Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ സരിതയുടേയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി; ഇരുവരെയും ഈ മാസം 25ന് ഹാജരാക്കണമെന്ന് കോടതി; നിയമന തട്ടിപ്പ് കേസിലും സരിതയുടെ അറസ്റ്റ് ഉടനുണ്ടാകും; തങ്ങളുടെ ഭാ​ഗ്യ നക്ഷത്രമായിരുന്ന സോളാർ വിവാദനായികയെ അന്ത്യനാളുകളിൽ കയ്യൊഴിഞ്ഞ് ഇട‌ത് സർക്കാരും

കോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ സരിതയുടേയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി; ഇരുവരെയും ഈ മാസം 25ന് ഹാജരാക്കണമെന്ന് കോടതി; നിയമന തട്ടിപ്പ് കേസിലും സരിതയുടെ അറസ്റ്റ് ഉടനുണ്ടാകും; തങ്ങളുടെ ഭാ​ഗ്യ നക്ഷത്രമായിരുന്ന സോളാർ വിവാദനായികയെ അന്ത്യനാളുകളിൽ കയ്യൊഴിഞ്ഞ് ഇട‌ത് സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സോളാർ കേസിൽ സരിതയുടേയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം കോഴിക്കോട് കോടതി റദ്ദാക്കി. ഇരുവർക്കുമെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 25ന് ഇരുവരേയും ഹാജരാക്കണമെന്നാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാർ പാനൽ സ്ഥാപിക്കാനായി 42 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ഇവർക്കുവേണ്ടി വ്യാജ രേഖകൾ തയാറാക്കിയ കൊടുങ്ങല്ലൂർ സ്വദേശി ബി. മണിമോനാണ് മൂന്നാം പ്രതി. ഇതോടെ നെയ്യാറ്റിൻകര നിയമന തട്ടിപ്പ് കേസിലും സരിത അറസ്റ്റിലാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ ആദ്യം രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012 ൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും സരിത എസ്. നായർ രണ്ടാം പ്രതിയുമാണ്. 2016 ജനുവരി 25ന് വിചാരണ ആരംഭിച്ച കേസിൽ 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു. അസുഖമായതിനാലാണ് ഹാജരാകാത്തതെന്നാണ് ഇരുവരുടെയും വിശദീകരണം.

ഒരു മാസികയിൽ ടീം സോളാറിന്റെ പരസ്യം കണ്ട് കോഴിക്കോട് സ്വദേശി അബ്ദുൾ മജീദ് കമ്പനിയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഡോക്ടർ ആർ ബി നായർ, ലക്ഷ്മി നായർ എന്നീ പേരുകളിലാണ് ബിജു രാധാകൃഷ്ണനും സരിതയും അബ്ദുൾ മജീദിന് മുന്നിലെത്തുന്നത്. അബ്ദുൾ മജീദിന്റെ വീട്, അസോസിയേറ്റഡ് സ്റ്റീൽ‍സ് എന്ന അദ്ദേഹത്തിന്റെ സ്ഥാപനം എന്നിവിടങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാമെന്ന് വിശ്വസിപ്പിച്ച് ഇവർ പണം തട്ടുകയായിരുന്നു.

കൂടാതെ നാല് ജില്ലകളിൽ ടീം സോളാറിന്റെ വിതരണം, പാലക്കാടിന് സമീപം കാറ്റാടി മിൽ സ്ഥാപിക്കാൻ സഹായം എന്നിവയും ബിജുരാധാകൃഷ്ണനും സരിതയും വാഗ്ദാനം ചെയ്തു. 42,70,000 രൂപയാണ് മൊത്തം തട്ടിയെടുത്ത്. 2016 ലാണ് വിചാരണ തുടങ്ങിയത്. ബിജുരാധാകൃഷ്ണൻ, സരിത, ഇവരോട് അടുപ്പമുള്ള മണിമോൻ എന്നിവരാണ് പ്രതികൾ. വഞ്ചന, മറ്റൊരാളുടെ പണം തട്ടിയെടുത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുക, ആൾമാറാട്ടം, വ്യാജരേഖ ചമക്കൽ എന്നിവയാണ് ബിജുവിനും സരിതയ്ക്കുമെതിരായ കേസ്.

ഓരോ വകുപ്പുകളിലും മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങളാണിത്. ടീം സോളാർ തുടങ്ങാൻ തിരിച്ചറിയൽ രേഖയായി നൽകാൻ വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് ഉണ്ടാക്കി നൽകിയെന്നതാണ് മണിമോനെതിരായ കേസ്. മുപ്പത്താറ് സാക്ഷികളെയാണ് പ്രൊസിക്യൂഷൻ വിസ്തരിച്ചത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്.

സോളാർ തട്ടിപ്പ് കേസിൽ സരിത അകത്താകുമെന്ന് ഉറപ്പായതോടെ നിയമന തട്ടിപ്പ് കേസിലും സരിത എസ്.നായരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും എന്നാണ് വിവരം. ഇതോടെ, ഇടത് സർക്കാരിന് അധികാരത്തിലേക്ക് വഴിയൊരുക്കിയോ സോളാർ വിവാദ നായിക ഉടനൊന്നും പുറംലോകം കാണില്ലെന്ന് ഉറപ്പായി. സരിത ഉദ്യോഗാർഥികളിൽ നിന്നു പണം വാങ്ങി നിയമന തട്ടിപ്പു നടത്തിയെന്ന കേസിൽ വ്യാജരേഖ ചമച്ചതിൽ സർക്കാർ ഉദ്യോഗസ്ഥർക്കു പങ്കില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്.

ബവ്റിജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഐജി സ്പർജൻ കുമാർ നൽകിയ പരാതിയിലാണു വിജിലൻസ് റിപ്പോർട്ട് സർക്കാരിനു കൈമാറിയത്. ഐജിയുടെ വ്യാജ ഒപ്പും ഐജിക്കു വേണ്ടിയെന്ന പേരിൽ ഒപ്പിട്ടുമാണു ബവ്കോയുടെ വ്യാജ നിയമന ഉത്തരവുകൾ നൽകിയത്. ഇതിൽ തന്റെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥയുടെ പങ്ക് ഐജി സംശയിച്ചിരുന്നു. തുടർന്നാണു വിജിലൻസിനു ഒക്ടോബറിൽ കത്തു നൽകിയത്.

സരിതയും സംഘവും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ ഫയലുകൾ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ വിളിപ്പിച്ചു. അന്വേഷണം അട്ടിമറിക്കുന്നതായി ആക്ഷേപമുയർന്നതിനെത്തുടർന്നാണ് നടപടി. പണം തട്ടിയെന്ന ആരോപണം ശരിയാണെന്നും അറസ്റ്റിന് ആവശ്യമായ തെളിവുകളില്ലെന്നുമായിരുന്നു നെയ്യാറ്റിൻകര പൊലീസിന്റെ നിലപാട്. ഡിസംബർ 12നാണ് സരിതയെ കേസിൽ പ്രതിചേർത്തത്. രതീഷ്, പൊതുപ്രവർത്തകൻ ഷൈജു പാലിയോട് എന്നിവരാണ് കൂട്ടുപ്രതികൾ.തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഴിച്ചുപണിയിൽ അന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്‌പിയും സിഐയും എസ്‌ഐയും സ്ഥലം മാറിപ്പോയതോടെ അന്വേഷണവും നിലച്ചു. സരിത പരാതിക്കാരൻ അരുണിനെയും കൂട്ടുപ്രതികളെയും പലതവണ വിളിച്ചതായി ഫോൺരേഖകളുണ്ട്. തിരുനെൽവേലിക്കടുത്ത് മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ ബാങ്കിലുള്ള സരിതയുടെ അക്കൗണ്ടിലാണ് അരുൺ പണം നിക്ഷേപിച്ചതെന്നും കണ്ടെത്തി. എ.ടി.എം മെഷീൻ വഴി പണം കൈമാറിയതിനാൽ അരുൺ തന്നെയാണോ നിക്ഷേപിച്ചതെന്ന് ഉറപ്പില്ലെന്നാണ് പൊലീസ് വാദം. അതേസമയം, പണം നിക്ഷേപിച്ച കൗണ്ടറിലെ സി.സിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കണമെന്ന് അരുൺ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP