Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനിൽ അക്കര ഫ്‌ളാറ്റ് നഷ്ടപ്പെടുത്തിയെന്ന് പ്രചരിപ്പിച്ചു സിപിഎം; പരിഹാരം വാഗ്ദാനം ചെയ്ത് അനിൽ അക്കര എംഎൽഎ വീണ്ടും കാത്തിരുന്നു; ഫ്‌ളാറ്റ് അനുവദിച്ച രേഖയുമായി ആരും എത്തിയില്ല; സൈബർ സഖാക്കളുടെ നീതു മോൾ സൃഷ്ടിക്ക് ശേഷം വീണ്ടും നുണപ്രചരണം പൊളിയുമ്പോൾ

അനിൽ അക്കര ഫ്‌ളാറ്റ് നഷ്ടപ്പെടുത്തിയെന്ന് പ്രചരിപ്പിച്ചു സിപിഎം; പരിഹാരം വാഗ്ദാനം ചെയ്ത് അനിൽ അക്കര എംഎൽഎ വീണ്ടും കാത്തിരുന്നു; ഫ്‌ളാറ്റ് അനുവദിച്ച രേഖയുമായി ആരും എത്തിയില്ല; സൈബർ സഖാക്കളുടെ നീതു മോൾ സൃഷ്ടിക്ക് ശേഷം വീണ്ടും നുണപ്രചരണം പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് വിവാദത്തിൽ കൊണ്ടും കൊടുത്തു മുന്നേറുകയാണ് അനിൽ അക്കര എംഎൽഎയും സിപിഎമ്മും. അഴിമതി തുറന്നു കാണിച്ച അനിൽ അക്കരക്കെതിരെ പലവിധത്തിലുള്ള പ്രചരണങ്ങളാണ് സിപിഎം നടത്തിയത്. എന്നാൽ, അതൊക്കെ പൊളിഞ്ഞു വീണു. നീതുമോൾ എന്ന സാങ്കൽപ്പിക കഥാപാത്രത്തെ സൃഷ്ടിച്ചു അനിൽ അക്കര വീടുമുടക്കി എന്നു പ്രചരിപ്പിച്ചപ്പോൾ അതിനെ അനിൽ തന്നെ പൊളിച്ചടുക്കി. ഇപ്പോഴിതാ മറ്റൊരു സൈബർ പ്രചരണവും പൊളിഞ്ഞടുങ്ങിയിരിക്കുന്നു.

താൻ കാരണം ഫ്‌ളാറ്റ് നഷ്ടപ്പെട്ടുവെന്ന് ആരോപിക്കുന്നവർക്കു പരിഹാരം വാഗ്ദാനം ചെയ്ത് അനിൽ അക്കര എംഎൽഎ വീണ്ടും കാത്തിരുന്നെങ്കിലും ഫ്‌ളാറ്റ് അനുവദിച്ച രേഖയുമായി ആരും എത്തിയില്ല. 140 പേർക്കു സർക്കാർ ഫ്‌ളാറ്റ് നൽകാനുള്ള സർക്കാരിന്റെ നടപടി, അനാവശ്യ വിവാദം ഉണ്ടാക്കി അനിൽ അക്കര എംഎൽഎ പൊളിച്ചുവെന്ന പ്രചാരണം പലതരത്തിലാണു സിപിഎം കൊഴുപ്പിച്ചത്. മാസങ്ങൾക്കു മുൻപ് നീതു ജോൺസൺ എന്ന കോളജ് വിദ്യാർത്ഥിനിയുടെ പേരിൽ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ച ആവലാതി കത്തായിരുന്നു ആദ്യ ആയുധം.

തനിക്കും അമ്മയ്ക്കും കിട്ടിയ ഫ്‌ളാറ്റ് നഷ്ടപ്പെടുത്തരുതെന്ന കണ്ണീരിൽ കുതിർന്ന അപേക്ഷയായിരുന്നു നീതുവിന്റെ ഫേസ്‌ബുക് കുറിപ്പ്. നീതു നേരിട്ടു വന്നാൽ താൻ വീടു നൽകാമെന്ന വാഗ്ദാനവുമായി മുൻകൂട്ടി വൻ പ്രചാരണം നൽകിയ ശേഷം അനിൽ അക്കര വടക്കാഞ്ചേരിയിൽ 4 മണിക്കൂറോളം റോഡു വക്കിൽ കാത്തുനിന്നു. നീതു പക്ഷേ എത്തിയില്ല. നീതു വ്യാജ അവതാരമാണെന്ന കോൺഗ്രസിന്റെ ആരോപണത്തിന് അതോടെ ബലമായി. കത്തിന്റെ പേരിലുള്ള പ്രചാരണം സിപിഎം അവസാനിപ്പിക്കുകയും ചെയ്തു.

അനിൽ വിവാദമുണ്ടാക്കിയതിനാൽ ഫ്‌ളാറ്റ് അനുവദിച്ചു കിട്ടിയ 140 കുടുംബങ്ങൾക്കും അതു നഷ്ടപ്പെട്ടുവെന്നായിരുന്നു അടുത്ത പ്രചാരണം. ആർക്കും ഫ്‌ളാറ്റ് അനുവദിച്ചിട്ടില്ലെന്നും നൽകിയ രേഖയുമായി എത്തിയാൽ അവർക്കു വീടുവച്ചു നൽകാമെന്നും അനിൽ പ്രഖ്യാപിച്ചു. അവരെ കാത്ത് വടക്കാഞ്ചേരിയിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർക്കൊപ്പം 2 മണിക്കൂർ അനിൽ കാത്തിരിക്കുകയും ചെയ്തു. ഇത്തവണയും ആരും എത്തിയില്ല.

അദാലത്തിൽ എത്തിയ ഇരുപത്തിയഞ്ചു പേർക്കും ഫ്‌ളാറ്റിൽ ഇടമില്ല. അതേസമയം, ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണം എംഎ‍ൽഎ മുടക്കിയെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ധർണ നടത്തിയപ്പോഴായിരുന്നു അനിലിന്റെ മറുപടി. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പണിയുന്ന 140 ഫ്‌ളാറ്റുകളിൽ മണ്ഡലത്തിലെ ആർക്കും വീട് കിട്ടിയില്ലെന്ന് അനിൽ അക്കര എംഎ‍ൽഎ പറഞ്ഞു. ഇങ്ങനെ, ഫ്‌ളാറ്റ് കിട്ടിയ രേഖകളുമായി ഒരാളും ജനകീയ അദാലത്തിന് എത്തിയില്ല. എംഎ‍ൽഎ നടത്തിയ ജനകീയ അദാലത്തിൽ എത്തിയതാകട്ടെ ഇരുപത്തിയഞ്ചു പേരായിരുന്നു. വീടില്ലാത്ത പത്തു പേർക്ക് ആറു മാസത്തിനകം വീടു നിർമ്മിച്ചു നൽകുമെന്ന് എംഎ‍ൽഎ. പറഞ്ഞു. മണ്ഡലത്തിലാകെ വീടില്ലാത്ത 250 കുടുംബങ്ങളുണ്ട്.

'വീട് മുടക്കി എംഎൽഎ-യ്ക്ക് മാപ്പില്ല' എന്ന മുദ്രാവാക്യവുമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ ധർണ നടത്തി. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു.എ.ഇ. കോൺസുലേറ്റ് നൽകിയ ഇരുപതു കോടി രൂപ കൊണ്ട് വടക്കാഞ്ചേരിയിൽ 140 കുടുംബങ്ങൾക്ക് ഫ്‌ളാറ്റും ആശുപത്രിയും പണിതു തുടങ്ങിയിരുന്നു. സ്വർണക്കള്ളകടത്തു കേസിൽ സ്വപ്ന സുരേഷ് പിടിക്കപ്പെട്ടതോടെ ഫ്‌ളാറ്റ് നിർമ്മാണത്തിന് കോടികൾ കൈക്കൂലി കൈപ്പറ്റിയതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഫ്‌ളാറ്റിനെ ചൊല്ലി സിപിഎമ്മും കോൺഗ്രസും പരസ്പരം കൊമ്പുകോർക്കൽ തുടരുന്ന സാഹചര്യത്തിലായിരുന്നു അദാലത്തും ധർണയും.

ലൈഫ് മിഷൻ ഇതുവരെ ഫ്‌ളാറ്റ് ഉപഭോക്താക്കളെ നിശ്ചയിച്ചിട്ടില്ല, പട്ടികയും തയാറാക്കിയിട്ടില്ല. ആർക്കും സർക്കാർ ഫ്‌ളാറ്റ് അനുവദിച്ചില്ലെന്ന അനിലിന്റെ വാദത്തിനു ഇതോടെ ശക്തി കൂടി. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫ്‌ളാറ്റ് ഇനി എങ്ങനെ അവതരിക്കുമെന്നു കാത്തിരിക്കുകയാണ് മുന്നണികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP