Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ എം മാണിയുടെയും കേരള കോൺ​ഗ്രസിന്റെയും കോട്ട തകർത്ത് സഖാക്കളുടെ ഹീറോയായി; ജയിച്ചവർ തോറ്റവർക്ക് സീറ്റ് വിട്ടുനൽകണമെന്ന ഇടത് ന്യായം മനസ്സിലാകാതെ പടിയിറക്കവും; പാർട്ടി രൂപീകരിക്കും മുമ്പ് മുന്നണി പ്രവേശവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാർത്ഥിത്വവും; കേരള രാഷ്ട്രീയത്തിലെ അത്ഭുതമായി മാണി സി കാപ്പൻ മാറുന്നതിങ്ങനെ

കെ എം മാണിയുടെയും കേരള കോൺ​ഗ്രസിന്റെയും കോട്ട തകർത്ത് സഖാക്കളുടെ ഹീറോയായി; ജയിച്ചവർ തോറ്റവർക്ക് സീറ്റ് വിട്ടുനൽകണമെന്ന ഇടത് ന്യായം മനസ്സിലാകാതെ പടിയിറക്കവും; പാർട്ടി രൂപീകരിക്കും മുമ്പ് മുന്നണി പ്രവേശവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാർത്ഥിത്വവും; കേരള രാഷ്ട്രീയത്തിലെ അത്ഭുതമായി മാണി സി കാപ്പൻ മാറുന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള രാഷ്ട്രീയത്തിൽ മാണി സി കാപ്പൻ ഒരു അത്ഭുതമായിരുന്നു. കെ എം മാണി എന്ന കേരള രാഷ്ട്രീയത്തിലെ അതികായനെ അര പതിറ്റാണ്ടുകാലം കണ്മണിപോൽ കാത്തുസൂക്ഷിച്ച പാല നിയോജക മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ വെന്നിക്കൊടി പാറിച്ചാണ് കാപ്പൻ താരമായത്. പാല മണ്ഡലം രൂപീകരിച്ചത് മുതൽ അത് മാണിയുടെയും കേരള കോൺ​ഗ്രസിന്റെയും തട്ടകമായിരുന്നു. കാപ്പനെ ഇടതുപക്ഷക്കാർ, പ്രത്യേകിച്ച് സിപിഎമ്മുകാർ താരപരിവേഷത്തോടെയാണ് കണ്ടിരുന്നതും. ഇപ്പോഴിതാ, ജയിച്ചവർ, തോറ്റവർക്ക് സീറ്റ് കൈമാറണം എന്ന സിപിഎമ്മിന്റെ ആവശ്യം അനാവശ്യം എന്ന് പറഞ്ഞ് ഇടതു മുന്നണിയുടെയും എൻസിപിയുടെയും പടിയിറങ്ങിയ കാപ്പൻ മറ്റ് രണ്ട് അത്ഭുതങ്ങൽ കൂടി സൃഷ്ടിച്ചു. പാർട്ടി രൂപീകരിക്കും മുമ്പ് തന്നെ യുഡിഎഫ് ഘടകകക്ഷിയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ പാലായിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമാണ് ഇന്ന് നടന്നത്. ഇവ രണ്ടും പറയാതെ പറയുന്ന വേദിയായി മാറുകയായിരുന്നു പാലായിലെ ഐശ്വര്യകേരള യാത്രയുടെ സ്വീകരണ ചടങ്ങ്.

രമേശ് ചെന്നിത്തലയുടെ യാത്ര പാലായിൽ എത്തിയപ്പോൾ കാപ്പനെ സ്വീകരിക്കാൻ യുഡിഎഫിന്റെ എല്ലാ പ്രധാന നേതാക്കളും എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, പി.ജെ ജോസഫ് തുടങ്ങി എല്ലാ നേതാക്കളും കാപ്പനെ കൈ നീട്ടി സ്വീകരിച്ചു. തലയെടുപ്പുള്ള കൊമ്പനാനയെ പോലെയാണ് പാലായിലെ ജനങ്ങളുമായി മാണി സി കാപ്പൻ യുഡിഎഫ് വേദിയിലെത്തിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. കാപ്പന്റെ വരവ് യുഡിഎഫിന്റെ വിജയത്തിനുള്ള നാന്ദിയാണ് . യുഡിഎഫിന്റെ വിജയ ജാഥയാണ് ഇനി വരാനിരിക്കുന്നതെന്നും ഇടതുമുന്നണി തോറ്റവർക്ക് സീറ്റ് എടുത്ത് നൽകിയെന്ന കാപ്പന്റെ ന്യായം പാലാക്കാർക്ക് മനസിലാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണി സി കാപ്പനെ തിരുനക്കര കൊച്ചുകൊമ്പൻ എന്നാണ് പി.ജെ ജോസഫ് വിശേഷിപ്പിച്ചത്. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഫലത്തിൽ ഇന്നത്തെ യോഗം കാപ്പന്റെ പാർട്ടിയുടെ യുഡിഎഫ് പ്രവേശവും പാലായിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും കൂടിയായിരുന്നു. ഇതോടെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥിയായി കാപ്പൻ പ്രഖ്യാപിക്കപ്പെട്ടു.

എൽജെഡിയും കേരള കോൺഗ്രസ് ജോസ് വിഭാഗവും വിട്ടുപോയ യുഡിഎഫിൽ ഇനി കാപ്പന്റെ പാർട്ടി പുതിയ ഘടകകക്ഷിയാകും. കാപ്പൻ യുഡിഎഫിലെത്തുമ്പോൾ അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യത്തിലേക്കുള്ള മടക്കുംകൂടിയായി. അച്ഛൻ ചെറിയാൻ ജെ. കാപ്പൻ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായിരുന്നു. അനുയായികളോടൊപ്പം ജാഥയായാണ്​ ഐശ്വര്യ കേരള യാത്രയുടെ വേദിയിലേക്ക്​ മാണി സി.കാപ്പൻ എത്തിയത്​. തന്നെ ഇത്രയും കാലം പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും നന്ദി പറയുന്നതായി മാണി സി.കാപ്പൻ പറഞ്ഞു. 16 മാസം കൊണ്ട്​ 462 കോടിയുടെ വികസനമാണ്​ പാലയിലുണ്ടായത്​.പാലയുടെ വികസന പ്രവർത്തനങ്ങൾക്ക്​ തടസം സൃഷ്​ടിക്കുന്നത്​ ജോസ്​ കെ.മാണിയും സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവനുമാണെന്നും മാണി സി.കാപ്പൻ ആരോപിച്ചു.

തന്റെ പാർട്ടിയായ എൻസിപി പിളർത്തിയാണ് കാപ്പൻ യുഡിഎഫിൽ എത്തുന്നത്. രണ്ട് എംഎൽഎമാരിൽ ഒരാളായതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധമാകില്ല എന്നതും പാർട്ടിയെ പിളർത്താൻ കാപ്പന് തുണയായി. നാളെയാണ് എൻസിപി കേരള എന്ന കാപ്പന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം. ജോസ് കെ മാണിക്ക് പാല സീറ്റ് വിട്ടുകൊടുക്കാനുള്ള എൽഡിഎഫ് തീരുമാനമാണ് കാപ്പനെ യുഡിഎഫ് പാളയത്തിലേക്ക് എത്തിച്ചത്. എൻസിപി എൽഡിഎഫിൽ തുടരും അതിനാൽ തന്നെ കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചാകും യുഡിഎഫിനൊപ്പം ചേരുക. പവാറിനോടുള്ള വിധേയത്വം കാപ്പൻ തുടരും. യുഡിഎഫിൽ നിന്ന് മൂന്നോ രണ്ടോ സീറ്റ് മത്സരിക്കാൻ കാപ്പൻ നേടിയെടുക്കും. ഇടതുപക്ഷത്ത് നിന്ന് മൂന്ന് സീറ്റും കിട്ടും. അതായത് രണ്ട് മുന്നണിയിലായി എൻസിപിയുടെ അഞ്ചിൽ അധികം പേർ ഇത്തവണ മത്സരിക്കാനുണ്ടാകും. ഇതിൽ എത്രപേർ ജയിക്കുമെന്നതാണ് ഇനി നിർണ്ണായകം. കേരളാ കോൺഗ്രസുകൾ പിളർക്കുമ്പോൾ പിളരും തോറും വളരുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ് എന്ന വിഖ്യാത തത്വം ചർച്ചയാക്കിയത് കെ എം മാണിയാണ്. കെ എം മാണിയുടെ മരണത്തിന് ശേഷം പാല പിടിച്ച മാണി സി കാപ്പനും പിളർപ്പിലൂടെ എൻസിപിയെ വളർത്താനുള്ള യാത്രയിലാണ്.

കാപ്പന്റെ ഈ മോഹത്തിനൊപ്പം ശരത് പവാർ ഇല്ലെന്നതിന് പിന്നിൽ ദേശീയ രാഷ്ട്രീയത്തിലെ കാണാചരടുകളാണ്. തൃണമൂൽ നേതാവ് മമതാ ബാനർജി അടക്കം പലർക്കും മൂന്നാം മുന്നണിയുടെ നേതൃസ്ഥാനം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇവരോട് സിപിഎം അടക്കമുള്ള എൻസിപിക്ക് താൽപ്പര്യമില്ല. ഡിഎംകെയും അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മുന്നണിയായി മാറും. എന്നാൽ ദേശീയ നേതാവായി മാറാൻ കരുത്തുള്ളവർ അവിടേയും ഇല്ല. കോൺഗ്രസിന് പുറത്ത് സർവ്വ സമ്മത നേതാവാണ് പവാർ. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദം പോലും പവാർ സ്വപ്‌നം കാണുന്നു. കർഷക സമരം ഇതിനുള്ള സാധ്യത ഒരുക്കുമെന്നും വിലയിരുത്തുന്നു. ഇതിന് ഇടതു പക്ഷത്തിന്റെ പിന്തുണ അനിവാര്യമാണ്. ഇതിന് വേണ്ടിയാണ് സിപിഎമ്മിനെ തൽകാലം പിണക്കേണ്ടതില്ലെന്ന നിലപാടിൽ ശരത് പവാർ എത്തിയത്.

കേരളത്തിലെ മുന്നണികാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രഫുൽ പട്ടേലിന് സമയം അനുവദിക്കുന്നതിൽ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയൻ താൽപ്പര്യം കാട്ടിയില്ല. പാലാ സീറ്റ് പിടിച്ചെടുക്കുമെന്നും പറഞ്ഞു. എന്നാൽ പോലും പിണറായിയെ പിണക്കിയാൽ ഭാവിയിൽ ഒരിക്കലും സിപിഎം പിന്തുണ കിട്ടില്ലെന്ന് ശരത് പവാർ കണക്കൂകൂട്ടി. ബംഗാളിലും ത്രിപുരയിലും സിപിഎം തകർന്നടിഞ്ഞു. കേരളത്തിൽ തുടർഭരണ സാധ്യതയുമുണ്ട്. അതിനാൽ പിണറായിയുടെ വാക്കുകൾക്കാകും ഇനി സിപിഎമ്മിൽ പ്രാധാന്യം കിട്ടുക. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തിൽ സിപിഎമ്മിനെ പിണക്കേണ്ടതില്ലെന്ന് പവാർ തീരുമാനിച്ചത്.

എല്ലാ സാഹചര്യവും വിലയിരുത്തിയാണ് കാപ്പനെ കൈവിടാൻ പവാർ നിലപാട് എടുത്തത്. ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കേരളത്തിൽ കരുതലോടെ നീങ്ങണമെന്ന് പ്രഫുൽ പട്ടേലും ആഗ്രഹിച്ചു. പിണറായിയുടെ അപമാനം നേതാവിന് വേണ്ടി മറക്കാൻ പട്ടേലും സമ്മതിച്ചു. ഇതോടെ കാപ്പനോട് യുഡിഎഫിലേക്ക് മാറിക്കൊള്ളാൻ നിർദ്ദേശവും എത്തി. അങ്ങനെ പവാറിന്റെ സമ്മതം വാങ്ങിയാണ് കാപ്പൻ മുന്നണി മാറുന്നതെന്നും സൂചനയുണ്ട്. ദേശീയ രാഷ്ട്രീയത്തിലെ സമവാക്യ സാധ്യതകൾ കാപ്പനും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ പവാറിനെ തള്ളി പറയാതെ കാപ്പനും മുന്നണി മാറി.

കേരളത്തിൽ കോൺഗ്രസിനെ തെരഞ്ഞെടുപ്പിന് സജ്ജമാക്കാൻ എത്തിയത് താരീഖ് അൻവറാണ്. പവാറിന്റെ പഴയ ശിഷ്യൻ. ഈ പഴയ എൻസിപിക്കാരനും പവാറിനെ പാർട്ടിയെ ഒന്നാകെ യുഡിഎഫിൽ എത്തിക്കാൻ കഴിഞ്ഞില്ല. മാണി സി. കാപ്പൻ യു.ഡി.എഫിലേക്ക് പോകുന്നത് നഷ്ടമാണെന്നും കാപ്പന്റെ ആവശ്യം ന്യായമാണെന്നും എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ പറയുന്നു. മാണി സി കാപ്പൻ പാർട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകളിലുള്ളത് കാപ്പനോടുള്ള പവാറിന്റെ താൽപ്പര്യമാണ്.

'പാലാ സീറ്റ് നഷ്ടപ്പെട്ടത് പാർട്ടിക്ക് ക്ഷീണം തന്നെയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പാല സീറ്റ് ഒരുപോലെ ആവശ്യപ്പെട്ടതാണ്. മാണി സി.കാപ്പൻ പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ്. രണ്ട് എംഎ‍ൽഎമാരുണ്ടായിരുന്നവരിൽ ഒരാളാണ്. അതിനാൽതന്നെ കാപ്പൻ പോയാൽ അതിന്റെ ക്ഷീണം പാർട്ടിക്കുണ്ടാകും.' കാപ്പനൊപ്പം പത്ത് ഭാരവാഹികൾ രാജിവെച്ചുവെന്നും കാപ്പൻ പോയാലും പാലായിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് കരുതുന്നതെന്നും പീതാംബരൻ മാസ്റ്റർ കൂട്ടിച്ചേർത്തു. അതേസമയം കാപ്പൻ പോയിട്ടും എൻസിപിയിൽ തർക്കം തുടരുകയാണ്.

കാപ്പനൊപ്പം ആളില്ലെന്നും വെറും മൂന്ന് ഭാരവാഹികൾ മാത്രമാണ് രാജിവെച്ചതെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. കാപ്പനെയും ഒപ്പമുള്ളവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ രാജിവെച്ചയാളെ എങ്ങനെ പുറത്താക്കുമെന്നാണ് പീതാംബരൻ മാസ്റ്റർ ഇതിനോട് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP