Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലൂർ പള്ളിയിൽനിന്ന് മിഷേൽ പുറത്തിറങ്ങുമ്പോൾ പിന്തുടർന്ന യുവാക്കൾ ആരെന്ന് കണ്ടെത്തിയില്ല; മിഷേലിന്റെ വാച്ചും മൊബൈലും മോതിരവും ബാഗും ഷാളും, ഹാഫ് ഷൂവും കിട്ടിയില്ല; ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനം; മിഷേൽ ഷാജിയുടെ ദൂരൂഹ മരണത്തിൽ സിബിഐ അന്വേഷണ അവശ്യം ശക്തം

കലൂർ പള്ളിയിൽനിന്ന് മിഷേൽ പുറത്തിറങ്ങുമ്പോൾ പിന്തുടർന്ന യുവാക്കൾ ആരെന്ന് കണ്ടെത്തിയില്ല; മിഷേലിന്റെ വാച്ചും മൊബൈലും മോതിരവും ബാഗും ഷാളും, ഹാഫ് ഷൂവും കിട്ടിയില്ല; ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനം; മിഷേൽ ഷാജിയുടെ ദൂരൂഹ മരണത്തിൽ സിബിഐ അന്വേഷണ അവശ്യം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

പിറവം: സിഎ വിദ്യാർത്ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ ദൂരുഹ മരണത്തിൽ സിബിഐ അന്വേഷണ ആവശ്യം ശക്തമാകുന്നു. കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട മിഷേലിന്റെ മരണം കൊലപാതകമാണെന്നാണ് ഇപ്പോഴും മാതാപിതാക്കൾ കരുതുന്നത്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. കേസിൽ കേരളാ പൊലീസ് നീതി കാണിച്ചില്ലെന്നാണ് മാതാപിതാക്കളും വിശ്വസിക്കുന്നത്.

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര കൊച്ചിയിൽ എത്തിയപ്പോഴും ഈ വിഷയം സജീവ ചർച്ചയായി. കൊലപാതകം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നാലു വർഷമായിട്ടും കോടതിയിൽ സമർപ്പിക്കാതെ സർക്കാർ നീട്ടിക്കൊണ്ടു പോവുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെ സർക്കാർ ആത്മഹത്യയാക്കി മാറ്റി. മിഷേലിന്റെ കുടുംബം മൂന്നു തവണ മുഖ്യമന്ത്രിയെ കണ്ടു വിവരം ധരിപ്പിച്ചെങ്കിലും കേസിൽ ഒരു പുരോഗതിയും ഉണ്ടായില്ല. മിഷേലിന്റെ കൊലപാതകികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദഹം ആരോപിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന കേസിന് സർക്കാർ എന്തുകൊണ്ട് പിന്തുണ പ്രഖ്യാപിക്കുന്നില്ല? രണ്ടു മാസം കഴിഞ്ഞ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ആദ്യം ചെയ്യുക മിഷേൽ ഷാജിയുടെ കൊലപാതകക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുകയായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

2017 മാർച്ച് ആറിനാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലിൽനിന്ന് കണ്ടെടുക്കുന്നത്. മിഷേൽ ആത്മഹത്യ ചെയ്തതല്ലെന്നും ആരോ കരുതിക്കൂട്ടി അപായപ്പെടുത്തിയതാണെന്നുമാണ് കുടുംബം വിശ്വസിക്കുന്നത്. കലൂർ പള്ളിയിൽനിന്ന് മിഷേൽ പുറത്തിറങ്ങുമ്പോൾ പിന്തുടർന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയിൽനിന്ന് പൊലീസിനു ലഭിച്ചിരുന്നു. ഈ യുവാക്കളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. മിഷേലിന്റെ ഫൈബർ സ്ട്രാപ്പുള്ള വാച്ച്, മൊബൈൽ ഫോൺ, മോതിരം, ബാഗ്, ഷാൾ, ഹാഫ് ഷൂ എന്നിവയും കണ്ടെത്താനായിട്ടില്ല

2017 മാർച്ച് അഞ്ചിനാണ് ഹോസ്റ്റലിൽ നിന്നും പുറത്തുപോയ മിഷേൽ ഷാജിയെ കാണാതെയാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസം കൊച്ചി കായലിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടക്കം മുതൽ തന്നെ മിഷേലിന്റെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നെന്നാണ് പിതാവ് ഷാജിയുടെ ആരോപണം. മകളുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതിയുമായി എത്തിയ ബന്ധുക്കളെ മൂന്നു ദിവസം സംസാരിക്കാൻ പോലും പൊലീസ് അനുവദിച്ചില്ലെന്നാണ് ഷാജി പറയുന്നത്. ഒടുവിൽ സമ്മർദത്തിനു വഴങ്ങി പരാതി സ്വീകരിക്കുമ്പോൾ അന്നത്തെ സിഐ അനന്തലാൽ പറഞ്ഞത് മിഷേലിന്റെ മരണം നിങ്ങൾ എവിടെ പോയാലും തെളിയിക്കാൻ പോകുന്നില്ല. എന്നാണ്. മുൻവിധിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും റിപ്പോർട്ടുകൾ തയാറാക്കിയതെന്നും ഷാജി ആരോപിക്കുന്നു.

എറണാകുളം വാർഫിനടുത്തുനിന്ന് മൃതദേഹം ലഭിക്കുമ്പോൾ വെള്ളത്തിൽ കിടന്ന് രണ്ടു മണിക്കൂർ പോലും ആയതിന്റെ ലക്ഷണങ്ങളില്ലായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്ന ഐലൻഡ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതെന്ന് ഷാജി പറയുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത് 22 മണിക്കൂർ പഴക്കം ആയെന്നാണ്. അതിന്റെ യാതൊരു ലക്ഷണങ്ങളും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ജീവിച്ചിരിക്കുമ്പോൾ അമർത്തിപ്പിടിച്ചതിന്റെ ചോരപ്പാടുകൾ രണ്ടു കൈകളിലും ഉണ്ടായിരുന്നു. ഇതെല്ലാം അന്ന് പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

മൃതദേഹം ആദ്യം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നതിനാണ് തീരുമാനിച്ചത്. ഇതിനായി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെട്ടെന്നാണ് പൊലീസ് കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്. ഇവിടെ പരിശോധന നടത്തേണ്ടെന്നും കളമശേരി മെഡിക്കൽ കോളജിൽ നടത്തിയാൽ മതിയെന്നും ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചെന്നാണ് അന്ന് ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ പൊലീസ് പറഞ്ഞതെന്ന് ഷാജി പറയുന്നു. ഇതിനു പിന്നിൽ പൊലീസിന്റെ ഒത്തുകളിയുണ്ടെന്ന് സംശയമുണ്ട്. മൃതദേഹം പരിശോധിച്ച വനിതാ ഫോറൻസിക് ഡോക്ടറുടെ കാര്യത്തിലും സംശയമുണ്ടെന്ന നിലപാടിലാണ് ഷാജി വർഗീസ്.

അതേസമയം, ദുരൂഹ മരണങ്ങളും കൊലപാതകമെന്നു സംശയങ്ങളുയരുന്ന മരണങ്ങളും എറണാകുളം ജില്ലാശുപത്രിയിൽ പരിശോധിക്കാറില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ വ്യക്തമായ പരിശോധനകൾക്കു എപ്പോഴും മെഡിക്കൽ കോളജിലേയ്ക്ക് മൃതദേഹങ്ങൾ അയയ്ക്കുന്നതാണ് പതിവ്. പെൺകുട്ടിയുടെ മരണത്തിൽ സംശയം ഉയർന്ന സാഹചര്യത്തിലാണ് കൂടുതൽ സൗകര്യങ്ങളും കൂടുതൽ യോഗ്യതകളുള്ള ഫൊറൻസിക് സർജന്മാരുമുള്ള കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയച്ചതെന്ന് പൊലീസ് പറയുന്നു.

മകളുടെ മരണത്തിൽ അന്വേഷണം നേർവഴിക്കല്ലെന്നു വ്യക്തമായതോടെയാണ് ഷാജി വർഗീസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ യുവതിയുടെ മരണം ആത്മഹത്യയാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അതേസമയം ക്രൈംബ്രാഞ്ച് സത്യവാങ്മൂലത്തിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് ഷാജി ഇപ്പോഴും. മകൾ മരിക്കാൻ തക്ക ഒരു കാരണവുമില്ലെന്നിരിക്കെ എന്തിന് ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് പറയുന്നതെന്നാണ് ഷാജിയുടെ ചോദ്യം.

മകളെ പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിക്കൊണ്ടിരുന്ന യുവാവിലേയ്ക്ക് തന്നെയാണ് ഷാജി വിരൽ ചൂണ്ടുന്നത്. മകളെ അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നതിന്റെ തെളിവുകളുണ്ടായിട്ടും പൊലീസ് അന്വേഷണം വേണ്ടരീതിയിൽ എത്തിയില്ലെന്ന് ഷാജി ആരോപിക്കുന്നു. ഇയാളെ ജാമ്യത്തിൽ വിട്ടിരിക്കുന്നതായാണ് പൊലീസ് പറയുന്നത്.

മിഷേലിനെ കാണാതാകുമ്പോൾ ഏറ്റവും അവസാനമായി ഏതു ടവർ ലൊക്കേഷനിലായിരുന്നു മൊബൈൽ ഫോൺ പ്രവർത്തിച്ചത് എന്നതിനെക്കുറിച്ച് പൊലീസ് ഇതുവരെ ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് പിതാവ് ആരോപിക്കുന്നു. അവസാനമായി ആരോടാണ് ഫോണിൽ സംസാരിച്ചത് എന്നോ, ആരുടെ കോളാണ് വന്നതെന്നോ കണ്ടെത്താൻ ഒരു അന്വേഷണ ഉദ്യോഗസ്ഥരും താൽപര്യം കാണിച്ചില്ല. ഈ ആവശ്യവുമായി മൊബൈൽ ഫോൺ കമ്പനി ഓഫിസിനെ താൻ നേരിട്ട് സമീപിച്ചെങ്കിലും അത് പൊലീസിനു മാത്രമെ കൈമാറാൻ സാധിക്കൂ എന്ന നിലപാടാണ് എടുത്തതെന്നു ഷാജി പറയുന്നു. മിഷേൽ ധരിച്ചിരുന്ന വാച്ച് മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. മോതിരവും കയ്യിൽ ഇല്ലായിരുന്നു. ഇതു രണ്ടും എന്തായാലും തനിയെ ഊരിപ്പോകുമെന്ന് വിശ്വസിക്കാനാവില്ല. അങ്ങനെയെങ്കിൽ ഇവ ആരാണ് ഊരിയെടുത്തിട്ടുണ്ടാവുക എന്നാണ് പിതാവ് ഉന്നയിക്കുന്ന പ്രധാന ചോദ്യങ്ങൾ. ആരെങ്കിലും കൊലപ്പെടുത്തി കായലിൽ കൊണ്ടിട്ടതാണ് എന്നതിന് ഇതുതന്നെ തെളിവാണെന്നും ഷാജി പറയുന്നു.

ഗോശ്രീ പാലത്തിൽ നിന്ന് ചാടി മിഷേൽ ആത്മഹത്യ ചെയ്‌തെന്നു പൊലീസ് പറയുന്നത് പാലത്തിലേയ്ക്ക് മിഷേലിനെ പോലെ ഒരു യുവതി നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ്. എന്നാൽ ഇത് മിഷേൽ അല്ലെന്ന് തറപ്പിച്ചു പറയുന്നു പിതാവ്. ഒരു പക്ഷെ മനഃപ്പൂർവം കെട്ടിച്ചമച്ച ദൃശ്യങ്ങളാകാം ഇതെന്നും ഷാജി പറയുന്നു. ഇതേ പാലത്തിൽ നിന്നു ചാടി മുങ്ങിമരിച്ച നിലയിൽ പിന്നീട് കണ്ടെത്തിയ രണ്ടു പേരുടെ മൃതദേഹങ്ങൾ വികൃതമായാണ് കണ്ടെത്തിയത്. എന്നാൽ മിഷേലിന്റെ ശരീരത്ത് അത്തരത്തിലുള്ള പാടുകൾ ഇല്ലായിരുന്നെന്നും ഷാജി പറയുന്നു. 22 മണിക്കൂർ കായലിൽ കിടന്ന ഒരു മൃതദേഹം ചീഞ്ഞു തുടങ്ങിയിട്ടുണ്ടാകും. മാത്രമല്ല, മീനുകൾ കൊത്തിയ പാടുകൾ ശരീരത്തിലുണ്ടാകും. വെള്ളം കുടിച്ച് മരിച്ച ഒരാളുടെ വയറ്റിലും ശ്വാസകോശത്തിലുമെല്ലാം വെള്ളം ഉണ്ടാകേണ്ടതാണ്. എന്നാൽ ഇതൊന്നും മിഷേലിന്റെ ശരീരത്തിൽ ഇല്ലായിരുന്നു എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും അന്നെടുത്ത ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്ന് ഷാജി വർഗീസ് പറയുന്നു.

പിറവത്തുള്ള സിനിമാ നടന്റെ മകനാണ് ഇതിന്റെ പിന്നിലെന്ന സംശയത്തിലാണ് കുടുംബം ഇപ്പോഴും നിൽക്കുന്നത്. ഇത് സംബന്ധിച്ച പല സംശയങ്ങളും പൊലീസിനും ക്രൈംബ്രാഞ്ചിനും കൈമാറിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അതിനാൽ എത്രയും വേഗം സിബിഐയ്ക്ക് കേസ് കൈമാറാനായി കേസ് ഡയറി കോടതിയിൽ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് തയ്യാറാകണമെന്ന് പിതാവ് ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP