Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ധനവില കൂട്ടി അമിത നികുതിക്കൊള്ള: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കുന്നു; കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്ധനവില കൂട്ടി അമിത നികുതിക്കൊള്ള: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കുന്നു; കോൺഗ്രസ് പ്രക്ഷോഭം ശക്തമാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ധനവില വർധിപ്പിച്ച് അമിത നികുതിക്കൊള്ള നടത്തി ജനദ്രോഹം നടത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ശക്തമായ പ്രക്ഷോഭം കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

തുടർച്ചയായി ഇന്ധനവില വർധിക്കുമ്പോഴും അമിത നികുതി കുറയ്ക്കാൻ തയ്യാറാകാത്ത ഇരുസർക്കാരുകൾക്കും ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ല. കോവിഡ് മാഹാമാരിയെ തുടർന്ന് വരുമാനം കുറയുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ജനത്തിന്റെ നടുവൊടിക്കുന്ന നടപടിയാണ് സർക്കാരുകളുടേത്.അവശ്യസാധനങ്ങളുടെ വില വാണം പോലെ ഉയരുകയാണ്. ടാക്സി തൊഴിലാളികൾ,കർഷകർ,മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ അസംഘടിത മേഖലയിൽ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരുടെ ജീവിതം ദുസ്സഹമായി.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നരകയാതന അനുഭവിക്കുകയാണ് ജനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. കോവിഡിനെ തുടർന്ന് പൊതുഗതാഗത സംവിധാനം ഭാഗികമായി മാത്രം പ്രവർത്തിക്കുന്നതിനാൽ നല്ലൊരു ശതമാനം ജനങ്ങളും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്.ഇത് യാത്രദുരിതം വർധിച്ചതോടൊപ്പം അധിക സാമ്പത്തിക നഷ്ടവും ഉണ്ടാക്കി. ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന നികുതി പിരിവ് തുടർന്നാൽ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റും.ഇന്ധനവില വർധനവ് ചരക്കുനീക്കത്തേയും വ്യവസായ മേഖലയേയും ബാധിച്ചു.ഇത് ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാസാധനങ്ങൾക്കും വലിയ വിലവർധനവിന് ഇടയാക്കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ പിഴിയുന്നത്.ഈ മാസം തുടർച്ചയായി അഞ്ചാം ദിനമാണ് ഇന്ധനവില ഉയർത്തിയത്.കഴിഞ്ഞ മാസം ഏഴുതവണ വർധിപ്പിച്ചു.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആദ്യമാണ് ക്രൂഡോയിൽ ബാരലിന് 60 ഡോളർ കടക്കുന്നത്. എന്നിട്ടാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർധനവ് തുടർന്നത്.ഒരു ലിറ്റർ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് നികുതിയായി കേന്ദ്ര സർക്കാർ ഈടാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിൽ പെട്രോളിന്റെ സർവകാല റെക്കാർഡിലെത്തി.കേന്ദ്ര സർക്കാർ ഒരു രൂപ വർധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്നത് 33 പൈസയാണ്.പ്രതിമാസം 750 കോടിയിലധികം രൂപയുടെ വരുമാനമാണ് ഇന്ധന വിൽപ്പന നികുതിയിൽ നിന്ന് കേരളത്തിന് ലഭിക്കുന്നത്. കേരളത്തിൽ പ്രെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.67 ശതമാനവുമാണ് വിൽപ്പന നികുതി.മുൻ ഉമ്മൻ ചാണ്ടി സർക്കാർ ഇന്ധനവിലയുടെ അമിത നികുതിയിലൂടെ ലഭിക്കുമായിരുന്ന 620 കോടി രൂപ വേണ്ടെന്ന് വച്ചു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഇന്ധനവില നിയന്ത്രിക്കുന്നതിനായി മൂല്യവർധിത നികുതി രണ്ടു ശതമാനം കുറയ്ക്കാനും തയ്യാറായി. ഈ രണ്ടു നടപടികളും മാതൃകാപരവും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതുമാണ്. സൂര്യനുതാഴെ എന്തിനെക്കുറിച്ചും അഭിപ്രായം പറയുന്ന കേരള ധനമന്ത്രി ഇത്തരം മാതൃക സ്വീകരിക്കനോ ക്രിയാത്മകമായ നടപടി എടുക്കാനോ തയ്യാറാകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP