Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുവജനക്ഷേമ ബോർഡിൽ 37 പേരെ സ്ഥിരപ്പെടുത്തും; കോപ്പറേറ്റീവ് അക്കാദമിയിൽ 14 ജീവനക്കാരെയും കെടിഡിസിയിൽ 100 കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തും; പിഎസ്‌സി.ക്ക് വിടാത്ത തസ്തികകളിൽ മാത്രം സ്ഥിരപ്പെടുത്തൽ ബാധകം; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

യുവജനക്ഷേമ ബോർഡിൽ 37 പേരെ സ്ഥിരപ്പെടുത്തും; കോപ്പറേറ്റീവ് അക്കാദമിയിൽ 14 ജീവനക്കാരെയും കെടിഡിസിയിൽ 100 കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തും; പിഎസ്‌സി.ക്ക് വിടാത്ത തസ്തികകളിൽ മാത്രം സ്ഥിരപ്പെടുത്തൽ ബാധകം; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമനവിവാദങ്ങൾ കണക്കിലെടുക്കാതെ വീണ്ടും സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ ഉത്തരവ്. സംസ്ഥാന യുവജനക്ഷേമ ബോർഡിൽ പി.എസ്.സി.ക്ക് വിടാത്ത തസ്തികകളിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിൽ 10 വർഷത്തിലധികമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 14 ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു. കേരള ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷനിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 100 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.പി.എസ്.സി.ക്ക് വിടാത്ത തസ്തികകളിൽ മാത്രമേ സ്ഥിരപ്പെടുത്തൽ ബാധകമാകൂ.

നെടുങ്കണ്ടം കസ്റ്റഡി മരണം : അന്വേഷണ കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചു

ഇടുക്കി ജില്ലയിലെ കോലാഹലമേട്ടിൽ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാർശകളുമടങ്ങിയ റിപ്പോർട്ട് പൊതുവായി അംഗീകരിക്കാൻ തീരുമാനിച്ചു.

കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ ഭരണഘടനയുടെ അനുഛേദം 311 (2) പ്രകാരം പിരിച്ചുവിടാനുള്ള ശുപാർശയും ഇതിൽ ഉൾപ്പെടും.

പ്രൊബേഷൻ നയം അംഗീകരിച്ചു

സംസ്ഥാനത്ത് പ്രൊബേഷൻ അഥവാ നല്ലനടപ്പ് സംവിധാനത്തിന്റെ ഭാഗമായി നയം രൂപീകരിക്കാൻ തീരുമാനിച്ചു. സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ കരട് പ്രൊബേഷൻ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഗുരുതരമല്ലാത്ത കുറ്റങ്ങൾ ചെയ്തവരെയും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരെയും സമൂഹത്തിന് ഉതകുന്നവരാക്കി മാറ്റുന്ന സാമൂഹിക ചികിത്സാസമ്പ്രദായമാണ് നല്ലനടപ്പ് അല്ലെങ്കിൽ പ്രൊബേഷൻ. ഈ ലക്ഷ്യം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ് നയത്തിലുള്ളത്.

സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച കുന്നംകുളം, പയ്യന്നൂർ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും.

കേരളത്തിലെ വിവിധ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനരീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

കള്ള് വ്യവസായ വികസന ബോർഡ് രൂപീകരിക്കും

കേരള കള്ള് വ്യവസായ വികസന ബോർഡ് രൂപീകരിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. കള്ള് വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവരുടെ ക്ഷേമത്തിനുവേണ്ടിയാണ് ബോർഡ് രൂപീകരിക്കുന്നത്. സംസ്ഥാനത്ത് പരമ്പരാഗത കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യവും നിർദിഷ്ട നിയമത്തിലുണ്ട്.

കേരള ഷോപ്സ് ആൻഡ് കമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ ഓർഡിനൻസായി പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

പത്ത് എയ്ഡഡ് സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കുന്നു

പുലിയന്നൂർ സെന്റ് തോമസ് യു.പി. സ്‌കൂൾ, ആർ.വി.എൽ.പി.എസ്. (കുരുവിലശ്ശേരി), എ.എൽ.പി.എസ്. (മുളവുകാട്), എം.ജി.യു.പി.എസ്. (പെരുമ്പിള്ളി മുളന്തുരുത്തി), എൽ.പി.എസ്. (കഞ്ഞിപ്പാടം), എൻ.എൻ.എസ്.യു.പി.എസ് (ആലക്കാട്), എസ്.എം.എൽ.പി.എസ്. (ചുലിശ്ശേരി), ടി.ഐ.യു.പി.എസ്. (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയർ സെക്കണ്ടറി സ്‌കൂൾ (നടുവത്തൂർ), സർവജന ഹയർസെക്കണ്ടറി സ്‌കൂൾ (പുതുക്കോട്, പാലക്കാട്) എന്നീ 10 എയ്ഡഡ് സ്‌കൂളുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചു.

2019-ൽ കൊറിയയിൽ നടന്ന അന്താരാഷ്ട്ര ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മിസ്റ്റർ യൂണിവേഴ്സ് പട്ടം കരസ്ഥമാക്കിയ ചിത്തരേഷ് നടേശനും ലോക പുരുഷ ശരീരസൗന്ദര്യ മത്സരങ്ങളിൽ വെള്ളി മെഡൽ നേടിയ ഷിനു ചൊവ്വക്കും അവരുടെ നേട്ടങ്ങളും കുടുംബപശ്ചാത്തലവും കണക്കിലെടുത്ത് യോഗ്യതയ്ക്കനുസരിച്ച് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചു.

ശമ്പള പരിഷ്‌ക്കരണം

ട്രാൻസ്ഫോർമേഴ്സ് & ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിലെ (ടെൽക്ക്) ഓഫീസർമാരുടെ ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർക്ക് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.

കേരള സ്റ്റേറ്റ് പവർ & ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കാരിക്കാൻ തീരുമാനിച്ചു.

കേരള ഇലക്ട്രിക്കൽ ആൻഡ് ആലൈഡ് എഞ്ചിനീയറിങ് ലിമിറ്റഡിലെ മാനേജർ, സൂപ്പർവൈസറി സ്റ്റാഫ് എന്നീ തസ്തികകളിലുള്ള ജീവനക്കാർക്ക് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചു.

തസ്തികകൾ സൃഷ്ടിക്കുന്നു

വയനാട് മെഡിക്കൽകോളേജിന്റെ പ്രവർത്തനം തുടങ്ങുന്നതിന് 115 അദ്ധ്യാപക തസ്തികകൾ ഉൾപ്പെടെ 140 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 16 യു.ഡി.സി., 17 എൽ.ഡി.സി. ഉൾപ്പടെ 55 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
മലബാർ ദേവസ്വം ബോർഡിൽ 6 എൻട്രി കേഡർ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിൽ 23 തസ്തികകൾ അസിസ്റ്റന്റിന്റേതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP