Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫിറോസ് കുന്നംപറമ്പിലിന്റെ ഭീഷണി ഭയന്ന് തങ്ങൾ ഒളിവിൽ കഴിയുകയാണ്; അന്ന് നിങ്ങൾ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു; പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലത്; ഓൺലൈൻ ചാരിറ്റി പ്രവർത്തകനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പറയാനുള്ളത് ഇങ്ങനെ

ഫിറോസ് കുന്നംപറമ്പിലിന്റെ ഭീഷണി ഭയന്ന് തങ്ങൾ ഒളിവിൽ കഴിയുകയാണ്; അന്ന് നിങ്ങൾ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു; പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലത്; ഓൺലൈൻ ചാരിറ്റി പ്രവർത്തകനെതിരെ വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പറയാനുള്ളത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കല്പറ്റ: ഓൺലൈൻ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ ഭീഷണി ഭയന്ന് തങ്ങൾ ഒളിവിൽ കഴിയുകയാണെന്ന് വയനാട്ടിലെ കുഞ്ഞിന്റെ മാതാപിതാക്കൾ. സ്വന്തം നാട്ടിൽ ഞങ്ങളെ ജീവിക്കാൻ സമ്മതിപ്പിക്കാത്ത പരിപാടിയാണ് ഫിറോസ് കാണിക്കുന്നത് എന്ന് അവർ ആരോപിക്കുന്നു. ഏറ്റവും തരംതാഴ്ന്ന പരിപാടിയാണിതെന്നും അവർ ചൂണ്ടിക്കാ‌ട്ടുന്നു. നന്ദിയില്ലാത്ത രോഗികളെ നടുറോഡിൽ തല്ലിക്കൊല്ലണമെന്ന് പരാമർശിച്ച് ഫിറോസ് കുന്നംപറമ്പിൽ നടത്തിയ ഫേസ്‌ബുക്ക് ലൈവ് വിവാദമായതിന് പിന്നാലെയാണ് കുഞ്ഞിന്റെ മാതാപിതാക്കളുടെ പ്രതികരണം.

തങ്ങളുടെ കൈവശമുള്ള ചെക്കുകൾ ഫിറോസ് ഒപ്പിട്ട് വാങ്ങിയെന്നും അതിൽ നിന്ന് ഫിറോസിന്റെ ബിനാമി ലക്ഷങ്ങൾ പിൻവലിച്ചെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ചികിത്സ കഴിയുന്നതിന് മുൻപ് ഏഴു ലക്ഷം രൂപയാണ് ബിനാമിയായ സെയ്ഫുള്ള പിൻവലിച്ചത്. സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഫിറോസ് കൂട്ടരും നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് തങ്ങൾക്കെതിരെ അവരെ തിരിച്ചെന്നും ഇവർ പറഞ്ഞു. ഫിറോസിനെ പേടിച്ച് ഇപ്പോൾ ഒളിവിലാണ് കഴിയുന്നത്. അന്ന് സഹായിക്കുന്നതിന് പകരം കുഞ്ഞുങ്ങളെയും ഞങ്ങളെയും കൊല്ലുന്നതായിരുന്നു ഭേദമെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.

വയനാട്ടിലെ ഒരു കുട്ടിയുടെ ചികിത്സക്കായി പിരിച്ചെടുത്ത പണത്തിന്റെ ബാക്കി കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ ആരോപണങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് ഫിറോസ് വിവാദ പരാമർശം നടത്തിയത്. കുട്ടിയുടെ ചികിത്സക്ക് ശേഷം ബാക്കി പണം മറ്റ് രോഗികൾക്ക് നൽകിയെന്നും എന്നാൽ പിന്നീടും വിവിധ ആവശ്യങ്ങൾക്കായി പണം ചെലവായെന്നും കാണിച്ച് ഇവർ സമീപിച്ചെന്നും ഫിറോസ് പറയുന്നു. ഈ പണം ലക്ഷ്യമിട്ട് തനിക്കെതിരെ ആരോപണങ്ങളുമായി ചിലർ രംഗത്തെത്തിയെന്നും ഫിറോസ് പറയുന്നു. വിവാദത്തിന് മറുപടിയായി ഫിറോസ് ഫേസ്‌ബുക്കിൽ കുറിപ്പും പോസ്റ്റ് ചെയ്തു.

ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികൾക്ക് വീതിച്ച് നൽകുമ്പോൾ അത് തന്റേതാണെന്ന് പറഞ്ഞുവന്ന് കരയുന്ന രോഗികളെയും ഇവരെ കാണിച്ച് കള്ളപ്രചാരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം പൊതുയിടത്തിൽവെച്ച് തല്ലിക്കൊല്ലേണ്ട സമയം അതിക്രമിച്ചെന്നായിരുന്നു ഫിറോസ് കുന്നംപറമ്പിൽ വീഡിയോയിൽ പറഞ്ഞത്. ഫിറോസ് കുന്നംപറമ്പിലിന്റെ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്തുവന്നു. ഞാൻ ചെയ്യുന്ന കാര്യങ്ങൾ പൊതുജനത്തെ ബോധിപ്പിക്കുക എന്നത് നിസാരമായ കാര്യമാണെന്നും ഫിറോസ് കുന്നംപറമ്പിൽ പറയുന്നു.

മാതാപിതാക്കളുടെ വാക്കുകൾ:

”തല്ലിക്കൊല്ലുമെന്ന് പറഞ്ഞതിനെക്കുറിച്ച് നാട്ടുകാർ ഒന്നും ചോദിക്കുന്നില്ല. ഫിറോസിനെ പേടിച്ച് ഒളിവിലാണ് ഞങ്ങൾ ഇപ്പോൾ. ഞങ്ങൾ ഇപ്പോഴും ഈ കുഞ്ഞുകൊച്ചിനെയും കൊണ്ട് ഓടി നടക്കുകയാണ്. ഇന്നലത്തെ 17 ലക്ഷം ഇന്ന് എങ്ങനെ 21 ലക്ഷമായി. അവൻ കാണുന്ന പോലെയൊന്നുമല്ല. ആ വെള്ളയും വെള്ളയും ഇട്ട് നടക്കുകയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് വാ. അക്കൗണ്ട് തുറന്ന സമയത്ത് കൈയിലുള്ള ചെക്കുകൾ ഫിറോസിന്റെ ബിനാമി സെയ്ഫുള്ള ഒപ്പിട്ട് വാങ്ങി കൊണ്ടു പോയി. പണം വന്ന് തുടങ്ങിയപ്പോൾ, കുട്ടിയുടെ സർജറി കഴിയും മുൻപ് സെയ്ഫുള്ള രണ്ടര ലക്ഷം രൂപ പിൻവലിച്ചു. കൂടാതെ ഏഴു ലക്ഷം രൂപയും പിൻവലിച്ചു. ഫിറോസ് ഇപ്പോൾ കാണിക്കുന്നത് സ്വന്തം നാട്ടിൽ ഞങ്ങളെ ജീവിക്കാൻ സമ്മതിപ്പിക്കാത്ത പരിപാടിയാണ്. ഏറ്റവും തരംതാഴ്ന്ന പരിപാടിയാണ് ഫിറോസ് കാണിക്കുന്നത്. നാട്ടുകാരെയും കൂട്ടി നിങ്ങൾ ഞങ്ങളെയും ഈ കുഞ്ഞുങ്ങളെയും അങ്ങ് കൊല്ല്. അതായിരിക്കും ഇതിലും ഭേദം. നാട്ടുകാരെ പറഞ്ഞ് പറ്റിച്ച് എന്ത് ചാരിറ്റിപ്രവർത്തനമാണ് നിങ്ങൾ നടത്തുന്നത്. ഫിറോസ് അത്രയും അധികം രീതിയിൽ ഞങ്ങളെ മാനസികമായി പീഡിപ്പിച്ചു. പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഞങ്ങൾക്കെതിരെ തിരിച്ചു. ഇങ്ങനെയുള്ള നിങ്ങളാണോ പാവങ്ങളെ സഹായിക്കുന്ന ചാരിറ്റിപ്രവർത്തനം നടത്തുന്നത്. അന്ന് നിങ്ങൾ ഞങ്ങളെ സഹായിക്കേണ്ടായിരുന്നു. പച്ചയ്ക്ക് കൊന്ന് തിന്നുന്നതായിരുന്നു നല്ലത്.”

തനിക്കെതിരെയുള്ള ആരോപണങ്ങൾക്കുള്ള മറുപടിയിലാണ് രോഗികളെ തല്ലിക്കൊല്ലണമെന്ന ആഹ്വാനം ഫിറോസ് നടത്തിയത്. ‘പാവപ്പെട്ട പ്രവാസികൾ ആയിരവും അഞ്ഞൂറും നൂറും പത്തുമൊക്കെയായി പിരിച്ചുതന്ന പണം, ചികിത്സയുടെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ള പണം തന്റേതാണെന്ന് പറഞ്ഞ് കരയുന്ന ഇത്തരത്തിലുള്ള രോഗികളെയും അവരെ കാണിച്ച് കള്ളപ്രചരണം നടത്തുന്ന മാനസിക രോഗികളെയും പൊതുജനം നടുറോഡിലിട്ട് തല്ലിക്കൊല്ലണ്ട സമയം അതിക്രമിച്ചു. ഇവരെയൊക്കെ തല്ലിക്കൊല്ലേണ്ട സമയം കഴിഞ്ഞു. പക്ഷേ, ജനങ്ങളിപ്പോഴും കമന്റിട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന്റെ അവസ്ഥ ഇതാണ്. ഇതിനെയൊന്നും വെറുതെ വിടരുത്. ഇത്തരം ആളുകളെയൊക്കെ തീർക്കേണ്ട സമയം കഴിഞ്ഞു. ഇതൊക്കെ അനുഭവിച്ചേ തീരൂ്.’

ആ വീഡിയോയ്ക്ക് ശേഷം വിഷയം വിവരിച്ചുകൊണ്ട് ഫിറോസ് ഒരു കുറിപ്പും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ:

‘സഹായം കിട്ടി കഴിഞ്ഞാൽ സഹായിച്ചവർ കള്ളമ്മാരാവുന്ന അവസ്ഥ. 26 അല്ല ഇനി എത്ര ലക്ഷം വന്നാലും ചികിത്സക്കുള്ള പണം കഴിച്ച് മറ്റ് രോഗികൾക്ക് നൽകാം എന്നുള്ളതാണ് വാക്ക് അത് കൃത്യമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഇവരുടെ സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടാൽ കാണാം ആർക്കൊക്കെ എത്രയാണ് കൊടുത്തത് എന്നും അവർക്ക് നൽകിയ പണം അവർ എന്ത് ചെയ്തു എന്നും. സഞ്ജയ് ഒപ്പിടാതെ ഒരു രൂപ പോലും മറ്റൊരാൾക്ക് നൽകാൻ കഴിയില്ല. എന്തിന് അക്കൗണ്ടിൽ എത്ര രൂപ വന്നു എന്നറിയുന്നതുപോലും സഞ്ജുവിന്റെ നമ്പരിലാണ്. ചികിത്സയ്ക്ക് 7 ലക്ഷം വേണം എന്നാണ് പറഞ്ഞത്. 10 ലക്ഷം നൽകിയിട്ടും ചികിത്സക്ക് മുൻപ് 10 ലക്ഷം തീർന്നു എന്നും പറഞ്ഞ് വന്നു. പിന്നീട് രണ്ടാമത് വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടു. അത് ചെയ്യാൻ ഞാൻ തയ്യാറായില്ല. പകരം ട്രസ്റ്റിന്ന് 1 ലക്ഷം രൂപ ചെക്ക് നൽകി ബാക്കി സർജറിക്കുള്ള സംഖ്യ ഞാൻ ആശുപത്രിയിൽ കെട്ടിവച്ചു. സർജറി കഴിഞ്ഞു ഇപ്പോൾ കുട്ടി സുഖമായിരിക്കുന്നു. കുട്ടിക്ക് പ്രോട്ടീൻ പൗഡർ വാങ്ങണം. കക്കൂസ് ശരിയാക്കണം. വീട് ശരിയാക്കണം. ഇതൊന്നും ഞാൻ ചെയ്യേണ്ടതല്ല. ആരെയും മരണം വരെ നോക്കാനും കഴിയില്ല. അതൊക്കെ സഞ്ജയ് ആണ് ചെയ്യേണ്ടത്. ഒരാപത്തിൽ സഹായിച്ചതിന് നമുക്ക് കിട്ടുന്ന കൂലിയെന്താണെന്ന് കണ്ടോ. അതിൽ നിന്നും 1 രൂപ പോലും ഞാനോ എന്റെ ആവശ്യങ്ങൾക്കോ എടുത്തിട്ടില്ല. സ്റ്റേറ്റ്മെന്റ്് വരട്ടെ. നിങ്ങൾ തന്നെ കണ്ട് ബോധ്യപ്പെടു’.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP