Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 134 റൺസിന് പുറത്ത്; ഇന്ത്യയ്ക്ക് 195 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; സന്ദർശകരെ തകർത്തത് 43 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ആർ അശ്വിൻ; രണ്ട് വിക്കറ്റ് നേട്ടത്തോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി അക്ഷർ പട്ടേൽ; ഇന്ത്യൻ മണ്ണിൽ ഒന്നാം പന്തിൽ വിക്കറ്റെടുത്ത് മുഹമ്മദ് സിറാജ്

ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 134 റൺസിന് പുറത്ത്; ഇന്ത്യയ്ക്ക് 195 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; സന്ദർശകരെ തകർത്തത് 43 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ആർ അശ്വിൻ; രണ്ട് വിക്കറ്റ് നേട്ടത്തോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി അക്ഷർ പട്ടേൽ; ഇന്ത്യൻ മണ്ണിൽ ഒന്നാം പന്തിൽ വിക്കറ്റെടുത്ത് മുഹമ്മദ് സിറാജ്

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 134 റൺസിന് പുറത്ത്. ഇന്ത്യ 195 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. 43 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ആർ അശ്വിനാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തത്. ഇഷാന്ത് ശർമയും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതം നേടി.

അക്കൗണ്ട് തുറക്കുംമുൻപ് ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ റോറി ബേൺസിനെ പുറത്താക്കി ഇഷാന്ത് ശർമ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. പൂജ്യനായി മടങ്ങിയ ബേൺസിനെ ഇഷാന്ത് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ഡോം സിബ്ലിയെ പുറത്താക്കി അശ്വിനാണ് ഇന്ത്യക്ക് വേണ്ടി രണ്ടാം വിക്കറ്റ് വീഴ്‌ത്തിയത്. 16 റൺസെടുത്ത സിബ്ലി മടങ്ങുമ്പോൾ രണ്ട് വിക്കറ്റിന് 16 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രതീക്ഷയായിരുന്ന നായകൻ ജോ റൂട്ടിനെ പുറത്താക്കി അക്ഷർ പട്ടേൽ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം വിക്കറ്റ് വീഴ്‌ത്തി. ചെന്നൈ ടെസ്റ്റിൽ രാജ്യാന്തര കരിയറിന് തുടക്കമിട്ട അക്ഷറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റാണിത്. സ്‌കോർ 23-ൽ നിൽക്കെ വെറും ആറുറൺസെടുത്ത റൂട്ടിനെ അക്ഷർ അശ്വിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 23-ന് മൂന്ന് എന്ന നിലയിലായി.

ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് 18-ാം ഓവറിലെ അവസാന പന്തിൽ ഡാൻ ലോറൻസിനെ പുറത്താക്കി അശ്വിൻ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് വീഴ്‌ത്തി. 52 പന്തുകളിൽ നിന്നും 9 റൺസെടുത്ത ലോറൻസിനെ അശ്വിൻ ശുഭ്മാൻ ഗില്ലിന്റെ കൈയിലെത്തിച്ചു.

ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ കുറ്റി തെറിപ്പിച്ച അശ്വിൻ ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് വീഴ്‌ത്തി. ഇംഗ്ലണ്ടിന്റെ സ്‌കോർ 52-ൽ നിൽക്കെ 18 റൺസെടുത്ത സ്റ്റോക്സ് ബൗൾഡാകുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ട് ബാറ്റിങ് നിര തകർന്നു.

ഒലി പോപ്പിനെ സിറാജ് പുറത്താക്കി. ആദ്യ പന്തിൽ 22 റൺസെടുത്ത പോപ്പിനെ സിറാജ് ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. അസാമാന്യമായ ക്യാച്ചിലൂടെയാണ് ഋഷഭ് പന്ത് പോപ്പിനെ പുറത്താക്കിയത്. സിറാജിന്റെ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്‌ത്തി താരം ചരിത്രം കുറിച്ചു.

ഇംഗ്ലണ്ടിന്റെ ഒടുവിലത്തെ പ്രതീക്ഷയായിരുന്ന ഓൾറൗണ്ടർ മോയിൻ അലിയെ അക്ഷർ പട്ടേൽ പുറത്താക്കി. ആറുറൺസെടുത്ത അലിയുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ഋഷഭിന്റെ കാലിൽ തട്ടിപ്പൊങ്ങി. ഇത് കണ്ട രഹാനെ ഒരു മികച്ച ഡൈവിലൂടെ പന്ത് കൈയിലൊതുക്കി. അലി പുറത്താകുമ്പോൾ 105 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലായി ഇംഗ്ലണ്ട്.

ഒരു റൺസ് എടുത്ത ഒലി സ്റ്റോണിന്റെ വിക്കറ്റ് വീഴ്‌ത്തിയ അശ്വിൻ ഇംഗ്ലണ്ടിന് ഫോളോഓൺ ഭീഷണി ഉയർത്തിയിരുന്നു. എന്നാൽ ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് ബെൻ ഫോക്ക്‌സ് 25 റൺസ് കൂട്ടിച്ചേർത്തതോടെയാണ് സന്ദർശകർ ഫോണോ ഓൺ ഭീഷണി മറികടന്നത്. അഞ്ച് റൺസ് എടുത്ത ജാക്ക് ലീച്ചിനെ ഇഷാന്ത് ശർമ പുറത്താക്കി. സ്റ്റുവർട്ട് ബ്രോഡിനെ പൂജ്യത്തിന് പുറത്താക്കിയ അശ്വിനാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിന് വിരാമമിട്ടത്. ബെൻ 42 റൺസുമായി പുറത്താകാതെ നിന്നു.



ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 329 റൺസിന് പുറത്തായിയിരുന്നു. 300 റൺസിന് ആറ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ശേഷിച്ച നാലുവിക്കറ്റുകൾ 29 റൺസിനിടെ നഷ്ടപ്പെട്ടു. അർധസെഞ്ചുറിയുമായി പുറത്താവാതെ നിന്ന ഋഷഭ് പന്ത് മാത്രമാണ് രണ്ടാം ദിനം പിടിച്ചുനിന്നത്. 77 പന്തുകളിൽ നിന്നും 58 റൺസാണ് പന്ത് നേടിയത്. താരത്തിന്റെ ആറാം ടെസ്റ്റ് അർധസെഞ്ചുറിയാണിത്.

മറ്റ് താരങ്ങൾക്ക് പന്തിന് വേണ്ടി പിന്തുണ നൽകാനായില്ല.മത്സരമാരംഭിച്ച് രണ്ടാം ഓവറിൽ തന്നെ രണ്ട് വിക്കറ്റുകളും വീണു.അഞ്ചുറൺസെടുത്ത അക്ഷർ പട്ടേലിനെയാണ് ആദ്യം നഷ്ടമായത്. മോയിൻ അലിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്‌സ് സ്റ്റംപ് ചെയ്താണ് താരം പുറത്തായത്. അക്ഷറിന് പകരം ഇഷാന്ത് ശർമ ക്രീസിലെത്തി. ഒരു പന്ത് പ്രതിരോധിച്ച താരം തൊട്ടടുത്ത പന്തിൽ മോയിൻ അലിക്ക് വിക്കററ് സമ്മാനിച്ചു. ഇതോടെ 300 ന് ആറ് എന്ന നിലയിൽ നിന്നും 300 ന് എട്ട് വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ.

പിന്നീട് വന്ന കുൽദീപിനെ കൂട്ടുപിടിച്ച് പന്ത് സ്‌കോർ 325-ൽ എത്തിച്ചു. എന്നാൽ ഒലി സ്റ്റോണിന്റെ പന്തിൽ കുൽദീപ് പുറത്തായി. പിന്നീട് ക്രീസിലെത്തിയ മുഹമ്മദ് സിറാജ് ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി സ്‌കോർ 329-ൽ എത്തിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ ഒലി സ്റ്റോണിന് തന്നെ വിക്കറ്റ് സമ്മാനിച്ചു. ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിന് വിരാമമായി.

ഇംഗ്ലണ്ടിനായി മോയിൻ അലി നാലുവിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ സ്റ്റോൺ മൂന്നു വിക്കറ്റെടുത്തു. ജാക്ക് ലീച്ച് രണ്ടുവിക്കറ്റെടുത്തപ്പോൾ ശേഷിച്ച വിക്കറ്റ് ജോ റൂട്ട് സ്വന്തമാക്കി.

രണ്ടു മുൻനിര ബാറ്റ്സ്മാന്മാർ പൂജ്യത്തിന് പുറത്തായ പിച്ചിൽ രോഹിതിന്റെ വീരോചിത സെഞ്ചുറിയോടെ (161) ഇന്ത്യ ആദ്യദിനം ആറിന് 300 റൺസിലെത്തി. അജിൻക്യ രഹാനെ (67) രോഹിതിന് കൂട്ടായി. ക്യാപ്റ്റൻ വിരാട് കോലി (0), ഓപ്പണർ ശുഭ്മാൻ ഗിൽ (0) എന്നിവർ പൂജ്യത്തിന് മടങ്ങി. രോഹിത്, രഹാനെ, ചേതേശ്വർ പുജാര (21), ആർ. അശ്വിൻ(13) എന്നിവരും മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP