Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐസ്‌ക്രീം പാർലറിനെ മറയ്ക്കാൻ കൃഷ്ണവേണിയെ അവതരിപ്പിച്ച കണ്ണൂരിലെ നേതാവ്; ഉഭയ സമ്മതത്തെ ചർച്ചയാക്കിയ സുപ്രീംകോടതിയിലെ പ്രമുഖൻ; ഇടനിലക്കാരി അജിതാ ബീഗത്തിന്റെ അപകട മരണവും ദുരൂഹം; ജഗതിയെ നിപരാധിയാക്കിയ ജഡ്ജിയുടെ ആത്മഹത്യയും; വിതുര കേസിൽ ഒടുവിൽ സുരേഷിന് മാത്രം ശിക്ഷ; ആദ്യം നശിപ്പിച്ചവനെ മറക്കാത്ത യുവതിയുടെ കരച്ചിൽ നീതി പീഠം കേൾക്കുമ്പോൾ

ഐസ്‌ക്രീം പാർലറിനെ മറയ്ക്കാൻ കൃഷ്ണവേണിയെ അവതരിപ്പിച്ച കണ്ണൂരിലെ നേതാവ്; ഉഭയ സമ്മതത്തെ ചർച്ചയാക്കിയ സുപ്രീംകോടതിയിലെ പ്രമുഖൻ; ഇടനിലക്കാരി അജിതാ ബീഗത്തിന്റെ അപകട മരണവും ദുരൂഹം; ജഗതിയെ നിപരാധിയാക്കിയ ജഡ്ജിയുടെ ആത്മഹത്യയും; വിതുര കേസിൽ ഒടുവിൽ സുരേഷിന് മാത്രം ശിക്ഷ; ആദ്യം നശിപ്പിച്ചവനെ മറക്കാത്ത യുവതിയുടെ കരച്ചിൽ നീതി പീഠം കേൾക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിൽ വിവാദമായ പെൺവാണിഭ കേസുകളിൽ പ്രധാനപ്പെട്ടതാണ് വിതുര പെൺവാണിഭ കേസ്. നിരവധി പ്രമുഖർ ഉൾപ്പെട്ട ഈ പ്രമാദമായ കേസ് പതിയെ തേഞ്ഞുമാഞ്ഞു പോകുകയായിരുന്നു. സൂര്യനെല്ലി കേസിലെ പെൺകുട്ടിയെ പോലെ വിതുരയിലെയും പെൺകുട്ടി അനുഭവിച്ചത് വലിയ പീഡനങ്ങളായിരുന്നു. കേസിലെ പ്രമാണിമാരെല്ലാം പെൺകുട്ടി കൂറുമാറിയതോടെ രക്ഷപെട്ടു. ഒടുവിൽ ഇടനിലക്കാരൻ മാത്രം ശിക്ഷിക്കപ്പെട്ടു. വിതുര പെൺവാണിഭക്കേസിൽ ഒന്നാംപ്രതി സുരേഷിന് വിവിധ വകുപ്പുകൾ പ്രകാരം 24 വർഷം കഠിന തടവാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാൽ പത്തുവർഷം തടവ് അനുഭവിച്ചാൽ മതിയാകും. ഒരുലക്ഷത്തി ഒൻപതിനായിരം രൂപ പിഴയും ഒടുക്കണം. ഈ തുക പെൺകുട്ടിക്കാണ് നൽകേണ്ടത്. സുരേഷിന് ഷാജഹാൻ എന്ന വിളിപ്പേരുമുണ്ട്.

വിതുര പീഡനം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒരു കേസിലാണ് കോടതി വിധി പറഞ്ഞത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചു, അനാശാസ്യം നടത്തി, ബലാത്സംഗത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഈ കേസിൽ പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ഇതിൽ ബലാത്സംഗ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും അതേസമയം, മറ്റു രണ്ട് കുറ്റങ്ങൾ തെളിയിക്കാനായെന്നും ഇതിൽ പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു. വിതുര പെൺവാണിഭവുമായി ബന്ധപ്പെട്ട് 23 കേസുകളിൽ കൂടി ഇനി നടപടികൾ പൂർത്തിയാകാനുണ്ട്. ഈ കേസുകളിലെല്ലാം സുരേഷ് തന്നെയാണ് ഒന്നാംപ്രതി. ഈ കേസുകളിലും സുരേഷ് വിചാരണ നേരിടണം.

1996-ലാണ് വിതുര സ്വദേശിനിയായ പെൺകുട്ടിയെ തടങ്കലിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആകെ 24 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എല്ലാ കേസുകളിലും ഒന്നാംപ്രതിയായ കൊല്ലം കടയ്ക്കൽ സ്വദേശി സുരേഷ് പ്രത്യേക കോടതിയിൽ നേരത്തെ കീഴടങ്ങിയിരുന്നു. കേസിന്റെ രണ്ടാംഘട്ട വിചാരണയിൽ 14 കേസുകളിലെ 17 പ്രതികളെ പ്രത്യേക കോടതി വെറുതെവിട്ടതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്. കേസിന്റെ വിചാരണ വേളയിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. ഇതിനിടെ 14 മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപോയി. പിന്നീട് 2019 ജൂണിൽ ഹൈദരാബാദിൽനിന്നാണ് സുരേഷിനെ പൊലീസ് പിടികൂടിയത്.

സിനിമാ നടൻ ജഗതിയുടെ പേരും പ്രതിപട്ടികയിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിന് അന്ന് വലിയ പ്രധാന്യം കിട്ടി. എന്നാൽ വിചാരണയിൽ ജഗതിയെ വെറുതെ വിട്ടു. പതിനാറു വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ അനുമതിയോടെയാണ് എല്ലാം നടന്നതെന്ന് വരുത്തി തീർത്താണ് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയതെന്ന വാദം സജീവമാണ്. പതിനാറു വയസ്സുള്ള പെൺകുട്ടിയുമായി ഉഭയസമ്മത പ്രകാരമുള്ള ലൈംഗികത അന്ന് കുറ്റകരമല്ലായിരുന്നു.

ആദ്യ കേസിലെ വിധി യുവതിയേയും തളർത്തി. പിന്നീട് സ്വന്തം ജീവിതമാണ് വലുതെന്നും പണക്കൊഴുപ്പിന്റെ കാലത്ത് ഒന്നും നടക്കില്ലെന്നും അവർ തിരിച്ചറിഞ്ഞു. അപ്പോഴും തന്നെ നശിപ്പിക്കാൻ മുന്നിൽ നിന്ന സുരേഷ് എന്ന നാരാധമന് ആ പെൺകുട്ടി മാപ്പു നൽകിയില്ല. ഇതാണ് ഈ കേസിലെ ഇന്നത്തെ വിധിക്ക് കാരണം.

വിഐപികളെ രക്ഷിച്ചത് കൃഷ്ണ വേണിയെന്ന് പേര്

ഭരണത്തിൽ ഉന്നത സ്വാധീനമുണ്ടായിരുന്ന ഒരാളുടെ മകന്റെ പേര് ഈ കേസിൽ ചർച്ചയായിരുന്നു. കൃഷ്ണവേണി എന്നായിരുന്നു ആ പേര്. എന്നാൽ ഇതിൽ ചർച്ചയായത് സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കുടുംബത്തിലെ പേരും. ഈ ബ്ലാക്‌മെയിൽ തന്ത്രമാണ് വിതുര കേസിന്റെ ഭാവി നിശ്ചയിച്ചത്.

ഇതോടെ കേസിൽ പൊലീസ് വേണ്ട വിധത്തിൽ ഇടപെടൽ നടത്തിയില്ല. അന്ന് സെക്രട്ടറിയേറ്റിൽ ഇരുന്ന് പൊലീസിനെ ഭരിച്ച ഉന്നതൻ അതിസമർത്ഥമായി കളിച്ചു. കേസ് വാർത്തകളിൽ എത്തുമ്പോൾ ഐസ്‌ക്രീം പാർലർ കേസും ചർച്ചകളിലുണ്ടായിരുന്നു. വിതുരയിലെ ബ്ലാക് മെയിലിങ് കാരണമാണ് തുടക്കത്തിൽ ഐസ്‌ക്രീം പാർലർ കേസും തേഞ്ഞുമാഞ്ഞ് പോയത്. എല്ലാത്തിനും കാരണം ആ കൃഷ്ണ വേണിയെന്ന പേരിലെ അപരനായിരുന്നു.

ജഗതിക്കെതിരെ ശക്തമായ വിചാരണ തന്നെ നടന്നിരുന്നു. കോട്ടയം പ്രത്യേക കോടതി ജഡ്ജി ബാബുരാജാണ് വിധി പറഞ്ഞത്. സുപ്രീംകോടതിയിലെ പ്രമുഖൻ പോലും ഈ കേസിൽ ഇടപെട്ടുവെന്ന് ആരോപണം ഉയർന്നിരുന്നു. ഈ കേസിൽ വിധി പറഞ്ഞ ജഡ്ജി പിന്നീട് ആത്മഹത്യ ചെയ്തു. 2011ൽ ആലപ്പുഴ ജില്ലാ ജഡ്ജി ആയിരിക്കെയായിരുന്നു ആത്മഹത്യ. ജഗതി കുറ്റവിമുക്തനായതോടെ യുവതിക്കും കേസിൽ വിശ്വാസമില്ലാതെയായി. ഇതാണ് ബാക്കി പീഡകരേയും രക്ഷിച്ചത്. എന്നാൽ കൂട്ടിക്കൊടുപ്പുകാരനെ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത്

കേസുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്തിട്ടുള്ള 24 കേസുകളിലും ഒന്നാം പ്രതിയായിരുന്നു സുരേഷ്. അന്വേഷണ സമയത്ത് പൊലീസിന് സുരേഷിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഒന്നാം പ്രതിയെ ഒഴിവാക്കിയാണ് ആദ്യ രണ്ടു ഘട്ടങ്ങളിലും വിചാരണ നടന്നത്. രണ്ടു ഘട്ടത്തിലെയും എല്ലാ പ്രതികളെയും കോടതി വിട്ടയച്ച ശേഷമാണ് 18 വർഷം ഒളിവിലായിരുന്ന സുരേഷ് കോടതിയിൽ കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയായ പെൺകുട്ടിയെ സുരേഷ് പലർക്കായി കാഴ്ചവയ്ക്കുകയായിരുന്നു എന്നാണ് കേസ്.

''ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത്''- വിതുര പെൺവാണിഭക്കേസിൽ ഒന്നാംപ്രതി ഷാജഹാൻ എന്ന സുരേഷിനെ നോക്കി ഇരയായ പെൺകുട്ടി പൊട്ടിക്കരഞ്ഞു. അടച്ചിട്ട കോടതിമുറിയിലെ വിചാരണാവേളയിൽ, പ്രതിയെ തിരിച്ചറിയുമോയെന്ന പ്രോസിക്യൂഷൻ അഭിഭാഷകന്റെ ചോദ്യത്തിനായിരുന്നു പെൺകുട്ടിയുടെ ഈ മറുപടി. പതിറ്റാണ്ടുകൾക്കുശേഷം കോടതിമുറിയിൽ പ്രതിയെ കണ്ടതിന്റെ ഭീതിയിൽ വിങ്ങിപ്പൊട്ടിയ യുവതി പലതവണ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വിസ്താരം തടസപ്പെട്ടിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട ഏകപ്രതിയും ഷാജഹാനാണ്. കേസിന്റെ ആദ്യരണ്ടുഘട്ടങ്ങളിൽ യുവതി തിരിച്ചറിയാതിരുന്നതോടെയാണു മറ്റുപ്രതികളെ വിട്ടയച്ചത്. എന്നാൽ, ഷാജഹാൻ തന്നെ പലതവണ പീഡിപ്പിച്ചെന്നും പലർക്കു കാഴ്ചവച്ചെന്നും മൂന്നാംഘട്ടവിചാരണയിൽ യുവതി മൊഴിനൽകി. കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

നാട്ടുകാരിയായ അജിതാ ബീഗമാണു തന്നെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയത്. പിന്നീടു ഷാജഹാനു കൈമാറി. അന്നു പ്രായപൂർത്തിയായിരുന്നില്ല. എറണാകുളം അത്താണിയിലെ വീട്ടിലാണു ഷാജഹാൻ തന്നെ പാർപ്പിച്ചത്. തുടർന്ന് കാറിൽ എറണാകുളത്തെ മുന്തിയ ഹോട്ടലിലെത്തിച്ചു. അവിടെയുണ്ടായിരുന്ന ഒരാൾ പീഡിപ്പിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിതുര പെൺവാണിഭക്കേസിൽ ഒന്നാംപ്രതി കൊല്ലം കടയ്ക്കൽ ജുബേരിയ മൻസിലിൽ ഷാജഹാൻ (സുരേഷ്-51) കുറ്റക്കാരനെന്നു കോടതി വിധിക്കുന്നത്. 1995 നവംബർ മുതൽ 1996 ജൂെലെ വരെയായിരുന്നു കേസിനാസ്പദമായ സംഭവം. ഷാജഹാനെതിരായ 24 കേസുകളിൽ ആദ്യ കേസിലാണ് വിധി.

ഐ.പി.സി. 344-ാം വകുപ്പ് (തട്ടിക്കൊണ്ടുപോയി അന്യായതടങ്കൽ), 372-ാം വകുപ്പ് (മോശം കാര്യങ്ങൾക്കായി മറ്റുള്ളവർക്കു െകെമാറുക), അനാശാസ്യനിരോധനനിയമം അഞ്ചാംവകുപ്പ് എന്നിവപ്രകാരമുള്ള കുറ്റങ്ങൾ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. ബലാത്സംഗപ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

അജിതാ ബീഗത്തിന്റെ അപകടത്തിലും ദുരൂഹത

വിതുര സ്വദേശിയായ അജിത ബീഗം 1995-ലാണു പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ഷാജഹാനു കൈമാറിയത്. പെൺകുട്ടിയുടെ അകന്ന ബന്ധുവായിരുന്നു ഇവർ. 96-ൽ പെൺകുട്ടിയെ മറ്റ് പ്രതികൾക്കൊപ്പം പൊലീസ് കണ്ടെത്തിയതോടെയാണു കേസിന്റെ ഉത്ഭവം. രാഷ്ട്രീയ, ചലച്ചിത്രമേഖലകളിലുള്ളവരും ഉദ്യോഗസ്ഥരും പ്രതിചേർക്കപ്പെട്ടതോടെ ഷാജഹാൻ ഒളിവിൽപ്പോയി. 19 വർഷം ഒളിവിൽ കഴിഞ്ഞ ഇയാൾ മറ്റ് പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടതോടെ കോടതിയിൽ കീഴടങ്ങി. വിചാരണ തുടങ്ങിയതോടെ വീണ്ടും ഒളിവിൽപ്പോയ ഇയാളെ ഹൈദരാബാദിൽനിന്നു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പ്രതിയെ ജില്ലാജയിലിലേക്ക് അയച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.

1995 നവംബർ 21നാണ് അജിത പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോന്നത്. 1996 ജൂലായ് 9 വരെ ഒൻപത് മാസക്കാലം കേരളത്തിനകത്തും പുറത്തുമായി കൊണ്ടുപോയി പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചു. കേസ് അന്വേഷണത്തിനിടയിൽ അജിത ബീഗം വാഹനാപകടത്തിൽ മരണപ്പെട്ടു. ജൂലായ് 16ന് പെൺകുട്ടിയെ കേസിലെ പ്രതികളിലൊരാളായ സണ്ണി എന്നയാൾക്കൊപ്പം എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് ഒൻപത് മാസങ്ങൾ നീണ്ട പീഡനപരമ്പരകളെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതോടെയാണ് സമൂഹത്തിലെ ഉന്നതർ ഉൾപ്പെടെയുള്ളവർ അകപ്പെട്ട വിതുര കേസ് പുകമറ നീക്കി പുറത്തായത്.

പിന്നീടാണ് കേസ് അട്ടിമറിക്കാൻ പലവഴിക്ക് നീക്കങ്ങളെത്തിയത്. കേസിൽ കൃഷ്ണവേണിയെന്ന പേര് ചർച്ചയായതോടെ അന്നത്തെ സർക്കാരിനും താൽപ്പര്യം കുറഞ്ഞു. കണ്ണൂരിലെ നേതാവ്് അതിശക്തമായി ഇടപെട്ടതോടെ എല്ലാ അർത്ഥത്തിലും കേസ് അപ്രസക്തമായി. ഐസ്‌ക്രീം പാർലർ വാണിഭകേസിലെ പ്രതികളെ രക്ഷിക്കാൻ സഹായം നൽകില്ലെന്ന് പറഞ്ഞ രാഷ്ട്രീയ ഉന്നതനെ വെട്ടിലാക്കാനാണ് കൃഷ്ണവേണിയെന്ന കഥാപാത്രത്തെ ചർച്ചയാക്കിയതെന്നത് പല പോലെ സത്യവും. ഈ ഗൂഢാലോചന തകർത്ത് പെൺകുട്ടിയുടെ വെളിപ്പെടുത്തലുകളിലെ വേദനയെയാണ്.

നേരത്തെ കേസിൽ രണ്ട് ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും കോടതി വെറുതെവിടുകയായിരുന്നു. വിചാരണയ്ക്കിടെ പെൺകുട്ടി തിരിച്ചറിയാതിരുന്നതിനാലാണ് പ്രതികളെ കോടതി വെറുതേവിട്ടത്. പെൺകുട്ടി കൂറുമാറിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ചലച്ചിത്രനടൻ ജഗതി ശ്രീകുമാറിന് പുറമേ ജേക്കബ് മുത്തേടൻ, മാജൻ, അസീസ് എന്നിവരെയും കോടതി വെറുതേ വിട്ടു. പോക്സോ നിയമം പ്രാബല്യത്തിൽ വരാത്ത കാലത്തായിരുന്നു കുറ്റകൃത്യം.

വിതുര പെൺവാണിഭക്കേസിലെ പ്രധാന പ്രതികളിലൊരാളായ മുൻ അഡ്വക്കറ്റ് ജനറൽ കെ.സി. പീറ്റർ അടക്കമുള്ളവരെ വെറുതെ വിട്ടിരുന്നു. കൊച്ചി സ്വദേശി സുനിൽ തോമസിനെയും വെറുതെ വിട്ടു. കേസിൽ ആലുവ മുൻ ഡി.വൈ.എസ്‌പി പി. മുഹമ്മദ് ബഷീറിനെയും നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. പ്രതിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് പെൺകുട്ടി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്തും മറ്റ് തെളിവുകൾ ഇല്ലാത്തതിനാലുമാണ് ഇവരെ വെറുതെ വിട്ടത്. ഇതിന് മുൻപ് മുൻ എക്‌സൈസ് കമ്മീഷണർ ടി.എം.ശശിയെയും വെറുതെവിട്ടിരുന്നു.

എല്ലാം മടുത്ത യുവതി

സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞതിനാൽ പ്രതികളെ ഓർക്കാൻ കഴിയുന്നില്ല എന്ന് വിചാരണയുടെ രണ്ടാം ഘട്ടത്തിൽ ഹാജരായ പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. ഇടയ്ക്ക് കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ ഹാജരാകാതിരുന്ന പെൺകുട്ടിയെ കോടതി വിമർശിച്ചിരുന്നു. അതേസമയം കോടതിയും കേസുമല്ല, തനിക്ക് കുടുംബമാണ് പ്രധാനപ്പെട്ടതെന്നും ഇനിയുള്ള കാലമെങ്കിലും സ്വസ്ഥമായി കഴിയാൻ അനുവദിക്കണമെന്ന് യുവതി അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

തിരുവനന്തപുരത്തിനടുത്ത വിതുരയിൽ നിന്നും പെൺവാണിഭ സംഘം കടത്തിക്കൊണ്ട് പോയി ചൂഷണത്തിനിരയാക്കിയത്. അവളുടെ വീട്ടിലെ കടുത്ത ദാരിദ്ര്യവും കൊടും പട്ടിണിയും നിസഹായവസ്ഥയും മുതലെടുത്താണ് നരാധമർ അവളെ നിരന്തര പീഡനത്തിന് വിധേയയാക്കിയത്. സിനിമയിലഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞാണ് ഇടനിലക്കാരി അവളെ വലയിലാക്കിയത്. അതിസുന്ദരിയായ, മിടുക്കിയായ, ബുദ്ധിമതിയായ ഈ പെൺകുട്ടിയെ തന്ത്രപരമായി വലയിൽ വീഴ്‌ത്താൻ ഗൂഢാലോചനക്കാർക്കു കഴിഞ്ഞു.

സംഭവം നടന്ന് 19 വർഷം കഴിഞ്ഞപ്പോൾ ഈ കേസ് ഒരിടത്തും അവസാനിക്കുകയില്ലെന്ന് മനസ്സിലാക്കിയ പെൺകുട്ടി വിവാഹിതയായി. ഇവർക്ക് കുഞ്ഞും ജനിച്ചു. പെൺകുട്ടി വിവാഹിതയായി എന്നറിഞ്ഞപ്പോൾ മാധ്യമങ്ങളിൽ അതു വലിയ വാർത്തയും ചൂടേറിയ ചർച്ചയും ആയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP