Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരാലംബയായ പതിനാറുകാരിയെ പിച്ചിച്ചീന്തിയ കാമഭ്രാന്തന്മാർക്കെല്ലാം മാപ്പ് കൊടുത്തിട്ടും തന്റെ ജീവിതം തകർത്തവനെ മറന്നില്ല; പൊട്ടിക്കരഞ്ഞ് അവൾ എല്ലാം വിളിച്ച് പറഞ്ഞതോടെ ജുബൈറാ മൻസിലിൽ സുരേഷിന് തടവറ വിധിച്ച് കോടതി; ഭാര്യയും മൈനറായ മകളുമുണ്ടെന്ന പ്രതിയുടെ വാദവും വിലപ്പോയില്ല; വിതുരയിലെ പെൺകുട്ടി ലോകത്തോട് പറഞ്ഞതെല്ലാം ചോര മരവിക്കുന്ന അനുഭവ സാക്ഷ്യം

നിരാലംബയായ പതിനാറുകാരിയെ പിച്ചിച്ചീന്തിയ കാമഭ്രാന്തന്മാർക്കെല്ലാം മാപ്പ് കൊടുത്തിട്ടും തന്റെ ജീവിതം തകർത്തവനെ മറന്നില്ല; പൊട്ടിക്കരഞ്ഞ് അവൾ എല്ലാം വിളിച്ച് പറഞ്ഞതോടെ ജുബൈറാ മൻസിലിൽ സുരേഷിന് തടവറ വിധിച്ച് കോടതി; ഭാര്യയും മൈനറായ മകളുമുണ്ടെന്ന പ്രതിയുടെ വാദവും വിലപ്പോയില്ല; വിതുരയിലെ പെൺകുട്ടി ലോകത്തോട് പറഞ്ഞതെല്ലാം ചോര മരവിക്കുന്ന അനുഭവ സാക്ഷ്യം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറാ മൻസിലിൽ സുരേഷി (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ–52) ന് 24 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതോടെ അന്ത്യമാകുന്നത് രണ്ടര പതിറ്റാണ്ടോളം ഒരു പെൺമനസ്സ് അനുഭവിച്ച ശാരീരിക- മാനസിക പീഡനങ്ങൾക്കാണ്. നിസ്സഹായായ ഒരു പതിനാറുകാരിയെ പിച്ചിചീന്തിയ കാമഭ്രാന്തന്മാർക്കെല്ലാം പെൺകുട്ടി മാപ്പ് കൊടുത്തിട്ടും തന്റെ ജീവിതം നശിപ്പിച്ച നരാധമനെ വെറുതെ വിടാൻ അവളുടെ അഭിമാന ബോധം അനുവദിച്ചില്ല. ഇവനെ മരിച്ചാലും മറക്കില്ലെന്നും, ഇവനാണ് എന്റെ ജീവിതെ തകർത്തതെന്നും കരഞ്ഞുകൊണ്ടവൾ പറഞ്ഞപ്പോൾ ഇന്ത്യൻ നീതിന്യായ സംവിധാനവും അവൾക്കൊപ്പം നിന്നു.

കോട്ടയം പ്രത്യേക കോടതി ജഡ്ജി ജോൺസൺ ജോൺ ആണ് ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായി 24 വർഷം കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും സുരേഷിന് ഒന്നിച്ച് 10 വർഷം അനുഭവിച്ചാൽ മതി. 1,09,000രൂപ പിഴയും അടയ്ക്കണം. തനിക്ക് ഭാര്യയും മൈനറായ മകളുമുണ്ടെന്നും ഇവർ അനാഥരാകുമെന്നും ശിക്ഷ സംബന്ധിച്ച വാദത്തിൽ സുരേഷ് പറഞ്ഞു. തമിഴ്‌നാട്ടിൽ താമ്പരം എന്ന സ്ഥലത്ത് കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തെ സാമ്പത്തികമായി സഹായിക്കുന്നെന്നും ശിക്ഷ ഇളവു നൽകണമെന്നും പ്രതി അഭ്യർഥിച്ചിരുന്നു.

താൻ നേരിട്ട പീഡനപരമ്പര കോടതിക്കു മുൻപിൽ അക്കമിട്ടു നിരത്തിയതോടെയാണ് ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനു മേൽ കുരുക്കു മുറുകിയത്. ഒരു വർഷം പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞതു ശരീരദാഹികളായ പുരുഷന്മാരുടെ മാത്രം ഇടയിലെന്നായിരുന്നു കോടതിയിൽ നൽകിയ മൊഴി. 1995 ഒക്ടോബർ 21 മുതൽ 1996 ജൂലൈ 10 വരെ കൊടുംപീഡനങ്ങളും ശാരീരിക ഉപദ്രവവുമാണു നേരിട്ടത്. ഒന്നാം പ്രതി സുരേഷ് പല സ്ഥലത്തും മുറിയിൽ പൂട്ടിയിട്ടെന്നും പെൺകുട്ടി മൊഴി നൽകി. പൊലീസ് അറസ്റ്റ് ചെയ്ത് ഏഴു ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ സ്വന്തം പിതാവിനെപ്പോലും തിരിച്ചറിയാതെ അലറിക്കരഞ്ഞതായും കോടതിയിൽ പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.

ഒരു ഘട്ടത്തിൽ, കോടതിയിലേക്ക് ഇനി വരില്ലെന്നു പോലും നിറകണ്ണുകളോടെ പെൺകുട്ടി പറഞ്ഞിരുന്നു. 2009ലായിരുന്നു അത്. ‘ഇനി എനിക്കു വയ്യ. ഒരു നഷ്‌ടപരിഹാരവും ആരും തരേണ്ട. ആരെയും ശിക്ഷിക്കാൻ എനിക്കു മോഹമില്ല. അവരൊക്കെ സുഖമായിരിക്കട്ടെ. എന്നെ ഇനിയും കോടതിയിലേക്കു വിളിക്കല്ലേ.. കൂട്ടിൽ കയറ്റി നിർത്തി പൊള്ളിക്കുന്ന ചോദ്യങ്ങൾ ചോദിക്കരുതേ.. ഒരു തെളിവും കൊടുക്കാനില്ലെനിക്ക്. മതിയായി....’ എന്നായിരുന്നു ആ വാക്കുകൾ.

കവയിത്രി സുഗതകുമാരിയോടാണു പെൺകുട്ടി അന്നു തന്റെ നിസ്സഹായാവസ്‌ഥ വിവരിച്ചത്. കേസിൽ സാക്ഷിയായതിനാൽ കോടതിയിൽ ഹാജരായില്ലെങ്കിൽ അറസ്‌റ്റ് ചെയ്യുമെന്ന കാര്യമൊന്നും അവൾക്കു പ്രശ്‌നമായിരുന്നില്ല. ‘അറസ്‌റ്റ് ചെയ്യട്ടെ, ജയിലിൽ അടയ്‌ക്കട്ടെ. എനിക്കാരെയും വിശ്വാസമില്ല..’ ഈ ലോകത്തോടു മുഴുവനുള്ള വെറുപ്പും നിരാശയും നിറഞ്ഞ വാക്കുകൾ. ഇനി കേസിനു നിർബന്ധിച്ചാൽ ചത്തുകളയുമെന്ന മുന്നറിയിപ്പും അന്നു സുഗതകുമാരി കേട്ടു.

പെൺകുട്ടി അനുഭവിച്ച ദുരിതം പിന്നീട് സുഗതകുമാരിയുടെ വാക്കുകളിലൂടെയാണ് കേരളം അറിഞ്ഞത്. സുഗതകുമാരി വനിത കമ്മിഷൻ അധ്യക്ഷയായിരിക്കെയാണ് കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിവരങ്ങൾ പുറത്തുവരുന്നത്. പതിനാറുകാരിയെ ബന്ധുവായ ഒരു സ്‌ത്രീ തൊഴിൽ വാഗ്‌ദാനം ചെയ്‌തുകൊച്ചിയിലെത്തിക്കുകയായിരുന്നു. വീട്ടിലെ പട്ടിണി കാരണം ജോലി കിട്ടുമെന്നു വിചാരിച്ചുപോയതാണ്. പക്ഷേ അവളകപ്പെട്ടതാകട്ടെ പെൺവാണിഭക്കാരുടെ കയ്യിലും. എത്ര കരഞ്ഞാലും എത്ര അപേക്ഷിച്ചാലും നിലവിളിച്ചാലും ഫലമില്ലാത്ത നരകത്തിൽ അവൾ ബന്ധിതയായിത്തീർന്നു.

കോടതിയിൽ ഒരു ഘട്ടത്തിൽ ചോദ്യം വന്നത് അവൾക്കു രക്ഷപ്പെട്ടുകൂടായിരുന്നോ എന്നായിരുന്നു. എന്നാൽ കഴുകൻ കണ്ണുകളുമായി വാതിൽക്കൽ എല്ലായിപ്പോഴും കാവലുണ്ടായിരുന്നു. ചിലപ്പോഴൊക്കെ കരഞ്ഞു ബഹളമുണ്ടാക്കും. അപ്പോൾ മുഖമടച്ചാണ് അടി. വയറ്റത്ത് തൊഴിക്കും, കഴുത്തിൽ പിടിച്ചു മുറുക്കി കണ്ണുതള്ളിക്കും. മിണ്ടാതവിടെ കിടന്നില്ലെങ്കിൽ വെട്ടിനുറുക്കുമെന്നു ഭീഷണിപ്പെടുത്തും– അവൾ തുടർന്നു,

‘എങ്കിലും ഞാൻ നിലവിളിക്കും. വരുന്നവരോടെല്ലാം അപേക്ഷിക്കും എന്നെ ഒന്നും ചെയ്യല്ലേ എന്ന്. അപ്പോ അവർ ഗുളിക തരാൻ തുടങ്ങി. മൂന്നുനാലു ഗുളിക പൊടിച്ച് വായിലിട്ട് വെള്ളമൊഴിച്ച് പൊത്തിപ്പിടിച്ച് വിഴുങ്ങിക്കും...’– പിന്നെപ്പിന്നെ അവൾ മിണ്ടാതെയായി. നിർവികാരയായി, ശിലപോലെ മരവിച്ചവളായി. ഒരിക്കൽ തന്നെത്തേടിവന്ന പരിചിതമുഖം കണ്ട് അവൾ അലറി വിളിച്ചു കാൽക്കൽ വീണു. ‘എന്നെ രക്ഷിക്കണേ സാറേ, എന്നെ അച്ഛന്റെ അടുക്കൽ വിടണേ, ഞാൻ ചീത്തയല്ല സാറേ എന്നെ രക്ഷിക്കണേ..’’

ആരും രക്ഷിച്ചില്ല. അടച്ചിട്ട മുറിക്കുള്ളിൽ മേശയ്‌ക്കുചുറ്റും അവൾ ഓടിപ്പാഞ്ഞതും കുപ്പികളും ഗ്ലാസുകളുമെല്ലാം വീണുപൊട്ടിയതും അവയിൽ കാൽതെന്നിവീണ് ഇഴഞ്ഞ് കട്ടിലിനടിയിലേക്കു കയറിയ അവളെ കാലിൽ പിടിച്ചുവലിച്ച് വെളിയിലേക്കിട്ടതുമെല്ലാം അവൾ വിവരിക്കുന്നതുകേട്ടാൽ മനസ്സു പൊള്ളിപ്പോകുമെന്നാണ് സുഗതകുമാരി കുറിച്ചത്. കേസിൽ വനിതാ കമ്മിഷൻ ശക്‌തമായി ഇടപെട്ടിരുന്നു. മൊഴിയെടുക്കുന്ന സമയം മുതൽ പെൺകുട്ടിക്കുവേണ്ടി രണ്ടു വനിതാ അഭിഭാഷകരെ മുഴുവൻ സമയം ഏർപ്പാടുചെയ്‌തതും അവളുടെ സുരക്ഷ ഉറപ്പാക്കിയതും കമ്മിഷനായിരുന്നു.

കേസെടുത്ത പൊലീസ് ആത്മാർഥമായി അന്വേഷണം നടത്തി. പൂർണമായും പഴുതുകൾ അടയ്‌ക്കപ്പെട്ടുവെന്നു തോന്നിച്ച ഒരു കേസായിരുന്നു അത്. പീഡിതയായ യുവതി മൊഴിയിൽ ഉറച്ചുനിന്നു. അതിനിടെ ജീവഭയം പെൺകുട്ടിയിൽ നിറഞ്ഞു. കൊന്നുകളയുമോ എന്ന ഭയം. ജീവിക്കാൻ വഴിയില്ല. ചുറ്റുമുള്ളവരുടെ ക്രൂരവും പരിഹാസനിർഭരവുമായ നോട്ടങ്ങൾ, ബന്ധുക്കളുടെ ശാപവചസുകൾ. അതിനിടെ അവളെ ജോലിക്കു കൊണ്ടുപോയ ബന്ധു ആശുപത്രിയിൽവച്ച് ദുരൂഹമായി മരിച്ചു. അതോടെ ഭയം ഇരട്ടിച്ചു. സൂക്ഷിക്കണമെന്നു പൊലീസും മുന്നറിയിപ്പു നൽകി.

ഇടയ്‌ക്കിടെ കോടതി വിളിക്കും. പൊലീസ് വന്നു കൂട്ടിക്കൊണ്ടുപോകും. അവൾ കേസിൽ സാക്ഷിയാണ്. ചോദിച്ചതിനെല്ലാം അവൾ പേടിച്ചു പേടിച്ച് ഉത്തരം നൽകി. തിരിച്ചറിയൽ പരേഡുകളിൽ പേരുകൾ വിളിച്ചുപറഞ്ഞു. ഒരു തിരിച്ചറിയൽ പരേഡിനു മുൻപ് ഒരാളെ കണ്ടിട്ടില്ലെന്നു പറയാൻവേണ്ടി രഹസ്യമായി അവളുടെ പിതാവിന്റെ കയ്യിൽ ആരോ ഏൽപിച്ച 50,000 രൂപ അവൾ നിലവിളിച്ചുകൊണ്ടു തട്ടിയെറിഞ്ഞു. ആ തുക പൊലീസുകാരെക്കൊണ്ടു കോടതിയിൽ കെട്ടിവയ്‌പിച്ചു.

കോടതി, കേസുവിസ്‌താരം, കൂട്ടിൽ കയറ്റിനിർത്തിയുള്ള ചോദ്യംചെയ്യൽ. പ്രതിഭാഗം വക്കീലിന്റെ പരിഹാസം നിറഞ്ഞ മൂർച്ചയുള്ള ചോദ്യങ്ങൾക്കു മുമ്പിൽ പതറിനിൽക്കൽ... പിന്നെ വർഷങ്ങൾ അനക്കമില്ല. കുറേനാൾ കഴിയുമ്പോൾ കോടതിയിലെ ആ അഗ്നിപരീക്ഷയിലേക്കു വീണ്ടും വിളിക്കും. വർഷങ്ങൾക്കുശേഷം 2009ൽ വീണ്ടും കോടതിവിളി വന്നപ്പോഴാണ് അവൾ പറഞ്ഞത്: ‘എനിക്കൊന്നും പറയാനില്ല... ഒരു തെളിവും കൊടുക്കാനില്ല... ഞാൻ വരില്ല.’.

‘നീ സാക്ഷിയാണ്. കോടതി വിളിച്ചാൽ ചെന്നില്ലെങ്കിൽ അറസ്‌റ്റ് ചെയ്‌തു കൊണ്ടുപോകും..’ എന്നു പറഞ്ഞപ്പോൾ അവൾ വിറച്ചുകൊണ്ടു പറഞ്ഞു: ‘അറസ്‌റ്റ് ചെയ്യട്ടെ... എന്നെ ജയിലിലടയ്‌ക്കട്ടെ. എനിക്കാരെയും വിശ്വാസമില്ല...’. വിതുര പീഡനക്കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനാണെന്നു തെളിയുകയും ശിക്ഷ വിധിക്കുകയും ചെയ്തതോടെ നീതിയുടെ വാതിൽ ആ പെൺകുട്ടിയുടെ മുന്നിൽ പതിയെ തുറക്കുകയാണ്. ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന മുഹമ്മദ് റഫീഖാണു കേസിൽ അന്വേഷണത്തിനു നേതൃത്വം നൽകിയത്. സിഐമാരായ ആർ. രാജേഷ്കുമാർ, രാജീവ് കുമാർ, ബൈജു പൗലോസ്, എസ്ഐ ബിനുലാൽ, എഎസ്ഐ കെ.എസ്.രാജീവ് തുടങ്ങിയവരാണു പ്രതിയെ ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്തത്.

കോടതിയിലും നാടകീയ രം​ഗങ്ങൾ

വിതുര പീഡനക്കേസിലെ മൂന്നാം ഘട്ട വിചാരണ പ്രത്യേക കോടതിയിൽ തുടങ്ങിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേസിലെ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിൽ സുരേഷിനെ (45) പീഡനത്തിനിരയായ യുവതി കോടതിയിൽ തിരിച്ചറിഞ്ഞു. കേസ് ആരംഭിച്ച ആദ്യ ദിവസം തന്നെ ഒന്നാം പ്രതിയുടെ അഭിഭാഷകൻ വക്കാലത്ത് ഒഴിയുന്നതായി അറിയിച്ചെങ്കിലും കോടതി യുവതിയുടെ മൊഴി രേഖപ്പെടുത്താൻ നിർദ്ദേശിച്ചു.

കേസുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. അന്വേഷണ സമയത്ത് പൊലീസിന് സുരേഷിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടങ്ങളിലും വിചാരണ നടന്നത്. രണ്ടു ഘട്ടത്തിലെയും എല്ലാ പ്രതികളെയും കോടതി വിട്ടയച്ച ശേഷമാണ് 18 വർഷം ഒളിവിലായിരുന്ന സുരേഷ് കോടതിയിൽ കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയായ പെൺകുട്ടിയെ സുരേഷ് പലർക്കായി കാഴ്ചവയ്ക്കുകയായിരുന്നു എന്നാണ് കേസ്.

കോടതി മുറിയിൽ നാടകീയ രംഗങ്ങൾ വിതുര പീഡന കേസിൽ ഒന്നാം പ്രതി സുരേഷിനെ തിരിച്ചറിയാമോ എന്ന പ്രൊസിക്യൂഷന്റെ ചോദ്യത്തെ തുടർന്നു കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. 'ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത്' എന്നു പറഞ്ഞ് യുവതി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്. ഇതോടെ യുവതി വല്ലാതെ ബുദ്ധമുട്ടി. മൊഴി രേഖപ്പെടുത്തുന്നതിനിടെ പല തവണ യുവതിക്ക് ശാരീരിക ബുദ്ധിമുട്ട് നേരിട്ടു. തുടർന്ന് വിസ്താരം തടസ്സപ്പെട്ടു. കേസിന്റെ ആദ്യഘട്ട വിചാരണകളിൽ യുവതി പ്രതികളെ തിരിച്ചറിയില്ലെന്ന് മൊഴി നൽകിയതോടെയാണ് എല്ലാവരെയും വിട്ടയച്ചത്. കൂറു മാറിയതായി അന്നു കോടതി പ്രഖ്യാപിച്ചിരുന്നു.

നേരത്തെ കേസിൽ രണ്ട് ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും കോടതി വെറുതെവിടുകയായിരുന്നു. വിചാരണയ്ക്കിടെ പെൺകുട്ടി തിരിച്ചറിയാതിരുന്നതിനാലാണ് പ്രതികളെ കോടതി വെറുതേവിട്ടത്. പെൺകുട്ടി കൂറുമാറിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ചലച്ചിത്രനടൻ ജഗതി ശ്രീകുമാർ വരെ ഉൾപ്പെട്ട പെൺവാണിഭ കേസാണ് വിതുര. 20 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ ജഗതി ശ്രീകുമാറിനെ നേരത്തെ തന്നെ കോടതി വെറുതേ വിട്ടിരുന്നു. ജേക്കബ് മുത്തേടൻ, മാജൻ, അസീസ് എന്നിവരെയും കോടതി വെറുതേ വിട്ടു. പോക്‌സോ നിയമം പ്രാബല്യത്തിൽ വരാത്ത കാലത്തായതിനാലാണ് ജഗതി അടക്കമുള്ളവർ കേസിൽ കുടുങ്ങിയതായി അറിയുന്നത്.

വിതുര പെൺവാണിഭക്കേസിലെ പ്രധാന പ്രതികളിലൊരാളായ മുൻ അഡ്വക്കറ്റ് ജനറൽ കെ.സി. പീറ്റർ അടക്കം ആറു പ്രതികളെ പ്രത്യേക കോടതി ജഡ്ജി എസ്. ഷാജഹാൻ നേരത്തേ വെറുതെ വിട്ടിരുന്നു. കൊച്ചി സ്വദേശി സുനിൽ തോമസിനെ കഴിഞ്ഞ ദിവസം കോട്ടയത്തെ പ്രത്യേക കോടതി വിട്ടയച്ചിരുന്നു. കേസിൽ ആലുവ മുൻ ഡി.വൈ.എസ്‌പി പി. മുഹമ്മദ് ബഷീറിനെയും നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. പ്രതിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് പെൺകുട്ടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്തും മറ്റ് തെളിവുകൾ ഇല്ലാത്തതിനാലുമാണ് ഇവരെ വെറുതെ വിട്ടത്. ഇതിന് മുൻപ് മുൻ എക്സൈസ് കമ്മീഷണർ ടി.എം.ശശിയെയും കോട്ടയത്തെ പ്രത്യേക കോടതി ജഡ്ജി എസ്.ഷാജഹാൻ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു.

1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിതുര സ്വദേശിനിയായ അജിത, പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്തുകൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നുവെന്നാണ് കേസ്. 23 കേസുകൾ വിതുര പീഡനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. സിനിമാ നടൻ ജഗതിയുടെ പേരുമായി ബന്ധപ്പെട്ടാണ് വിതുര പെൺവാണിഭക്കേസ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. ഏറെക്കാലത്തെ നിയമപോരാട്ടത്തിനൊടുവിൽ ജഗതിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP