Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നൊബേൽ സമ്മാനമൊഴികെ മറ്റെല്ലാം മമതാ ബാനർജി ആ വഞ്ചകന് നൽകി; ലോക്സഭയിലേക്ക് തോറ്റപ്പോൾ രാജ്യസഭയിലേക്കയച്ചു; രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ടിഎംസി നേതാവ് മദൻ മിത്ര; ചില പ്രമുഖർ കൂടി പാർട്ടി വിട്ടു പോകാൻ സാധ്യതയുണ്ടെന്നും വിശദീകരണം

നൊബേൽ സമ്മാനമൊഴികെ മറ്റെല്ലാം മമതാ ബാനർജി ആ വഞ്ചകന് നൽകി; ലോക്സഭയിലേക്ക് തോറ്റപ്പോൾ രാജ്യസഭയിലേക്കയച്ചു; രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ടിഎംസി നേതാവ് മദൻ മിത്ര; ചില പ്രമുഖർ കൂടി പാർട്ടി വിട്ടു പോകാൻ സാധ്യതയുണ്ടെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദി വഞ്ചകനാണെന്ന് തൃണമുൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മദൻ മിത്ര. അംഗത്വം രാജി വെക്കുന്നതായി തികച്ചും അപ്രതീക്ഷിതമായാണ് ദിനേശ് ത്രിവേദി വെള്ളിയാഴ്ച രാജ്യസഭയിൽ പ്രഖ്യാപിച്ചത്. നൊബേൽ സമ്മാനമൊഴികെ മറ്റെല്ലാം മുഖ്യമന്ത്രി മമതാ ബാനർജി ദിനേശ് ത്രിവേദിക്ക് നൽകിയെന്നായിരുന്നു മദൻ മിത്രയുടെ പ്രതികരണം. പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ഭിന്നത കാരണമാണ് ദിനേശ് ത്രിവേദിയുടെ രാജിയെന്നാണ് സൂചന. അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ട്.

അതേസമയം, മറ്റു ചില പ്രമുഖർ കൂടി പാർട്ടി വിട്ടു പോകാൻ സാധ്യതയുണ്ടെന്നും എന്നാൽ തൃണമുലിനെ അതൊന്നും ബാധിക്കാനിടയില്ലെന്നും മദൻ മിത്ര പറയുന്നു. മുൻ റെയിൽവെ മന്ത്രിയായ ദിനേശ് ത്രിവേദി ലോക് സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മമത ബാനർജി അദ്ദേഹത്തെ രാജ്യസഭയിലേക്കയക്കുകയായിരുന്നുവെന്നും മദൻ മിത്ര സൂചിപ്പിച്ചു. പശ്ചിമബംഗാളിൽ അരങ്ങേറുന്ന അക്രമസംഭവങ്ങൾ തടയാൻ തനിക്കൊന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും രാജി വച്ചാൽ സ്വതന്ത്രമായി ജനങ്ങളെ സേവിക്കാൻ സാധിക്കുമെന്നും നാടകീയമായുള്ള രാജി പ്രഖ്യാപനത്തിനിടെ ദിനേശ് ത്രിവേദി പറഞ്ഞു. തന്നെ രാജ്യസഭയിലേക്കയച്ച പാർട്ടിയോടുള്ള നന്ദിയും ദിനേശ് ത്രിവേദി അറിയിച്ചു. മമതയുമായി കുറച്ചുനാളായി അകൽച്ചയിലുള്ള ത്രിവേദി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ദിനേശ് ത്രിവേദിയുടെ രാജി ബിജെപിയിലേക്കുള്ള കൂടുമാറ്റമാണെന്നാണ് പരക്കെയുള്ള വ്യാഖ്യാനം. ബിജെപി ത്രിവേദിയെ സ്വാഗതം ചെയ്യുന്നുവെന്നും തീർച്ചയായും സ്വീകരിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ പ്രസ്താവിച്ചു. ആത്മാർഥമായ സേവനമാണ് ത്രിവേദി ആഗ്രഹിക്കുന്നതെന്നും തൃണമുലിൽ നിന്നുകൊണ്ട് അദ്ദേഹത്തിന് അത് സാധിക്കില്ലെന്നും കൈലാഷ് വിജയ് വർഗീയ പറഞ്ഞു. ബംഗാളിന് വേണ്ടി എന്തും ചെയ്യുന്നതിൽ കുറ്റബോധമില്ലെന്ന് ബിജെപിയിലേക്കുള്ള പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ദിനേശ് ത്രിവേദി പ്രതികരിച്ചു. പാർട്ടിയുടെ നിയന്ത്രണം രാഷ്ട്രീയപ്രവർത്തനത്തിന്റെ പ്രാഥമിക പാഠങ്ങൾ പോലുമറിയാത്ത കോർപറേറ്റ് പ്രൊഫഷണലുകളുടെ കൈയിലായിരിക്കുമ്പോൾ മറ്റൊന്നും ചെയ്യാനാകില്ലെന്നും ത്രിവേദി പ്രസ്താവിച്ചിരുന്നു.

അതേസമയം, പശ്ചിമ ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് രാഷ്‌ട്രീയ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. അമിത്ഷായും മോദിയും നേരിട്ട് പ്രചരണം നയിക്കുമ്പോൾ അതിന് ഒറ്റയ്ക്ക് നേരിടുകയാണ് മമത ബാനർജി. അമിത്ഷാ മമതയുടെ കുടുംബത്തിനെതിരെ കഴിഞ്ഞ ദിവസം രം​ഗത്ത് രംഗത്തുവന്നിരുന്നു. മരുമകനും പാർലമെന്റംഗവുമായ അഭിഷേക് ബാനർജിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള രാഷ്ട്രീയ നീക്കത്തിലാണ് മമതയെന്ന് പറഞ്ഞാണ് അമിത്ഷാ രംഗത്തുവന്നത്. കൂച്ച് ബെഹാറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് മമതാ ബാനർജിയെ അമിത് ഷാ കടന്നാക്രമിച്ചത്. എന്നാൽ, പിന്നീട് മറ്റൊരു പൊതുയോഗത്തിൽ ഷായുടെ മകനെ പരാമർശിച്ച് മമത ബാനർജി തിരിച്ചടിച്ചു.

'ദരിദ്രരുടെ ഉന്നമനം അഥവാ ഗരീബ് കല്യാൺ ആണ് മോദി സർക്കാരിന്റെ ലക്ഷ്യം. എന്നാൽ മമത സർക്കാരിന്റെ ലക്ഷ്യം ഭതീജാ കല്യാൺ(മരുമകന്റെ ഉന്നമനം)ആണ്. ദിലിപ് ഘോഷ് മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കിൽ മരുമകനെ മുഖ്യമന്ത്രിയായി മമത ഇതിനോടകം പ്രഖ്യാപിക്കുമായിരുന്നു'. വ്യാഴാഴ്ച നടന്ന ആദ്യ പ്രചാരണയോഗത്തിൽ അമിത് ഷാ മമതയ്ക്കെതിരെ ആരോപണമുന്നയിച്ചു.

മണിക്കൂറുകൾക്ക് ശേഷം കൊൽക്കത്തയിൽ നടന്ന യോഗത്തിൽ അമിത് ഷായ്ക്ക് തക്ക മറുപടിയുമായി മമത രംഗത്തെത്തി. 'ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ. ബംഗാളിനെ കുറിച്ച് നിങ്ങളെപ്പോഴും മോശമായി സംസാരിക്കുന്നു. ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാൽ നിങ്ങൾ നുറുങ്ങിപ്പോകും'. മമത തിരിച്ചടിച്ചു.

താക്കുർനഗറിൽ നടന്ന രണ്ടാമത്തെ യോഗത്തിലും അമിത് ഷാ മമതക്കെതിരെ ആക്രമണം തുടർന്നു. ചില സാഹചര്യങ്ങളാൽ ബംഗാളിലെ തന്റെ ആദ്യപരിപാടി റദ്ദാക്കിയപ്പോൾ ദീദി അതിയായി ആഹ്ലാദിച്ചതായും ഏപ്രിലിൽ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ താൻ ഇടയ്ക്കിടെ ബംഗാളിൽ വന്നു പോകുമെന്നും തൃണമുലിനെ പരാജയപ്പെടുത്തുമെന്നും ഷാ പറഞ്ഞു. ഞങ്ങൾ ഷായെ സ്വാഗതം ചെയ്യുന്നു, ഇവിടെ വന്ന് പ്രചാരണം നടത്തിക്കോളൂ, പക്ഷെ ഭീഷണിപ്പെടുത്തരുത്, എനിക്ക് നിങ്ങളെ ഭയമില്ല, മമത മറുപടി നൽകി. കൂടാതെ പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്ത് കളിക്ക് താനൊരുക്കമാണെന്നും മമത പ്രസ്താവിച്ചു. താൻ ഗോൾ കീപ്പറായി തുടരുമെന്നും തന്നെ കടന്ന എത്ര ഗോളുകൾ നേടാനാവുമെന്ന് കാണിച്ചു തരൂവെന്നും മമത മറുപടി നർകി.

അതേസമയം ബംഗാളിൽ തുറപ്പുചീട്ടും ഇതിനിടെ ഷാ പുറത്തിറക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത്ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ മാട്ടുവ സമുദായം അടക്കമുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകും. ന്യൂനപക്ഷങ്ങളെ നിയമത്തിന്റെ പേരിൽ പ്രതിപക്ഷം വഴിതെറ്റിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൗരത്വ പദവിയെ ഇതൊരു തരത്തിലും ബാധിക്കില്ല.

ബംഗാളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറും വരെ ബിജെപിക്ക് വിശ്രമമില്ല. 2018 ൽ തന്നെ മോദി സർക്കാർ പുതിയ പൗരത്വ നിയമം നടപ്പാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു, 2019 ൽ വീണ്ടും അധികാരത്തിലേറിയപ്പോഴും ആ വാഗ്ദാനത്തിൽ ഉറച്ചുനിന്നു. കോവിഡ് വ്യാപനത്തോടെയാണ് പൗരത്വ നിയമം നടപ്പാക്കുന്നത് നീട്ടി വയ്ക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പ് പൂർത്തിയാകും മുമ്പ് മമത ബാനർജി ജയ്ശ്രീം റാം വിളിക്കും. 'ജയ് ശ്രീ റാം ഇന്ത്യയിൽ മുഴക്കിയില്ലെങ്കിൽ പിന്നെ അത് പാക്കിസ്ഥാനിൽ മുഴക്കുമോ' എന്ന് അമിത് ഷാ പരിഹസിച്ചു കൊണ്ട് ചോദിച്ചു. ജയ് ശ്രീറാം വിളി കേട്ടാൽ മമത ബാനർജിക്ക് ദേഷ്യമാണെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അവർ അത് ചൊല്ലാൻ തുടങ്ങുമെന്നും മമതയെ പരിഹസിച്ച്് ഷാ പറഞ്ഞു.

മമത ദീദി പറഞ്ഞത് ബിജെപി പൊള്ളവാഗ്ദാനമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ്. പൗരത്വ ഭേദഗതി നിയമത്തെ തുടക്കത്തിലേ എതിർത്ത അവർ ഒരിക്കലും അത് ബംഗാളിൽ അനുവദിക്കില്ലെന്നും പറഞ്ഞു. ബിജെപി എല്ലായ്പോഴും വാഗ്ദാനങ്ങൾ പാലിക്കുന്ന പാർട്ടിയാണ്. ഞങ്ങൾ ഈ നിയമം കൊണ്ടുവന്നു. അഭയാർത്ഥികൾക്ക് പൗരത്വം കിട്ടും. അതേസമയം ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ എത്തുമെന്നും അമിത്ഷാ പ്രഖ്യാപിച്ചിരുന്നു.

മമത ബാനർജിയുടെ സർക്കാർ പാവപ്പെട്ട കർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം തടയുകയാണെന്നും അമിത് ഷാ ആരോപിച്ചു.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആറായിരം രൂപ കർഷകർക്ക് നൽകുന്നതിൽ മമത തടസം നിൽക്കുന്നെന്ന് അമിത് ഷാ ആരോപിച്ചു . മമത അർഹതപ്പെട്ടവരുടെ പേരോ ബാങ്ക് ഡീറ്റൈൽസോ ഇതുവരെ നൽകിയിട്ടില്ല. മോദിയുടെ പ്രശസ്തിയിൽ പേടി തോന്നിയ മമത ആനുകൂല്യങ്ങൾ തടയുകയാണ്. നിങ്ങൾ ഒന്നുകാെണ്ടും പേടിക്കേണ്ട. ബിജെപി സർക്കാർ ഇവിടെ അധികാരത്തിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 18,000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ 294 സീറ്റുകളിൽ 200 സീറ്റുകളും നേടാനുള്ള തയ്യാറെടുപ്പാണ് അമിത് ഷായുടെ നേതൃത്വത്തിൽ ബംഗാളിൽ നടക്കുന്നത്. മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പു ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്ത് ചർച്ചാ വിഷയമായ ജയ്ശ്രീറാം വിളിയും ഇത്തവണ വീണ്ടും അമിത് ഷാ ചർച്ചാ വിഷയമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP