം ബിപിഎൽ കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും ആദ്യഘട്ടം ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതിക മേഖലയിൽ വലിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കിടയിൽ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാനാണ് കെ ഫോൺ പദ്ധതി നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

കെ ഫോൺ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇൻർനെറ്റ് സേവനം വിരൽതുമ്പിൽ ലഭ്യമാകും. നോളജ് ഹബ്ബായും ഐടി ഹബ്ബായും വളരാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്കു കെ ഫോൺ പദ്ധതി കരുത്താകും. 10 ശതമാനത്തിൽ താഴെ ഓഫിസുകളാണ് സ്റ്റേറ്റ് നെറ്റ്‌വർക്കിൽ ഇപ്പോഴുള്ളത്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല അതിലും കുറവാണ്. വീടുകളും അതിവേഗ ഇന്റർനെറ്റിലേക്കു മാറിയിട്ടില്ല. കെഫോൺ പദ്ധതിയിലൂടെ അതിനെല്ലാം മാറ്റം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ എല്ലായിടത്തും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ സർക്കാർ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബർ ശൃംഖലയാണ് കെ ഫോൺ. കേബിൾ ഇടുന്നത് സർക്കാരും ഇന്റർനെറ്റ് എത്തിക്കുന്നത് നിലവിലെ സേവനദാതാക്കളുമായിരിക്കും. സേവനദാതാക്കൾക്കു നിശ്ചിത വാടക നൽകി ശൃംഖല ഉപയോഗിക്കാം. തുടക്കത്തിൽ സർക്കാർ ഓഫിസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ശൃംഖലയെത്തുക. 30,000 ഓഫിസുകളിലും വീടുകളിലും അതിവേഗ ഇന്റർനെറ്റ് എത്താക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനുപുറമേ 20 ലക്ഷം ബിപിഎൽ കുടുംബങ്ങളിൽ സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. കേരളത്തിൽ ആകെ 34,859 കിലോമീറ്റർ കേബിളാണ് വലിക്കേണ്ടത്. ഇതിൽ 7,751 കിലോമീറ്റർ പൂർത്തിയായി. തിരുവനന്തപുരം മുതൽ പാലക്കാടുവരെയുള്ള ജില്ലകളിലെ 1000 ഓഫിസുകളെയാണ് ആദ്യഘട്ടത്തിൽ ബന്ധിപ്പിക്കുന്നത്. കെഎസ്ഇബിയുടെ നിലവിലുള്ള ട്രാൻസ്മിഷൻ സംവിധാനത്തിലൂടെയാണ് കെ ഫോണിന്റെ കേബിളും കൊണ്ടുപോകുന്നത്. കോർ ലൈനുകൾ ട്രാൻസ്മിഷൻ ടവറിലൂടെയും മറ്റു ലൈനുകൾ ഇലക്ട്രിക്ക് പോസ്റ്റുകളിലൂടെയുമായിരിക്കും.

ഓരോ ജില്ലയിലെയും ഒരു കെഎസ്ഇബി സബ് സ്റ്റേഷൻ പ്രധാന ശൃംഖലയുമായി ബന്ധിപ്പിക്കും. തടസമുണ്ടാകാത്ത രീതിയിലാണ് ശൃംഖലയുടെ രൂപകൽപ്പന. 800 ജിബിപിഎസ് വേഗത്തിലാണ് കോർ ലെയറിലെ ഡേറ്റാ കൈമാറ്റം.

കൊച്ചി ഇൻഫോപാർക്കിലുള്ള ഓപ്പറേറ്റിങ് സെന്ററിനാണ് സാങ്കേതിക ഏകോപന ചുമതല. അടിന്തര സാഹചര്യമുണ്ടായാൽ പട്ടത്തെ ഡിസാസ്റ്റർ റിക്കവറി സെന്റർ ഉപയോഗിക്കും. ഇന്റർനെറ്റ് സേവനദാതാക്കൾ നൽകുന്ന വാടകയിൽനിന്ന് പാവപ്പെട്ടവർക്കു സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള ചെലവ് കണ്ടെത്താനാണ് തീരുമാനം. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ശൃംഖല പൂർണതോതിലാകുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP